വിഷം കുത്തിവച്ചുള്ള വധശിക്ഷവിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ ബാർബിച്യുറേറ്റ്, ശരീരം തളർത്തുന്ന ഒരു മരുന്ന്, പൊട്ടാസ്യം ക്ലോറൈഡ് എന്നീ മരുന്നുകളാണുപയോഗിക്കുക. അതിവേഗം മരണമുണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വിഷം കുത്തിവയ്ക്കൽ എന്ന പ്രയോഗം ദയാവധത്തിനെയും അത്തരത്തിലുള്ള ആത്മഹത്യകളെയും വിവക്ഷിക്കാം. വധിക്കപ്പെടേണ്ടയാളെ യഥാക്രമം ഉറക്കുകയും, ശ്വാസം നിർത്തുകയും, ഹൃദയസ്തംഭനമുണ്ടാക്കുകയുമാണ് ഈ മരുന്നുകൾ ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമാണ് താരതമ്യേന വേദന കുറവും മനുഷ്യത്വപരവുമാണെന്ന ചിന്തയിൽ ഈ മാർഗ്ഗത്തിന് പ്രാമുഖ്യം ലഭിച്ചത്. 1888 ജനുവരി 17-ന് ജൂലിയസ് മൗണ്ട് മേയർ എന്നയാളാണ് ഈ മാർഗ്ഗം മുന്നോട്ടുവച്ചത്. [1] ന്യൂ യോർക്കിലെ ഒരു ഡോക്ടർ ഇത് തൂക്കിക്കൊലയേക്കാൾ ചെലവു കുറഞ്ഞതാണെന്ന് വാദിച്ചു. [2] ബ്രിട്ടനിലെ റോയൽ കമ്മീഷൻ ഈ മാർഗ്ഗം പരിഗണിച്ചെങ്കിലും (1949–53) ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ എതിർപ്പുകാരണം തള്ളിക്കളയുകയുണ്ടായി. [2] 1977 മേയ് 11-ന് ഓക്ലഹോമയിലെ മെഡിക്കൽ എക്സാമിനർ ജേയ് ചാപ്മാൻ വേദന കുറഞ്ഞ ഒരു പുതിയ വധശിക്ഷാ രീതി (ചാപ്മാൻസ് പ്രോട്ടോക്കോൾ) മുന്നോട്ടുവച്ചു. സിരയിലേക്ക് സലൈൻ കൊടുക്കുന്ന ഒരു ഡ്രിപ്പ് തുടങ്ങിയശേഷം അതിവേഗം പ്രവർത്തിക്കുന്ന ഒരു ബാർബിച്യുറേറ്റ് മരുന്നും പേശികളെ തളർത്തുന്ന ഒരു മരുന്നും അതിൽ കുത്തിവയ്ക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. [3] അനസ്തീഷ്യ വിദഗ്ദ്ധൻ സ്റ്റാൻലി ഡ്യൂഷ് അംഗീകരിച്ച ശേഷം ബിൽ വൈസ്മാൻ എന്ന പാതിരി ഈ മാർഗ്ഗം ഒക്ലഹോമയിലെ നിയമസഭയിൽ അവതരിപ്പിച്ചു. [4] ഇത് വളരെപ്പെട്ടെന്ന് അംഗീകരിക്കപ്പെട്ടു. അതിനു ശേഷം 2004-നുള്ളിൽ വധശിക്ഷ നടപ്പിലാക്കുന്ന 38 അമേരിക്കൻ സംസ്ഥാനങ്ങളിൽ 37 എണ്ണത്തിലും ഇത് ഉപയോഗത്തിൽ വന്നു. [3] On August 29, 1977,[5] 1982 ഡിസംബർ 7-ന് ടെക്സാസ് സംസ്ഥാനത്താണ് വിഷം കുത്തിവയ്ക്കൽ ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പിലാക്കിയത്. ചാൾസ് ബ്രൂക്ക്സ് ജൂനിയർ എന്നയാളായിരുന്നു ശിക്ഷിക്കപ്പെട്ടത്. [6] ചൈന 1997-ലും, ഗ്വാട്ടിമാല 1998-ലും, ഫിലിപ്പീൻസ് 1999-ലും, തായ്ലാന്റ് 2003-ലും, തായ് വാൻ 2005-ലും ഈ മാർഗ്ഗം സ്വീകരിച്ചു. [7] വിയറ്റ്നാം ഇപ്പോൾ ഈ മാർഗ്ഗം ഉപയോഗിക്കുന്നുണ്ടത്രേ.[8] ഫിലിപ്പീൻസിൽ മരണശിക്ഷ പിന്നീട് ഇല്ലാതെയാക്കി. നാസി ജർമനിയുടെ T-4 ദയാവധ പദ്ധതി മറ്റു മാർഗങ്ങളോടൊപ്പം വിഷം കുത്തിവയ്ക്കലും "ജീവിക്കാനർഹതയില്ലാത്ത ജീവിതങ്ങളെ" ഇല്ലാതാക്കാൻ ഉപയോഗിച്ചിരുന്നു. . ദയാവധങ്ങൾക്കായും മരണശിക്ഷയ്ക്കുപയോഗിക്കുന്ന അതേ രീതിയാണ് പിന്തുടരപ്പെടുന്നത്. [9] ചൈനയിൽ വധശിക്ഷ നടപ്പാക്കുന്ന മാർഗങ്ങൾചൈനയിൽ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന) വെടിവച്ചായിരുന്നു സാധാരണ വധശിക്ഷ നടപ്പാക്കാറുണ്ടായിരുന്നത്. അടുത്തകാലത്തായി ശിക്ഷാരീതി വിഷം കുത്തിവയ്ക്കലിലേക്ക് മാറിയിട്ടുണ്ട്. എന്തു രീതിയിലാണ് വധശിക്ഷ നടപ്പാക്കുന്നതെന്നതും എന്തൊക്കെ മരുന്നുകളാണ് ഉപയോഗിക്കുന്നതെന്നതും പുറത്തറിയാത്ത രഹസ്യങ്ങളാണ്. [10] ചില കേസുകളിലെങ്കിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ മയക്കാനുള്ള മരുന്നു കൊടുത്ത ശേഷം പോലീസ് വാനായി തെറ്റിദ്ധരിപ്പിക്കും വിധം തയ്യാറാക്കിയ ഒരു വധശിക്ഷാ വാനിൽ പ്രവേശിപ്പിച്ചാണ് ശിക്ഷ നടപ്പിലാക്കുന്നത്. [11] അമേരിക്കൻ ഐക്യനാടുകളിലെ വധശിക്ഷാ നടപടിശിക്ഷ വിധിക്കപ്പെട്ടയാളെ ഒരു ട്രോളിയിൽ ബന്ധിച്ചശേഷം രണ്ടു കയ്യിലെയും സിരകളിലേക്ക് സ്പിരിറ്റുപയോഗിച്ച് വൃത്തിയാക്കിയ ശേഷം [12]ഓരോ കാനുലകൾ (ചികിത്സയ്ക്കുള്ള മരുന്നുകൾ കടത്തുന്നതരം പ്രത്യേക സൂചി) കടത്തും. ഇതിൽ ഒരെണ്ണമാണ് വധശിക്ഷയ്ക്കുപയോഗിക്കുക. ആദ്യത്തേത് പ്രവർത്തനരഹിതമായാലേ രണ്ടാമത്തെ കാനുല ഉപയോഗിക്കൂ. അടുത്തുള്ള മുറിയിൽ നിന്ന് മരുന്നു പ്രവഹിക്കാനായുള്ള ഒരു കുഴൽ പ്രതിയുടെ കാനുലയിലേക്ക് ഘടിപ്പിക്കും. സ്പിരിറ്റുപയോഗിച്ച് വൃത്തിയാക്കുക, അണുവിമുക്തമാക്കിയ സൂചികളും മറ്റും ഉപയോഗിക്കുക എന്നിങ്ങനെയുള്ള അണുബാധ തടയാനുള്ള പ്രവൃത്തികൾ നിമിഷങ്ങൾക്കുള്ളിൽ വധിക്കാൻ വിധിക്കപ്പെട്ട ആളുടെ കാര്യത്തിൽ എന്തിനു ചെയ്യണം