വധശിക്ഷ റൊമാനിയയിൽ1989-ൽ റൊമാനിയയിൽ വധശിക്ഷ നിരോധിക്കപ്പെട്ടു. 1991-നു ശേഷം വധശിക്ഷ നടപ്പിലാക്കുന്നത് റൊമാനിയൻ ഭരണഘടന പ്രകാരം നിരോധിതമാണ്. പൂർവകാലംവധശിക്ഷയ്ക്ക് ഇന്നത്തെ റൊമാനിയയിൽ വളരെ ദൈർഘ്യമേറിയതും വൈവിദ്ധ്യപൂർണ്ണവുമായ ചരിത്രമാണുള്ളത്. വ്ലാഡ് മൂന്നാമൻ (ദി ഇംപേലർ)വല്ലാച്ചിയ എന്ന സ്ഥലമാണ് ഭരിച്ചിരുന്നത്. ഇദ്ദേഹം ആയിരക്കണക്കിനാൾക്കാരെ ശൂലത്തിലേറ്റി വധശിക്ഷ നൽകുന്നതിൽ കുപ്രസിദ്ധനായിരുന്നു. [1] വ്ലാഡിന്റെ ഒരു പിൻഗാമിയെ ഓട്ടോമാൻ സാമ്രാജ്യം കഴുത്തു ഞെരിച്ചും, വെടിവച്ചും, കത്തികുത്തിയും, ശിരച്ഛേദം ചെയ്തും 1799-ൽ വധിച്ചിരുന്നു. [2] കലാപം നടത്തിയ രണ്ടു പേരെ ഓസ്ട്രിയൻ അധികൃതർ ബ്രേക്കിംഗ് വീൽ ഉപയോഗിച്ച് 1785-ൽ കൊന്നിരുന്നു. [3] റൊമാനിയ രാജഭരണത്തിൽചെറിയ രാജ്യങ്ങളുടെ ഐക്യത്തിലൂടെ ആധുനിമ റൊമാനിയ രൂപപ്പെട്ടതെ 1859-ലാണ്. രാജ്യത്തിന്റെ പീനൽ കോഡ് നിലവിൽ വന്നത് 1864-ലാണ്. യുദ്ധക്കുറ്റങ്ങൾക്കു മാത്രമേ ഈ പീനൽ കോഡ് വധശിക്ഷ വ്യവസ്ഥ ചെയ്തിരുന്നുള്ളൂ. 1866 ലെ റോമാനിയൻ ഭരണഘടനയും (1831-ലെ ഉദാരമായ ബെൽജിയൻ ഭരണഘടനയിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് രചിക്കപ്പെട്ടതായിരുന്നത്രേ ഇത്) സമാധാനകാലത്തുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ പൂർണ്ണമായി ഒഴിവാക്കിയിരുന്നു. [4] 19-ആം നൂറ്റാണ്ടിന്റെ അവസാനസമയത്തു പോലും മറ്റ് ആറു യൂറോപ്യൻ രാജ്യങ്ങളേ വധശിക്ഷ നിർത്തലാക്കിയിരുന്നുള്ളൂ (ബെൽജിയം, ഫിൻലാന്റ്, ഇറ്റലി, ലക്സംബർഗ്, നെതർലാന്റ്സ്, പോർച്ചുഗൽ എന്നിവ).[5] സമാധാനകാലത്തുള്ള കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷ 1923-ലെ ഭരണഘടനയുടെ 16ആം ആർട്ടിക്കിൾ എടുത്തു പറയുന്നു. കൂടിവന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് പക്ഷേ വധശിക്ഷയ്ക്കനുകൂലമായ നിലപാടിലേയ്ക്ക് രാജ്യത്തെ കൊണ്ടുപോയി. 1924-ൽ മാർസെസ്കു നിയമം എന്ന പ്രത്യേക വ്യവസ്ഥ കമ്യൂണിസ്റ്റുകാർക്ക് വധശിക്ഷ നൽകാൻ അനുമതി നൽകി. 