അക്ഷാംശം +85° നും −75° നും ഇടയിൽ ദൃശ്യമാണ് ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
ഉത്തരാർദ്ധഗോളത്തിൽ ദൃശ്യമാകുന്ന ഒരു നക്ഷത്രരാശിയാണു ഗരുഡൻ (Aquila).ആകാശഗംഗ (Milky way) എന്നറിയപ്പെടുന്ന ഗാലക്സിയിൽ ഇത് ഉൾപ്പെടുന്നു. നഗ്നനേത്രങ്ങൾക്കു ഗോചരമായ അനവധി താരകൾ ഈ വ്യൂഹത്തിലുണ്ട്; നവതാര(Supernova)കളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1918 ജൂൺ 18-നു കണ്ടെത്തിയ നവതാര അക്വില III നക്ഷത്രങ്ങളിൽവച്ച് ഏറ്റവും പ്രകാശമുള്ള സിറിയസിനോളം (Sirius) ദീപ്തിയുള്ളതായിരുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റുന്ന അനവധി താരകങ്ങൾ ഈ വ്യൂഹത്തിലുണ്ട്; രൂപസാദൃശ്യംകൊണ്ട് ഗരുഡൻ എന്നും കഴുകൻ എന്നും പരുന്ത് എന്നും ഒക്കെ അറിയപ്പെടുന്ന ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രഭയുള്ള നക്ഷത്രം തിരുവോണം (Altair) ആണ്.
ചരിത്രം
ഗരുഡൻ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 നക്ഷത്രരാശികൾ ഉൾപ്പെട്ട കാറ്റലോഗിൽ ഇടം പിടിച്ച ഒരു നക്ഷത്രരാശിയാണ്. ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യൂഡോക്സസ്, അരാറ്റസ് എന്നിവർ ഈ നക്ഷത്രരാശിയെ പരാമർശിച്ചിട്ടുണ്ട്. [3]
നക്ഷത്രങ്ങൾ
അൾട്ടേർ ആൽഫ അക്വിലെ) ആണ് ഈ രാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം. ഭൂമിയിൽ നിന്നും 17 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പറക്കുന്ന പരുന്ത് എന്നർത്ഥം വരുന്ന അൽ-നസ്‌ർ അൽ-ടൈർ എന്ന അറബി വാക്യത്തിൽ നിന്നാണ് അൾടേർ എന്ന പേരു സ്വീകരിച്ചത്. 0.76 ആണ് ഇതിന്റെ കാന്തിമാനം.[1]
അൽഷെയ്‌ൻ (ബീറ്റ അക്വിലെ) കാന്തിമാനം 3.7 ഉള്ള ഒരു മഞ്ഞ നക്ഷത്രമാണ്. 45 പ്രകാശവർഷമാണ് ഭൂമിയിൽ നിന്ന് ഇതിലേക്കുള്ള ദൂരം. തുലനം എന്നർത്ഥം വരുന്ന ഷഹിൻ-ടറാസു (ഗാമ അക്വിലെ) എന്ന വാക്കിൽ നിന്നാണ് അൽഷെയ്‌ൻ എന്ന പേര് സ്വീകരിച്ചത്.[1]
ടറാസ്ഡ് ഭൂമിയിൽ നിന്നും 460 പ്രകാശവർഷം അകലെസ്ഥിതി ചെയ്യുന്ന ഒരു ഓറഞ്ചു ഭീമൻ നക്ഷത്രമാണ്. അൽഷെയിനിനെ പോലെ തന്നെ തുലനം എന്നർത്ഥം വരുന്ന ഷഹിൻ ടറാസു എന്ന വാക്കിൽ നിന്നു തന്നെയാണ് ഇതിന്റെ പേരും സ്വീകരിച്ചിട്ടുള്ള്ത്. 2.7 ആണ് ഇതിന്റെ കാന്തിമാനം.[1]
സീറ്റ അക്വിലെകാന്തിമാനം 3 ഉള്ള ഒരു വെള്ള നക്ഷത്രമാണ് ഇത്. ഭൂമിയിൽ നിന്നും 83 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു.[1]
ഈറ്റ അക്വിലെ ഭൂമിയിൽ നിന്ന് 1200 പ്രകാശവർഷം അകലെ കിടക്കുന്ന മഞ്ഞ അതിഭീമൻ നക്ഷത്രമാണ്. ഇത് ഒരു സെഫീഡ് ചരനക്ഷത്രം ആണ്. ഇതിന്റെ കാന്തിമാനം 7.2 ദിവസം കൊണ്ട് 4.4ൽ നിന്ന് 3.5ലേക്ക് മാറുന്നു.
15 അക്വിലെ ഒരു ഇരട്ടനക്ഷത്രമാണ് (Optical Doubles). ഇതിലെ പ്രധാന നക്ഷത്രം ഒരു ഓറഞ്ചു ഭീമൻ ആണ്. 325 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 5.4 ആണ്. രണ്ടാമത്തെ നക്ഷത്രം 550 പ്രകാശവർഷം അകലെ കിടക്കുന്നു. ഇതിന്റെ കാന്തിമാനം 7 ആണ്.[1]
57 അക്വിലെ ഒരു ദ്വന്ദ്വനക്ഷത്രമാണ്. ഇതിലെ പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 5.7ഉം ദ്വിദീയ നക്ഷത്രത്തിന്റേത് 6.5ഉം ആണ്. ഭൂമിയിൽ നിന്നും ഏകദേശം 350 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[1]
ആർ അക്വിലെ ഭൂമിയിൽ നിന്നും 690 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു ചുവപ്പു ഭീമൻ നക്ഷത്രമാണ്. ഒരു മൈറെചരനക്ഷത്രം ആയ ഇതിന്റെ ഏറ്റവും കുറഞ്ഞ കാന്തിമാനം 12ഉം കൂടിയ കാന്തിമാനം 6ഉം ആണ്. 9 മാസം കൊണ്ടാണ് ഈ നക്ഷത്രം കാന്തിമാനത്തിലുള്ള ഒരു വൃത്തം പൂർത്തിയാക്കുന്നത്. സൂര്യന്റെ 400 മടങ്ങ് വ്യാസമുണ്ട് ഇതിന്.[1]
എഫ് എഫ് അക്വിലെ ഒരു മഞ്ഞ അതിഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്ന് 2500 പ്രകാശവർഷം അകലെ കിടക്കുന്ന സെഫീഡ് ചരനക്ഷത്രം ആണ്. ഇതിന്റെ കുറഞ്ഞ കാന്തിമാനം 5.7ഉം 5.2ഉം ആണ്. 4.5 ദിവസം കൊണ്ടാണ് ഇതു പൂർണ്ണമാകുന്നത്.[1]
നോവ
ബി.സി.ഇ 389ലാണ് ഒരു നോവ ഈ രാശിയിൽ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ശുക്രനോളം തിളക്കത്തിൽ കാണാൻ കഴിഞ്ഞിരുന്നുവത്രെ. നോവ അക്വിലെ 1918 ആണ് മറ്റൊന്ന്. ഇതിന് അൾട്ടെയറിന്റെ തിളക്കം ഉണ്ടായിരുന്നു.
പ്രപഞ്ചത്തിൽ ഇന്ന് അറിയപ്പെടുന്നതിൽ ഏറ്റവും കൂടുതൽ ദ്രവ്യമാനമുള്ള പദാർത്ഥമായ ഹെർക്കുലീസ്-കൊറോണ ബൊറിയാലിസ് വന്മതിൽ ഗരുഡൻ നക്ഷത്രരാശിയിലൂടെ കടന്നു പോകുന്നു. 2013ലാണ് ഇത് കണ്ടുപിടിച്ചത്. 1000 കോടി പ്രകാശവർഷം വലിപ്പമുണ്ട് ഇതിന്.
ചിത്രീകരണം
ഒരു പരുന്തിന്റെ ആകൃതിയിലാണ് ഇതിനെ ചിത്രീകരിച്ചിട്ടുള്ളത്. ഈ രാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമായ അൾട്ടേറിനെയും അതിന്റെ വടക്കു പടിഞ്ഞാറും തെക്കു കിഴക്കുമായി കിടക്കുന്ന നക്ഷത്രങ്ങളെ ചേർത്താണ് ചിറകുകൾക്ക് രൂപം കൊടുത്തിട്ടുള്ള്ത്. തല തെക്കു പടിഞ്ഞാറു ദിശയിലേക്ക് നീട്ടി വെച്ചിരിക്കുന്നു.
ഐതിഹ്യം
ഉറാനിയാസ് മിറർ എന്ന പുരാതന നക്ഷത്രചാർട്ടിൽ ചിത്രീകരിച്ചിട്ടുള്ള ഗരുഡൻ നക്ഷത്രരാശി.
ഗ്രീക്ക് ഇതിഹാസത്തിൽ ഇതിനെ സ്യൂസിന്റെ ഇടിമിന്നലിനെ വഹിക്കുന്ന പരുന്തായ എയ്റ്റോസ് ഡിയോസ് ആയാണ് പരിഗണിച്ചിരിക്കുന്നത്.[1] ഇന്ത്യയിൽ ഇത് വിഷ്ണുവിന്റെ വാഹനമായ ഗരുഡൻ ആണ്.[4][5] ഈജിപ്തുകാർക്കിത് ഹോറസ് ദേവന്റെ ഫാൽക്കൺ ആണ്.[6]
↑V.Chandran, Astronomy Quiz Book, Pustak Mahal, 1993, ISBN978-81-223-0366-7, ... later spread to other cultures such as Arab, Hindu, Greek and Roman where the names were reinterpreted to suit the local cultures. Hence Aquila/Garuda, Leo/Singha, Hydra/Vasuki and other similarities in names ...