ജലസർപ്പം (നക്ഷത്രരാശി)
ജലസർപ്പം എന്നറിയപ്പെടുന്ന ഈ നക്ഷത്രഗണം ഭൂമദ്ധ്യരേഖയിൽ നിന്നുനോക്കുമ്പോൾ തെക്കുദിശയിലാണ് കാണപ്പെടുക. കാന്തികമാനം 5.9 ഉള്ള ഒരു ഇരട്ട നക്ഷത്രവും കാന്തികമാനം 5.5 ഉള്ള ഒരു ചുവപ്പു ഭീമൻ നക്ഷത്രവും ഇതിലുണ്ട്. ഭൂമദ്ധ്യരേഖയിൽ ഡിസംബർ മാസത്തിലാണ് ഇത് കാണപ്പെടുക. ഇതിന്റെ വശങ്ങളിലായി വലിയ മഗല്ലനിക മേഘവും ചെറിയ മഗല്ലനിക മേഘവും കാണാം. പീറ്റർ ഡിർക്‌സൂൺ കീസർ, ഫ്രെഡറിക് ഡി ഹൗട്ട്മാൻ എന്നിവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പെട്രസ് പ്ലാൻഷ്യസ് സൃഷ്ടിച്ച പന്ത്രണ്ട് നക്ഷത്രസമൂഹങ്ങളിൽ ഒന്നാണിത്. 1603-ൽ ജൊഹാൻ ബെയർ രചിച്ച യുറാനോമെട്രിയയിലാണ് ഈ നക്ഷത്രരാശി ആദ്യമായി ചിത്രീകരിക്കപ്പെട്ടത്. ഫ്രഞ്ച് പര്യവേക്ഷകനും ജ്യോതിശാസ്ത്രജ്ഞനുമായ നികൊളാസ് ലൂയി ദെ ലകലൈൽ 1756-ൽ തിളക്കമുള്ള നക്ഷത്രങ്ങളെ പട്ടികപ്പെടുത്തുകയും അവയയ്ക്ക് ബേയർ പദ്ധതിപ്രകാരമുള്ള പേരുകൾ നൽകുകയും ചെയ്തു. ഹൈഡ്രസ് എന്ന ലാറ്റിൻ പേരിനർത്ഥം ആൺ ജലസർപ്പം എന്നാണ്. രാശിയിലെ ഏറ്റവും തിളക്കമുള്ളതും ദക്ഷിണ ധ്രുവത്തിൽ നിന്നും കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ളതുമായ നക്ഷത്രം 2.8-കാന്തിമാനമുള്ള ബീറ്റ ഹൈഡ്രി ആണ്. കാന്തിമാനം 3.26നും 3.33നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്ന ഗാമാ ഹൈഡ്രി സൂര്യന്റെ വ്യാസത്തിന്റെ 60 ഇരട്ടി വ്യാസമുള്ള ഒരു ചുവപ്പുഭീമൻ ചരനക്ഷത്രമാണ്. അതിനടുത്തായി കിടക്കുന്നത് ഏറ്റവും തിളക്കമുള്ള കുള്ളൻ നോവകളിലൊന്നായ VW ഹൈഡ്രിയാണ്. എച്ച്ഡി 10180 ഉൾപ്പെടെ, ഹൈദ്രസിലെ നാല് നക്ഷത്രങ്ങൾക്ക് സൗരയൂഥേതരഗ്രഹങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചരിത്രംഡച്ച് പര്യവേക്ഷകരായ പീറ്റർ ഡിർക്‌സൂൺ കീസർ, ഫ്രെഡറിക് ഡി ഹൗട്ട്മാൻ എന്നിവരുടെ ദക്ഷിണ ഖഗോള നിരീക്ഷണങ്ങളിൽ നിന്ന് ഡച്ച് ജ്യോതിശാസ്ത്രജ്ഞനായ പെട്രസ് പ്ലാൻഷ്യസ് രൂപപ്പെടുത്തിയെടുത്ത പന്ത്രണ്ട് നക്ഷത്രരാശികളിൽ ഒന്നാണ് ജലസർപ്പം. 1597-ന്റെ അവസാനത്തിൽ (അല്ലെങ്കിൽ 1598-ന്റെ തുടക്കത്തിൽ) ആംസ്റ്റർഡാമിൽ ജോഡോക്കസ് ഹോണ്ടിയസിനൊപ്പം പ്ലാൻഷ്യസ് പ്രസിദ്ധീകരിച്ച 35-സെന്റീമീറ്റർ (14 ഇഞ്ച്) വ്യാസമുള്ള ഒരു സെലസ്റ്റിയൽ ഗ്ലോബിലാണ് ഇത് ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്. 1603-ലെ ജർമ്മൻ കാർട്ടോഗ്രാഫർ ജൊഹാൻ ബയറുടെ യുറാനോമെട്രിയയിലായിരുന്നു ഈ നക്ഷത്രരാശിയുടെ ആദ്യ ചിത്രീകരണം.[1][2] അതേ വർഷം തന്നെ ഡി ഹൗട്ട്മാൻ അതിനെ തന്റെ ദക്ഷിണ നക്ഷത്ര കാറ്റലോഗിൽ ഡി വാട്ടർസ്ലാങ് (ജലസർപ്പം) എന്ന ഡച്ച് നാമം നൽകി ഉൾപ്പെടുത്തി.[3] പര്യവേഷണത്തിനിടെ കണ്ടെത്തിയ ഒരു തരം പാമ്പിനെ പ്രതിനിധീകരിച്ചായിരുന്നു ഈ നാമകരണം. [4] ഫ്രഞ്ച് പര്യവേക്ഷകനും ജ്യോതിശാസ്ത്രജ്ഞനുമായ നികൊളാസ് ലൂയി ദെ ലകലൈൽ 1756-ൽ തൻ്റെ ദക്ഷിണഖഗോളത്തിന്റെ പ്ലാനിസ്ഫിയർ പതിപ്പിൽ ഇതിനെ l'Hydre Mâle എന്ന് വിളിച്ചു, ഇത് സ്ത്രീനാമമായ ഹൈഡ്രയിൽ (ആയില്യൻ) നിന്നും ഇതിനെ വേർതിരിച്ചു. 1763ൽ ലകലൈൽ ഇതിന് ഹൈഡ്രസ് എന്ന ലാറ്റിൻ പേരു നൽകി.[5] സവിശേഷതകൾജലസർപ്പത്തിന്റെ തെക്ക് കിഴക്ക് മേശ നക്ഷത്രരാശി, കിഴക്ക് യമുന, വടക്ക് കിഴക്ക് ഘടികാരം, വല, വടക്ക് അറബിപക്ഷി, വടക്ക് പടിഞ്ഞാറ് സാരംഗം, തെക്ക് വൃത്താഷ്ടകം എന്നിവയാണ് അതിർത്തികൾ. താൻ വരച്ച ഈ അവസാന നക്ഷത്രസമൂഹത്തിന് ഇടം നൽകുന്നതിനായി ലക്കെയ്ൽ ഇതിന്റെ വാൽ ചുരുക്കി.[4] 243 ചതുരശ്ര ഡിഗ്രി വിസ്തൃതിയള്ള ഇത് 88 രാശികളിൽ 61-ാം സ്ഥാനത്താണ്.[6] 1922-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച മൂന്നക്ഷരങ്ങളുടെ ചുരുക്കെഴുത്ത് "Hyi" എന്നാണ്.[7] 1930-ൽ ബെൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജിൻ ഡെൽപോർട്ട് 12 ഭാഗങ്ങളുള്ള ബഹുഭുജരൂപത്തിൽ ഇതിന്റെ അതിരുകൾ നിർവ്വചിച്ചു. ഖഗോളരേഖാംശം 00h 06.1m നും 04h 35.1m നും ഇടയിലും അവനമനം -57.85° നും −82.06° യ്ക്കും ഇടയിലാണ് ജലസർപ്പം സ്ഥിതി ചെയ്യുന്നത്.[8] നക്ഷത്രങ്ങൾകീസറും ഡി ഹൗട്ട്മാനും പതിനഞ്ച് നക്ഷത്രങ്ങൾക്ക് മലായ്, മഡഗാസ്കൻ ഭാഷകളിൽ നിന്നുള്ള പേരുകൾ നൽകി. പിന്നീട് ആൽഫ ഹൈഡ്രി എന്ന് വിളിക്കപ്പെട്ട നക്ഷത്രമാണ് തലയെ പ്രതിനിധീകരിച്ചത്. ഗാമ നെഞ്ചിനെ പ്രതിനിധീകരിച്ചു. സാരംഗം, ഘടികാരം, മേശ, വല എന്നീ രാശികളിലേക്ക് പിന്നീട് മാറ്റിയ നക്ഷത്രങ്ങളായിരുന്നു ഇവർ ജലസർപ്പത്തിന്റെ ശരീരവും വാലുമായി അടയാളപ്പെടുത്തിയത്.[9] 1756-ൽ ലക്കെയ്ൽ ആൽഫ മുതൽ ടൗ വരെ 20 നക്ഷത്രങ്ങളെ ബെയറുടെ നാമകരണ സമ്പ്രദായം അനുസരിച്ച് പട്ടികപ്പെടുത്തി. അദ്ദേഹം റോ എന്ന പേരു നൽകിയ നക്ഷത്രത്തെ തുടർന്നു വന്ന ജ്യോതിശാസ്ത്രജ്ഞർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.[10] ജലസർപ്പത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ ബീറ്റ ഹൈഡ്രി ഭൂമിയിൽ നിന്ന് 24 പ്രകാശവർഷം അകലെയാണുള്ളത്. ഇത് 2.8 ദൃശ്യകാന്തിമാനമുള്ള മഞ്ഞ നക്ഷത്രമാണ്.[11] ഇതിന് സൂര്യന്റെ പിണ്ഡത്തിന്റെ 104% പിണ്ഡവും സൂര്യന്റെ ആരത്തിന്റെ 181% ആരവും ഉണ്ട്. സൂര്യന്റെ പ്രകാശത്തിന്റെ മൂന്നിരട്ടിയിലധികം പ്രകാശവും ഇത് പുറത്തു വിടുന്നുണ്ട്.[12] ഇത് സൗരയൂഥത്തിലെ ഏറ്റവും പഴയ നക്ഷത്രങ്ങളിൽ ഒന്നാണ്. 6.4 മുതൽ 7.1 ബില്യൺ വർഷം വരെ പഴക്കമുള്ളതായി കരുതപ്പെടുന്നു. വിദൂര ഭാവിയിലുള്ള സൂര്യന്റെ അവസ്ഥയോട് സാമ്യം പുലർത്തുന്നുണ്ട് ഈ നക്ഷത്രം. അതുകൊണ്ടുതന്നെ ഇത് ജ്യോതിശാസ്ത്രജ്ഞർക്ക് വളരെയേറെ താൽപ്പര്യമുള്ള ഒരു വസ്തുവാണ്.[12] ദക്ഷിണ ഖഗോള ധ്രുവത്തോട് ഏറ്റവും അടുത്തുള്ള തിളക്കം കൂടിയ നക്ഷത്രം കൂടിയാണിത്.[13] നക്ഷത്രസമൂഹത്തിന്റെ വടക്കേ അറ്റത്തും അകെർനറിന്റെ തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന നക്ഷത്രമാണ് ആൽഫ ഹൈദ്രി.[14] ഭൂമിയിൽ നിന്ന് 72 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ വെളുത്ത ഉപഭീമൻ നക്ഷത്രത്തിന്റെ കാന്തിമാനം 2.9 ആണ്.[15] ഇതിന്റെ സ്പെക്ട്രൽ തരം F0IV ആണ്.[16] ഇതിനർത്ഥം ഇതിന്റെ താപനില കുറയുകയും വലിപ്പം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നാണ്. സൂര്യന്റെ ഇരട്ടി പിണ്ഡവും 3.3 മടങ്ങ് വലിപ്പവും 26 മടങ്ങ് പ്രകാശവും ഇതിനുണ്ട്.[15] ആൽഫ ഹൈഡ്രി, ബീറ്റാ സെന്റൗറി എന്നിവയെ ചേർത്ത് ഒരു രേഖ വരച്ചാൽ അത് ദക്ഷിണ ഖഗോളധ്രുവത്തിൽ എത്തും.[17] ഈ രാശിയുടെ തെക്കുകിഴക്കേ മൂലയിൽ ഗാമാ ഹൈഡ്രി[13] ഭൂമിയിൽ നിന്ന് 214 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. സ്പെക്ട്രൽ തരം M2III ആയ ചുവപ്പുഭീമൻ ആണിത്.[18] 3.26 നും 3.33 നും ഇടയിൽ കാന്തിമാനം മാറിക്കൊണ്ടിരിക്കുന്ന ഒരു സെമി-റെഗുലർ വേരിയബിൾ നക്ഷത്രമാണിത്. ഇത് സൂര്യനെക്കാൾ 1.5 മുതൽ 2 മടങ്ങ് വരെ പിണ്ഡമുള്ളതും സൂര്യന്റെ വ്യാസത്തിന്റെ 60 മടങ്ങ് വരെ വ്യാസമുള്ളതുമാണ്. ഇത് ഏകദേശം സൂര്യന്റെ 655 ഇരട്ടി തിളക്കമുള്ള നക്ഷത്രമാണ്.[19] ഗാമയുടെ 3 ഡിഗ്രി വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന VW ഹൈഡ്രി SU ഉർസാ മെജോറിസ് വിഭാഗത്തിലുള്ള കുള്ളൻ നോവയാണ്. ഇത് ഒരു വെളുത്ത കുള്ളനും മറ്റൊരു നക്ഷത്രവും അടങ്ങുന്ന ഒരു ക്ലോസ് ബൈനറി സിസ്റ്റമാണ്. ആദ്യത്തേത് രണ്ടാമത്തേതിൽ നിന്ന് ദ്രവ്യത്തെ അക്രിഷൻ ഡിസ്കിലേക്ക് വലിച്ചെടുക്കുന്നു. ഇടയ്ക്കിടെയുള്ള സാധാരണ പൊട്ടിത്തെറികളും എപ്പോഴെങ്കിലുമുള്ള ഭീമൻ പൊട്ടിത്തെറികളും ഇത്തരം സംവിധാനങ്ങളുടെ സവിശേഷതയാണ്.[20] ആകാശത്തിലെ ഏറ്റവും തിളക്കമുള്ള കുള്ളൻ നോവകളിലൊന്നാണ് ഇത്.[21] സാധാരണഗതിയിൽ ഇതിന്റെ കാന്തിമാനം 14.4 ആണ്. എന്നാൽ സ്ഫോടനങ്ങൾ കൂടുതലുള്ള സമയത്ത് കാന്തിമാനം 8.4 വരെ ഉയരും..[20] മറ്റൊരു ക്ലോസ് ബൈനറി സിസ്റ്റമാണ് BL ഹൈഡ്രി. പിണ്ഡം കുറഞ്ഞ ഒരു നക്ഷത്രവും ശക്തമായ കാന്തികക്ഷേത്രമുള്ള ഒരു വെളുത്ത കുള്ളനും ചേർന്നതാണ് ഇത്. പോളാർ അല്ലെങ്കിൽ എഎം ഹെർക്കുലിസ് വേരിയബിൾ എന്നറിയപ്പെടുന്ന വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്. ദൃശ്യപ്രകാശ, ഇൻഫ്രാറെഡ് ഉദ്‌വമനങ്ങളും ഇടക്ക് എക്സ്-റേ ഉദ്‌വമനവും ഉണ്ടാകുന്നു. 113.6 മിനിറ്റ് ആണ് ഇതിന്റെ സ്വയംഭ്രണസമയം.[22] ജലസർപ്പത്തിൽ ശ്രദ്ധേയമായ രണ്ട് ദൃശ്യഇരട്ടകളുണ്ട്. Pi1 ഹൈഡ്രി, Pi2 ഹൈഡ്രി എന്നിവ ചേർന്ന Pi ഹൈഡ്രി ബൈനോക്കുലറിലൂടെ വേർതിരിച്ചു കാണാം.[13] 5.52 നും 5.58 നും ഇടയിൽ കാന്തിമാനം വ്യത്യാസപ്പെടുന്ന Pi1 ഒരു ചുവന്ന ഭീമനാണ്.[23]ഏകദേശം 476 പ്രകാശവർഷം അകലെയാണ് ഇതുള്ളത്.[24] 5.7 കാന്തിമാനമുള്ള ഓറഞ്ച് ഭീമനാണ് Pi2. ഭൂമിയിൽ നിന്ന് ഏകദേശം 488 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[25] Eta1ഉം Eta2ഉം ചേർന്ന മറ്റൊരു ദൃശ്യഇരട്ടയാണ് ഈറ്റ ഹൈഡ്രി.[13] ഈറ്റ1 മുഖ്യധാരയിലെ ഒരു നീല നക്ഷത്രമാണ്.[26] ഇത് ഭൂമിയിൽ നിന്ന് 700 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു.[27] 218 പ്രകാശവർഷം അകലെയുള്ള മഞ്ഞ ഭീമൻ നക്ഷത്രമാണ് ഈറ്റ2. ഇതിന്റെ കാന്തിമാനം 4.7 ആണ്.,[28] ഒരു ചുവപ്പുഭീമൻ ആയിക്കൊണ്ടിരിക്കുന്ന നക്ഷത്രമാണിത്. സൂര്യന്റെ പിണ്ഡത്തിന്റെ ഇരട്ടി പിണ്ഡമാണ് ഇതിന് കണക്കാക്കിയിട്ടുള്ളത്. 2005ൽ കണ്ടെത്തിയ ഈറ്റ2 ഹൈഡ്രി ബി എന്ന ഗ്രഹത്തിന് വ്യാഴത്തിന്റെ പിണ്ഡത്തിന്റെ 6.5 മടങ്ങ് കൂടുതൽ പിണ്ഡമുണ്ട്. 711 ദിവസം കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുന്ന ഈ ഗ്രഹം ഈറ്റ2ൽ നിന്ന് 1.93 ജ്യോതിശാസ്ത്ര യൂണിറ്റ് (AU) അകലെയാണുള്ളത്..[29] മറ്റ് മൂന്ന് നക്ഷത്രങ്ങൾക്കു കൂടി ഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏഴ് ഗ്രഹങ്ങളുള്ള, സൂര്യനെപ്പോലെയുള്ള HD 10180 ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഈ നക്ഷത്രത്തിന് രണ്ട് ഗ്രഹങ്ങൾ കൂടി ഉണ്ടാവാനുള്ള സാധ്യത നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവ കൂടി സ്ഥിരീകരിക്കപ്പെട്ടാൽ മൊത്തം നക്ഷത്രങ്ങളുടെ എണ്ണം ഒമ്പതാവും.[30] ഭൂമിയിൽ നിന്ന് 127 പ്രകാശവർഷം (39 പാർസെക്‌സ്) അകലെയാണ് ഇതിന്റെ സ്ഥാനം.[31] ഇതിന്റെ കാന്തിമാനം 7.33 ആണ്.[32] GJ 3021 ഒരു സൗര ഇരട്ടയാണ്-സൂര്യനെപ്പോലെയുള്ള നക്ഷത്രം- ഏകദേശം 57 പ്രകാശവർഷം അകലെയുള്ള ഇതിന്റെ കാന്തിമാനം 6.7 ആണ്.[33] ഇതിന് GJ 3021 b എന്ന ഒരു ഗ്രഹവും ഉണ്ട്. നക്ഷത്രത്തിൽ നിന്ന് ഏകദേശം 0.5 AU അകലെയായി ഇത് ഭ്രമണം ചെയ്യുന്നു. 133 ദിവസം കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുന്നു. ഇതിന് വ്യാഴത്തിന്റെ 3.37 മടങ്ങ് പിണ്ഡമുണ്ട്..[34] മങ്ങിയ ചുവപ്പുകുള്ളൻ നക്ഷത്രം GJ 3021B 68 AU ദൂരത്തിൽ പരിക്രമണം ചെയ്യുന്നതിനാൽ ഈ സംവിധാനം സങ്കീർണ്ണമായ ഒന്നാണ്.[35] HD 20003ന്റെ കാന്തിമാനം 8.37 ആണ്. 143 പ്രകാശവർഷം അകലെയുള്ള ഈ നക്ഷത്രം സൂര്യനേക്കാൾ അൽപ്പം താപനില കുറഞ്ഞതും ചെറുതുമായ മഞ്ഞ നിറത്തിലുള്ള മുഖ്യധാരാ നക്ഷത്രമാണ്. ഭൂമിയേക്കാൾ 12 മടങ്ങും 13.5 മടങ്ങും പിണ്ഡമുള്ള രണ്ട് ഗ്രഹങ്ങൾ ഇതിനുണ്ട്. ഒന്ന് 12 ദിവസം കൊണ്ടും അടുത്തത് 34 ദിവസം കൊണ്ടുമാണ് പരിക്രമണം പൂർത്തിയാക്കുന്നത്.[36] വിദൂരാകാശവസ്തുക്കൾപത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഡാനിഷ് ജ്യോതിശാസ്ത്രജ്ഞനായ ജോൺ ലൂയിസ് എമിൽ ഡ്രയർ കണ്ടെത്തിയ ഒരു വിദൂരാകാശവസ്തു ആയിരുന്നു IC 1717. പക്ഷെ അദ്ദേഹം നിരീക്ഷിച്ച സ്ഥാനത്ത് ഇപ്പോൾ അങ്ങനെയൊരു വസ്തു കാണാനില്ല. അതൊരു ധൂമകേതു ആകാനാണ് സാധ്യത.[37] വൈറ്റ് റോസ് ഗാലക്‌സി എന്നറിയപ്പെടുന്ന P G C 6240 ഒരു ഭീമൻ സർപ്പിള ഗാലക്‌സിയാണ്. സൗരയൂഥത്തിൽ നിന്ന് ഏകദേശം 345 ദശലക്ഷം പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അമച്വർ ദൂരദർശിനിയിലൂടെ എളുപ്പത്തിൽ കാണാൻ കഴിയുന്ന ഒരു സർപ്പിള ഗാലക്സിയാണ് NGC 1511.[17] കൂടുതലും സ്രാവിൽ സ്ഥിതി ചെയ്യുന്ന വലിയ മഗല്ലനിക് മേഘം ജലസർപ്പത്തിലേക്കും വ്യാപിച്ചു കിടക്കുന്നുണ്ട്.[38] ഗ്ലോബുലാർ ക്ലസ്റ്റർ NGC 1466ൽ നിരവധി RR ലൈറേ-ടൈപ്പ് വേരിയബിൾ നക്ഷത്രങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൻ്റെ കാന്തിമാനം 11.59 ആണ്. ഇതിന് 1200 കോടി വർഷത്തിലധികം പഴക്കമുണ്ട്.[39] കാന്തിമാനം 6.3 ഉള്ള HD 24188 ഉം കാന്തിമാനം 9.0 ഉള്ള HD 24115 ഉം, അതിന്റെ മുന്നിൽ സമീപത്തായി കിടക്കുന്നു..[17] NGC 602 ഒരു എമിഷൻ നെബുലയും ഇളം തിളങ്ങുന്ന തുറന്ന താരവ്യൂഹവും ചേർന്നതാണ്.[40] അവലംബം
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia