ചർമത്തിനെ ശരീരത്തിൽ നിന്ന് വേർപെടുത്തുന്നതിനെയാണ് തൊലിയുരിക്കൽ (തോലുരിക്കൽ) എന്നു പറയുന്നത്. സാധാരണഗതിയിൽ വേർപെടുത്തുന്ന ചർമത്തിൽ കേടുപാടുകളില്ലാതിരിക്കാൻ ശ്രമിക്കാറുണ്ട്.
ഉപയോഗം
തുകലിനോ, രോമത്തിനോ, മാംസത്തിനോ വേണ്ടി മൃഗങ്ങളുടെ തോലുരിക്കാറുണ്ട്. മനുഷ്യരുടെ തൊലിയുരിക്കുന്നത് പീഡനത്തിന്റെയും വധശിക്ഷയുടെയും ഒരു മാർഗ്ഗമായാണ്. ഈ താൾ വധശിക്ഷാമാർഗ്ഗമായും പീഡനമാർഗ്ഗമായും തൊലിയുരിക്കൽ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. "ജീവനോടെ തൊലിയുരിക്കുക" എന്നാണ് ഇതിനെ വിളിക്കുന്നത്. മരണശേഷവും ആൾക്കാരുടെ തൊലിയുരിക്കപ്പെടാറുണ്ട്. ഇത് എതിരാളികളുടെ ശവത്തിനെ അപമാനിക്കാനും, പരേതന് ഇതുമൂലം മരണാനന്തര ജീവിതം നഷ്ടപ്പെടുമെന്നുള്ള സംശയം മൂലവും മറ്റുമാണ്. ചിലപ്പോൾ ഉരിച്ച തൊലി ആൾക്കാരെ ഭയപ്പെടുത്താനോ, മന്ത്രവാദത്തിനോ ഉപയോഗിക്കാറുണ്ട്.
ചരിത്രം
തൊലിയുരിക്കൽ പുരാതനമായ ഒരു ശിക്ഷാരീതിയാണ്. അസീറിയക്കാർ പിടികൂടപ്പെട്ട ശത്രു നേതാവിന്റെ തൊലിയുരിക്കുന്നതിന്റെയും ഉരിച്ച ചർമം അയാളുടെ നഗരവാതിൽക്കൽ പതിക്കുന്നതിന്റെയും മറ്റും പരാമർശങ്ങൾ ചരിത്ര രേഖകളിലുണ്ട്. ഒരാളുടെ കുട്ടിയെ അയാളുടെ കണ്മുന്നിൽ വച്ച് തൊലിയുരിക്കുക എന്ന തരം (നേരിട്ടുള്ളതല്ലാത്ത) ശിക്ഷാരീതികളും അസീറിയക്കാർ ഉപയോഗിച്ചിരുന്നുവത്രേ. മെക്സിക്കോയിലെആസ്ടെക്കുകൾ മനുഷ്യബലിയുടെ ഭാഗമായി ആൾക്കാരുടെ തൊലിയുരിച്ചിരുന്നു. സാധാരണഗതിയിൽ മരണശേഷമായിരുന്നു ഇത് ചെയ്തിരുന്നത്.
യൂറോപ്പിൽ മദ്ധ്യകാലഘട്ടത്തിൽ രാജ്യദ്രോഹികളുടെ വധശിക്ഷയുടെ ഭാഗമായി പഴുപ്പിച്ച വസ്തുക്കൾ ഉപയോഗിച്ച് പൊള്ളിക്കുകയോ, ശരീരത്തിൽ നിന്ന് മാംസം മുറിച്ചെടുക്കുകയോ ചെയ്തിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനസമയങ്ങളിൽ ഫ്രാൻസിൽ ഇത്തരമൊരു വധശിക്ഷാരീതി നിലവിലുണ്ടായിരുന്നു. ഒരു സ്ംഭവം മൈക്കൽ ഫൗകൗൾട്ടിന്റെ ഡിസിപ്ലിൻ ആൻഡ് പണിഷ് എന്ന പുസ്തകത്തിൽ (1979) ഇത്തരമൊരു സംഭവം വിവരിക്കുന്നുണ്ട്. 1303-ൽ ചാപ്പൽ ഓഫ് ദി പിക്സ് എന്ന പള്ളിയിൽ അതിക്രമിച്ചു കടന്ന് മോഷണം നടത്തിയവരെ തൊലിയുരിച്ച് പള്ളിയുടെ വാതിലിൽ പതിച്ചുവത്രേ. എസക്സിലെ കോപ്ഫോർഡ് പള്ളിയുടെ വാതിലിൽ മനുഷ്യചർമം പതിക്കപ്പെട്ടതായി കണ്ടിട്ടുണ്ട്. [2]
ചൈനയുടെ ചരിത്രത്തിൽ സൺ ഹാവോ, ഫു ഷെങ്, ഗാവോ ഹെങ് എന്നിവർ മനുഷ്യരുടെ മുഖത്തുനിന്ന് തൊലിയുരിക്കാറുണ്ടായിരുന്നുവത്രേ. [3] ഹോങ്ക്വൂ ചക്രവർത്തി പല ജീവനക്കാരെയും ഉദ്യോഗസ്ഥരെയും വിമതരെയും തൊലിയുരിച്ചു കൊന്നിട്ടുണ്ട്. [4][5] 1396-ൽ 5000 സ്ത്രീകളെ തൊലിയുരിച്ചു കൊല്ലാൻ അദ്ദേഹം ആവശ്യപ്പെട്ടുവത്രേ. [6] ഹായ് റൂയി എന്നയാൾ ചക്രവർത്തി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൊലിയുരിച്ചു കൊല്ലണമെന്ന അഭിപ്രായപ്പെട്ടു. ഷെങ്ക്ഡേ ചക്രവർത്തി ആറു വിമതരെ തൊലിയുരിച്ചു കൊന്നിരുന്നു. [7] ഷാങ് സിയാൻഷോങും പലരെയും ഇപ്രകാരം കൊല്ലാൻ വിധിച്ചിരുന്നു. [8]Lu Xun said the Ming Dynasty was begun and ended by flaying.[9]
തൊലിയുരിച്ചു വധശിക്ഷ നൽകിയ സംഭവങ്ങൾ
സർഗോൺ രണ്ടാമന്റെ കീഴിൽ നിയോ-അസീറിയൻ സാമ്രാജ്യം ഹാമത്തിന്റെ ഭരണാധികാരി യഹു-ബിഹ്ദിയെ ജീവനോടെ തൊലിയുരിച്ചു കൊന്നു.
പേർഷ്യയിലെ കാംബിസസ് രണ്ടാമനു കീഴിലുള്ള ഒരു അഴിമതിക്കാരനായ സിസാമ്നസ് എന്ന ന്യായാധിപനെ കൈക്കൂലി വാങ്ങിയതിന് ജീവനോടെ തൊലിയുരിച്ചു കൊന്നതായി ഹെറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഗ്രീക്ക് പുരാണത്തിൽ മാർസ്യസ് എന്ന സറ്റൈറിനെ അപ്പോളോയെ വെല്ലുവിളിച്ചതിന് ജീവനോടെ തൊലിയുരിച്ചു കൊന്നിട്ടുണ്ട്.
ഗ്രീക്ക് പുരാണത്തിൽ തന്നെ അലോയസ് തന്റെ ഭാര്യയെ തൊലിയുരിച്ചു കൊന്നതായി പറയുന്നുണ്ട്.
കത്തോലിക്/ഓർത്തഡോക്സ് വിശ്വാസമനുസരിച്ച് സെന്റ് ബർത്തലോമിയോവിനെ ജീവനോടെ തൊലിയുരിച്ചു കൊന്നശേഷം കുരിശിൽ തറയ്ക്കുകയായിരുന്നു.
ആസ്ടെക്ക് വിശ്വാസത്തിൽ ക്സിപേ ടോടക് എന്ന മരണത്തിന്റെയും പുനർജന്മത്തിന്റെയും ദൈവത്തിന് തൊലിയുരിക്കപ്പെട്ട രൂപമാണ്. അടിമകളെ എല്ലാ വർഷവും ഈ ദൈവത്തിന്റെ പ്രീതിക്കായി തൊലിയുരിച്ചു ബലികൊടുക്കുമായിരുന്നുവത്രേ.
റാബി അകിവയെ തോറ പഠിപ്പിച്ചതിനു ശിക്ഷയായി പുരാതന റോമാക്കാർ തൊലിയുരിച്ചു കൊന്നത് താൽമഡിൽ വിവരിക്കുന്നുണ്ട്.
മാനിക്കേയിസം എന്ന മതത്തിന്റെ സ്ഥാപകൻ മാനി എന്ന പ്രവാചകനെ തൊലിയുരിച്ചു കൊല്ലുകയോ ശിരഛേദം ചെയ്തു കൊല്ലുകയോ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
പെറൂജിയയുടെ ബിഷപ്പായിരുന്ന ഹെർകുലാനസിനെ തൊലിയുരിച്ചു കൊല്ലുവാൻ ടോടില്ല 549-ൽ വിധിച്ചുവെന്ന് അഭിപ്രായമുണ്ട്.
ഇംഗ്ലണ്ടിലെ റിച്ചാർഡ് ഒന്നാമനെ അമ്പൈതു കൊന്നതിന് പിയറി ബാസിൽ എന്നയാളെ 1199 മാർച്ചിൽ തൊലിയുരിച്ചു കൊന്നു.
1314-ൽ ഫ്രാൻസിലെ രാജാവ് ഫിലിപ്പ് നാലാമന്റെ പുത്രവധുക്കളുടെ കാമുകന്മാരായിരുന്ന ഡി'ഔൾനോയ് സഹോദരന്മാരെ ജീവനോടെ തൊലിയുരിക്കുകയും വൃഷണങ്ങൾ ഛേദിക്കുകയും തലകൊയ്യുകയും ചെയ്തു. ഇവരുടെ ശരീരങ്ങൾ ഒരു കഴുമരത്തിൽ പൊതുപ്രദർശനത്തിനു വയ്ക്കുകയുണ്ടായി. ശിക്ഷയുടെ കാഠിന്യം രാജാവിനെതിരായ കുറ്റമായിരുന്നതുകൊണ്ടായിരുന്നു.
പോളണ്ടിലെ ജെസ്യൂട്ട് പാതിരി സെന്റ് ആൻഡ്രൂ ബോബോളയെ തീകത്തിച്ചും, കഴുത്തുഞെരിച്ചും വെട്ടിയുമാണ് കൊന്നത്. കിഴക്കൻ ഓർത്തഡോക്സ് വിശ്വാസികളായ കൊസാക്കുകളായിരുന്നു കൊലയാളികൾ.
991 AD യിലെ ഒരു വൈക്കിംഗ് ആക്രമണത്തിനിടെ ഇംഗ്ലണ്ടിൽ വച്ച് ഒരു ഡാനിഷ് വൈകിംഗ് പോരാളിയെ പള്ളി ആക്രമിച്ചതിന് ജീവനോടെ തൊലിയുരിച്ചിരുന്നു.
ഓട്ടോമാൻ സാമ്രാജ്യത്തിനെതിരേ പോരാടിയിരുന്ന ക്രെറ്റൻ വിമതനായിരുന്ന ഡാസ്കലോജിയാന്നിസ് എന്നയാളെ ജീവനോടെ തൊലിയുരിച്ചുവെന്നും അയാൾ ധീരതയോടെ ശബ്ദമുണ്ടാക്കാതെതന്നെ വേദനസഹിച്ചെന്നും പറയപ്പെടുന്നു.
വ്യോമിംഗിലെ റോഹൈഡ് വാലിക്ക് ആ പേരുകിട്ടിയത് അമേരിക്കൻ ഇന്ത്യക്കാരിയായ ഒരു സ്ത്രീയെ കൊന്നതിന് ഒരു വെള്ളക്കാരനെ തൊലിയുരിച്ചു കൊന്നതിനാലാണ്.
സൈപ്രസിൽ വെനീസിന്റെ അവസാന ഗവർണറായിരുന്ന മാർക്കന്റോണിയോ ബ്രാഗാഡിൻ എന്നയാളെ ഓട്ടോമാൻ തുർക്കികൾ സൈപ്രസ് കീഴടക്കിയ ശേഷം ജീവനോടെ തൊലിയുരിച്ചു കൊല്ലുകയുണ്ടായി.
ക്രോകോഡെയിലോസ് ക്ലാഡസ് എന്ന സൈനിക നേതാവിനെ തുർക്കികൾ ജീവനോടെ തൊലിയുരിച്ചു കൊന്നിരുന്നു.
തുർക്കിയിൽ മദ്ധ്യകാലത്ത് ശിക്ഷിക്കപ്പെട്ട കടൽക്കൊള്ളക്കാരെ സാവധാനം തൊലിയുരിക്കലിലൂടെ പീഡിപ്പിച്ച് കൊന്നിരുന്നുവത്രേ.
1404-ലോ 1417-ലോ ഹുറൂഫി എന്ന തുർക്കി വംശജനായ ഇമാദ് ഉദ്-ദീൻ എന്ന ഇസ്ലാമിക കവിയെ തിമൂറിഡ് ഗവർണർ മതനിന്ദയ്ക്കുള്ള ശിക്ഷയായി തൊലിയുരിച്ചു കൊല്ലാൻ വിധിച്ചു.
അമേരിക്കൻ ഐക്യനാടുകളിൽ നാറ്റ് ടർണർ എന്നയാളെ 1831 നവംബർ 11-ന് തൂക്കിക്കൊന്നശേഷം തൊലിയുരിക്കുകയും, ശിരഛേദം ചെയ്യുകയും വലിച്ചു കീറുകയും ചെയുതു.