1936-ലെ പുതിയ ക്രിമിനൽ കോഡ് തയ്യാറാക്കിയവർക്ക് വധശിക്ഷയ്ക്കെതിരായ നിലപാടായിരുന്നെങ്കിലും മരണശിക്ഷയ്ക്കനുകൂലമായ ചില നിയമങ്ങൾ ഇതിൽ ഉൾപ്പെടുത്തപ്പെട്ടു. 1938-ലെ ഭരണഘടന രാജകീയ ഏകാധിപത്യം വിഭാവനം ചെയ്യുന്ന ഒന്നായിരുന്നു. രാജകുടുംബത്തിനെതിരേയുള്ളതും ഉന്നതസ്ഥാനങ്ങളിലുള്ളവർക്കും എതിരേയുള്ള കുറ്റങ്ങൾ; രാഷ്ട്രീയ കൊലപാതകങ്ങൾ, മോഷണശ്രമത്തിനിടെയുള്ള കൊലപാതകങ്ങൾ എന്നിവയ്ക്കൊക്കെ ഈ ഭരണഘടന വധശിക്ഷ വ്യവസ്ഥ ചെയ്തു. ഭരണഘടനയ്ക്കനുസൃതമായി പിന്നീട് പീനൽ കോഡ് പരിഷ്കരിക്കപ്പെട്ടു. [6] ചില വധശിക്ഷകൾ ഉടനടി നടത്തുന്നവയായിരുന്നു. ഉദാഹരണത്തിന് പ്രധാനമന്ത്രി അർമാൻഡ് കാലിനെസ്കു 1939 സെപ്റ്റംബറിൽ വധിക്കപ്പെട്ടപ്പോൾ 253 അയൺ ഗാർഡ് പ്രവർത്തകരെ അടുത്ത ദിവസങ്ങളിൽ വിചാരണ കൂടാതെ വധിക്കുകയുണ്ടായി. [7] രണ്ടാം ലോകമഹായുദ്ധ സമയത്ത് ഇയോൺ ആന്റണെസ്കുവിന്റെ ഏകാധിപത്യ ഭരണത്തിനിടെ ക്രിമിനൽ നിയമങ്ങൾ കൂടുതൽ കഠിനമായി. മോഷണം, ആയുധമോഷണം, കൊള്ളിവയ്പ്പ്, കള്ളക്കടത്ത് തുടങ്ങി പല കുറ്റങ്ങളും വധശിക്ഷയർഹിക്കുന്നവയാക്കപ്പെട്ടു. ജർമനിക്കെതിരേ പ്രതിരോധം നടത്താൻ ശ്രമിച്ചവരെയും, റൊമാനിയൻ കമ്യൂണിസ്റ്റ് പാർട്ടിയെയും അടിച്ചമർത്താനും ഈ അവസരത്തിൽ വധശിക്ഷകൾ ഒരുപകരണമായി ഉപയോഗിക്കപ്പെടുകയുണ്ടായി.[6]എഴുത്തുകാരൻ മറിയസ് മിർകു ഇക്കാലത്ത് മുപ്പത് ആൾക്കാരെ വധിച്ചിട്ടുണ്ടെന്നും ഇതിൽ മൂന്നുപേരൊഴികെ ബാക്കിയെല്ലാവരും ജൂതന്മാരായിരുന്നുവെന്നും എഴുതിയിട്ടുണ്ട്. [8] കമ്യൂണിസ്റ്റ് റോമാനിയ1945-ൽ യുദ്ധക്കുറ്റങ്ങളെ സംബന്ധിച്ച രണ്ടു നിയമങ്ങൾ നിലവിൽ വന്നു. അടുത്തവർഷം ആന്റൊണെസ്കുവിനെയും അടുത്ത അനുയായികളെയും ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധിക്കുകയുണ്ടായി.[9] 1945-നും 1964-നും മധ്യെ 137 ആൾക്കാർ റൊമേനിയയിൽ വധിക്കപ്പെടുകയുണ്ടായി. ഝെയോർഝെ ഝെയോർഝിയു-ഡേജ് ആയിരുന്നു ഈ കാലയളവിന്റെ സിംഹഭാഗത്തും ഭരണനേതാവ്. [10] റൊമാനിയൻ കമ്യൂണിസ്റ്റു വിരുദ്ധ പ്രതിരോധ പ്രവർത്തകരും, 1956-ൽ ഹങ്കേറിയൻ വിപ്ലവസമയത്ത് പ്രതിഷേധപ്രകടനം നടത്തിയവരും ഇക്കൂട്ടത്തിൽ പെടും. 