റിപ്പബ്ലിക് ഓഫ് ഐർലാന്റിൽവധശിക്ഷ നിർത്തലാക്കപ്പെട്ടിട്ടുണ്ട്. 1954-ലായിരുന്നു അവസാന വധശിക്ഷ നടപ്പിലായത്. മൈക്കൽ മാനിംഗ് എന്നയാളെ കാതറിൻ കൂപ്പർ എന്ന കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു കൊന്ന കുറ്റത്തിന് വധശിക്ഷ നൽകുകയായിരുന്നു. അതിനു ശേഷം 1990 വരെ വധശിക്ഷ നിയമപുസ്തകത്തിൽ നിലവിലുണ്ടായിരുന്നെങ്കിലും എല്ലാ മരണശിക്ഷയും ഐറിഷ് പ്രസിഡന്റ് ഇളവു ചെയ്തു കൊടുക്കുമായിരുന്നു. വധശിക്ഷ നിയമപരമായി 1990-ൽ നിർത്തലാക്കപ്പെട്ടു. 2002-നു ശേഷം അയർലാന്റിന്റെ ഭരണഘടന വധശിക്ഷ നിരോധിക്കുന്നുമുണ്ട്. അടിയന്തരാവസ്ഥയിലും യുദ്ധസമയത്തും പോലും വധശിക്ഷ പുനരാരംഭിക്കാൻ പാടില്ല എന്ന് ഭരണഘടന നിഷ്കർഷിക്കുന്നുണ്ട്. ഐർലാന്റ് ഒപ്പുവച്ചിട്ടുള്ള പല മനുഷ്യാവകാശ ഉടമ്പടികളും വധശിക്ഷ നൽകുന്നത് വിലക്കുന്നുണ്ട്.
ആദ്യകാല ചരിത്രം
ഐർലാന്റിലെ ആദ്യകാല നിയമം വധശിക്ഷ നൽകുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നു. കൊലപാതകം രണ്ടുതരം പിഴ ചുമത്തിയാണ് ശിക്ഷിച്ചിരുന്നത്. ഒരു ക്ലിപ്തമായ തുകയും (éraic) മാറിവരാവുന്ന തുകയുമായിരുന്നു (Log nEnech) പിഴയായി നൽകേണ്ടിയിരുന്നത്. കൊലയാളിക്കോ അയാളുടെ കുടുംബാംഗങ്ങൾക്കോ പിഴ നൽകാൻ സാധിച്ചില്ലെങ്കിൽ മാത്രമായിരുന്നു വധശിക്ഷ നടപ്പാക്കിയിരുന്നത്. [1] സൈന്റ് ഓർഡന്റെ കൊലപാതകിയെ വധശിക്ഷയ്ക്ക് വിധിച്ച സംഭവം ക്രിസ്തുമതത്തിനു മുൻപുണ്ടായിരുന്ന നഷ്ടപരിഹാരത്തിലൂന്നിയ നിയമത്തെ (restorative justice) ക്രിസ്തുമതത്തിന്റെ പ്രതികാരത്തിലൂന്നിയ നിയമം (retributive justice) സ്ഥാപിച്ചുകൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. [2]
നോർമാൻ അധിനിവേശത്തിനു ശേഷം ബ്രിട്ടീഷ് നിയമമാണ് ഐർലാന്റിലെ നിയമവ്യവസ്ഥയ്ക്ക് അടിസ്ഥാനമായത്. ഫെലണി (felony) എന്ന ഗണത്തിൽ പെടുന്ന എല്ലാ കുറ്റങ്ങൾക്കും വധശിക്ഷയായിരുന്നു ഈ നിയമം ആദ്യകാലത്ത് അനുശാസിച്ചിരുന്നത്. [3] 1827 മുതൽ 1861 വരെ നടപ്പാക്കിയ പരിഷ്കാരങ്ങൾ ന്യായാധിപർക്ക് നാടുകടത്തൽ എന്നൊരു ശിക്ഷ കൂടി നൽകാൻ അനുവാദം നൽകി. അതിനു ശേഷം ജോലിയെടുക്കേണ്ട തരം തടവും നടപ്പിലാക്കപ്പെട്ടു. ഇവയൊക്കെ ഇതിനു മുൻപ് വധശിക്ഷ നൽകപ്പെട്ടിരുന്ന കുറ്റങ്ങൾക്കാണ് നൽകിക്കൊണ്ടിരുന്നത്. [3] ഐർലാന്റിലെ വധശിക്ഷാ നിയമം (1842)[4] വധശിക്ഷ നൽകാവുന്ന കുറ്റങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് നിയമത്തെ ഇംഗ്ലീഷ് നിയമത്തോട് കൂടുതൽ അടുപ്പിച്ചു. ഫ്രഞ്ച് സൈന്യത്തിൽ ജോലി ചെയ്യുന്നതിന് വധശിക്ഷ നൽകിയിരുന്ന നിയമം പിൻവലിക്കപ്പെടുകയും ചെയ്തു. ഐർലാന്റിൽ അവസാനമായി പരസ്യ വധശിക്ഷ നടന്നത് 1868 ലാണ്. വധശിക്ഷാ ഭേദഗതി നിയമം പാസായ ശേഷം വധശിക്ഷ നൽകുന്നത് ജയിലിനുള്ളിലാക്കി. ഐർലാന്റുകാരൻ ഡോക്ടർ സാമുവൽ ഹൗട്ടനാണ് കൂടുതൽ മനുഷ്യത്വപരമായ സ്റ്റാൻഡേർഡ് വീഴ്ച്ചാ ദൈർഘ്യമുള്ള തൂക്കിക്കൊല്ലൽ വികസിപ്പിച്ചെടുത്തത്. ഇത് 1866-ൽ ഉപയോഗത്തിൽ വന്നു. സമാധാന കാലത്ത് യുനൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് ഐർലന്റിനു കീഴിൽ അവസാനമായി വധിക്കപ്പെട്ടയാൾ തന്റെ ഭാര്യയെക്കൊന്ന വില്യം സ്കാലൻ എന്നയാളായിരുന്നു (1911). [5]
ഐറിഷ് റിപ്പബ്ലിക്ക് വാദികളുടെ വധശിക്ഷ രാഷ്ട്രീയ രക്തസാക്ഷികളെ സൃഷ്ടിച്ചു. 1867-ലെ മാഞ്ചസ്റ്റർ രക്തസാക്ഷികൾ ഉദാഹരണം. ഭൂമിക്കു വേണ്ടിയുള്ള യുദ്ധം (ലാന്റ് വാർ) എന്നറിയപ്പെടുന്ന പ്രക്ഷോഭങ്ങൾക്കെതിരായാണ് ദി പ്രിവൻഷൻ ഓഫ് ക്രൈം (ഐർലാന്റ്) ആക്റ്റ് 1882-ൽ നിലവിൽ വന്നത്. [6] ഇത് ജൂറിയില്ലാത്ത വിചാരണയിൽ മരണശിക്ഷ കൊടുക്കാനുള്ള സാഹചര്യമുണ്ടാക്കി. [7] ഇത് പ്രതിഷേധത്തിന് കാരണമായെങ്കിലും ഈ നിയമം മൂലം ഒരാളെയും ശിക്ഷിച്ചിട്ടില്ല. [7] 1916-ൽ ഈസ്റ്റർ പ്രക്ഷോഭത്തിന്റെ (Easter Rising) നേതാക്കളെ വധിച്ചത് പ്രക്ഷോഭകാരികൾക്ക് പൊതുജന പിന്തുണ കിട്ടാൻ കാരണമായി. ഐറിഷ് സ്വാതന്ത്ര്യത്തിനായുള്ള യുദ്ധത്തിൽ (1919-21) 24 റിബലുകളെ വധിച്ചിരുന്നു. [5][8] സൈനിക നിയമത്തിൻ കീഴിലായിരുന്ന മുൺസ്റ്ററിലെ കോർക്ക് എന്ന സ്ഥലത്ത് 13 പേരെയും ലിമ്മറിക് എന്ന സ്ഥലത്ത് ഒരാളെയും വെടിവച്ചു കൊന്നിരുന്നു. [8] മൗണ്ട്ജോയ് ജയിലിൽ പത്തു പേരെ (The Forgotten Ten) തൂക്കിക്കൊന്നു. [8] ബ്രിട്ടൻ വധിച്ച അവസാന വ്യക്തി വില്യം മിച്ചൽ ആയിരുന്നു. ഇയാൾ റോയൽ ഐറിഷ് കോൺസ്റ്റാബുലറിയിലെ (പോലീസ് സേന) അംഗമായിരുന്നു. ഒരു ന്യായാധിപനെ വധിച്ചു എന്നതായിരുന്നു കുറ്റാരോപണം.[9]
1919–21 സമയത്ത് ബ്രിട്ടനെതിരേ യുദ്ധം ചെയ്ത സ്വയം പ്രഘ്യാപിത "ഐറിഷ് റിപ്പബ്ലിക്ക്" സ്വന്തം കോടതികളും സ്ഥാപിച്ചിരുന്നു. ഇവയിൽ വധശിക്ഷ നൽകപ്പെടുമായിരുന്നില്ല. പക്ഷേ ഐറിഷ് റിപ്പബ്ലിക്കൻ ആർമിക്ക് ബ്രിട്ടനോടു കൂറുള്ള സാധാരണക്കാരെയും ചാരപ്രവൃത്തി, ശത്രുവിനോടു കൂട്ടുചേരൽ തുടങ്ങിയ കുറ്റങ്ങൾക്ക് സൈനികവിചാരണ നടത്തി വധിക്കാൻ അധികാരം നൽകപ്പെട്ടിരുന്നു. ഇത്തരം പല കോടതികളും തട്ടിക്കൂട്ടപ്പെട്ടവയും അന്യായമായ ശിക്ഷ നൽകുന്നവയുമായിരുന്നു. ഇത്തരം നിയമത്തിനു പുറത്തുള്ള കൊലപാതകങ്ങളും ധാരാളം നടന്നിട്ടുണ്ട്. 1922-ലെ ഡണ്മാൻവേ കൊലപാതകങ്ങൾ പോലെയുള്ളവ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. [10]
1922-ലെ ഭരണഘടനയുടെ കരടിൽ വധശിക്ഷ നിർത്തലാക്കാനുള്ള നിർദ്ദേശം ഉൾക്കൊള്ളിച്ചിരുന്നു. പക്ഷേ ഇത് സ്വീകരിക്കപ്പെട്ടില്ല. അതിനാൽ നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് നിയമങ്ങൾ തുടർന്നു. [11] വധശിക്ഷ തുടരാനുള്ള കാരണം 1922-3 ലെ ഐറിഷ് ആഭ്യന്തര യുദ്ധമായിരുന്നു. [11] സൈനിക കോടതികൾക്ക് ഉടമ്പടിക്കെതിരായി യുദ്ധം ചെയ്യുന്നവർക്ക് വധശിക്ഷ വിധിക്കാനുള്ള അവകാശവും 1922 സെപ്റ്റംബർ 26-ന് നൽകപ്പെട്ടു. [11][12] ഇത്തരത്തിലുള്ള 81 തടവുകാരെ സർക്കാർ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധിക്കുകയുണ്ടായി. [11]
പിന്നീടുണ്ടായ വധശിക്ഷകൾ