എന്ന് ചോദ്യങ്ങളുയർന്നിട്ടുണ്ട്. പ്രത്യേകിച്ചും കുത്തിവയ്ക്കലിന്റെ ഉദ്ദേശം വധശിക്ഷയാകുമ്പോൾ. കയ്യിൽ സൂചി കുത്തിയ ശേഷവും വധശിക്ഷയ്ക്ക് സ്റ്റേ അനുവദിക്കപ്പെടാം എന്നതാണ് ഈ വാദത്തിന് നൽകുന്ന ഒരുത്തരം. ജെയിംസ് ഓട്രി എന്നയാളുടെ കാര്യത്തിൽ 1983-ൽ ഇത് സംഭവിച്ചിട്ടുമുണ്ട് (ഇദ്ദേഹത്തെ 1984-ൽ വധശിക്ഷയ്ക്ക് വിധേയനാക്കി). കാനുലകൾ സ്റ്റെറിലൈസ് ചെയ്ത രൂപത്തിലേ കിട്ടാറുള്ളൂ എന്നതും വസ്തുതയാണ്. കാനുലകൾ ഘടിപ്പിച്ച ശേഷം സലൈൻ ലായനി അവയിലൂടെ നൽകാനാരംഭിക്കും. കാനുലകൾ മരുന്ന് പ്രവഹിക്കും വിധ തുറന്നിരിക്കുന്നുണ്ട് എന്നു മനസ്സിലാക്കാൻ ഇത് ഉപകരിക്കും. മരണം നടന്നോ എന്ന് മനസ്സിലാക്കാനായി ഹൃദയമിടിപ്പ് മനസ്സിലാക്കുന്ന ഒരു യന്ത്രം (മോണിട്ടർ) ഘടിപ്പിക്കും. മരുന്നുകൾ/രാസവസ്തുക്കൾ കീഴെപ്പറയുന്ന ക്രമത്തിലാണ് നൽകുന്നത്:
മരുന്നുകൾ പുറത്തു വച്ച് കലർത്തിയാൽ പ്രിസിപ്പിറ്റേഷന് (ലവണങ്ങൾ അടിയുക) സാധ്യതയുള്ളതു കാരണമാണ് ഒന്നിനു പുറകേ ഒന്നായി കുത്തിവയ്ക്കുന്നത്. കൂടാതെ ശാരീരികാസ്വാസ്ഥ്യം കുറയ്ക്കുകയും അബോധാവസ്ഥയും ഉണ്ടാക്കുന്ന മരുന്ന് ആദ്യം നൽകുന്നതു കാരണം രണ്ടാമതും മൂന്നാമതു മരുന്നുകൾ മാത്രം നൽകിയാലുണ്ടാകാവുന്ന ദുരിതവും വേദനയും അറിയാതെ കഴിയും. ഒരു ജയിൽ ജോലിക്കാരൻ കാനുലകൾ കടത്തുകയും ലൈനുകൾ ശരിയാക്കുകയും ചെയ്യുമ്പോൾ അടുത്ത മുറിയിൽ മറ്റൊരു ജയിൽ ജോലിക്കാരൻ മരുന്നുകൾ ഇഞ്ചക്ഷൻ സിറിഞ്ചുകളിൽ നിറയ്ക്കും. മറ്റു രണ്ട് ഉദ്യോഗസ്ഥർ സിറിഞ്ചുകളെ സലെൻ പ്രവഹിക്കുന്ന കുഴലുകളിലേയ്ക്ക് ഘടിപ്പിക്കും. കർട്ടൻ നീക്കി സാക്ഷികളെ ശിക്ഷാമുറി കാണാൻ അനുവദിച്ച ശേഷം പ്രതിക്ക് അന്ത്യമൊഴി പറയാൻ അനുവാദം നൽകും. ഇതിനു ശേഷം ജയിൽ വാർഡൻ ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നൽകും. ജയിലുദ്യോഗസ്ഥരോ സാധാരണക്കാരോ (വിവിധ സംസ്ഥാനങ്ങളിലെ നിയമമനുസരിച്ച്) മൂന്ന് മരുന്നുകളും കുഴലിലേക്ക് കുത്തിവയ്ക്കും. ഹൃദയം നിലയ്ക്കുമ്പോൾ മരണം നടന്നതായി സ്ഥിതീകരിക്കും. കുത്തിവയ്പ്പിന് ശേഷം 7 മിനിട്ടിനുള്ളിൽ മരണം നടക്കുമെങ്കിലും മുഴുവൻ നടപടിക്രമത്തിനും 2 മണിക്കൂറോളമെടുക്കും. സംസ്ഥാന നിയമമനുസരിച്ച് വധശിക്ഷ നടക്കുന്ന സ്ഥലത്ത് ഡോക്ടറുടെ സാനിദ്ധ്യം അനുവദനീയമല്ലെങ്കിൽ മരണം സ്ഥിതീകരിക്കുന്നതെ മെഡിക്കൽ എക്സാമിനറുടെ (ഫോറൻസിക് വിദഗ്ദ്ധൻ) ഓഫീസിൽ നിന്നായിരിക്കും. അതിനു ശേഷം കൊറോണർ മരണ സർട്ടിഫിക്കറ്റ് നൽകും. ഡെലാവേർ, ഇലിനോയി, മിസോറി എന്നീ സംസ്ഥാനങ്ങളിൽ മരുന്ന് കുത്തിവയ്ക്കുന്ന ഭാഗവും നിയന്ത്രിക്കുന്ന ഭാഗവുമുള്ള യന്ത്രമാണ് വധശിക്ഷയ്ക്കുപയോഗിക്കുന്നത്. രണ്ട് ഉദ്യോഗസ്ഥർ പ്രത്യേകമായി ഓരോ ബട്ടനമർത്തുമ്പോൾ കമ്പ്യൂട്ടർ നിയന്ത്രണത്തിൽ മരുന്നുകൾ കുത്തിവയ്ക്കപ്പെടുകയാണ് ചെയ്യുക. ആരാണ് ആദ്യം ബട്ടനമർത്തിയത് എന്ന കാര്യം കമ്പ്യൂട്ടർ ഡിലീറ്റ് ചെയ്തുകളയും. എട്ട് സൂചികളാണ് ഈ യന്ത്രത്തിനുള്ളത്. 2, 4, 6 എന്നീ സൂചികൾ വഴിയാണ് മരുന്ന് കുത്തിവയ്ക്കപ്പെടുന്നത്. 1, 3, 5 എന്നീ സൂചികൾ ആദ്യം പറഞ്ഞ സൂചികൾ പ്രവർത്തിച്ചില്ലെങ്കിൽ ഉപയോഗിക്കാനായി മാറ്റിവച്ചിരിക്കുന്നവയാണ്. ന്യൂ ജേഴ്സിയിൽ മരണ ശിക്ഷ നിർത്തലാക്കുന്നതിന് മുൻപ് ഈ യന്ത്രമാണ് ഉപയോഗിച്ചിരുന്നത്. 2011-ൽ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് സോഡിയം തയോപെന്റാൽ, പെന്റോ ബാർബിറ്റാൽ എന്നീ മരുന്നുകളുടെ നിർമാതാക്കൾ അമേരിക്കൻ ജയിലുകളിലേയ്ക്ക് ഈ മരുന്നുകൾ നൽകുന്നത് നിറുത്തിവച്ചു. [13] മരുന്നുകൾസാധാരണഗതിയിൽ വിഷം കുത്തിവച്ച് വധശിക്ഷ നടപ്പിലാക്കുന്നതിന്റെ നടപടിക്രമംമൂന്ന് മരുന്നുകളാണ് ഉപയോഗിക്കുന്നത്: സോഡിയം തയോപെന്റാൽ ആളെ അബോധാവസ്ഥയിലെത്തിക്കാൻ ഉപയോഗിക്കുന്നു. പാൻകുറോണിയം ബ്രോമൈഡ് (പല്വുലോൺ) എന്ന മരുന്ന് പേശികൾ തളരാനും അതുമൂലം ശ്വാസോച്ഛ്വാസം നിലയ്ക്കാനും കാരണമാകും. പൊട്ടാസ്യം ക്ലോറൈഡ് ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. [14] സോഡിയം തയോപെന്റാൽ
