ആനയെക്കൊണ്ടുള്ള വധശിക്ഷആനയെ ഉപയോഗിച്ചുള്ള വധശിക്ഷ ദക്ഷിണേഷ്യയിലും ദക്ഷിണപൂർവേഷ്യയിലും സാധാരണയായി ഉപയോഗത്തിലുണ്ടായിരുന്നു. ഇന്ത്യയിൽ ഇത് സർവസാധാരണമായിരുന്നത്രേ. ഏഷ്യൻ ആനകളെ ചതച്ചോ, വലിച്ചുകീറിയോ, പീഡിപ്പിച്ചോ പരസ്യമായി വധശിക്ഷ നടപ്പാക്കാൻ ഉപയോഗിച്ചിരുന്നു. ആനകൾ ആവശ്യമനുസരിച്ച് പ്രതികളെ ഉടനടി കൊല്ലാനോ സാവധാനം പീഠിപ്പിച്ച് കൊല്ലാനോ പരിശീലനം ലഭിച്ചവരായിരുന്നു. രാജാക്കന്മാർ അവരുടെ സമ്പൂർണാധികാരം പ്രദർശിപ്പിക്കാനായുള്ള ഒരു മാർഗ്ഗമായാണ് ആനകളുടെ ഇത്തരം ഉപയോഗത്തെ കണ്ടിരുന്നത്. ആനകൾ ഇത്തരത്തിൽ വധശിക്ഷ നടപ്പാക്കാനുള്ള ഉപകരണമായി ഉപയോഗിക്കപ്പെടുന്നത് യൂറോപ്യൻ സഞ്ചാരികൾക്ക് അത്യന്തം ഭീകരമായ ദൃശ്യമായാണ് അനുഭവപ്പെട്ടിരുന്നത്. ഇത് അക്കാലത്തുള്ള അനേകം ലേഘനങ്ങളിലും യാത്രാവിവരണങ്ങളിലും മറ്റും ഇതെപ്പറ്റിയുള്ള വിവരണങ്ങളുണ്ട്. ഈ ശിക്ഷാരീതി യൂറോപ്യൻ അധിനിവേശശക്തികളുടെ ഭരണകാലത്ത് പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിലായി ഉപേക്ഷിക്കപ്പെട്ടു. പ്രാധമികമായി ഏഷ്യൻ ശക്തികളാണ് ഈ ശിക്ഷാരീതി ഉപയോഗിച്ചിരുന്നതെങ്കിലും പുരാതന റോം, കാർത്തേജ് എന്നിവ പോലുള്ള പാശ്ചാത്യ ശക്തികളും ഈ രീതി ഉപയോഗിച്ചിരുന്നുവത്രേ. സാംസ്കാരിക വശംസിംഹം, കരടി എന്നീ വന്യജീവികളുമായി തട്ടിച്ചുനോക്കുമ്പോൾ ആനകളുടെ അധിക ബുദ്ധിശക്തിയും, ഇണക്കവും മറ്റും ഇവയെ വധശിക്ഷയ്ക്കായി ഉപയോഗിക്കാൻ റോമാക്കാരെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. കുതിരകളെ യുദ്ധത്തിൽ ശത്രുസൈന്യത്തിനു നേരേ പാഞ്ഞടുക്കാൻ പരിശീലിപ്പിക്കാമെങ്കിലും ശത്രുസൈനികരെ ബോധപൂർവം അവ ചവിട്ടുകയില്ല. മനുഷ്യർക്കു മുകളിലൂടെ ചാടിക്കടക്കുക എന്നതാണ് കുതിരകളുടെ സ്വഭാവം. ആനകളെ പക്ഷേ മനുഷ്യരെ ചവിട്ടിമെതിക്കാൻ പരീശീലിപ്പിച്ചെടുക്കാൻ സാധിക്കും. ഇതാണ് ഹാനിബാളിനെപ്പോലുള്ള സൈന്യാധിപർ ആനകളെ യുദ്ധത്തിലുപയോഗിക്കാൻ താല്പര്യം കാണിക്കാൻ കാരണം. പലരീതികളിൽ മനുഷ്യരെക്കൊല്ലാൻ ആനകളെ പരിശീലിപ്പിക്കാൻ സാധിക്കും. വളരെനേരം പീഡിപ്പിച്ചുകൊല്ലാനോ, പ്രതിയുടെ തലയിൽ ചവിട്ടി വേഗത്തിൽ കൊല്ലാനോ ആനയെ പഠിപ്പിക്കാൻ സാധിക്കുമത്രേ. ആനകൾ എപ്പോഴും ഒരു പാപ്പാന്റെ നിയന്ത്രണത്തിലായിരിക്കും. ഇതിനാൽ രാജാവിന് അവസാനനിമിഷം പ്രതിക്ക് ശിക്ഷയിളവുനൽകാനും അതുവഴി സ്വന്തം ദയാശീലം ജനങ്ങളുക്കു മുന്നിൽ പ്രദർശിപ്പിക്കാനും സാധിക്കും. [1] ഇത്തരത്തിൽ പല തവണ ശിക്ഷയിളവു നൽകിയത് ഏഷ്യൻ രാജ്യങ്ങളുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സയാമിലെ രാജാക്കന്മാർ പ്രതിയെ വലിയ പരിക്കേൽക്കാത്തവിധം താഴെ ഉരുട്ടാൻ പരിശീലിപ്പിച്ചിരുന്നുവത്രേ. മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ ഇത്തരത്തിൽ വിമതരെ "പാഠം പഠിപ്പിച്ചിരുന്നു"വത്രേ. കുറച്ചു സമയത്തെ പീഠനത്തിനുശേഷം പ്രതികൾക്ക് മാപ്പുനൽകുമായിരുന്നുവത്രേ.[1] ഒരു തവണ അഞ്ചു ദിവസം ഇത്തരത്തിൽ പീഠിപ്പിച്ച ശേഷം അക്ബർ ഒരാൾക്ക് മാപ്പുനൽകിയത്രേ. [2] ഒരു തരം അഗ്നിപരീക്ഷയ്ക്കും ആനകളെ ഉപയോഗിച്ചിരുന്നു. ആനയിൽ നിന്നു രക്ഷപെടാൻ കഴിഞ്ഞിരുന്ന പ്രതികളെ വെറുതേവിട്ടിരുന്നുവത്രേ. [1] ജീവനും മരണവും ദാനം നൽകാനുള്ള രാജാവിന്റെ അധികാരത്തിനുമപ്പുറമായിരുന്നു ആനകളുടെ ഇത്തരം ഉപയോഗം. രാജകീയാധികാരത്തിന്റെ ബിംബങ്ങളായിട്ടായിരുന്നു ആനകളെ ഇത്തരത്തിൽ ഉപയോഗിച്ചിരുന്നത്. തായ്ലാന്റ് പോലെയുള്ള ഇടങ്ങളിൽ (വെളുത്ത) ആനകൾ ഇപ്പോഴും രാജകീയാധികാരത്തിന്റെ പ്രതീകങ്ങളാണ്. ജനങ്ങളെക്കൂടാതെ ജീവിവർഗ്ഗങ്ങളെയും ഭരിക്കുന്നത് താനാണെന്നുള്ള സന്ദേശമാണ് രാജാവ് ആനകളുടെ ഇത്തരത്തിലുള്ള ഉപയോഗത്തിലൂടെ ജനങ്ങൾക്ക് നൽകിയിരുന്നത്. [1] ഭൂമിശാസ്ത്രപരമായ വിതരണംപാശ്ചാത്യവും പൗരസ്ത്യവുമായ പല രാജ്യങ്ങളിലും ആനയെ വധശിക്ഷയ്ക്കായി ഉപയോഗിച്ചിരുന്നു. ക്ലാസിക്കൽ കാലഘട്ടത്തിലാണ് ഇത് ചരിത്രത്തിൽ ആദ്യമായി പ്രതിപാദിച്ചുകാണുന്നത്. എങ്കിലും അക്കാലത്തു തന്നെ ഈ ശിക്ഷാരീതി നിലവിൽ വന്ന് വളരെ നാളുകളായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടുവരെ ഇത് ഉപയോഗത്തിലുണ്ടായിരുന്നു. ആഫ്രിക്കൻ ആനകൾ ഏഷ്യൻ ആനകളേക്കാൾ വലുതായിരുന്നുവെങ്കിലും യുദ്ധത്തിലും ചടങ്ങുകളിലും മറ്റും ആനകളെ ആഫ്രിക്കൻ ശക്തികൾ ഏഷ്യയിലെപ്പോലെ വ്യാപകമായി ഉപയോഗിച്ചിരുന്നില്ല. ആഫ്രിക്കൻ ആനകളെ മെരുക്കാനുള്ള ബുദ്ധിമുട്ടായിരുന്നു ഇതിനു കാരണം. ചില ആഫ്രിക്കൻ ശക്തികൾ പുരാതനകാലത്ത് ആനകളെ ഉപയോഗിച്ചിരുന്നുവെങ്കിലും അവ ഇപ്പോൾ വംശനാശം വന്നുപോയ ലോക്സോഡോണ്ട (ആഫ്രിക്കാന) ഫറവോയെൻസിസ് എന്ന ഉപസ്പീഷീസായിരുന്നു. ഏഷ്യൻ ആനകൾ നിലവിലുണ്ടായിരുന്ന രാജ്യങ്ങളിലായിരുന്നു ഇതുമൂലം ആനകളെ കൂടുതലും മെരുക്കി ഉപയോഗിച്ചിരുന്നത്. ഏഷ്യൻ ശക്തികൾപശ്ചിമേഷ്യബൈസന്റൈൻ സാമ്രാജ്യവും, സസ്സാനിഡ് സാമ്രാജ്യവും, സെൽജുഗ് വംശവും, തിമൂറിഡ് വംശവും പോലെ പല ശക്തികളും മദ്ധ്യകാലഘട്ടത്തിൽ പശ്ചിമേഷ്യയിൽ ആനയെ ഉപയോഗിച്ചുള്ള വധശിക്ഷ നടത്തിയിരുന്നു. [1] സസ്സാനിഡ് രാജാവായിരുന്ന ഖുസ്രു രണ്ടാമൻ 3000 ഭാര്യമാർക്കും 12000 സ്ത്രീ അടിമകൾക്കും പുറമെ അൽ-നുമാൻ ഇൽ ഇബ്ൻ അൽ-മുന്ധീർ എന്ന അറബി ക്രിസ്ത്യാനിയുടെ മകളെ ഭാര്യയായി ആവശ്യപ്പെട്ടപ്പോൾ ഒരു സൊറാസ്ട്രീയന് തന്റെ മകളെ നൽകാനാവില്ല എന്ന കാരണം പറഞ്ഞ് അദ്ദേഹം ഇത് നിരാകരിച്ചു. ഇതുകാരണം അദ്ദേഹത്തെ ആനയെക്കൊണ്ട് ചവിട്ടിച്ച് വധിക്കുകയുണ്ടായി. മുസ്ലീം നിയന്ത്രണത്തിലുള്ള മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ഈ വധശിക്ഷാരീതി നിലവിലുണ്ടായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ജൂത സഞ്ചാരിയായിരുന്ന റാബി പെടാക്കിയ എന്നയാൾ മെസൊപൊട്ടേമിയയിൽ ഇത്തരം വധശിക്ഷ നടക്കുന്നതായി രേഖപ്പെടുത്തുകയുണ്ടായി: [3]
ദക്ഷിണേഷ്യശ്രീലങ്ക1681-ൽ ഇംഗ്ലീഷ് നാവികൻ റോബർട്ട് നോക്സ് ആനയെ ഉപയോഗിച്ചുള്ള ഒരു വധശിക്ഷാരീതി വിവരിച്ചിരുന്നു. ശ്രീ ലങ്കയിൽ തടവിലായിരുന്ന സമയത്തായിരുന്നുവത്രേ അദ്ദേഹം ഇത് കണ്ടത്. ആനയുടെ കൊമ്പുകളിൽ മൂന്ന് മൂർച്ചയുള്ള അരികുകളുള്ള ഇരുമ്പ് ആയുധം പിടിപ്പിച്ചിരുന്നതായി അദ്ദേഹം പറയുന്നു. കൊമ്പുകൊണ്ട് പ്രതിയെ കുത്തിക്കൊന്നശേഷം ആന ശവശരീരം വലിച്ചു കീറി കഷണങ്ങൾ ദൂരെയെറിയുമായിരുന്നത്രേ. [4] 19-ആം നൂറ്റാണ്ടിലെ സഞ്ചാരി ജെയിംസ് എമേഴ്സൺ ടെന്നെന്റ് പറയുന്നത് ഇപ്രകാരമാണ്: "ഇത് കണ്ടിട്ടുള്ള കാണ്ടിയിലെ ഒരു അധികാരി ആന കൊമ്പുപയോഗിച്ചല്ല വധിക്കുന്നതെന്നും, താഴെക്കിടക്കുന്നയാളെ ചവിട്ടിപ്പിടിച്ച് തുമ്പിക്കൈ കൊണ്ട് കൈകാലുകൾ വലിച്ചു കീറിയാണ് ശരീരം കഷണങ്ങളാക്കുന്നതെന്നും ഞങ്ങളെ സമാധാനിപ്പിച്ചു". [5] മേൽപ്പറഞ്ഞ രീതി ചിത്രീകരിക്കുന്ന ഒരു താൾ നോക്സിന്റെ പുസ്തകത്തിലുണ്ട്. 1850-ൽ ബ്രിട്ടീഷ് നയതന്ത്രജ്ഞൻ സർ ഹെൻട്രി ചാൾസ് സിർ എന്നയാൾ കാണ്ടിയിലെ അവസാന രാജാവ് വിക്രമ രാജസിംഹ വധശിക്ഷ നടത്താനുപയോഗിക്കുന്ന ആനകളിലൊന്നിനെ സന്ദർശിച്ച കാര്യം വിശദീകരിക്കുന്നുണ്ട്. 1815-ൽ കാണ്ടി കീഴടക്കിയ ശേഷം ആനയെ ഉപയോഗിച്ചുള്ള വധശിക്ഷ ബ്രിട്ടൻ നിർത്തലാക്കിയിരുന്നു. പക്ഷേ രാജാവിന്റെ "ആരാച്ചാർ" ആന അപ്പോഴും ജീവനോടെയുണ്ടായിരുന്നു. പഴയ ജോലി ആനയ്ക്ക് അപ്പോഴും ഓർമയുണ്ടായിരുന്നുവത്രേ. സിർ ഇപ്രകാരം പറയുന്നു:[6]
ഇന്ത്യനൂറ്റാണ്ടുകളായി ആനയെ ഉപയോഗിച്ചുള്ള വധശിക്ഷ ഇന്ത്യയിൽ നിലവിലുണ്ട്. ഹിന്ദു രാജാക്കന്മാരും മുസ്ലീം ഭരണാധികാരികളും നികുതി വെട്ടിക്കുന്നവരെയും, വിമതരെയും, ശത്രു സൈനികരെയും വധിക്കാൻ ഈ മാർഗ്ഗം ഉപയോഗിക്കാറുണ്ടായിരുന്നു. [1] മനുസ്മൃതി ധാരാളം കുറ്റങ്ങൾക്ക് ആനയെക്കൊണ്ടുള്ള വധശിക്ഷ വിധിച്ചിരുന്നു. മോഷ്ടാക്കളെ ആനയെക്കൊണ്ട് വധിക്കാൻ മനുസ്മൃതി വിധിക്കുന്നുണ്ട്. [7] 1305-ൽ പിടിയിലായ മംഗോൾ സൈനികരെ പരസ്യമായി ആനയെക്കൊണ്ട് ചവിട്ടിച്ചാണ് ദില്ലി സുൽത്താന്മാർ വധിച്ചത്.[8] മുഗൾ കാലഘട്ടത്തിൽ കുറ്റവാളികളെ ആനയെക്കൊണ്ട് ചവിട്ടിച്ച് വധിക്കുന്നത് പതിവായിരുന്നത്രേ. [9] 1727-ൽ മുഗൾ ചക്രവർത്തി ഷാജഹാൻ അപ്രീതിക്കിരയായ ഒരു സൈനികമേധാവിയെ "ആനകളുടെ ഉദ്യാനത്തിൽ കൊണ്ടുപോയി ആനയെക്കൊണ്ട് വധിക്കുവാൻ വിധിച്ചു" എന്ന് ക്യാപ്റ്റൻ അലക്സാണ്ടർ ഹാമിൽട്ടൺ വിവരിക്കുന്നുണ്ട്. ഇത് ലജ്ജാകരവും ഭയാനകവുമായ മരണമായാണ് കണക്കാക്കപ്പെട്ടിരുന്നതത്രേ. [10] തന്റെ ഭരണത്തിനെ വിമർശിച്ചു എന്ന തെറ്റിദ്ധാരണ കാരണം ഒരു ഇമാമിനെ ആനയെക്കൊണ്ട് ചതച്ചു കൊല്ലുവാൻ ഹുമയൂൺ ചക്രവർത്തി ഉത്തരവിട്ടുവത്രേ. [11] ചില ചക്രവർത്തിമാർ സ്വന്തം നേരമ്പോക്കിനും ഈ ശിക്ഷാ രീതി ഉപയോഗിച്ചിരുന്നുവത്രേ. ജഹാംഗീർ ചക്രവർത്തി തന്റെ രസത്തിനായി ധാരാളം കുറ്റവാളികളെ ഇത്തരത്തിൽ കൊല്ലാൻ വിധിച്ചിരുന്നുവത്രേ. ഫ്രഞ്ച് സഞ്ചാരി ഫ്രാങ്കോയിസ് ബെർണിയർ ഈ ശിക്ഷയിൽ നിന്ന് ചക്രവർത്തിക്ക് ലഭിച്ചിരുന്ന ആനന്ദത്തെക്കുറിച്ച് തനിക്കു തോന്നിയ അമ്പരപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. [2] ആനകളെ ഉപയോഗിച്ചുള്ള വധശിക്ഷ ചതച്ചുകൊല്ലൽ മാത്രമായിരുന്നില്ല. ദില്ലി സുൽത്താനേറ്റിലെ ആനകളെ കൊമ്പിലുറപ്പിച്ച വാളുകൾ ഉപയോഗിച്ച് പ്രതികളെ അറുത്തുകൊല്ലാൻ പരിശീലിപ്പിച്ചിരുന്നുവത്രേ. [1] മറാത്താ ഛത്രപതിയായിരുന്ന സാംബാജി പല ഗൂഢാലോചനക്കാർക്കും ഈ ശിക്ഷ വിധിച്ചിരുന്നുവത്രേ. അനാജി ദത്തോ എന്ന ഉദ്യോഗസ്ഥനെയും പതിനേഴാം നൂറ്റാണ്ടിന്റെ അവസാന സമയത്ത് ഇപ്രകാരം വധിച്ചിരുന്നു. [12] സൈനികച്ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് മറാത്താ നേതാവായിരുന്ന സാന്താജി ഈ ശിക്ഷ വിധിച്ചിരുന്നു. അക്കാലത്ത് ജീവിച്ചിരുന്ന ചരിത്രകാരനായിരുന്ന ഖാഫി ഘാൻ "ചെറുകുറ്റങ്ങൾക്കും സാന്താജി ആൾക്കാരെ ആനയുടെ കാൽക്കീഴിലേയ്ക്ക് തള്ളുമായിരുന്നു"വെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. [13] പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഗോവയിലെ രാജാവ് "ചില ആനകളെ കുറ്റവാളികളെ വധിക്കാനായി വളർത്തിയിരുന്നതായി" റോബർട്ട് കെർ രേഖപ്പെടുത്തിയിട്ടുണ്ട്. "ഇവയെ വധശിക്ഷ നടപ്പാക്കാനായി കൊണ്ടുവരുമ്പോൾ വേഗത്തിൽ കൊല്ലാനാണ് പാപ്പാൻ തീരുമാനിക്കുന്നതെങ്കിൽ ആന ഉടനടി പ്രതിയെ കാൽക്കീഴിൽ ചതയ്ക്കുമായിരുന്നുവെന്നും; പീഡിപ്പിച്ച് കൊല്ലാനാണ് തീരുമാനമെങ്കിൽ ബ്രേക്കിംഗ് വീൽ പോലെ സാവധാനത്തിലായിരിക്കും മരണം" എന്നും അദ്ദേഹം പറയുന്നു. "[14] പ്രകൃതിശാസ്ത്രജ്ഞനായിരുന്ന ജോർജസ്-ലോയിസ് ലെക്ലർക്, കോംറ്റെ ഡെ ബുഫ്ഫോണിന്റെ അഭിപ്രായത്തിൽ ഈ വ്യത്യസ്ത സ്വഭാവം ആനകൾക്കും മനുഷ്യരെപ്പോലെ ചിന്തിക്കാൻ സാധിക്കുമെന്നും അവ വെറും ചോദനകൾക്ക് അനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നുമുള്ള വസ്തുതയുടെ തെളിവാണ്. [15] ഇത്തരം ശിക്ഷകൾ ജനങ്ങൾക്കൊരു താക്കീതായി പരസ്യമായാണ് നടത്തിയിരുന്നത്. ഇതിനുപയോഗിച്ചിരുന്ന മിക്ക ആനകളും 9 ടണ്ണിൽ കൂടുതൽ ഭാരമുള്ള വലിപ്പം കൂടിയ ഇനമായിരുന്നുവത്രേ. വധശിക്ഷകൾ ഉദ്ദേശം പോലെ തന്നെ ഭീകരമായിരുന്നു. വധശിക്ഷ നടപ്പാക്കുന്ന ആന തന്നെ പരസ്യമായി പീഡനവും നടത്തുമായിരുന്നു. ബറോഡയിൽ 1814-ൽ നടന്ന ഇത്തരമൊരു പീഡനം"ദി പേഴ്സി അനക്ഡോട്ട്സ്" എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്:
ആനകളെ വധശിക്ഷയ്ക്കായി ഉപയോഗിക്കുന്ന രീതി പത്തൊൻപതാം നൂറ്റാണ്ടിലും നടപ്പിലുണ്ടായിരുന്നു. 1868-ൽ ഇന്ത്യയുടെ മദ്ധ്യഭാഗത്തേയ്ക്കുള്ള ഒരു യാത്രയിൽ ആനയെക്കൊണ്ട് ഒരു പ്രതിയെ വധിക്കുന്നതിനെപ്പറ്റി ലൂയി റൗസ്സെലെറ്റ് വിവരിക്കുന്നുണ്ട്. വധശിക്ഷയുടെ രേഖാചിത്രത്തിൽ ബലം പ്രയോഗിച്ച് പ്രതിയുടെ ശിരസ്സ് ഒരു പീഠത്തിൽ വച്ച ശേഷം ആനയെക്കൊണ്ട് ശിരസ്സ് ചതച്ച് കൊല്ലുന്നതായാണ് കാണുന്നത്. ഈ ചിത്രം മരം കൊണ്ടുള്ള ഒരു അച്ചിലേയ്ക്ക് പകർത്തിയ ശേഷം "ലെ ടൂർ ഡ്യൂ മോണ്ടെ" എന്ന ഫ്രഞ്ച് യാത്രാ സഹായിയിലും "ഹാർപ്പേഴ്സ് വീക്ക്ലി" പോലുള്ള വാരികകളിലും പ്രസിദ്ധീകരിച്ചിരുന്നു. [17] ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശക്തി വർദ്ധിക്കുന്നതോടെ ആനയെ ഉപയോഗിച്ചുള്ള വധശിക്ഷ കുറഞ്ഞുവരുകയും ക്രമേണ ഇല്ലാതാവുകയും ചെയ്തു. എലനോർ മാഡോക്ക് 1914-ൽ കാശ്മീരിനെപ്പറ്റി ഇപ്രകാരം എഴുതിയിരുന്നു. "യൂറോപ്യന്മാരുടെ വരവിനു ശേഷം പഴയ നാട്ടുനടപ്പുകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് - ഇതിലൊന്ന് പ്രത്യേക പരിശീലനം ലഭിച്ച ആനയെക്കൊണ്ട് കുറ്റവാളികളെ കൊല്ലുന്ന ഏർപ്പാടാണ്. ഈ ആന പരമ്പരാഗതമായി 'ഗംഗാ റാവു' എന്നാണത്രേ അറിയപ്പെട്ടിരുന്നത്". [18] ദക്ഷിണപൂർവേഷ്യബർമയിലും മലേഷ്യയിലും ചരിത്രത്തിന്റെ തുടക്കം മുതൽ തന്നെ ആനയെ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നുണ്ടായിരുന്നു. [19] ചമ്പ രാജ്യത്തിലും ഇത് നിലവിലുണ്ടായിരുന്നു. [20] സയാമിൽ ആനകളെ (ചതച്ചുള്ള) വധശിക്ഷയ്ക്കു മുന്നേ പ്രതികളെ ആകാശത്തേയ്ക്കെറിയാൻ പരിശീലിപ്പിച്ചിരുന്നു. [1] ദക്ഷിണ വിയറ്റ്നാമിലെ കൊച്ചിൻചൈന എന്ന രാജ്യത്തിൽ ആനയെ ഉപയോഗിച്ചുള്ള വധശിക്ഷ നിലവിലുണ്ടായിരുന്നതായി ജോൺ ക്രോഫുർഡ് (1821-ൽ ഇദ്ദേഹം ഇവിടുത്തെ ബ്രിട്ടീഷ് പ്രതിനിധിയായിരുന്നു) വിവരിക്കുന്നുണ്ട്. "കുറ്റവാളിയെ ഒരു തൂണിൽ ബന്ധിച്ച ശേഷം രാജാവിന്റെ പ്രിയപ്പെട്ട ആന അയാൾക്കുനേരേ പാഞ്ഞടുത്ത് ചതച്ച് കൊല്ലുകയാണ് ചെയ്യുക" എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. [21] പാശ്ചാത്യ സാമ്രാജ്യങ്ങൾറോമാക്കാരും കാർത്തേജുകാരും മാസിഡോണിയൻ ഗ്രീക്കുകാരും ആനയെ യുദ്ധത്തിനായും വധശിക്ഷയ്ക്കായും ഉപയോഗിച്ചിരുന്നു. ഹാനിബാൾ ഇത്തരത്തിൽ ആനയെ ഉപയോഗിച്ചതാണ് ഏറ്റവും ശ്രദ്ധേയം. സൈന്യത്തിൽ നിന്ന് ഒളിച്ചോടുന്നവരെയും, യുദ്ധത്തടവുകാരെയും, യുദ്ധക്കുറ്റവാളികളെയും ഇത്തരത്തിൽ വധിച്ചിരുന്നതായി പുരാതന ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അലക്സാണ്ടർ മരിച്ച ശേഷം മാസിഡോണിന്റെ ഭരണാധികാരിയായ പെർഡിക്കാസ് 323 ബി.സി. യിൽ മാലേഗെറിന്റെ കൂട്ടാളികളായ കലാപകാരികളെ ബാബിലോണിൽ വച്ച് ആനകൾക്ക് എറിഞ്ഞുകൊടുത്ത് വധിച്ചിരുന്നു. [22] റോമൻ എഴുത്തുകാരനായിരുന്ന ക്വിന്റാസ് കർട്ടിയസ് റൂഫസ് ഈ സംഭവത്തെപ്പറ്റി "ഹിസ്റ്റോറിയേ അലക്സാണ്ട്രി മാഗ്നി" എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്: "കലാപകാരികൾ തളർന്നുപോയിരുന്നെന്നും അവർ തന്റെ ദയയിലായിരുന്നെന്നും പെർഡിക്കാസ് കണ്ടു. സൈന്യത്തിന്റെ മുഖ്യഭാഗത്തുനിന്ന് ഉദ്ദേശം 300 ആൾക്കാരെ അദ്ദേഹം മാറ്റി നിർത്തി. ഇവർ അലക്സാണ്ടറുടെ മരണശേഷം നടന്ന യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതുമുതൽ മലേഗേറിനെ പിന്തുണച്ചവരായിരുന്നു. മുഴുവൻ സൈന്യത്തെ സാക്ഷി നിർത്തി ഇവരെ ആനകൾക്ക് എറിഞ്ഞുകൊടുത്തു. എല്ലാവരെയും ആനകൾ ചവിട്ടിക്കൊന്നു...".[23] മാസിഡോണിലെ പേർസിയസ് രാജാവിനെ തോൽപ്പിച്ച ശേഷം 167 ബി.സി.യിൽ ജനറൽ ലൂസിയസ് ഏമിലിയസ് പൗലുസ് മാസിഡോണിക്കസ് ഒളിച്ചോടിയ പട്ടാളക്കാരെ ആനയുടെ കാൽക്കീഴിൽ ചതച്ച കാര്യം റോമൻ എഴുത്തുകാരനായ വലേറിയസ് മാക്സിമസ് വിവരിക്കുന്നുണ്ട്.[24] സാധാരണക്കാരെ കൊല്ലാൻ ആനകളെ ഉപയോഗിക്കുന്നതിന്റെ തെളിവുകൾ വിരളമാണ്. ജോസഫസ് എന്ന എഴുത്തുകാരനും 3 മക്കാബീസ് എന്ന പഴയനിയമത്തിലെ പുസ്തകവും ഐജിപ്തിലെ ജൂതന്മാരെപ്പറ്റി അത്തരമൊരു സംഭവം വിവരിക്കുന്നുണ്ട്. ഇത് യധാർത്ഥത്തിൽ നടന്നതാവണമെന്നില്ല. ടോളമി IV ഫിലോപേറ്റർ (ഭരണം 221–204 ബി.സി.) ഡയോനൈസസിന്റെ പ്രതീകമുപയോഗിച്ച് ജൂതന്മാരെ തന്റെ വരുതിയിൽ നിർത്താൻ ശ്രമിച്ചു. ഭൂരിപക്ഷം ജൂതന്മാരും ഇതിനെ എതിർത്തു. അപ്പോൾ രാജാവ് അവരെ ഒരുമിച്ചു കൂട്ടി ആനയുടെ കാൽക്കീഴിൽ ചതയ്ക്കാൻ ആജ്ഞാപിച്ചു എന്നാണ് കഥ. [25] ഈ കൂട്ടക്കൊല മാലാഖമാരുടെ ഇടപെടലിനെത്തുടർന്ന് മാറ്റിവയ്ക്കുകയും ടോളമി ജൂതപ്രജകളോട് ഇതിനെത്തുടർന്ന് അയഞ്ഞ നിലപാടെടുക്കുകയുമുണ്ടായത്രേ. [26][27] ആധുനിക കാലത്ത് ആനകാരണമുണ്ടായ മരണങ്ങൾനിലവിൽ ഒരു രാജ്യവും ആനയെ വധശിക്ഷയ്ക്കായി ഉപയോഗിക്കുന്നില്ല. ആന കാരണമുള്ള അപകടമരണങ്ങൾ പതിവായുണ്ടാകാറുണ്ട്. പ്രധാനമായും മൂന്നു തരങ്ങളായി ഇവയെ തരം തിരിക്കാം:
അവലംബം
ഗ്രന്ധസൂചിക
|
Portal di Ensiklopedia Dunia