1923 നവംബറിനും 1954 ഏപ്രിലിനുമിടയിൽ രാജ്യത്ത് 35 വധശിക്ഷകൾ നടപ്പാക്കപ്പെടുകയുണ്ടായി.[13] 1920-കളിൽ കൊലക്കുറ്റത്തിന് വധശിക്ഷ നൽകുന്നത് സാധാരണമായിരുന്നു. [11] സ്വാതന്ത്ര്യത്തിനു മുൻപ് നടന്നിരുന്നതു പോലെ ബ്രിട്ടനിൽ നിന്ന് ആരാച്ചാർ വന്നായിരുന്നു വധശിക്ഷ നടപ്പാക്കിയിരുന്നത്. [5] വധശിക്ഷ നടപ്പാക്കുന്നതു പഠിക്കാൻ ബ്രിട്ടനിലേയ്ക്കയക്കപ്പെട്ട ഒരു ഐർലന്റുകാരന് ആരാച്ചാരാകാനുള്ള സ്വഭാവഗുണമില്ല എന്ന് കണ്ടതുകൊണ്ട് അയാളെ നിയമിക്കുകയുണ്ടായില്ല. [14]
സ്വാതന്ത്ര്യശേഷം വധിക്കപ്പെട്ട ഒരേയൊരു സ്ത്രീ ആനി വെൽഷ് ആയിരുന്നു (1925). ആനിയുടെ വൃദ്ധനായ ഭർത്താവിന്റെ കൊന്നു എന്നതായിരുന്നു കുറ്റാരോപണം. ആനിയും അവരുടെ അനന്തരവനും പരസ്പരം കൊലക്കുറ്റം ആരോപിക്കുന്നുണ്ടായിരുന്നു. പത്രങ്ങൾ അനന്തരവനെ ശിക്ഷിക്കാനാണ് സാദ്ധ്യത എന്ന പ്രവചിച്ചുവെങ്കിലും രണ്ടു പേരെയും ജൂറി കുറ്റക്കാരെന്ന് കണ്ടെത്തി. ജൂറി ദയകാണിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും 31-ആം വയസ്സിൽ ആനിയെ തൂക്കിലേറ്റി. [11][15]
രണ്ടാം ലോക മഹായുദ്ധസമയത്ത് ഐർലാന്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നപ്പൊൾ ഐ.ആർ.എ. യുടെ പ്രവർത്തനം 6 വധശിക്ഷകൾക്ക കാരണമായി. [16] സൈനികക്കോടതി വിചാരണയ്ക്കു ശേഷം ചാർലി കെരിൻസ് എന്നയാളെ തൂക്കിക്കൊല്ലുകയും മറ്റ് അഞ്ചു പേരെ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചു കൊല്ലുകയുമായിരുന്നു. [16] ഇവരിൽ മൗറീസ് ഒ'നൈൽ, റിച്ചാർഡ് ഗോസ്സ് എന്നിവർ ഗർഡായ് എന്നയാളെ വെടിവച്ചുവെങ്കിലും അയാൾ മരിച്ചിട്ടുണ്ടായിരുന്നില്ല. കൊലപാതകമല്ലാത്ത കുറ്റത്തിന് ഐർലാന്റിൽ മരണശിക്ഷ ലഭിച്ചവർ ഇവർ രണ്ടു പേർ മാത്രമാണ്. [5]
കൊലപാതകക്കുറ്റത്തിന് 1954 ഏപ്രിൽ 20ന് തൂക്കിക്കൊന്ന മൈക്കൽ മാനിംഗ് ആണ് ഐർലാന്റിൽ വധശിക്ഷ ലഭിച്ച അവസാനത്തെയാൾ.[17]
നിയമരംഗത്തെ സംഭവവികാസങ്ങൾ
റിപ്പബ്ലിക്കൻ അക്രമങ്ങൾ നടക്കുമെന്ന് പേടിച്ച് സർക്കാർ 1927-ൽ പൊതു സുരക്ഷാ നിയമം (Public Safety Act) പാസാക്കി. [18] പിന്നീട് 1931-ൽ ഭരണഘടനാ ഭേദഗതി നിയമവും പാസായി (പതിനേഴാം ഭേദഗതി).[19] ഇവ രണ്ടും അടിയന്തരാവസ്ഥയിൽ പ്രത്യേക സൈനികക്കോടതി ഉണ്ടാക്കാൻ വ്യവസ്ഥ ചെയ്യുന്നു. 1927-ലെ നിയമം രാജ്യദ്രോഹത്തിനും കൊലപാതകത്തിനും നിർബന്ധമായി വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്നു. തോക്കുകൾ കയ്യിൽ വച്ചാൽ ആവശ്യമെങ്കിൽ വധശിക്ഷ നൽകുകയുമാവാം. സൈനികക്കോടതി വിധിക്കെതിരേ അപ്പീൽ അനുവദിച്ചിരുന്നില്ല. [18] 1931-ലെ ഭരണഘടനാ ഭേദഗതിനിയമം സൈനികക്കോടതിക്ക് പലതരത്തിലുള്ള കുറ്റങ്ങളും വിചാരണ ചെയ്യാനും കോടതിക്ക് ആവശ്യമെന്ന് തോന്നിയാൽ സാധാരണയിൽ കവിഞ്ഞ ശിക്ഷ നൽകാനും (മരണശിക്ഷ ഉൾപ്പെടെ) അനുവാദം നൽകി. [19] ഈ വ്യവസ്ഥ പ്രതിപക്ഷത്തിന്റെ (ഫിയന ഫൈൽ) എതിർപ്പിന് കാരണമായി. [20] ഫിയന ഫൈൽ 1932-ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതിനെത്തുടർന്ന് ഇതൊരിക്കലും ഉപയോഗിക്കപ്പെട്ടിട്ടില്ല.
ഫിയന ഫൈൽ 1937-ൽ പുതിയ ഭരണഘടന കൊണ്ടുവന്നു. ഇതിൽ വധശിക്ഷയെക്കുറിച്ച് ധാരാളം പരാമർശങ്ങളുണ്ടായിരുന്നു:
ആർട്ടിക്കിൾ 13 സെക്ഷൻ 6
ഏതു കോടതിയും വിധിക്കുന്ന ശിക്ഷ ഇളവു ചെയ്യാനും കുറവു ചെയ്യാനുമുള്ള അധികാരം പ്രസിഡന്റിൽ നിക്ഷിപ്തമാണ്. വധശിക്ഷ ഒഴികെ മറ്റു കുറ്റങ്ങൾക്ക് ഇത്തരത്തിൽ ഇളവു ചെയ്യാനുള്ള അധികാരം മറ്റു അധികാരികൾക്കും നൽകാവുന്നതാണ്.
ആർട്ടിക്കിൾ 40 സെക്ഷൻ 4
സബ്സെക്ഷൻ 5
ഐർലാന്റ് ഹൈക്കോടതി ഈ ചട്ടപ്രകാരം പ്രതിയെ ഹാജരാക്കാനുള്ള ഒരു ഉത്തരവിറക്കിയാൽ മരണശിക്ഷ പ്രതിയെ ഹാജരാക്കും വരെ (ഹേബിയസ് കോർപ്പസ്) നടപടി തീർന്ന് അയാളുടെ തടവ് നിയമപരമാണെന്ന് തെളിയും വരെ നീട്ടിവയ്ക്കണം. ഇതിനു ശേഷം വധശിക്ഷ നടപ്പാക്കാൻ പുതിയ ദിവസം ഹൈക്കോടതിക്ക് തീരുമാനിക്കാം.
സബ്സെക്ഷൻ 6
ഇതിലെ ഒരു നിയമവും സായുധ സേനയുടെ പ്രവൃത്തികൾക്ക് യുദ്ധസമയത്തോ രാജ്യത്തിനെതിരേയുള്ള കലാപസമയത്തോ തടസ്സമാവാൻ പാടില്ല.
അമ്മമാർ നടത്തുന്ന ശിശുഹത്യ കൊലപാതകത്തിൽ നിന്ന് വിഭിന്നമായ മറ്റൊരു കുറ്റമാക്കി 1949-ൽ നിർണയിച്ചു.[21] ഇതിനു മുൻപു തന്നെ പല വർഷങ്ങളായി ഇത്തരം കേസുകളിൽ വധശിക്ഷ അമ്മമാർക്ക് ഇളവു ചെയ്തു കൊടുത്തിരുന്നു. പുതിയ നിയമം പ്രതികളായ അമ്മമാർക്ക് നടപ്പാക്കില്ലെന്നറിയാവുന്ന ഒരു ശിക്ഷ വിധിക്കപ്പെടുന്നത് നിർത്തലാക്കാനുദ്ദേശിച്ചുള്ളതായിരുന്നു. [22]
ക്രിമിനൽ ജസ്റ്റിസ് നിയമം (1951) സർക്കാരിന് വധശിക്ഷ ഇളവു ചെയ്തു കൊറ്റുക്കാവുന്ന കുറ്റങ്ങളുടെ പട്ടികയിൽ നിന്ന് കൊലപാതകത്തിനെ ഒഴിവാക്കി. [23] ഭരണഘടനയുടെ ആർട്ടിക്കിൾ 13.6 പ്രകാരം പ്രസിഡന്റിന് ശിക്ഷ ഇളവു ചെയ്യാനുള്ള അധികാരം തുടർന്നും ഉണ്ടായിരുന്നു.