സോഡിയം തയോപെന്റാൽ (പെന്റോത്താൽ സോഡിയം) വളരെക്കുറച്ച് സമയം മാത്രം പ്രവർത്തിക്കുന്നതും (ultra-short acting) ബാർബിച്യുറേറ്റ് വിഭാഗത്തിൽ പെടുന്നതുമായ ഒരു മരുന്നാണ്. അനസ്തേഷ്യയ്ക്കും മരുന്നുപയോഗിച്ച് അബോധാവസ്ഥ(കോമ) ഉണ്ടാക്കേണ്ടി വരുകയും ചെയ്യുമ്പോഴാണ് ഈ മരുന്ന് വൈദ്യശാസ്ത്രത്തിൽ സാധാരണ ഉപയോഗിക്കാറ്. അനസ്തേഷ്യയ്ക്കുപയോഗിക്കുന്ന മാത്ര (ഡോസ്) 3–5 mg/kg ആണ്. 30 മുതൽ 45 സെക്കന്റുകൾക്കുള്ളിൽ സാധാരണ ഗതിയിൽ അബോധാവസ്ഥ ഉണ്ടാകും. മരണശിക്ഷയ്ക്കുപയോഗിക്കുന്ന 5 ഗ്രാം ഡോസ് (സാധാരണ ഡോസിന്റെ 14 ഇരട്ടി) 10 സെക്കന്റിനുള്ളിൽ അബോധാവസ്ഥ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ശരീരത്തിൽ കുത്തിവച്ച മരുന്നിന്റെ പകുതി മാത്രം അവശേഷിക്കാനെടുക്കുന്ന സമയം (half-life) ഏകദേശം 11.5 മണിക്കൂറുകളാണ്. [15] കുത്തിവച്ച മരുന്നിന്റെ 5 മുതൽ 10% വരെ ഈ സമയത്ത് മസ്തിഷ്കത്തിലായിരിക്കും കാണപ്പെടുക. വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയിലും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ഹോളണ്ടിലെ ദയാവധ പ്രോട്ടോക്കോൾ അനുസരിച്ച് 1-1.5 ഗ്രാമാണ് തയോപെന്റാൽ സോഡിയത്തിന്റെ ഡോസ്. മരുന്ന് കുറഞ്ഞ രീതിയിൽ മാത്രം ഭലിക്കുന്ന ചിലർക്ക് 2 ഗ്രാം വരെ നൽകാറുണ്ട്. [16] ദയാവധത്തിൽ ഉപയോഗിക്കുന്നതിന്റെ മൂന്നു മടങ്ങു വരെ അധികമാണ് വധശിക്ഷയ്ക്കുപയോഗിക്കുന്ന ഡോസ്. പാൻകുറോണിയം ബ്രോമൈഡ് (പാവുലോൺ)
ക്യുരാരെ എന്ന വിഷത്തെപ്പോലെ തന്നെയാണ് പാൻകുറോണിയം ബ്രോമൈഡും പ്രവർത്തിക്കുന്നത്. നാഡികൾ പേശികളുമായി ബന്ധപ്പെടുന്ന സന്ധിയിലൂടെ (neuromuscular junction) സിഗ്നലുകൾ പ്രവഹിക്കാതാക്കുകയാണ് (അസറ്റൈൽ കോളിൻ എന്ന ജൈവരാസവസ്തു പേശികളിൽ സംയോജിക്കുന്നത് പാൻകുറോണിയം തടയും) ഈ മരുന്ന് ചെയ്യുന്നത്. തന്മൂലം പേശികൾ നാഡീ നിയന്ത്രണത്തിൽ നിന്നും മുക്തമായി തളർന്നുപോകും. വധശിക്ഷയ്ക്ക് കൊടുക്കുന്ന ഡോസിൽ 4 മുതൽ 8 മണിക്കൂർ വരെ പേശികൾ തളർന്നു പോകും. ഇതിനേക്കാൾ വളരെക്കുറച്ച് സമയം മതിയാകും ശ്വാസോച്ഛ്വാസം നിലച്ച് ഒരു മനുഷ്യൻ മരിച്ചു പോകാൻ. ട്യൂബോക്യുരാരിൻ ക്ലോറൈഡ്, സക്സാമെത്തോണിയം ക്ലോറൈഡ് എന്നീ മരുന്നുകളും വധശിക്ഷയ്ക്കായി ഉപയോഗിക്കാറുണ്ട്. പൊട്ടാസ്യം ക്ലോറൈഡ്
ശരീരത്തിൽ സാധാരണ കാണപ്പെടുന്ന ഒരു ഇലക്ട്രോലൈറ്റാണ് പൊട്ടാസ്യം. ഇതിന്റെ 98% കോശങ്ങൾക്കുള്ളിലാണ് പുറത്തുകാണപ്പെടുന്ന 2% വൈദ്യുത സിഗ്നലുകൾ ഉത്പാദിപ്പിക്കുന്ന തരം കോശങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്. പൊട്ടാസ്യം ശരീരത്തിൽ കുറയുന്ന അവസ്ഥയിൽ (ഹൈപോകലീമിയ) ചികിത്സയ്ക്കായി പൊട്ടാസ്യം നൽകാറുണ്ട്. സാധാരണ ചികിത്സയുടെ ഭാഗമായി സിരകളിലൂടെ നൽകുന്ന ഡോസ് 10-20 mEq ആണ്. ഇത് വളരെ സാവധാനമേ സുരക്ഷിതമായി നൽകാൻ സാധിക്കൂ. വിഷം കുത്തിവയ്ച്ച് വധശിക്ഷ നടപ്പാക്കുമ്പോൾ നൽകുന്ന വലിയ മാത്ര പൊട്ടാസ്യം ഹൃദയത്തിലെ വൈദ്യുത സിഗ്നലുകളെ താറുമാറാക്കും. പൊട്ടാസ്യം കൂടുന്ന അവസ്ഥയിൽ (ഹൈപർകലീമിയ) ഹൃദയം സങ്കോചിക്കാനുള്ള സിഗ്നൽ ഉണ്ടാക്കാൻ ഹൃദയകോശങ്ങൾക്ക് സാധിക്കില്ല. വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കുന്നതിന്റെ പുതിയ നടപടിക്രമങ്ങൾറോമൽ ബ്രൂം എന്നയാളുടെ വധശിക്ഷ അപൂർണ്ണമായതിൽ പിന്നെയാണ് ഒഹായോ പ്രോട്ടോക്കോൾ ഉണ്ടാക്കപ്പെട്ടത്. ഈ പ്രോട്ടോക്കോൾ പ്രകാരം തയോപെന്റാൽ സോഡിയം മാത്രമാണ് വധശിക്ഷയ്ക്കായി ഉപയോഗിക്കുക. പാവുലോൺ, പൊട്ടാസ്യം ക്ലോറെഡ് എന്നീ മരുന്നുകൾ ഒഴിവാക്കപ്പെട്ടു. സിരയിലേയ്ക്ക് തയോപെന്റാൽ കുത്തിവയ്ക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടാൽ മിഡാസോളാം, ഹൈഡ്രോമോർഫോൺ എന്നീ മരുന്നുകൾ പേശികളിലേയ്ക്ക് നേരിട്ട് കുത്തിവയ്ക്കുകയും ചെയ്യും. [17] പ്രാധമിക മരുന്ന്: സോഡിയം തയോപെന്റാൽ, 5 ഗ്രാം, സിരയിലേയ്ക്ക് കുത്തിവയ്ക്കുന്നത് ദ്വിതീയ മരുന്നുകൾ: മിഡാസോളാം, 10 മില്ലിഗ്രാം, ഹൈഡ്രോമോർഫോൺ, 40 മില്ലിഗ്രാം എന്നിവ പേശിയിലേയ്ക്ക് കുത്തിവയ്ക്കുന്നത്. ഡോക്ടർമാരാരും പുതിയൊരു പ്രോട്ടോക്കോൾ നിർമ്മിക്കാൻ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ കാരണം സഹായിക്കുന്നില്ലെന്നും അഥവാ ആരെങ്കിലും സഹായിച്ചാൽ അവരെ വൈദ്യശാസ്ത്ര സമൂഹം പുറത്താക്കാനോ ഒറ്റപ്പെടുത്താനോ സാദ്ധ്യതയുണ്ടെന്നും ഒഹായോ സംസ്ഥാനം കോടതികൾക്കു നൽകിയ കുറിപ്പ് സൂചിപ്പിക്കുന്നു. [17] 2009 ഡിസംബർ 8-ന് ശിക്ഷിക്കപ്പെട്ട കെന്നത്ത് ബിറോസ് എന്നയാളാണ് ഒറ്റമരുന്ന് പ്രോട്ടോക്കോൾ പ്രകാരം വധിക്കപ്പെട്ട ആദ്യത്തെയാൾ. മരുന്ന് നൽകിൽ പത്ത് മിനിട്ടിനു ശേഷം അയാൾ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. 2010 സെപ്റ്റംബർ 10-ന് കാൾ കോബൺ ബ്രൗൺ എന്നയാൾ വധിക്കപ്പെട്ടതോടു കൂടി വാഷിംഗ്ടൺ ഈ രീതി ഉപയോഗിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി. [18] Currently, Ohio and Washington are the only states that use the single drug method. സോഡിയം തയോപെന്റാൽ വധശിക്ഷയ്ക്ക് ഉപയോഗിക്കാൻ തുടങ്ങിയതോടെ ഈ മരുന്ന് നിർമിച്ചിരുന്ന ഹോസ്പിര എന്ന ഏക അമേരിക്കൻ കമ്പനി ഉത്പാദനം നിറുത്തി. [19] ഇതെത്തുടർന്ന് രാജ്യത്ത് മരുന്നിനുണ്ടായ ക്ഷാമം കാരണം സംസ്ഥാനങ്ങൾ പെന്റോബാർബിറ്റോൾ പോലെയുള്ള മറ്റു മരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങി. [20] 2010 ഡിസംബർ 16-ന് പെന്റോബാർബിറ്റോൾ മറ്റു രണ്ട് മരുന്നുകൾക്കൊപ്പം ആദ്യമായി ജോൺ ഡേവിഡ് ഡ്യൂട്ടി എന്നയാളുടെ വധശിക്ഷയ്ക്കായി ഒക്ലഹോമയിൽ ഉപയോഗിച്ചു. [21] ഒറ്റ മരുന്നുപയോഗിച്ചുള്ള ആദ്യ വധശിക്ഷയ്ക്ക് പെന്റോബാർബിറ്റോൾ ആദ്യമായി ഉപയോഗിച്ചത് 2011 മാർച്ച് 10-ന് ജോണി ബാസ്റ്റൺ എന്നയാളുടെ വധശിക്ഷയ്ക്കായി ഒഹായോ സംസ്ഥാനത്താണ്. [22] ദയാവധത്തിന്റെ നടപടിക്രമംഉള്ളിൽ കഴിക്കുന്ന മരുന്നുകളിലൂടെയോ; സിരകളിലേക്കോ പേശികളിലേക്കോ കുത്തിവയ്ക്കുന്ന മരുന്നുകളിലൂടെയോ ദയാവധം ചെയ്യാൻ സാദ്ധ്യമാണ്. മരുന്നു വിഴുങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് സിരയിലൂടെയാണ് മരുന്നു നൽകുക. ഹോളണ്ടിലെ പഴയ പ്രോട്ടോക്കോളും പുതിയ പ്രോട്ടോക്കോളും താഴെക്കൊടുത്തിരിക്കുന്നു. പഴയ പ്രോട്ടോക്കോൾ: സിരയിലൂടെ ഒരു ഗ്രാം തയോപെന്റാൽ കുത്തിവച്ച് അബോധാവസ്ഥയിൽ എത്തിക്കുക. ബാർബിച്യുറേറ്റ് മരുന്നുകൾ മതിയായി പ്രവർത്തിക്കാത്ത അവസ്ഥയാണെങ്കിൽ 1.5 മുതൽ 2 ഗ്രാം വരെ തയോപെന്റാൽ നൽകാം. ഇതിനുശേഷം 45 മില്ലിഗ്രാം ആൽകുറോണിയം ക്ലോറൈഡ് അല്ലെങ്കിൽ 18 മില്ലിഗ്രാം പാൻകുറോണിയം ബ്രോമൈഡ് സിരയിലൂടെ കുത്തിവയ്ക്കണം. സിരയിലൂടെ കുത്തിവയ്ക്കുന്നതാണ് മരുന്നുകളുടെ പ്രവർത്തനത്തിന് നല്ലതെങ്കിലും പേശികളിലേക്കും കുത്തിവയ്ക്കാമെന്ന് സൂചനകളുണ്. കരൾ വീക്കമോ സിറോസിസോ ഉള്ളപ്പോൾ ആൽകുറോണിയമാണ് പ്രാധമിക മരുന്ന്. [23] പുതിയ പ്രോട്ടോക്കോൾ: സിരയിലേയ്ക്കുള്ള കുത്തിവയ്പ്പാണ് ഈ പ്രോട്ടോക്കോൾ പ്രകാരം നല്ലത്. തയോപെന്റാൽ സോഡിയം ഒരു കിലോഗ്രാം ശരീരഭാരത്തിന് 20 മില്ലിഗ്രാം വീതം 10 മില്ലിലീറ്റർ സലൈനിൽ ലയിപ്പിച്ചത്. 20 മില്ലിഗ്രാം പാൻകുറോണിയം ബ്രോമൈഡ് അല്ലെങ്കിൽ 20 മില്ലിഗ്രാം വെകുറോണിയം ബ്രോമൈഡ് (സിരയിലൂടെ നൽകുന്നതാണ് മെച്ചം). പാൻകുറോണിയം ഡൈബ്രോമൈഡ് ആണെങ്കിൽ 40മില്ലിഗ്രാം ഡോസിൽ പേശിയിലേയ്ക്ക് കുത്തിവയ്ക്കാം.[23] ദയാവധ യന്ത്രം ഈ പ്രക്രീയ മുഴുവൻ യാന്ത്രികമായി ചെയ്യും അമേരിക്കൻ ഐക്യനാടുകളിലെ ഭരണഘടനാ സാധുതമരണശിക്ഷ കാത്തു കഴിയുന്നവർക്ക് വേണമെങ്കിൽ വിഷം കുത്തിവച്ച് കൊല്ലുന്നതിന്റെ ഭരണഘടനാ സാധുത പൗരാവകാശക്കേസിലൂടെ ചോദ്യം ചെയ്യാമെന്ന് 2006-ൽ ഹിൽ v. മക്ഡൊഡോ കേസിൽ അമേരിക്കൻ സുപ്രീം കോടതിയുടെ വിധി വന്നു. അതിനു ശേഷം ധാരാളം പേർ വിഷം കുത്തിവയ്ക്കൽ ക്രൂരവും അസാധാരണവുമായ ശിക്ഷയാണെന്നും അത്തരം ശിക്ഷകൾക്ക് ഭരണഘടനയുടെ എട്ടാം ഭേദഗതിയിൽ കൊണ്ടുവന്ന നിരോധനത്തിനെതിരാണെന്നും വാദിച്ച് കീഴ്ക്കോടതികളിൽ കേസുകൾ കൊടുത്തിട്ടുണ്ട്. [24] കീഴ്ക്കോടതികൾ ഇക്കാര്യത്തിൽ വിപരീത വിധികൾ പുടപ്പെടുവിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കാലിഫോർണിയയിലും, [25] ഫ്ലോറിഡയിലും,[26] ടെന്നസീയിലും[27] നടന്നു വരുന്ന വിഷം കുത്തിവച്ചുള്ള വധശിക്ഷ ഭരണഘടനാവിരുദ്ധമാണെന്നും; മിസ്സോറിയിലും,[28] അരിസോണയിലും,[29] ഒക്ലഹോമയിലും [30] നടന്നുവരുന്ന വധശിക്ഷ ഭരണഘടനാനുസൃതമാണെന്നും വിധിയുണ്ടായിട്ടുണ്ട്. 2007 സെപ്റ്റംബർ 25-ന് അമേരിക്കൻ സുപ്രീം കോടതി കെന്റക്കിയിൽ നിന്നുള്ള ഒരു കേസ് (ബ്ലേസ് v. റീസ്) വാദം കേൾക്കാനായെടുത്തു. [31] ഈ കേസിൽ സുപ്രീം കോടതി എട്ടാം ഭരണഘടനാ ഭേദഗതിക്കനുസൃതമാണോ കെന്റക്കിയിലെ വധശിക്ഷാ രീതിയെന്ന് പരിശോധിച്ചു. ഇത്തരം കേസുകൾ കേൾക്കുമ്പോൾ കീഴ്ക്കോടതികൾ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ ഏതൊക്കെയെന്നു കോടതി നിർദ്ദേശിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. [32] കോടതി കേസ് പരിഗണിക്കുന്ന സമയത്ത് വധശിക്ഷകൾ നിറുത്തിവയ്ക്കുമെന്ന് ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ,[33] വിധി വരുന്നതു വരെ അമേരിക്കൻ ഐക്യനാടുകളിൽ വധശിക്ഷയൊന്നും നടന്നില്ല. കോടതി കേസ് പരിഗണനയ്ക്കെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ടെക്സാസിൽ നടന്ന ഒരു വധശിക്ഷ മാത്രമേ ഇതിനൊരപവാദമായുള്ളൂ. [34] 2008 ഏപ്രിൽ 16-ന് സുപ്രീം കോടതി ബ്ലേസ് v. റീസ് കേസ് തള്ളിക്കളഞ്ഞുകൊണ്ട് വിധി പ്രഖ്യാപിച്ചു. കെന്റക്കിയിലെ ശിക്ഷാരീതിക്ക് ഭരണഘടനാസാധുതയുണ്ട് എന്നുള്ള ഈ വിധിക്ക് 7-2 ഭൂരിപക്ഷമുണ്ടായിരുന്നു. [35] റൂത്ത് ബാഡർ ജിൻസ്ബർഗ്, ഡേവിഡ് സൗട്ടർ എന്നീ ന്യായാധിപർ എതിരഭിപ്രായം പ്രകടിപ്പിച്ചു. [36] വിധിയെത്തുടർന്ന് ധാരാളം സംസ്ഥാനങ്ങൾ വധശിക്ഷ തുടരും എന്ന് തീരുമാനിച്ചു. വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കുന്നതിന്റെ നൈതികതഇന്ത്യയിൽ വധശിക്ഷാനടപടിയിൽ ഡോക്ടർമാർക്കുള്ള പങ്ക് വിമർശിക്കപ്പെട്ടിട്ടുണ്ട്.[37] അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ അഭിപ്രായത്തിൽ വധശിക്ഷയെപ്പറ്റി ഒരു ഡോക്ടർക്കുണ്ടാകാവുന്ന അഭിപ്രായം സ്വകാര്യമാണ്. ജീവൻ രക്ഷിക്കുക എന്ന തത്ത്വത്തിൽ അധിഷ്ഠിതമായ സംഘടനയായതു കൊണ്ട് ഡോക്ടർമാർ വധശിക്ഷയിൽ പങ്കെടുക്കരുതെന്നും ശിക്ഷിക്കപ്പെട്ടയാളുടെ മരണം മറ്റൊരാൾ അറിയിച്ചശേഷം മരണസർട്ടിഫിക്കറ്റ് നൽകാൻ മാത്രമേ ഡോക്ടർ അതിൽ ഇടപെടാവൂ എന്നുമാണ് സംഘടനയുടെ നിലപാട്. [1][പ്രവർത്തിക്കാത്ത കണ്ണി]. ആമ്നസ്റ്റി ഇന്റർനാഷണൽ എന്ന സംഘടനയുടെ നിലപാടും ഇതു തന്നെ."[38] അമേരിക്കൻ മെഡിക്കൽ അസോസിയേഷന് വധശിക്ഷയിൽ പങ്കെടുക്കുന്ന ഡോക്ടർമാരെ ശിക്ഷിക്കാൻ അധികാരമില്ല. ഡെലാവേറിലെ നിയമപ്രകാരം വധശിക്ഷ ചികിത്സയല്ലാത്തതുകൊണ്ട് ഫാർമസിസ്റ്റുകളോ വിതരണക്കാരോ വധശിക്ഷയ്ക്കായുള്ള മരുന്നുകൾ ശിക്ഷ നടപ്പാക്കുന്നതിനുവേണ്ടി വിൽക്കാൻ പാടില്ല. വിവാദങ്ങൾഎതിർപ്പ്അറിവ്അമേരിക്കൻ ഐക്യനാടുകളിൽ നടന്നു വരുന്ന വിഷം കുത്തിവച്ചുള്ള വധശിക്ഷാരീതി പൊതുവിലുള്ള വിശ്വാസിക്കപ്പെടുന്ന പോലെ വേദനാവിമുക്തമല്ലെന്നാണ് വധശിക്ഷയെ എതിർക്കുന്നവർ വാദിക്കുന്നത്. തയോപെന്റാൽ എന്ന ബോധക്കേടുണ്ടാക്കുന്ന മരുന്നിന്റെ പ്രവർത്തനം പെട്ടെന്നു തന്നെ കുറഞ്ഞുപോയാൽ വേദനയും ദുരിതവുമനുഭവിച്ചായിരിക്കും മരണം എന്ന് അവർ വാദിക്കുന്നു. [39] ശസ്ത്രക്രിയയ്ക്കു വേണ്ടി അനസ്തീഷ്യ കൊടുക്കുമ്പോൾ തയോപെന്റാൽ ബോധക്കേട് തുടങ്ങിക്കിട്ടാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുക എന്നും ബോധക്കേട് തുടരാൻ മറ്റു മരുന്നുകൾ കൊടുക്കേണ്ടി വരുന്നുണ്ട് എന്നുമുള്ള കാര്യം വധശിക്ഷയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടാറുണ്ട്. രണ്ടാമതു കൊടുക്കുന്ന പാൻകുറോണിയം ബ്രോമൈഡ് തയോപെന്റാലിന്റെ സാന്ദ്രത കുറയ്ക്കുമെന്നും അഥവാ അബോധാവസ്ഥയിൽ നിന്ന് ആൾ ഉണർന്നാൽ പേശികൾ തളർന്നിരിക്കുന്നതു കാരണം വേദനയോ അസ്വസ്ഥതയോ ആരെയും അറിയിക്കാൻ കഴിയാതെ വരും എന്നും വാദമുണ്ട്. തയോപെന്റാലിന്റെ മാത്ര മതിയായതാണോ എന്നും സംശയമുണ്ട്. [39] മരുന്ന് കൊടുക്കുന്നവർക്ക് അനസ്തേഷ്യ കൊടുത്ത് പരിചയമില്ലാത്തതു കാരണം അബോധാവസ്ഥയിലെത്താതിരിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും വാദമുണ്ട്. ഈ പദ്ധതി ആവിഷ്കരിച്ച ജേയ് ചാപ്മാൻ എന്ന ഡോക്ടറും തീരെ വിവരമില്ലാത്തവരായിരിക്കും കുത്തിവയ്പ്പ് നടത്തുക എന്ന് മുൻകൂട്ടികാണാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്ന് സമ്മതിച്ചിട്ടുണ്ട്. [40] ദൂരെനിന്ന് കുത്തിവയ്ക്കുന്നതിനാൽ വളരെച്ചെറിയ ഡോസ് മാത്രമേ സിരകളിൽ എത്താൻ സാദ്ധ്യതയുള്ളൂ എന്ന പ്രശ്നവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. [39] ശിക്ഷ വിധിക്കപ്പെട്ടയാൾ ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ തളർച്ചയുണ്ടാക്കുന്ന മരുന്ന് കൊടുക്കുന്നതിന്റെ ആവശ്യകതയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. [39] ഗവേഷണം2005-ൽ മിയാമി സർവകലാശാലയിലെ ഗവേഷകർ മരണശിക്ഷ കാത്തുകഴിയുന്നവരുടെ ഒരു അഭിഭാഷകനുമായിച്ചേർന്ന് ഒരു ഗവേഷണ ഫലം ദി ലാൻസെറ്റ് എന്ന ജേർണലിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ടെക്സാസിൽ നിന്നും വിർജീനിയയിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് ആരാച്ചരായി ജോലി ചെയ്യുന്നവർക്ക് അനസ്തേഷ്യയിൽ ഒരു വിധ ജോലിപരിചയവുമില്ല എന്ന് ഗവേഷണം തെളിയിക്കുന്നു. ബോധം നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കാതെ മരുന്നുകൾ ദൂരെനിന്ന് നൽകുക മാത്രമാണ് ചെയ്യുന്നത്. അരിസോണ, ജോർജിയ, ഉത്തര കരോലീന, ദക്ഷിണ കരോലീന എന്നീ സംസ്ഥനങ്ങളിൽ വധിക്കപ്പെട്ട49 പ്രതികളുടെ രക്തം പരിശോധിച്ചതിൽ 43 പേരുടെ രക്തത്തിലും (88%) ശസ്ത്രക്രീയയ്ക്കാവശ്യമായ അളവ് തയോപെന്റാൽ സോഡിയം ഉണ്ടായിരുന്നില്ലത്രേ. 21 പേരുടെ രക്തത്തിൽ (43%) ബോധാവസ്ഥയിലായിരുന്നു അവരെന്ന് പറയാവുന്ന അളവ് തയോപെന്റാലേ ഉണ്ടായിരുന്നുള്ളൂ. [2] Archived 2006-10-30 at the Wayback Machine ഗവേഷകർ ഇതിൽ നിന്ന് മനസ്സിലാക്കിയത് ചില പ്രതികളെങ്കിലും വധശിക്ഷ നടക്കുന്ന സമയത്ത് വേദനയും ദുരിതവും അനുഭവിക്കത്തക്കവിധമുള്ള ബോധാവസ്ഥയിലായിരുന്നിരിക്കാൻ നല്ല സാദ്ധ്യതയുണ്ട് എന്നാണ്. ആരാച്ചാരായി ജോലി ചെയ്യുന്നവർക്ക് ആവശ്യമായ പരിശീലനം കിട്ടാത്തതും ശിക്ഷാസമയത്ത് ആവശ്യത്തിനുള്ള മേൽനോട്ടം നടക്കാത്തതുമാണ് ഇതിനു കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ശിക്ഷാനടപടി എങ്ങനെ മെച്ചപ്പെടുത്താം എന്ന് അവർ ഒരു നിർദ്ദേശവും നൽകുന്നില്ല. വധശിക്ഷാ പ്രോട്ടോക്കോളുകളുടെ രൂപകല്പനയിൽ ഡോക്ടർമാർ പങ്കെടുക്കുന്നത് നൈതികനിയമങ്ങളാൽ നിരോധിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ശരിയായ അബോധാവസ്ഥയുണ്ടായോ എന്ന് ഒരിക്കലും ഉറപ്പുവരുത്താൻ സാധിക്കില്ല എന്നും അതിനാൽ ക്രൂരതയും പീഠനവും തടയാൻ വധശിഷ നിർത്തലാക്കുകയും പൊതുജനസമക്ഷം ഒരു പുനരവലോകനം നടത്തുകയും ചെയ്യേണ്ടതാവശ്യമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഈ ഗവേഷണത്തിനെ വിദഗ്ദ്ധർ അനുകൂലിക്കുകയും എതിർക്കുകയും ചെയ്യുന്നുണ്ട് . മരണശേഷം തയോപെന്റാലിന്റെ പുനർ വിതരണം രക്തത്തിൽ നിന്ന് കലകളിലേയ്ക്ക് നടന്ന് രക്തത്തിലെ മരുന്നിന്റെ സാന്ദ്രത കുറയുമെന്നും നേരേ മറിച്ചാണ് സംഭവിക്കുന്നതെന്നും വാദിക്കുന്നവരുണ്ട്. മരണശേഷം തയോപെന്റാലിന് എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ലാത്തതിനാൽ വിവാദം തുടർന്നുപോകുന്നു. 2007-ൽ കഴിഞ്ഞ ഗവേഷണം നടത്തിയ അതേ വിദഗ്ദ്ധർ തയോപെന്റാലിന്റെ ശരീരത്തിലെ പ്രവർത്തനത്തെക്കുറിച്ച് (pharmacology) പുതിയൊരു പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. [3] Archived 2007-11-11 at the Wayback Machine ഈ റിപ്പോർട്ട് വിഷം കുത്തിവയ്ച്ചുള്ള വധശിക്ഷ വേദനാരഹിതമാണെന്ന വാദത്തെ എതിർത്തുകൊണ്ടുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നു. ഇതുവരെ ഈ രണ്ട് ഗവേഷണങ്ങൾ മാത്രമാണ് ഇത്തരത്തിൽ (വിദദ്ധരാൽ മേൽ നോട്ടം ചെയ്യപ്പെട്ട്) നടന്നിട്ടുള്ളത്. ഒറ്റ മരുന്നുപയോഗിക്കൽവധശിക്ഷ വേദനയില്ലാതെയും ബോധം തിരിച്ചുകിട്ടാനുള്ള സാദ്ധ്യതയില്ലാതെയും ഒറ്റ ബാർബിച്യുറേറ്റ് മരുന്നുകൊണ്ട് സാദ്ധ്യമാകുമത്രേ. [41] ഈ വാദമനുസരിച്ച് മറ്റു മരുന്നുകളുടെ ഉപയോഗം അനാവശ്യവും വേദനയുണ്ടാക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതുമാണ്. ഫെന്റാനൈൽ പോലെ പെട്ടെന്ന് പ്രവർത്തിക്കുന്ന് ഒരു നാർക്കോട്ടിക് മരുന്നുപയോഗിച്ചും ശിക്ഷ നടപ്പിലാക്കമെന്ന് വാദമുണ്ട്, പെന്റൊബാർബിറ്റൊൺ എന്ന മരുന്ന് മൃഗങ്ങളുടെ ദയാവധത്തിനായി ഉപയോഗിക്കുമ്പോൾ വളരെ വേഗം അബോധാവസ്ഥയുണ്ടാക്കും. ശ്വാസോച്ഛ്വാസവും, ഹൃദയമിടിപ്പും നിലയ്ക്കലും മരണവും പെട്ടെന്നുതന്നെ സംഭവിക്കും. ക്രൂരവും അസാധാരണവുംചില അവസരങ്ങളിൽ കാനുല കടത്താൻ സിരകൾ കണ്ടെത്താൻ പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ട്, ചിലപ്പോൾ ഇതിന് അര മണിക്കൂറിൽ കൂടുതൽ സമയമെടുത്തിട്ടുണ്ട്. [42] മയക്കു മരുന്ന് കുത്തിവയ്ക്കുന്നവരിൽ സിരകളിൽ ഫൈബ്രോസിസ് ഉണ്ടാകുന്നതു കാരണം ഇങ്ങനെ പ്രയാസമുണ്ടാകാൻ സാദ്ധ്യതയുണ്ട്. വധശിക്ഷയെ എതിർക്കുന്നവരുടെ വാദത്തിൽ സൂചി കടത്താൻ അധികസമയമെടുക്കുന്നത് ക്രൂരവും അസാധാരണവുമായ ശിക്ഷയാണ്. സൂചിയിൽ തടസ്സമുണ്ടാകുകയോ മരുന്നുകളോട് റിയാക്ഷൻ ഉണ്ടാകുകയോ ചെയ്യുന്നത് കൂടുതൽ താമസമുണ്ടാക്കുമെന്നു, വധശിക്ഷയെ എതിർക്കുന്നവർ വാദിക്കുന്നു. 2006 ഡിസംബർ 13-ന് ഫ്ലോറിഡയിൽ കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏഞ്ചൽ നിവേസ് ഡയസ് എന്ന 55 കാരന്റെ വധശിക്ഷ സാധാരണ മാത്രയിൽ മരുന്നുകൾ നൽകി നടപ്പാക്കാൻ സാധിച്ചില്ല. സാധാരണ മാത്രയിൽ മരുന്നുകൾ നൽകി 35 മിനിട്ട് കഴിഞ്ഞിട്ടും ഡയസ് മരിച്ചില്ല. ഇതുകാരണം രണ്ടാമതൊരു പ്രാവശ്യം കൂടി മരുന്നുകൾ നൽകേണ്ടി വന്നു. ഡയസ് വേദനയനുഭവിച്ചു എന്ന ആരോപണം ജയിൽ വക്താവ് ആദ്യം നിഷേധിച്ചു. അദ്ദേഹത്തിന്റെ വാദം രണ്ടാമത് മരുന്നുകൾ നൽകേണ്ടി വന്നത് ഡയസിന് കരളിനെ ബാധിക്കുന്ന അസുഖമുള്ളതുകൊണ്ടാണ് എന്നാണ്. [43] പോസ്റ്റ് മോർട്ടം പരിശോധനയ്ക്ക് ശേഷം മെഡിക്കൽ എക്സാമിനറായ ഡോ. വില്യം ഹാമിൽട്ടൺ ഡയസിന്റെ കരൾ സാധാരണ നിലയിലായിരുന്നുവെന്നും സിരയിൽ കുത്തിവച്ച സൂചി പേശിയിലേയ്ക്കായിരുന്നു പ്രവേശിച്ചതെന്നും അറിയിച്ചു. മാരകമായ മരുന്നുകൾ സിരയിലൂടെ രക്തത്തിലേയ്ക്ക് കുത്തിവയ്ക്കുന്നതിനു പകരം ശരീരകലകളിലേയ്ക്കാണ് കടന്നത്.[44] ശിക്ഷ നടന്ന് രണ്ട് ദിവസങ്ങൾക്കു ശേഷം അപ്പോൾ ഫ്ലോറിഡയിലെ ഗവർണറായിരുന്ന ജെബ് ബുഷ് എല്ലാ വധശിക്ഷകളും നിറുത്തിവയ്ക്കുകയും വധശിക്ഷയുടെ ഭരണഘടനാ സാധുതയും മനുഷ്യത്വവും പരിശോധിക്കാൻ ഒരു അന്വേഷണക്കമ്മീഷനെ നിയമിക്കുകയും ചെയ്തു. ”[45] പിന്നീട് ഗവർണർ ചാർലി ക്രിസ്റ്റ് 2007 ജൂലൈ 18-ന് മാർക്ക് ഡീൻ ഷ്വാബ് എന്നയാളുടെ വധശിക്ഷയ്ക്കുത്തരവിട്ടുകൊണ്ട് നിരോധനം പിൻവലിച്ചു. [46] 2007 നവംബർ 1-ന് ഫ്ലോറിഡയിലെ സുപ്രീം കോടതി സംസ്ഥാനത്തെ വധശിക്ഷാരീതിയുടെ സാധുത ഐകകണ്ഠ്യേന നിലനിറുത്തി. [47] 2009 സെപ്റ്റംബർ 15-ന് ഒഹായോയിൽ റോമൽ ബ്രൂം എന്നയാളുടെ വധശിക്ഷ രണ്ടു മണിക്കൂർ ശ്രമിച്ച ശേഷവും അയാളുടെ കൈകളിലും കാലുകളിലും സൂചി കടത്താൻ സിര കണ്ടെത്താൻ സാധിക്കാത്തതുകൊണ്ട് മാറ്റിവയ്ക്കേണ്ടിവന്നു. ഈ സംഭവം അമേരിക്കൻ ഐക്യനാടുകളിൽ വധശിക്ഷയെക്കുറിച്ച് ധാരാളം ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. [48] പിന്തുണസാധാരണത്വംഇപ്രകാരമുള്ള വധശിക്ഷയെ അനുകൂലിക്കുന്നവർ ബാർബിച്യുറേറ്റ് മരുന്നും പേശികളെ തളർത്തുന്ന മരുന്നും ഓരോ ദിവസവും ആയിരക്കണക്കിന് ശസ്ത്രക്രീയകളിൽ ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്നു. ഹൃദയശസ്ത്രക്രീയകളിൽ ഹൃദയമിടിപ്പ് നിലയ്ക്കാൻ വേണ്ടി പൊട്ടാസ്യവും നൽകാറുണ്ട്. അതായത് ഈ മൂന്ന് മരുന്നും ഒരു ശസ്ത്രക്രീയയിൽ തന്നെ ഉപയോഗിക്കപ്പെടുന്നുണ്ട്. മരുന്നുകളുടെ പ്രവർത്തനക്ഷമതയെപ്പറ്റി അതിനാൽ വിവാദമുണ്ടാകേണ്ടതില്ല എന്നതാണ് അനുകൂലികളുടെ അഭിപ്രായം. ഇത് കൂടാതെ ഡോക്ടറുടെ സഹായത്തോടെ നടക്കുന്ന ആത്മഹത്യയിലും ദയാവധത്തിലും ഇതേ മരുന്നുകൾ ഉപയോഗിക്കപ്പെടുന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. [4] Archived 2011-01-06 at the Wayback Machine അൻസ്തീഷ്യയിലും ബോധമുണ്ടാവുകതയോപെന്റാലിനോളം വേഗത്തിൽ അബോധാവസ്ഥയുണ്ടാക്കാൻ കഴിവുള്ള ചുരുക്കും ചില മരുന്നുകളേയുള്ളൂ (ഉദാഹരണത്തിന് മീതോഹെക്സിറ്റോൾ, എറ്റോമിഡേറ്റ്, പ്രൊപ്പോഫോൾ എന്നിവ). ഫെന്റാനൈൽ പോലുള്ള നാർകോട്ടിക് വിഭാഗത്തിൽ പെട്ട മരുന്നുകൾഅനസ്തീഷ്യ തുടങ്ങിവയ്ക്കാൻ അപര്യാപ്തമാണ്. വിഷം കുത്തിവച്ചുള്ള വധശിക്ഷയെ പിന്തുണായ്ക്കുന്നവരുടെ അഭിപ്രായത്തിൽ ശിക്ഷയ്ക്കായി ഉപയോഗിക്കുന്ന മാത്രയിലുള്ള തയോപെന്റാൽ നൽകപ്പെട്ടയാളിന് ബോധമുണ്ടാവുക എന്നത് അസാദ്ധ്യമായിരിക്കും. ജനറൽ അനസ്തീഷ്യയിൽ നൽകുന്ന മരുന്നുകളുടെ രക്തത്തിലെഅളവ് അപര്യാപ്തമാകുമ്പോഴാണ് അനസ്തീഷ്യയിലും ബോധമുണ്ടാകുന്നത്. അനസ്തേഷ്യയിലെ അബോധാവസ്ത തുടരാൻ നൽകുന്നത് ബാർബിച്യുറേറ്റ് മരുന്നുകളല്ല. അനസ്തീഷ്യ തുടങ്ങാനായി കൊടുക്കുന്ന ഡോസ് തയോപെന്റാലിന്റെ പ്രവർത്തനം മിനിട്ടുകൾക്കുള്ളിൽ ഇല്ലാതാകും. മരുന്ന് തലച്ചോറിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വേഗം പുനർ വിതരണം ചെയ്യപ്പെടുന്നതുകൊണ്ടാണിത്. പക്ഷേ മരുന്നിനെ പൂർണ്ണമായും പുറന്തള്ളാൻ ശരീരത്തിന് വളരെയധികം സമയമെടുക്കും. വധശിക്ഷയിലേതു പോലുള്ള വലിയ ഡോസ് കൊടുത്താൽ നടക്കുന്ന പുനർ വിതരണത്തിന്റെ തോത് വളരെക്കുറവായിരിക്കും. തന്മൂലം ബോധം തിരിച്ചുകിട്ടുന്നത് മരുന്നിന്റെ നല്ലൊരു ഭാഗം ശരീരത്തിൽ നിന്ന് പുറന്തള്ളിയതിന് ശേഷമായിരിക്കും. ഈ പ്രതിഭാസം ബാർബിച്യുറേറ്റ് മരുന്നുകൾ അനസ്തേഷ്യ തുടരാനായി നൽകാതിരിക്കാനുള്ള ഒരു കാരണമാണ്. ശ്വസിക്കുന്ന വാതകരൂപത്തിലുള്ള മരുന്നുകളാണ്ട് സാധാരണ അനസ്തീഷ്യ തുടരാനായി നൽകുന്നത്. വിഷം കുത്തിവയ്ച്ച് വധശിക്ഷ നടപ്പാക്കാനുള്ള പ്രക്രീയ തുടങ്ങിക്കഴിഞ്ഞാൽ മരണം 7 മുതൽ 11 മിനിട്ടിനുള്ളിൽ നടക്കുമത്രേ. [49] തയോപെന്റാൽ മൂലം ബോധം നഷ്ടപ്പെടാൻ 30 സെക്കന്റുകളും; പാൻകുറോണിയം മൂലം തളർച്ചയുണ്ടാകാൻ 30 മുതൽ 45 വരെ സെക്കന്റുകളും; പൊട്ടാസ്യം കാരണം ഹൃദയം നിലയ്ക്കാൻ 30 സെക്കന്റുകളും എടുക്കും. 