1949-നിലവിൽ വന്ന ഒരു നിയമം (കമ്യൂണിസ്റ്റ് ഭരണത്തിനും ആസൂത്രിത സമ്പത് ഘടനയ്ക്കുമെതിരായ പ്രവർത്തനങ്ങൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമമായിരുന്നു ഇത്) ഉപയോഗിച്ചായിരുന്നു ശിക്ഷകൾ നൽകപ്പെട്ടത്. 1936-ലെ പരിഷ്കരിച്ച കോഡ് ഭരണകൂടം, സമാധാനം, മനുഷ്യരാശി എന്നിവയ്ക്കെതിരായുള്ള കുറ്റങ്ങൾക്കും, അക്രമത്തോടെയുള്ള കൊലപാതകത്തിനും, കൊള്ളയ്ക്കിടെ കൊലപാതകം നടത്തുന്നതിനും വധശിക്ഷ വ്യവസ്ഥ ചെയ്തു. 1957-ൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന വലിയ തട്ടിപ്പുകൾക്കും വധശിക്ഷ നൽകാൻ നിയമം കൊണ്ടുവന്നു. [11] 1958-ൽ രാജ്യത്തെ യുദ്ധത്തിന്റെയോ മദ്ധ്യവർത്തിത്വത്തിന്റെയോ പാതയിലേയ്ക്ക് നിർബന്ധപൂർവ്വം നയിക്കാനുദ്ദേശിച്ച് വിദേശികളുമായി ബന്ധപ്പെടുന്നവർക്ക് വധശിക്ഷ നൽകാൻ തീരുമാനമായി. ഇത് ഹങ്കേറിയൻ വിപ്ലവത്തിനിടെ ഇമ്രേ നാഗി എടുത്ത തീരുമാനങ്ങൾ പോലെയുള്ള നീക്കങ്ങൾ റൊമാനിയയിൽ ആരും എടുക്കാതിരിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. [12] നിക്കോളായ് ചൗഷസ്ക്യൂവിന്റെ കീഴിൽ 1969-ൽ കൊണ്ടുവന്ന പുതിയ പീനൽ കോഡിൽ വധശിക്ഷയർഹിക്കുന്ന 28 കുറ്റങ്ങളുണ്ടായിരുന്നു. വസ്തുവകകൾക്കെതിരെയുള്ള കുറ്റങ്ങളും സാമ്പത്തികക്കുറ്റങ്ങളും ഇതിലുൾപ്പെട്ടിരുന്നു. 1970-കളിൽ ഈ കുറ്റങ്ങളുടെ എണ്ണം നന്നേകുറഞ്ഞു. സാമ്പത്തികക്കുറ്റങ്ങൾക്കുള്ള വധശിക്ഷ എടുത്തു കളയപ്പെട്ടു. [13] 1980 മുതൽ 1989 വരെ 57 വധശിക്ഷാവിധികൾ വന്നു; ഇതിൽ 50 എണ്ണമെങ്കിലും നടപ്പിലാക്കപ്പെട്ടു. മിക്ക വധശിക്ഷകളും കൊലപാതകക്കുറ്റത്തിനായിരുന്നു നൽകപ്പെട്ടിരുന്നത്. ചിലവ വൻ മോഷണങ്ങൾക്കും രാജ്യത്തിന്റെ സ്വത്ത് മോഷ്ടിച്ചതിനുമായിരുന്നു. 