നിയമമന്ത്രിമാരോടെല്ലാം വധശിക്ഷ നിർത്തലാക്കുന്നതിനെപ്പറ്റി പ്രതിനിധിസഭ ആരായുമായിരുന്നു: 1936-ൽ ഫ്രാങ്ക് മക്ഡെർമോട്ട്;[24] 1939-ൽ ജെറേമിയ ഹർലി;[25] 1948-ൽ ജെയിംസ് ലാർകിൻ ജൂനിയർ, [26] പീഡർ കോവൻ എന്നിവർ;[27] 1956-ൽ തോമസ് ഫിൻലേ;[28] 1960-ൽ ഫ്രാങ്ക് ഷെർവിൻ;[29] 1962-ൽ സ്റ്റീഫൻ കൗഗ്ലാൻ [30] എന്നിവരോടാണ് ചോദ്യമുണ്ടായത്. എല്ലാ പ്രാവശ്യവും മന്ത്രി വധശിക്ഷ നിർത്താനുള്ള നിർദ്ദേശം നടപ്പാക്കാനാവില്ലെന്നു പറഞ്ഞ് തള്ളിക്കളഞ്ഞു. ഷോൺ മക്ബ്രൈഡ് വധശിക്ഷ നിർത്തലാക്കുന്നതിനോടുള്ള വ്യക്തിപരമായ പിന്തുണ (1948-ൽ മൈക്കൽ ഗാംബണിന്റെ വധശിക്ഷ നടപ്പാക്കിയ സർക്കാരിൽ മന്ത്രിയായിരുന്നപ്പോഴും) അറിയിച്ചു. [31]
മന്ത്രി ചാൾസ് ഹൗഘിയോട് 1963-ൽ രാഷ്ട്രീയ നേതാവ് ഷോൺ ബ്രാഡി ഈ ചോദ്യമുന്നയിച്ചപ്പോൾ "വധശിക്ഷയ്ക്ക് മരണശിക്ഷ നിർത്തലാക്കപ്പെടുമെങ്കിലും ചില പ്രത്യേക തരം കൊലപാതകങ്ങൾക്ക് ഇത് തുടരുമെന്ന്" മറുപടി ലഭിച്ചു." [32] 1964-ലെ ക്രിമിനൽ ജസ്റ്റിസ് നിയമം കടൽക്കൊള്ളയ്ക്കും ചില സൈനികക്കുറ്റങ്ങൾക്കും മിക്ക കൊലപാതകങ്ങൾക്കും വധശിക്ഷ നൽകുന്നത് ഒഴിവാക്കിയെങ്കിലും താഴെപ്പറയുന്ന കുറ്റങ്ങൾക്ക് നിലനിർത്തിയിരുന്നു:[33]
യുദ്ധത്തടവുകാരൻ എന്ന നിലയിൽ പ്രതീക്ഷിക്കുന്നതു ചെയ്യാതിരിക്കുക
കലാപം
"വധശിക്ഷയർഹിക്കുന്ന കൊലക്കുറ്റം",
ജോലിയിലുണ്ടായിരുന്ന ജയിൽ ഓഫീസറുടെയോ;
വിദേശ രാഷ്ട്രത്തലവന്റെയോ, നയതന്ത്ര ഉദ്യോഗസ്ഥന്റെയോ, സർക്കാരിലെ അംഗത്തിന്റെയോ (രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള);
രാജ്യത്തിനെതിരായ കുറ്റങ്ങളെ സംബന്ധിച്ച നിയമപ്രകാരമുള്ള കുറ്റങ്ങൾ സംബന്ധിച്ചോ (ഉദാഹരണം):[36]
സർക്കാരിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുക
സർക്കാരിനെ തടസ്സപ്പെടുത്തുക
പ്രസിഡന്റിനെ തടസ്സപ്പെടുത്തുക
സൈന്യത്തിന്റെയോ സർക്കാരുദ്യോഗസ്ഥരുടെയോ പ്രവർത്തനം തടസ്സപ്പെടുത്തുക
പ്രതികളെ കൈമാറുന്ന നിയമം (The Extradition Act, 1965) ഐർലാന്റിൽ വധശിക്ഷയില്ലാത്ത കുറ്റങ്ങൾക്ക് വധശിക്ഷയുള്ള രാജ്യങ്ങളിലേയ്ക്ക് പ്രതികളെ കൈമാറുന്നതിന് നിരോധനമേർപ്പെടുത്തിയിരുന്നു. [37]
ഇളവുചെയ്ത വധശിക്ഷകൾ
1923 മുതൽ 1964 വരെ 40 വധശിക്ഷകൾ ജീവപര്യനന്തം തടവായി ഇളവു ചെയ്തു കൊടുക്കപ്പെട്ടിട്ടുണ്ട്. മൂന്ന് പ്രതികൾക്ക് മാനസിക രോഗമുള്ളതായി തെളിഞ്ഞിരുന്നതിനാൽ ശിക്ഷ നടപ്പാക്കിയില്ല. മൂന്നു പേർ വധശിക്ഷ കാത്തു കഴിയവേ മരണമടഞ്ഞു. [38] മാമി കാഡ്ഡൻ എന്നയാളെ 1957-ൽ മരണത്തിനു കാരണമായ കുറ്റത്തിന് വധശിക്ഷ നൽകാൻ വിധിച്ചെങ്കിലും ശിക്ഷ ജീവപര്യന്തം തടവായി കുറച്ചു. ഗർഭഃഛിദ്രം നടത്തവെ സ്തീ മരിച്ചു എന്നതായിരുന്നു കുറ്റം.
1964-ലെ നിയമത്തിനു ശേഷം 11 ആൾക്കാരെ വധശിക്ഷയ്ക്കു വിധിക്കുകയുണ്ടായി. 6 പോലീസുകാരുടെ മരണത്തിനിടയാക്കിയ 5 സംഭവങ്ങളിലായിരുന്നു ഇവർക്ക് ശിക്ഷ ലഭിച്ചത്. മറ്റു പല പോലീസുകാരുടെ മരണവും ബ്രിട്ടീഷ് അംബാസിഡർ ക്രിസ്റ്റഫർ എവാർട്ട്-ബ്രിഗ്ഗ്സിന്റെ കൊലയും വിചാരണ വരെ എത്താഞ്ഞതിനാൽ മരണശിക്ഷ വിധിയുണ്ടായില്ല. വധശിക്ഷ വിധിക്കപ്പെട്ട 11 പേരിൽ 2 പേരുടെ ശിക്ഷ അപ്പീലിൽ തള്ളിപ്പോയി. [39] മറ്റ് 9 പേരുടെയും ശിക്ഷ സർക്കാരിന്റെ ഉപദേശത്തെത്തുടർന്ന് പ്രസിഡന്റ് 40 വർഷത്തെ തടവായി (പരോളില്ലാത്തത്) ഇളവു ചെയ്തു കൊടുത്തു. [39] ഒരു ശിക്ഷ 1995-ൽ തിരുത്തപ്പെട്ടു. നാലു പ്രതികളെ 1998-ൽ രാഷ്ട്രീയത്തടവുകാരുടെ പൊതുമാപ്പിനൊപ്പം വിട്ടയച്ചു.
40 വർഷത്തെ തടവുശിക്ഷ വിവാദമുണ്ടാക്കിയിരുന്നു. ഇതിന് നിയമപ്രാബല്യമൊന്നുമില്ലായിരുന്നെന്നു മാത്രമല്ല, [40] ഒരു ന്യായാധിപനല്ലായിരുന്നു ഈ ശിക്ഷ വിധിച്ചത് എന്നതും എതിർപ്പിനിടയാക്കി. ക്രിമിനൽ അപ്പീൽ കോടതി ഈ ശിക്ഷകൾ ഭരണഘടനയ്ക്കനുസൃതമാണെന്ന് കണ്ടെത്തി അംഗീകരിച്ചിരുന്നു.
പോലീസുകാരൻ ജോലിയിലല്ലാത്തതിനാലും യൂണിഫോമിലല്ലാത്തതിനാലും ശിക്ഷ ഇളവുചെയ്തു. ജീവപര്യന്തം തടവ് നൽകപ്പെട്ടു. [41] 15 വർഷം ശിക്ഷയനുഭവിച്ച ശേഷം വിട്ടയച്ചു. [44]
ഐറിഷ് നാഷണൽ ലിബറേഷൻ ആർമി അംഗങ്ങൾ.[57] 2011-ലും ജയിലിലാണ്.[62] കാല്ലന്റെ ശിക്ഷ അപ്പീൽ തള്ളുന്നതുവരെ ഇളവു ചെയ്തിരുന്നില്ല. [61] 2011-ൽ ശിക്ഷ ഇളവിനർഹനാണെന്ന വാദം ഹൈക്കോടതി തള്ളി. [61]
വധശിക്ഷ നിർത്തലാക്കൽ
നോയൽ ബ്രൗൺ വധശിക്ഷ നിർത്തലാക്കാനുദ്ദേശിച്ചുള്ള ഒരു സ്വകാര്യ ബിൽ 1981 മാർച്ചിൽ അവതരിപ്പിച്ചു. [63] ഫിയന ഫൈൽ സർക്കാർ ബില്ലിന്റെ ആദ്യവായനയിൽ തന്നെ വോട്ടെടുപ്പിലൂടെ ഇത് തള്ളിക്കളഞ്ഞു. [63] ഫൈൻ ഗേൽ പാർട്ടി ഇതിന്റെ ആദ്യവായനയിൽ പിന്തുണച്ചിരുന്നു. ലേബർ പാർട്ടി വധശിക്ഷ നിർത്തലാക്കുന്നതിനെ പിന്തുണച്ചു. [63] നിയമമന്ത്രി ജെറി കോളിൻസ് ബില്ലിനെ എതിർത്തു സംസാരിക്കുന്നതിനിടയിൽ അപ്പോൾ നിലവിലുണ്ടായിരുന്ന നാലു കേസുകളിലെ വധശിക്ഷയെപ്പറ്റി പ്രതിപാദിച്ചു. "നാം വധശിക്ഷ നിർത്തലാക്കുകയാണെങ്കിൽ, അടുത്ത കാലത്തു നടക്കുന്ന അക്രമങ്ങൾ കാരണം പോലീസിനെ ആയുധമണിയിക്കാനുള്ള സമ്മർദ്ദം ശക്തമാകും" എന്ന് അദ്ദേഹം പ്രസ്താവിച്ചു. [63] 1981-ലെ തിരഞ്ഞെടുപ്പിനു ശേഷം ഗേൽ-ലേബർ കൂട്ടുകക്ഷി മന്ത്രിസഭ സമാനമായൊരു ബിൽ സെനദിൽ (സഭ) അവതരിപ്പിച്ചു. അത് പാസാകുകയുണ്ടായി. [64] എന്നാൽ ബിൽ ഡൈലിൽ (സഭ) എത്തും മുൻപ് സർക്കാർ വീണു. അടുത്ത ഇലക്ഷനു ശേഷം മറ്റൊരു സ്വകാര്യ ബിൽ (ഷേൻ റോസ് അവതരിപ്പിച്ചത്) പാർലമന്റിലെത്തി. [65] പക്ഷേ 1990-ലും ഇത് ചുവപ്പുനാടയിൽ കുരുങ്ങിക്കിടപ്പായിരുന്നു. [66] 1988-ൽ പ്രോഗ്രസ്സീവ് ഡെമോക്രാറ്റുകൾ ഒരു "പുതിയ റിപ്പബ്ലിക്കിനായുള്ള ഭരണഘടന" പുറത്തിറക്കി. ഇതിൽ വധശിക്ഷ നിരോധിക്കപ്പെട്ടിരുന്നു. [67]
പൊതുവും രാഷ്ട്രീയവുമായ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടി ഐർലാന്റ് 1989-ൽ അംഗീകരിച്ചതോടൊപ്പം ഉടമ്പടിയുടെ ആർട്ടിക്കിൾ 6(5)-ന് ഒരു ഭേദഗതി കൂട്ടിച്ചേർത്തു. ഇതുപ്രകാരം "18 വയസിൽ താഴെയുള്ളവർക്കും ഗർഭിണിയായ സ്ത്രീകൾക്കും വധശിക്ഷ നൽകാൻ പാടില്ല" എന്ന ചട്ടം നിലവിൽ വന്നു. [68] ഈ ചട്ടത്തിന് പൂർണമായ പ്രാബല്യം വരാനുള്ള നിയമനിർമ്മാണം നടക്കുന്നതുവരെ സംശയമുള്ള കേസുകളിൽ സർക്കാർ മരണശിക്ഷ ഇളവു ചെയ്യും എന്ന് പ്രസ്താവനയുണ്ടായി. [69] ചൈൽഡ് കെയർ ബിൽ 1988 എന്ന നിയമത്തിൽ [70] (ഇത് 1991-ൽ നിയമമായി);[71] വധശിക്ഷ നൽകാവുന്ന പ്രായം 17-ൽ നിന്ന് 18 ആക്കി ഉയർത്തേണ്ടിയിരുന്നു. [70]1989 മേയിൽ ഫിയാന ഫൈൽ മന്ത്രി മൈക്കൽ വുഡ്സ് ഇപ്രകാരം പറഞ്ഞു:[72]
വധശിക്ഷ നിർത്തലാക്കുന്നതിന് ജനപിന്തുണയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. സാധാരണനിലയിലുള്ള കാലങ്ങളിൽ വധശിക്ഷ നിർത്തലാക്കുന്നതിന്റെ നല്ലതും ചീത്തയുമായ വശങ്ങളെപ്പറ്റി തുറന്ന ചർച്ച നടത്തുന്നതിൽ കഴമ്പുണ്ടെന്നും ഞാൻ അംഗീകരിക്കുന്നു. പക്ഷേ ഇത് സാധാരണ സമയമല്ല. രാജ്യത്തിന്റെ സ്ഥാപനങ്ങളോട് ശത്രുതയുള്ള സായുധ ശക്തികൾ പ്രവർത്തനം നടത്തുന്നുണ്ട്. ഇത്തരുണത്റ്റ്ഹിൽ എന്റെ പ്രാധമിക ശ്രദ്ധ — നിയമമന്ത്രി എന്ന നിലയിൽ — നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെ കാത്തുരക്ഷിക്കുന്നവർക്ക് കഴിയുന്നത്ര കൂടുതൽ സംരക്ഷണം നൽകുക എന്നതാണ്. വധശിക്ഷ ഇപ്പോൾ നിർത്താനുള്ള നീക്കം തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്ന ആകുലത എനിക്കുണ്ട്. പോലീസിനും ജയിൽ ജീവനക്കാർക്കും ഇപ്പോൾ ലഭിക്കുന്ന സംരക്ഷണം വധശിക്ഷ ഇല്ലാതാക്കുന്നതോടെ നഷ്ടപ്പെടും. ഇവർ അക്രമികളായ കുറ്റവാളികളിൽ കാരണം ജീവൻ പണയം വച്ചാണ് ഇപ്പോൾ ജോലിചെയ്യുന്നത്. ഇവരിൽ പലരും ജോലിക്കിടെ കൊലചെയ്യപ്പെട്ടിട്ടുണ്ട്.
1989-ലെ തിരഞ്ഞെടുപ്പിനു ശേഷം ഫിയന്ന ഫൈൽ ഒരു മുന്നണി സർക്കാരുണ്ടാക്കി. ഭരണപരിപാടിയിൽ വധശിക്ഷ നിർത്തലാക്കലും ഉൾപ്പെട്ടിരുന്നു. [73] എല്ലാം കുറ്റങ്ങൾക്കുമുള്ള വധശിക്ഷ 1990-ലെ ക്രിമിനൽ ജസ്റ്റിസ് നിയമപ്രകാരം നിർത്തലാക്കി. [74] ഇതു പ്രകാരം കൊലപാതകത്തിനും രാജ്യദ്രോഹത്തിനും ശിക്ഷ 40 വർഷത്തേയ്ക്ക് പരോൾ ലഭിക്കാത്ത ജീവപര്യന്തം തടവായി മാറി. ചൈൽഡ് കെയർ ബില്ലിലെ വധശിക്ഷയെപ്പറ്റിയുള്ള ഭാഗം നീക്കം ചെയ്തു. [70] 1993-ൽ ഭരണഘടനാ ഭേദഗതിയിലൂടെ വധശിക്ഷ നിർത്തലാക്കൽ സ്ഥിരമാക്കണമെന്ന ആവശ്യമുയർന്നു. [75] പക്ഷേ സർക്കാർ 6 മാസങ്ങൾക്ക് ശേഷം താഴെ വീണു. .
1996-ലെ ഭരണഘടനാ റിവ്യൂവിന്റെ ഒരു നിർദ്ദേശം ഇതായിരുന്നു:[76]
വധശിക്ഷ പുനഃസ്ഥാപിക്കുന്നത് തടയുക. ഇത് ആശാസ്യമല്ലെന്ന് തോന്നുകയാണെങ്കിൽ ആർട്ടിക്കിൾ 40.4.5° നിലനിർത്തണം. വധശിക്ഷയുടെ പുനഃസ്ഥാപനം തടയണമെങ്കിൽ ആർട്ടിക്കിൾ 28.3.3° ഭേദഗതി ചെയ്യേണ്ടി വരും.
ആർട്ടിക്കിൾ 40.4.5° വധശിക്ഷ വിധിക്കപ്പെട്ടവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും; ആർട്ടിക്കിൾ 28.3.3° അടിയന്തരാവസ്ഥയിൽ മനുഷ്യാവകാശങ്ങൾ ഇല്ലാതാവുന്നതും പ്രതിപാദിക്കുന്ന ഭാഗങ്ങളാണ്. 2001 ജൂൺ 7-ന് ഭരണഘടനയുടെ 21-ആം ഭേദഗതി പാസായി. ഇത് ആർട്ടിക്കിൾ 15.5.2° കൊണ്ടുവന്നു (വധശിക്ഷ നിരോധിക്കുന്ന ആർട്ടിക്കിൾ). ആർട്ടിക്കിൾ 40.4.5° നീക്കം ചെയ്തു. ആർട്ടിക്കിൾ 28.3.3° മാറ്റം വരുത്തി അടിയന്തരാവസ്ഥയിൽ മരണശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. [77][78] 34.79% വോട്ടർമാർ റെഫറണ്ടത്തിൽ പങ്കെടുത്തു. 610,455 പേർ അനുകൂലമായും 372,950 പേർ എതിരായും വോട്ടു ചെയ്തു.[79] 38% പേർ എതിർത്തു വോട്ടു ചെയ്തത് പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. [80]
പൊതുവും രാഷ്ട്രീയവുമായ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടിയുടെ നിർബന്ധമല്ലാത്ത രണ്ടാം അധിക പ്രോട്ടോക്കോൾ 1993 -ൽ ഐർലാന്റ് അംഗീകരിച്ചു. [81][82] മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ ഉടമ്പടിയുടെ ആറാം പ്രോട്ടോക്കോൾ 1994-ൽ അംഗീകരിച്ചു. [83] ഇവ രണ്ടും വധശിക്ഷ സമാധാനകാലത്ത് നിരോധിക്കുന്നുണ്ട്. [84] പൊതുവും രാഷ്ട്രീയവുമായ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടിയുടെ ആർട്ടിക്കിൾ 6(5) ന്റെ ഭേദഗതി 1994-ൽ പിൻവലിക്കപ്പെട്ടു.[85] 2002-ൽ ഐർലാന്റ് മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ ഉടമ്പടിയുടെ പതിമൂന്നാം പ്രോട്ടോക്കോൾ അംഗീകരിച്ചു. [83]
ചർച്ച
മാദ്ധ്യമങ്ങളിൽ ഇടയ്ക്കിടെ വധശിക്ഷാനിരോധനം പുനഃപരിശോധിക്കാനുള്ള ആവശ്യം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. 2009 നവംബറിൽ ന്യായാധിപനായ റിച്ചാർഡ് ജോൺസൺ സായുധ മോഷണത്തിനിടെയുള്ള കൊലപാതകം പോലെ ചില സാഹചര്യങ്ങളിൽ വധശിക്ഷ തിരികെക്കൊണ്ടുവരുന്നതിനോട് തനിക്ക് അനുകൂലാഭിപ്രായമാണെന്ന് പറഞ്ഞു. അദ്ദേഹം അടുത്തിടെ ഐർലാന്റിന്റെ ഹൈക്കോടതിയിൽ നിന്ന് വിരമിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. [86] ഐറിഷ് കൗൺസിൽ ഓഫ് സിവിൽ ലിബർട്ടീസ് അദ്ദേഹത്തിന്റെ അഭിപ്രായത്തെ "വഴിതെറ്റിയതും ഗുണമില്ലാത്തതും" എന്ന് വിശേഷിപ്പിച്ചു. [87]
അവലംബം
↑Kelly, Fergus (1988). A Guide to Early Irish Law. Early Irish Law. Dublin Institute for Advanced Studies. pp. 125–7. ISBN978-1-85500-214-2.
↑"Motion by Minister for Defence". Dáil Éireann debates. Vol. 1. Oireachtas. 26 September 1922. pp. cols.790–2. Archived from the original on 2012-03-05. Retrieved 2012-06-25. {{cite book}}: Invalid |nopp=Y (help); Unknown parameter |nopp= ignored (|no-pp= suggested) (help)
↑"Constitution for a New Republic"(PDF). Irish Election Manifesto Archive. Michael Pidgeon. January 1988. p. 4. Archived from the original(PDF) on 2012-03-20. Retrieved 22 August 2011. The State shall not make lawful the taking of life as punishment for any offence
↑Progressive Democrats (July 1989). "Agreed programme for Government 1989–1993"(PDF). Irish Election Manifesto Archive. Michael Pidgeon. p. 32. Archived from the original(PDF) on 2012-03-20. Retrieved 22 August 2011. new laws, removing the death penalty;
changing the libel laws; and governing telephone tapping will be introduced.{{cite web}}: line feed character in |quote= at position 38 (help)
↑"Referendum Results 1937–2009"(PDF). Dublin: Department of the Environment, Heritage and Local Government. 2011. p. 60. Archived from the original(PDF) on 2011-07-26. Retrieved 22 August 2011.