90 സെക്കന്റിനുള്ളിൽ ഇതു കാരണം മരണമുണ്ടാകാമെങ്കിലും മരുന്നുകൾ ഒന്നിനു പിറകേ ഒന്നായി കൊടുക്കുന്നതിന്റെ താമസവും മരണം ഉറപ്പുവരുത്താൻ സമയമെടുക്കുന്നതും കാരണമാണ് പ്രക്രീയ നീളുന്നത്. മരുന്ന് കൊടുക്കാൻ തുടങ്ങി മരണം പ്രഖ്യാപിക്കുന്നതു വരെ 20 മിനിട്ടെടുക്കാൻ സാദ്ധ്യതയുണ്ട്. വധശിക്ഷയ്ക്കായി കൊടുക്കുന്ന ഡോസിൽ തയോപെന്റാൽ മരുന്നിന് 60 മണിക്കൂർ വരെ കോമ ഉണ്ടാക്കാൻ സാധിക്കുമെന്നിരിക്കെ ഈ 20 മിനിട്ടിനുള്ളിൽ മരുന്നിന്റെ പ്രവർത്തനം ഇല്ലാതാകില്ല എന്നാണ് വധശിക്ഷാനുകൂലികളുടെ വാദം. ഡൈല്യൂഷൻ എഫക്ട്പാൻകുറോണിയം തയോപെന്റാലിന്റെ സാന്ദ്രത കുറയ്ക്കുമെന്ന വാദം തെറ്റാണെന്നാണ് വധശിക്ഷാനുകൂലികളുടെ അഭിപ്രായം. ശസ്ത്രക്രീയയിൽ സാധാരണ ഒരുമിച്ച് കൊടുത്തിട്ടും ഇത്തരം പ്രതിഭാസം കണ്ടിട്ടില്ല എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മരുന്നുകൾ തമ്മിലുള്ള പ്രവർത്തനം ഒരു സങ്കീർണ വിഷയമാണ്. ഒരു മരുന്ന് മറ്റൊന്നിന്റെ പ്രവർത്തനം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഇത്തരം പരസ്പര സ്വാധീനം ശരീരത്തിൽ മരുന്നിന്റെ പ്രവർത്തനം നടക്കുന്ന സ്ഥലത്തുവച്ചോ മരുന്നിനെ ഉപാപചയ പ്രക്രീയയ്ക്ക് വിധേയമാക്കുന്ന ശരീരഭാഗത്തുവച്ചോ നടക്കാം. പാൻകുറോണിയവും തയോപെന്റാലും ശരീരത്തിന്റെ രണ്ട് ഭാഗങ്ങളിലാണ് (ഒന്ന് തലച്ചോറിലും രണ്ടാമത്തേത് നാഡികൾ പേശികളുമായി യോജിക്കുന്നിടത്തും) പ്രവർത്തിക്കുന്നത്. ഉപാപചയപ്രവർത്തനങ്ങൾ മൂലവും ഇത്തരം പരസ്പര സ്വാധീനമുണ്ടാക്കാനുള്ള സാധ്യതയില്ല. പരസ്പര സ്വാധീനമുണ്ടാകാനുള്ള മറ്റൊരേയോരു സാദ്ധ്യത നേരിട്ടുള്ള രാസപ്രവർത്തനമാണ്. ഇതിന് സാദ്ധ്യതയില്ലെന്ന് മരണശിക്ഷാനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. 100 mg പാൻകുറോണിയം 500 mg തയോപെന്റാലിനെ പ്രവർത്തനത്തിൽ നിന്ന് തടഞ്ഞാലും 50 മണിക്കൂർ അബോധാവസ്ഥയുണ്ടാക്കാനുള്ള അളവ് തയോപെന്റാൽ ബാക്കിയുണ്ടാവുമെന്നാണ് അവരുടെ കണക്ക്. ശസ്ത്രക്രീയയ്ക്കായുള്ള അനസ്തേഷ്യയിൽ ഇത്തരം പ്രതിപ്രവർത്തനം ഉണ്ടാകുന്നുമില്ല. ഒറ്റ മരുന്ന്ആമ്നസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച്, ഡെത്ത് പോളിസി ഇൻഫർമേഷൻ സെന്റർ തുടങ്ങിയ ഗ്രൂപ്പുകളൊന്നും വേദന കുറവായ മറ്റ് ശിക്ഷാ മാർഗ്ഗങ്ങളൊന്നും നിർദ്ദേശിച്ചിട്ടില്ല. വേദന കുറവാണെന്നുറപ്പുള്ള മറ്റ് പ്രോട്ടോക്കോളുകൾ നിർദ്ദേശിക്കപ്പെടാത്തതിന്റെ അർത്ഥം വേദനയുണ്ടാകുക എന്നത് നിലവിലുള്ള മാർഗ്ഗത്തിന്റെ ഒരു പോരായ്മയല്ല എന്നതാണെന്നാണ് ഈ മാർഗ്ഗത്തിൽ വധശിക്ഷ നടത്തുന്നതിനെ അനുകൂലിക്കുന്നവരുടെ വാദം . വധശിക്ഷയെ എതിർക്കുന്ന ചിലർ ഒരു ബാർബിച്യുറേറ്റ് മരുന്നിന്റെ വലിയ മാത്ര ഉപയോഗിച്ച് ശിക്ഷ നടപ്പാക്കിയാൽ വേദനയുണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്ന് വാദിക്കുന്നുണ്ട്. ഇത് തെറ്റായ വാദമാണെന്ന് മരണ ശിക്ഷാനുകൂലികൾ അഭിപ്രായപ്പെടുന്നു. ഓറിഗോണിൽ ഡോക്ടറുടെ സഹായത്തോടെ ആത്മഹത്യയ്ക്ക് ബാർബിച്യുറേറ്റ് മരുന്നു മാത്രമുപയോഗിച്ചവർ മരിക്കാൻ വളരെയധികം സമയമെടുത്തുവത്രേ. ചില രോഗികൾ മരിക്കാൻ ദിവസങ്ങളെടുത്തു. ചില രോഗികൾ മാരകമെന്ന് കരുതപ്പെട്ട ഡോസ് ബാർബിച്യുറേറ്റ് മരുന്നുകളെ അതിജീവിച്ച് ബോധം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. [50] ബാർബിച്യുറേറ്റ് മാത്രം കൊടുത്താൽ മരിക്കാനെടുക്കുന്ന സമയം 45 മിനിട്ട് വരെയാകാമെന്ന് കാലിഫോർണിയ സംസ്ഥാനം ഒരു കേസിൽ കോടതിയെ അറിയിച്ചിട്ടുണ്ട്. [51] ബാർബിച്യുറേറ്റ് മരുന്ന് അധികമായി നൽകുമ്പോൾ മസ്തിഷ്കത്തിലെ ശ്വസനകേന്ദ്രം പ്രവർത്തനരഹിതമാകുന്നതു കൊണ്ടാണ് മരണമുണ്ടാകുന്നത്. പക്ഷേ ഈ പ്രവർത്തനം എപ്പോഴും എല്ലാവരിലും ഒരേ രീതിയിലല്ല നടക്കുന്നത്. ശ്വാസം നിന്നതിനു ശേഷവും ഹൃദയമിടിപ്പ് തുടരുകയും ചെയ്യാം. ക്ലാരൻസ് റേ അലൻ എന്നയാളുടെ കേസിൽ ഹൃദയമിഡിപ്പ് നിലച്ചുകിട്ടാൻ പൊട്ടാസ്യം ക്ലോറൈഡിന്റെ രണ്ടാമത് ഡോസും നൽകേണ്ടിവന്നിട്ടുണ്ട്. മരണശിക്ഷയെ അനുകൂലിക്കുന്ന മിക്കവരുടെയും അഭിപ്രായത്തിൽ ന്യായമായ ഒരു സമയത്തിനുള്ളിൽ മരണം ഉണ്ടാകണം. ഇവയും കാണുകകുറിപ്പുകൾ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia