ഹെറോഡോട്ടസ്ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായിരുന്നു ഹെറോഡോട്ടസ് (ജനനം ബിസി 484; മരണം 425). പുരാതന ഏഷ്യാമൈനറിൽ കാരിയയിലുള്ള ഹാലിക്കാർനാസസിൽ (ആധുനിക തുർക്കിയിൽ ബോദ്രമിനടുത്ത്) ആണ് അദ്ദേഹം ജനിച്ചത്. ചരിത്രവസ്തുതകളെ ചിട്ടയോടെ ശേഖരിച്ച്, ഒരളവുവരെയെങ്കിലും അവയുടെ വാസ്തവികത പരിശോധിച്ച ശേഷം അവധാനതയോടെ പൂർവാപരക്രമത്തിൽ അവതരിപ്പിച്ച ആദ്യത്തെ വ്യക്തി എന്ന നിലയിൽ, "ചരിത്രരചനയുടെ പിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു [1][2] ഹെറോഡോട്ടസിന്റെ ഏകരചനയായി അറിയപ്പെടുന്ന ഹിസ്റ്ററീസ് ആണ് അദ്ദേഹത്തിന്റെ ചരിത്രാന്വേഷണങ്ങളുടെ രേഖ. ഗ്രീസും പേർഷ്യയും തമ്മിൽ ബി.സി. അഞ്ചാം നൂറ്റാണ്ടിൽ നടന്ന യുദ്ധത്തിന്റെ ഉല്പത്തിയുടെ അന്വേഷണമെന്ന നിലയിൽ എഴുതിയിരിക്കുന്ന ഹെറോഡോട്ടസിന്റെ കൃതി, ഭൂമിശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ അറിവുകളുടെ അമൂല്യശേഖരമാണ്. ഈ 'ചരിത്രത്തിന്റെ' ചില ഘടകങ്ങൾ ഭാവനാസൃഷ്ടി ആയിരിക്കാമെങ്കിലും കേട്ടറിഞ്ഞ കാര്യങ്ങളേ താൻ എഴുതിയിട്ടുള്ളു എന്ന് ഹെറോഡോട്ടസ് അവകാശപ്പെടുന്നുണ്ട്. ദേശാടനംഈ ചരിത്രകാരന്റെ ജീവിതകഥ മിക്കവാറും അജ്ഞാതമാണ്. എങ്കിലും പിതൃസഹോദരന്റെ രാഷ്ട്രീയപ്രവർത്തനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ 32 വയസ്സുള്ളപ്പോൾ ഹെറോഡോട്ടസിന്റെ നാടുകടത്തലിൽ കലാശിച്ചതിനാൽ, രാജനീതിയിലെ ഉപജാപങ്ങളിൽ പങ്കെടുക്കാൻ മാത്രം നിലയുള്ള ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചതെന്നു കരുതപ്പെടുന്നു. മദ്ധ്യധരണിപ്രദേശത്തും സമീപപ്രദേശങ്ങളിലും നടത്തിയ ദീർഘസഞ്ചാരങ്ങളാണ് ഹെറോഡോട്ടസിനെ തന്റെ പ്രസിദ്ധകൃതിയുടെ രചനക്കുപകരിച്ച വസ്തുതകളുടെ ശേഖരണത്തിനു സഹായിച്ചത്. സഞ്ചാരങ്ങൾക്കിടയിൽ ഫിനീഷ്യ വഴി ഈജിപ്തിലെത്തിയ ഹെറോഡോട്ടസ്, ആ നാടിന്റെ തെക്കേയറ്റത്ത് നൈൽനദിയിലെ ദ്വീപായ എലിഫാന്റൈൻ വരെ പോയി. തുടർന്ന് പടിഞ്ഞാറ് ആധുനിക ലിബിയയിലെ സൈറീനും കിഴക്ക് പേർഷ്യയിലെ പ്രസിദ്ധനഗരമായ സൂസയും അദ്ദേഹത്തിന്റെ യാത്രാപഥത്തിൽ പെട്ടു. വടക്ക് കരിങ്കടൽ തീരത്തെ ഗ്രീക്ക് നഗരങ്ങളും അദ്ദേഹം സന്ദർശിച്ചു. 20 മുതൽ 37 വരെയുള്ള പ്രായത്തിനിടെ നടത്തിയ[3] ഈ യാത്രകൾക്കിടയിൽ അദ്ദേഹം, താൻ കണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശിശുസദൃശമായ കൗതുകത്തോടും ശാസ്ത്രജ്ഞന്റെ നിരീക്ഷണപാടവത്തോടും കൂടെ ശേഖരിച്ചു. ഈ വിവരസഞ്ചയവുമായി പൊതുവർഷം 447-നടുത്ത് ഹെറോഡോട്ടസ് ആഥൻസിൽ താമസമാക്കി. തുടർന്ന് അദ്ദേഹം എഴുതിയ കൃതി പ്രശസ്തിയിൽ എല്ലാ ചരിത്രരചനകളേയും അതിശയിച്ചു. ഗ്രെക്കോ-പേർഷ്യൻ യുദ്ധത്തിന്റെ ഉല്പത്തിയുടേതും പരിണാമത്തിന്റേതുമായി സങ്കല്പിക്കപ്പെടുന്ന ഈ കഥയിൽ അദ്ദേഹം ഈജിപ്തിന്റേയും ഗ്രീസിന്റേയും 'സമീപപൗരസ്ത്യ'-ദേശങ്ങളുടേയും ചരിത്രങ്ങളെ അവയുടെ ജന്മപുരാണങ്ങൾ മുതൽ പിന്തുടരുക കൂടി ചെയ്യുന്നു.[4] കൃതിഅന്വേഷണംതന്റെ ദീർഘചരിത്രം ഹെറോഡോട്ടസ് തുടങ്ങുന്നത് താഴെപ്പറയുന്ന അർത്ഥമുള്ള ഒരാമുഖവാക്യത്തിലാണ്:-
'ഹിസ്റ്ററി' എന്ന ഗ്രീക്ക് പദം ഹെറോഡോട്ടസ് ഉപയോഗിച്ചത് അന്വേഷണങ്ങൾ, ഗവേഷണം എന്നൊക്കെയുള്ള അർത്ഥത്തിലായിരുന്നു. ഹെറോഡോട്ടസിന്റെ കൃതിയുടെ പേരു പിന്തുടർന്നാണ് ആ പദത്തിന് കാലക്രമേണ, ചരിത്രം എന്ന അർത്ഥം വന്നുചേർന്നത്. ഹെറോഡോട്ടസിന്റെ രചന ഒരു പുതിയ സാഹിത്യരൂപത്തിന്റെ മാതൃകയായി താമസിയാതെ അംഗീകാരം നേടി. അദ്ദേഹത്തിനു മുൻപ് ഭൂതകാലത്തെക്കുറിച്ചുള്ള അറിവിന്റെ പരിരക്ഷയുടെ ഉപാധികൾ ദിനവൃത്താന്തങ്ങളും ഇതിഹാസങ്ങളും മറ്റുമായിരുന്നു. പൂർവകാലവൃത്താന്തങ്ങളെ ദാർശനികമായും ഗവേഷണകൗതുകത്തോടെയും സമീപിച്ചുവെന്നതാണ് ഹെറോഡോട്ടസിന്റെ പുതുമ. മനുഷ്യവ്യാപാരങ്ങളെക്കുറിച്ചുള്ള അന്വേഷണമായി അദ്ദേഹം തന്റെ രചനാസംരംഭത്തെ കണ്ടു. "ചരിത്രരചനയുടെ പിതാവ്" എന്ന വിശേഷണം ഗ്രന്ഥകാരനു ലഭിച്ചത്, കൃതിയുടെ ഈ സവിശേഷതകളിൽ നിന്നാണ്.[5] രൂപരേഖബിസി 430-424 കാലത്തു പ്രസിദ്ധീകരിക്കപ്പെട്ട ഹെറോഡോട്ടസിന്റെ രചന, പിൽക്കാലത്ത് അലക്സാണ്ഡ്രിയൻ പണ്ഡിതന്മാർ നടത്തിയ സംശോധനയിൽ ഒൻപതു പുസ്തകങ്ങളായി തിരിഞ്ഞു. വിജ്ഞാനത്തിന്റെ നവദേവതകളുടെ (Nine Muses) പേരുകൾ പിന്തുടർന്ന് ക്ലിയോ, യൂട്ടെർപ്പെ, തലായാ, മെൽപ്പോമെനെ, ടെർപ്സിക്കറി, ഇറാറ്റോ, പോളിമ്നിയ, ഔറാനിയ, കലയപ്പി എന്നീ പേരുകളും അവയ്ക്കു നൽകപ്പെട്ടു. ഏറ്റവും ലളിതവും വിപുലവുമായ വിശകലനത്തിൽ, നാലു പേർഷ്യൻ സാമ്രാട്ടുകളുടെ വംശചരിത്രത്തിനു സമാന്തരമായി താഴെപ്പറയുന്ന ക്രമമാണ് ഈ കൃതിക്കുള്ളത്:
ചരിത്രംമാരത്തൺഒൻപതു പുസ്തകങ്ങളിൽ ആദ്യത്തെ ആറെണ്ണം പേർഷ്യൻ സാമ്രാജ്യത്തിന്റെ വളർച്ചയുടെ കഥയാണ്. ബിസി ആറാം നൂറ്റാണ്ടിൽ ഗ്രീസിനെ ആദ്യമായി കീഴടക്കി കപ്പം ഈടാക്കിയ ഏഷ്യൻ ചക്രവർത്തി ലിഡിയായിലെ ക്രീസസിന്റെ കഥയിലാണ് ഈ ചരിത്രം തുടങ്ങുന്നത്. ക്രീസസിനെ തോല്പിച്ച് അദ്ദേഹത്തിന്റെ പിൻഗാമിയായ സൈറസ് പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായി. സാമ്രാജ്യത്തിന്റെ ചരിത്രം തേടുന്ന ആറുഗ്രന്ഥങ്ങളുടെ ഈ പരമ്പര സമാപിക്കുന്നത് ബിസി 490-ൽ മാരത്തണിൽ ആഥൻസുമായി നടന്ന ഏറ്റുമുട്ടലിൽ ഡാരിയസിന്റെ പേർഷ്യൻ സൈന്യത്തിനു നേരിട്ട പരാജയത്തിലാണ്. പേർഷ്യക്കെതിരെ ആഥൻസ്, തങ്ങളുമായി ശത്രുതയിൽ കഴിഞ്ഞിരുന്ന സ്പാർട്ടയുടെ സഹായം തേടിയിരുന്നെങ്കിലും സഹായം എത്തുന്നതിനു മുൻപു തന്നെ പേർഷ്യയുടെ തോൽവിയിൽ യുദ്ധം സമാപിച്ചിരുന്നു. പേർഷ്യയുടെ സാമ്രാജ്യവികസനത്തിനു നേരിട്ട ആദ്യത്തെ ആഘാതമായിരുന്നു അത്. തെർമോപ്പിലിഒരു ദശകത്തിനു ശേഷം ഡാരിയസിന്റെ മകനും പിൻഗാമിയും ആയിരുന്ന സെർക്സസ്, ഗ്രീസിനെ പേർഷ്യൻ സാമ്രാജ്യത്തിൽ ലയിപ്പിച്ച് മാരത്തണിലെ പരാജയത്തിനു പകരം വീട്ടാൻ ശ്രമിച്ചു. അവസാനത്തെ മൂന്നു പുസ്തകങ്ങളിൽ ആ ശ്രമത്തിന്റെയും അതിന്റെ അന്തിമപരാജയത്തിന്റെയും കഥയാണ്. ഏഷ്യാമൈനറിലൂടെ മുന്നേറി, ഏഷ്യക്കും യൂറോപ്പിനും ഇടയിലുള്ള കടലിടുക്കായ 'ഹെല്ലസ്പ്പൊയ്ക'-യിൽ (ഹെല്ലസ്പോണ്ട് - ഡാർഡനെൽസ്) എത്തിയ പേർഷ്യൻ സൈന്യം കടലിടുക്കിനു കുറുകേ ഉണ്ടാക്കിയ വലിയ പാലവും തോണികളുടെ നിരയും കടന്നു യൂറോപ്പിലെത്തി. ഈ മുന്നേറ്റത്തെ മദ്ധ്യപൂർവ ഗ്രീസിൽ തെർമോപൈലിയിലെ ചുരത്തിൽ തടഞ്ഞുനിർത്താൻ ഗ്രീസുകാർ ശ്രമിച്ചു. അവിടെ പേർഷ്യൻ സൈന്യത്തെ നേരിട്ടത് ലിയോണിഡാസിന്റെ നേതൃത്വത്തിൽ 300 പേരടങ്ങിയ ഒരു ചെറിയ സ്പാർട്ടൻ പോരാളിസംഘം ആയിരുന്നു. ധീരമായി പോരാടിയ ആ സൈന്യവ്യഹം ഒന്നടങ്കം കൊല്ലപ്പെട്ടെങ്കിലും അവരുടെ ചെറുത്തുനില്പ് പേർഷ്യൻ സൈന്യത്തിനു വലിയ ക്ഷതം വരുത്തി. സലാമിസും മറ്റുംതുടർന്ന് ഗ്രീസിലൂടെ മുന്നേറിയ പേർഷ്യൻ സൈന്യത്തിനു മുന്നിൽ തീബ്സ് ഉൾപ്പെടെ പല യവനനഗരങ്ങളും കീഴടങ്ങി. എന്നാൽ കീഴടങ്ങുന്നതിനു പകരം കപ്പലുകളിൽ നഗരം വിട്ടുപോവുകയാണ് ആഥൻസുകാർ ചെയ്തത്. ശുന്യമായ നഗരത്തിൽ പ്രവേശിച്ച പേർഷ്യൻ സൈന്യം അതിനു തീയിട്ടു. കരയിൽ പേർഷ്യയെ തടഞ്ഞുനിർത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും ആഥൻസിന്റെ നാവികശക്തി ബാക്കി നിന്നിരുന്നു. തെമിസ്റ്റൊക്ലീസ് എന്ന യവനനേതാവിന്റെ തന്ത്രങ്ങളിൽ പെട്ട്, വിസ്താരം കുറഞ്ഞ സലാമിസ് കടലിടുക്കിൽ ചെന്നെത്തിയ പേർഷ്യൻ നാവികവ്യൂഹം ബിസി 480-ൽ അവിടെ നടന്ന യുദ്ധത്തിൽ നശിച്ചു. ബിസി 479-ൽ നടന്ന പ്ലറ്റിയേയിലെ യുദ്ധത്തിൽ പേർഷ്യൻ സൈന്യത്തിനു നേരിട്ട സമ്പൂർണ്ണപരാജയത്തോടെ പേർഷ്യയുടെ വികസനമോഹത്തിന് വിരാമമായി. പേർഷ്യൻ പടയിൽ അവശേഷിച്ചതിനെ വേട്ടയാടിയ ഗ്രീക്കുകാർ ഏഷ്യാമൈനറിലെ മൈക്കലിയിൽ (Mycale) അതിനെ ഇല്ലായ്മ ചെയ്യുന്നതോടെ ചരിത്രം സമാപിക്കുന്നു. വിമർശനങ്ങൾകുറവുകൾഗ്രീസിന്റെ ശക്തികളിലൂന്നിയും പേർഷ്യയുടെ കുറവുകൾ പെരുപ്പിച്ചു കാട്ടിയും മുന്നോട്ടുപോകുന്ന ഹെറോഡോട്ടസിന്റെ ആഖ്യാനം ആധുനികകാലത്തെ പ്രചാരണസാഹിത്യങ്ങളുടെ ജനുസ്സിൽ പെടുന്നുവെന്നും പേർഷ്യക്കെതിരെയുള്ള ഒത്തൊരുമിപ്പിന് ഗ്രീക്കുകാരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം അതിനുണ്ടായിരുന്നെന്നും എച്ച്.ജി.വെൽസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.[6] തന്റെ വിശ്വചരിത്രാവലോകനത്തിൽ (Glimpses of World History) ഹെറോഡോട്ടസിന്റെ രചനയിലെ കൗതുകങ്ങൾ എടുത്തുകാട്ടുന്ന ജവഹർലാൽ നെഹ്രുവും അതിലെ പക്ഷപാതം തിരിച്ചറിയുന്നു.[7] അതേസമയം യുദ്ധവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഇരുപക്ഷത്തിന്റേയും നിലപാടുകൾ അവതരിപ്പിക്കാനും പോരിൽ പേർഷ്യൻ പക്ഷം പ്രകടിപ്പിച്ച ബഹുമാന്യതകളും യുദ്ധവീര്യവും എടുത്തുപറയാനും ഹെറോഡോട്ടസ് മടി കാണിക്കുന്നില്ല.[4] ഒരു തലമുറക്കു ശേഷം ചരിത്രരചനയുടെ വഴിയിൽ അദ്ദേഹത്തെ പിന്തുടർന്ന് മറ്റൊരു മഹായുദ്ധത്തിന്റെ കഥയെഴുതിയ തുസ്സിഡിഡീസുമായി താരതമ്യം ചെയ്ത് ഹെറോഡോട്ടസിനെ വിമർശിക്കുക പതിവാണ്. തന്റെ ചരിത്രം കല്പ്പിതകഥകളൊന്നും ഉൾക്കൊള്ളാത്തതിനാൽ വിരസമായേക്കാം എന്ന തുസ്സിഡിഡീസിന്റെ നിരീക്ഷണം തന്നെ ഹെറോഡോട്ടസിന്റെ പരോക്ഷവിമർശനമാകാം. തുസ്സിഡിഡീസിന്റെ ഒന്നാം പുറമാണ് നേരായുള്ള ചരിത്രത്തിന്റെ തുടക്കമെന്നും അതിനുമുൻപുള്ള പുരാവൃത്തങ്ങളെല്ലാം കല്പിതകഥകളാണെന്നും പറയുന്ന ഡേവിഡ് ഹ്യൂമിന്റെ അഭിപ്രായവും ഹെറോഡോട്ടസിനെ ലക്ഷ്യം വച്ചുള്ളതാണ്. കെട്ടുകഥകളും അസംഭവ്യതകളും കാടുകയറ്റങ്ങളും നിറഞ്ഞ രചനയെന്ന് ഹെറോഡോട്ടസിന്റെ കൃതി വിമർശിക്കപ്പെട്ടിട്ടുണ്ട്. കൃതിയിലെ അബദ്ധങ്ങളും അവാസ്തവങ്ങളും മൂലം "ചരിത്രരചനയുടെ പിതാവ്" എന്ന പുകഴ്ചക്കൊപ്പം "നുണകളുടെ ജനകൻ"(Father of lies) എന്ന ദുഷ്പേരും അദ്ദേഹത്തിനു ലഭിച്ചു. ഹെറോഡോട്ടസിന്റെ പ്രസിദ്ധമായ അബദ്ധങ്ങളിൽ ചിലത് ഇവയാണ്:-
കൗതുകങ്ങൾഅവിശ്വസനീയമെങ്കിലും കൗതുകകരമായ ഒട്ടേറെ 'അറിവുകൾ' ഹെറോഡോട്ടസിന്റെ ചരിത്രത്തിന്റെ നിറക്കൂട്ടിൽ ചേരുന്നു. പേർഷ്യൻ സാമ്രാജ്യത്തിന്റെ കിഴക്കേ അതിർത്തിയിലെ ഇന്ത്യൻ പ്രദേശത്ത് കുറുക്കന്റെ വലിപ്പമുള്ള ഒരിനം ഉറുമ്പുകളുണ്ടെന്നും മാളങ്ങളിൽ ജീവിക്കുന്ന ഈ ജന്തു, ഭൂമിക്കുള്ളിലെ സ്വർണ്ണാംശമുള്ള മണ്ണ് തുരന്നു മുകളിലെത്തിക്കുമെന്നും ഇന്ത്യാക്കാർ അങ്ങനെ മുകളിലെത്തുന്ന സ്വർണ്ണം ശേഖരിക്കുന്നെന്നുമാണ് ഹെറോഡോട്ടസിന്റെ ഒരു കഥ. അതിന്റെ വ്യാഖ്യാനങ്ങളും വാസ്തവികതയെ സംബന്ധിച്ച അന്വേഷണങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. ഹിമാലയപ്രാന്തങ്ങളിൽ ജീവിക്കുന്ന മൂഷികവർഗ്ഗത്തിൽ പെട്ട മാർമട്ട് എന്ന ജന്തുവാണ് ഹെറോഡോട്ടസിന്റെ ഭീമൻ ഉറുമ്പ് എന്നാണ് ഒരു 'കണ്ടെത്തൽ'.[8][9] ഹെറോഡോട്ടസ് അവതരിപ്പിക്കുന്ന മറ്റൊരു കൗതുകവർത്തമാനം പേർഷ്യയിലെ മസഗീറ്റൻ ഗോത്രത്തെ സംബന്ധിച്ചാണ്. മസഗീറ്റന്മാർക്കിടയിൽ മനുഷ്യജീവിതത്തിന് സ്വാഭാവികമായ അന്ത്യം പതിവില്ലത്രെ. പ്രായമായ മാതാപിതാക്കന്മാരെ മക്കൾ ബലിയിൽ കൊന്നശേഷം വേവിച്ചു തിന്നുകയാണു മസഗീറ്റന്മാരുടെ പതിവെന്ന് അദ്ദേഹം കരുതി.[10] ഈജിപ്തിലെ മനുഷ്യരും അവരുടെ വളർത്തുപൂച്ചകളുമായുള്ള സവിശേഷബന്ധത്തിന്റെ കൗതുകങ്ങളും[11] ഹെറോഡോട്ടസ് പറയുന്നുണ്ട്. മനുഷ്യഭാവചിത്രങ്ങൾഹെറൊഡോട്ടസ് വരച്ചുകാട്ടുന്ന ചിത്രങ്ങളിൽ ചിലത്, ദീർഘമായ യുദ്ധപരമ്പരയിലെ നാടകീയമുഹൂർത്തങ്ങളിൽ മനുഷ്യന്റേയും പ്രകൃതിയുടേയും ഭാവങ്ങൾ വെളിവാക്കുന്നവയാണ്. ഹെല്ലസ്പൊണ്ട് തരണം ചെയ്ത് യൂറോപ്പിലെത്താനായി തന്റെ സൈന്യം തീർത്ത പാലം കടൽക്കാറ്റിൽ തകർന്നപ്പോൾ കോപിതനായ പേർഷ്യൻ ചക്രവർത്തി സെർക്സസ് കടലിനു മുന്നൂറു ചാട്ടവാറടി കൊടുക്കുകയും കടലിൽ വിലങ്ങുകൾ ഇടുകയും കടലിനെ തീപ്പൊള്ളലേല്പിക്കുകയും ചെയ്തതായി ഹെറോഡൊട്ടസ് പറയുന്നു. ചാട്ടവാറടിക്കൊപ്പം കടലിനെ ഇങ്ങനെ ശകാരിക്കാനും അദ്ദേഹം ഉത്തരവിട്ടത്രെ:
ഇതിനൊക്കെ പുറമേ, തകർന്നു പോയ പാലത്തിന്റെ പണി നടത്തിയവരുടെ തലവെട്ടാനും സെർക്സസ് ഉത്തരവിട്ടത്രെ.[12] എന്നാൽ ഒടുവിൽ തന്റെ മഹാസൈന്യം കടൽ കടന്നു പോകുന്നത് കണ്ടപ്പോൾ ചക്രവർത്തി കരഞ്ഞതായും ഹെറോഡോട്ടസ് പറയുന്നു. ആ ബൃഹദ്സംരംഭത്തിൽ പങ്കെടുത്ത വലിയ മനുഷ്യക്കൂട്ടത്തിൽ ഒരാൾ പോലും നൂറു വർഷം കഴിയുമ്പോൾ ജീവിച്ചിരിപ്പുണ്ടാവില്ല എന്ന ചിന്തയിൽ മനസ്സ് കരുണാർദ്രമായപ്പോഴാണത്രെ ചക്രവർത്തി കരഞ്ഞത്.[12] അവലംബം
|
Portal di Ensiklopedia Dunia