വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ചിലപ്പോൾ വെടിവച്ച് കൊല്ലാറുണ്ട്. ഒന്നോ അതിലധികമോ തോക്കുകൾ കൊണ്ടായിരിക്കും വധശിക്ഷ നടപ്പാക്കുന്നത്. ഇത് ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വധശിക്ഷാരീതിയാണ് (ഉദ്ദേശം 70 രാജ്യങ്ങളിൽ ഇത് നിലവിലുണ്ട്). [1] ഒരു കൂട്ടം ആൾക്കാർ ചേർന്ന് വെടിവച്ച് കൊല്ലൽ (execution by firing squad) ഇതിന്റെ ഒരു രീതിയാണ്. ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധിക്കുന്നത് അഭിമാനകരമായ ശിക്ഷാരീതിയായി കണക്കാക്കപ്പെട്ടിരുന്നു. സൈനികോദ്യോഗസ്ഥരെ കൊല്ലാനായിരുന്നു ഈ രീതി കൂടുതലും ഉപയോഗിച്ചിരുന്നത്. ഒറ്റ ആരാച്ചാർ വെടിവയ്ക്കുന്ന രീതി ഇപ്പോഴും നിലവിലുണ്ട്.
സോവിയറ്റ് അനുകൂല രാജ്യങ്ങൾ
ഇരുപതാം നൂറ്റാണ്ടിൽ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ സാധാരണക്കാരുടെയും പട്ടാളക്കാരുടെയും വധശിക്ഷ നടപ്പാക്കാനുപയോഗിച്ചിരുന്ന മാർഗ്ഗമായിരുന്നു വെടിവച്ച് കൊല്ലൽ. സോവിയറ്റ് യൂണിയനിൽ ഒറ്റ ആരാച്ചാർ വെടിവച്ച് കൊല്ലുന്ന രീതി സാധാരണമായിരുന്നു. ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ചുള്ള ശിക്ഷാ നടപടി സമയമെടുക്കുന്നതായതുകൊണ്ട് വല്ലപ്പോഴുമേ ഉപയോഗിക്കുമായിരുന്നുള്ളൂ. അപ്രതീക്ഷിതമായി തലയ്ക്കു പിന്നിൽ വെടിവയ്ക്കുകയായിരുന്നു സാധാരണ രീതി.
അമേരിക്കൻ ഐക്യനാടുകൾ
1913 മേയ് 14-ന് വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ആൻഡ്രിസ മിർകോവിച്ചാണ് നെവാദ സംസ്ഥാനത്ത് ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ട ഒരേയൊരാൾ. [2] നെവാദ ജയിലിലെ വാർഡന് ഫയറിംഗ് സ്ക്വാഡിൽ പങ്കെടുക്കാൻ അഞ്ചു പേരെ കണ്ടെത്താൻ കഴിയാഞ്ഞതുകൊണ്ട്,[3] മിർകോവിച്ചിനെ വധിക്കാൻ ഒരു വെടിവയ്ക്കുന്ന യന്ത്രം നിർമ്മിക്കേണ്ടി വന്നു. [4] 1938 ഒക്ടോബർ 31-ന് ജോൺ ഡീറിംഗ് എന്നയാളെ യൂട്ടായിലെ ഷുഗർ ഹൗസ് ജയിലിൽ വച്ച് വെടിവച്ചു കൊന്നു. [5] അയാൾ വധശിക്ഷ നടക്കുന്ന സമയത്ത് ശരീരത്തി ഒരു ഇ. സി. ജി. യന്ത്രം ഘടിപ്പിക്കാൻ സമ്മതം നൽകുകയുണ്ടായി. [6]
ഏഷ്യ
ചൈനയിൽ വെടിവച്ചുള്ള വധശിക്ഷ രണ്ടുതരമുണ്ട്. ഒരു ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ച് പിന്നിൽ നിന്ന് ശരീരത്തിലേയ്ക്ക് വെടിവയ്ക്കുകയാണ് ഒരു രീതി. തലയുടെയോ കഴുത്തിന്റെയോ പിന്നിലേയ്ക്ക് ഒറ്റവെടി വയ്ക്കുകയാണ് രണ്ടാമത്തെ രീതി. [1]
ഇൻഡോനേഷ്യയിൽ വധശിക്ഷ നടപ്പാക്കുന്നത് ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് നെഞ്ചിൽ വെടിവച്ചാണ്.
മംഗോളിയയിൽ സോവിയറ്റ് നിയമത്തെ പിന്തുടർന്ന് .38 റിവോൾവറുപയോഗിച്ച് കഴുത്തിൽ വെടിവച്ചുള്ള വധശിക്ഷാ രീതിയാണ് നിലവിലുള്ളത്. [8]
തായ്‌വാനിൽ ഹൃദയത്തിലേക്കോ, മസ്തിഷ്കത്തിലെ ബ്രൈൻ സ്റ്റെം എന്ന ഭാഗത്തേയ്ക്കോ (പ്രതി ശരീരാവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചാൽ തലയിലേയ്ക്കാവും വെടി വയ്ക്കുക) ഉന്നം വച്ചുള്ള ഒറ്റ വെടി ഉപയോഗിച്ചാവും വധശിക്ഷ നടപ്പാക്കുക. വധശിക്ഷയ്ക്കു മുൻപ് ഒരു അനസ്തേഷ്യാ മരുന്നു കൊടുത്ത് പ്രതിയെ വേദനയില്ലാതെയാക്കിയിരിക്കും.
തായ്ലാന്റിൽ 1934 മുതൽ 2001വരെ ഒറ്റ ആരാച്ചാർ ഉറപ്പിച്ചുവച്ച മെഷീൻ ഗൺ ഉപയോഗിച്ച് പിന്നിൽ നിന്ന് വയ്ക്കുന്ന ഒറ്റ വെടി മൂലമാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്. [9][10]