1983-ൽ അഞ്ചു പേരെ സംഘടിതമായി മാംസം മോഷ്ടിച്ചതിന് വധശിക്ഷയ്ക്കു വിധിച്ചിരുന്നു. [14] ചൗഷസ്ക്യൂ ഭരണത്തിലിരുന്ന സമയത്ത് (1965 മുതൽ 1989 വരെ), 104 പേരെ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് ജിലാവ, റഹോവ എന്നീ ജയിലുകളിലായി വധിക്കുകയുണ്ടായി. വധശിക്ഷകൾ ചിലപ്പോൾ ഇളവു ചെയ്യുന്നത് ചൗഷസ്ക്യൂ കണിശക്കാരനും അതേസമയം തന്നെ ദയാവാനുമായ രാഷ്ട്രപിതാവാണ് എന്ന പ്രതിച്ഛായ ഉണ്ടാകാൻ കാരണമായിട്ടുണ്ടത്രേ. ജിലാവ ജയിലിൽ തുറന്ന സ്ഥലത്ത് പ്രറ്റികളെ ഒരു കുറ്റിയിൽ കെട്ടിയിട്ട ശേഷം വെടിവച്ചു കൊല്ലുകയായിരുന്നു ചെയ്തിരുന്നത്. റഹോവ ജയിലിൽ ഒരു ഭൂഗർഭ മുറിയിലായിരുന്നു ആൾക്കാരെ കൊന്നിരുന്നത്. വധശിക്ഷ അതീവരഹസ്യമായായിരുന്നു നടന്നിരുന്നത്. പ്രായപൂർത്തിയെത്താത്തവരെയും ഗർഭിണികളെയും വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. [15] റൊമാനിയൻ വിപ്ലവത്തിനിടെയാണ് (1989) അവസാന വധശിക്ഷകൾ നടപ്പിലാക്കിയത്. നിക്കോളായ് ചൗഷസ്ക്യൂ, എലീന ചൗഷസ്ക്യൂ എന്നിവരെയായിരുന്നു അവസാനമായി വധിച്ചത്. [14] റൊമാനിയ 1989-നു ശേഷംചൗഷസ്ക്യൂവിനെ വെടിവച്ചു കൊന്നതിനു ശേഷം റൊമാനിയയിലെ നാഷണൽ സാൽവേഷൻ ഫ്രണ്ട് നേതാക്കൾ വധശിക്ഷ ഒരു ഉത്തരവിലൂടെ ഇല്ലാതെയാക്കി. [16] ഇത് പഴയ കമ്യൂണിസ്റ്റുകാർ രക്ഷപെടാനിടയാക്കുനെന്നും അതിനാൽ വധശിക്ഷ വീണ്ടും കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് 1990 ജനുവരിയിൽ പല പ്രതിഷേധങ്ങളുമുണ്ടാകാൻ കാരണമായി. [17] 1991 ഫെബ്രുവരി 27-ന് റൊമാനിയ പൊതുവും രാഷ്ട്രീയവുമായ അവകാളങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ തിരഞ്ഞേടുക്കാവുന്ന രണ്ടാം പ്രോട്ടോക്കോൾ അംഗീകരിച്ചു. ആ വർഷം ഡിസംബറിൽ അംഗീകരിക്കപ്പെട്ട പുതിയ ഭരണഘടന വധശിക്ഷ പൂർണ്ണമായി നിരോധിക്കുന്നു. മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ ഉടമ്പടിയിലും (1994 മുതൽ); യൂരോപ്യൻ യൂണിയനിലെ മൗലികാവകാശങ്ങൾക്കായുള്ള ചാർട്ടറിലും (2007 ജനുവരി മുതൽ) റൊമാനിയ അംഗമാണ്. ഇവ രണ്ടും വധശിക്ഷയ്ക്കെതിരാണ്. [18] കുറിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia