ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് കപോതം (Columba). വളരെ മങ്ങിയ ഒരു നക്ഷത്രരാശിയാണ് ഇത്. Columba എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം പ്രാവ് എന്നാണ്. ബൃഹച്ഛ്വാനം, മുയൽ എന്നിവയുടെ തെക്കുഭാഗത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ഇത് നക്ഷത്രരാശികളുടെ പട്ടികയിൽ സ്ഥാനം പിടിക്കുന്നത്. വളരെ അപ്രധാനമായിരുന്ന ഈ രാശിയുടെ അതിരുകൾ നിർണ്ണയിക്കുന്നത് 20-ാം നൂറ്റാണ്ടിലാണ്.
ആകാശഗംഗയുടെ കേന്ദ്രത്തിന് ചുറ്റുമുള്ള സൂര്യന്റെ ചലനത്തിന്റെ ദിശയുടെ എതിർദിശയായ solar antapex കപോതം രാശിയിലാണ് സഥിതി ചെയ്യുന്നത്.
ചരിത്രം
ബിസി മൂന്നാം നൂറ്റാണ്ട് : അരാട്ടസിന്റെ (315 BC/310 BC – 240) ജ്യോതിശാസ്ത്ര കവിതയായ ഫൈനോമീനയിൽ (വരികൾ 367–370, 384–385) കപോതത്തെ കുറിച്ച് പരാമർശങ്ങളുണ്ട്.
എ.ഡി രണ്ടാം നൂറ്റാണ്ട്: ടോളമി 48 നക്ഷത്രരാശികളെ പട്ടികപ്പെടുത്തിയെങ്കിലും കപോതത്തെ കുറിച്ച് പരാമർശമില്ല.
എ.ഡി. 1592:[1]ബൃഹച്ഛ്വാനം എന്ന നക്ഷത്രരാശിയിൽ ഉൾപ്പെടാത്ത നക്ഷത്രങ്ങളെ വേർതിരിച്ചറിയാൻ പെട്രസ് പ്ലാൻസിയസ് നക്ഷത്ര മാപ്പിൽ കപോതത്തെ ആദ്യമായി ചിത്രീകരിച്ചു.[2] മഹാപ്രളയം കുറയുന്നുവെന്ന വിവരം നോഹയ്ക്ക് നൽകിയ പ്രാവിനെ പരാമർശിച്ചുകൊണ്ട് പ്ലാൻഷ്യസ് ഈ നക്ഷത്രസമൂഹത്തിന് കൊളംബ നോച്ചി ("നോഹയുടെ പ്രാവ്") എന്ന് പേരിട്ടു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നക്ഷത്ര മാപ്പുകളിലും ഈ പേര് കാണപ്പെടുന്നു.
1592: ഫ്രെഡറിക് ഡി ഹോട്ട്മാൻ ഇതിന് "ഡി ഡ്യുവ് മെഡ് ഡെൻ ഒലിഫ്റ്റാക്ക്" (= "ഒലിവ് ചില്ലയേന്തിയ പ്രാവ്") എന്ന പേര് നൽകി.
1624: ബാർട്ട്ഷ് കൊളംബയെ തന്റെ യൂസസ് അസ്ട്രോണമിക്കസ് എന്ന കൃതിയിൽ "കൊളംബ നോഹെ" എന്ന പേരിൽ ഉൾപ്പെടുത്തി.
1679: ഹാലി ഇതിനെ തന്റെ കാറ്റലോഗസ് സ്റ്റെല്ലറം ഓസ്‌ട്രേലിയ എന്ന കൃതിയിൽ പരാമർശിക്കുന്നുണ്ട്.
1679: അഗസ്റ്റിൻ റോയർ ഒരു നക്ഷത്ര അറ്റ്ലസ് പ്രസിദ്ധീകരിച്ചു, അതിൽ കപോതത്തെ ഒരു രാശിയായി ചേർത്തു.
1690: ഹെവലിയസിന്റെ പ്രോഡ്രോമസ് അസ്ട്രോണമിയ എന്ന നക്ഷത്ര കാറ്റലോഗിൽ കപോതത്തെ ഉൾപ്പെടുത്തിയെങ്കിലും അതിനെ ഒരു നക്ഷത്രസമൂഹമായി പട്ടികപ്പെടുത്തിയില്ല.
1725: ഫ്ലാംസ്റ്റീഡിന്റെ കൃതിയായ ഹിസ്റ്റോറിയ കോലെസ്റ്റിസ് ബ്രിട്ടാനിക്കയിൽ കപോതത്തെ കാണിച്ചെങ്കിലും അതിനെ ഒരു നക്ഷത്രസമൂഹമായി പട്ടികപ്പെടുത്തിയിട്ടില്ല.
1763: ലകലൈൽ കൊളംബയെ ഒരു നക്ഷത്രസമൂഹമായി ലിസ്റ്റുചെയ്ത് അതിന്റെ നക്ഷത്രങ്ങളെ പട്ടികപ്പെടുത്തി.
1889: സീസിയസിന്റെ തെറ്റായ വിവർത്തനത്താൽ തെറ്റിദ്ധരിക്കപ്പെട്ട റിച്ചാർഡ് എച്ച്. അല്ലൻ, കൊളംബ ആസ്റ്ററിസം റോമൻ / ഗ്രീക്ക് കാലഘട്ടത്തിൽ കണ്ടുപിടിച്ചതാകാമെന്ന് എഴുതി. ഒരുപക്ഷേ ഇത് മറ്റൊരു നക്ഷത്രഗ്രൂപ്പായിരിക്കാം എന്ന് അടിക്കുറിപ്പു കൂടി അദ്ദേഹം നൽകി.[4]
2001: കരിങ്കടലിന്റെ തീരത്ത് ജെയ്സനും ആർഗനോട്ടുകളും പറത്തി വിട്ട പ്രാവിനെ ഇതു പ്രതിനിധീകരിക്കുന്നു എന്ന് റിഡ്പാത്തും ടിരിയോണും എഴുതി.[1]
2007: പി.കെ. ചെന്നിന്റെ അഭിപ്രായത്തിലും ഇതിന് ആർഗനോട്ടുകളുടെ പ്രാവുമായി ബന്ധമുണ്ട്. ആർഗനോട്ടുകളുടെ കപ്പലായ ആർഗോ നാവിസിന്റെഅമരത്തിനു മുകളിലാണ് ഇതിന്റെ സ്ഥാനം എന്നതാണ് ഇതിനു പറയുന്ന ഒരു കാരണം.[5][6]
2019–20: എക്‌സ്‌റേ പൊട്ടിത്തെറി നിരീക്ഷിക്കുകയായിരുന്ന ഒരു സംഘം ഗവേഷകർ ഈ നക്ഷത്രസമൂഹത്തിൽ ഒരു തമോദ്വാരം കണ്ടെത്തി.[7]
നക്ഷത്രങ്ങൾ
കപോതത്തിൽ ശ്രദ്ധേയമായ നക്ഷത്രങ്ങൾ വളരെ കുറവാണ്. കാന്തിമാനം 2.7 ഉള്ള ആൽഫാ കൊളംബേ ആണ് ഇതിലെ പ്രധാന നക്ഷത്രം. ഭൂമിയിൽ നിന്നും 268 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. 87 പ്രകാശവർഷം അകലെ കിടക്കുന്ന ബീറ്റാ കൊളംബേയുടെ കാന്തിമാനം 3.1 ആണ്.[8] മ്യൂ കൊളംബേ ഒരു റൺഎവെ നക്ഷത്രം ആണ്. NGTS-1 എന്ന നക്ഷത്രത്തിന് ഒരു സൗരയൂഥേതരഗ്രഹം കണ്ടെത്തിയിട്ടുണ്ട്.
Makemson, Maud Worcester (1941). The Morning Star Rises: an account of Polynesian astronomy. Yale University Press. p. 281. {{cite book}}: Invalid |ref=harv (help)