ഇ.എം.എസ്. നമ്പൂതിരിപ്പാട്
ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് (ഇംഗ്ലീഷ്: E.M.S. Namboodiripad ജൂൺ 13, 1909 പെരിന്തൽമണ്ണ മലപ്പുറം ജില്ലാ- മാർച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിൻ്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ[അവലംബം ആവശ്യമാണ്] തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ് തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോൺഗ്രസ്സിലെ ഇടതു പക്ഷക്കാർ ചേർന്ന് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കേരളസംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം സി.പി.ഐ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആശയങ്ങൾ രൂപീകരിക്കുന്നതിലും, അത് പ്രയോഗത്തിൽ വരുത്തുന്ന കാര്യത്തിലും പുതിയ കേരളത്തിന്റെ ശിൽപികളിലൊരാളായി ഇ.എം.എസ്സിനെ കണക്കാക്കുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരിലൊരാൾ കൂടിയായിരുന്ന ഇ.എം.എസ്സ് 1998 മാർച്ച് 19-ന് തന്റെ 89-ആം വയസ്സിൽ അന്തരിച്ചു. ജനനം1909 ജൂൺ 13-ന് (1084 ഇടവം 30, രേവതി നക്ഷത്രം) മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം അംശത്തിലെ ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയിൽ ജനിച്ചു. പ്രതാപൈശ്വര്യങ്ങളുടെ നടുവിലായിരുന്നു അന്ന് ഏലംകുളം മന. അക്കാലത്ത് മനക്കലേക്ക് അമ്പതായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്നു . ഇല്ലത്തിന്റെ പേരും പ്രശസ്തിയും വഴി ആ ദേശം തന്നെ ഏലംകുളം എന്ന പേരിൽ അറിയപ്പെട്ടു. ഇ.എം.എസ് ജനിക്കുമ്പോൾ ആ തറവാട്ടിലേക്ക് ഏതാണ്ട് അമ്പതിനായിരം പറ നെല്ല് പാട്ടമായി ലഭിക്കുമായിരുന്നു. പിന്നീട് ആ ഗ്രാമത്തിലേക്ക് ബസ് സർവീസും, കാറും, ആധുനിക പരിഷ്കാരവും എല്ലാം കൊണ്ടുവന്നത് ഈ ഏലംകുളം മനക്കാരായിരുന്നു. ഒട്ടേറെ ദൈവങ്ങളുടേയും, ഭഗവതിമാരുടേയും ആസ്ഥാനമായിരുന്നു ഏലംകുളം മന അക്കാലത്ത്. ദേശത്തെ ജനജീവിതം ഇത്തരം ഇല്ലങ്ങളുടെ വരുതിയിലായിരുന്നു. [2] പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മാതാവ് വിഷ്ണുദത്ത അന്തർജനം. വിഷ്ണുദത്തയിൽ പരമേശ്വരൻ നമ്പൂതിരിപ്പാടിനുണ്ടായ നാലാമത്തെ സന്തതിയായിരുന്നു ശങ്കരൻ. ‘കുഞ്ചു‘ എന്ന ഓമനപ്പേരിലാണ് ശങ്കരൻ അറിയപ്പെട്ടിരുന്നത്.[3] വിഷ്ണുദത്ത ആദ്യം പ്രസവിച്ച രണ്ടുമക്കൾ മരിച്ചു, പിന്നെ ജനിച്ച കുട്ടിക്ക് വേണ്ടത്രം മാനസിക വളർച്ച ഇല്ലായിരുന്നു. ബാല്യംകടുത്ത യാഥാസ്ഥിതിക കുടുംബത്തിന്റെ അന്തരീക്ഷത്തിലാണ് ശങ്കരൻ വളർന്നത്. അഷ്ടഗൃഹത്തിലാഢ്യർ എന്ന ഉയർന്ന തറവാട്ടു മഹിമയുള്ളവരായിരുന്നു അവർ. തറവാട്ടുവകയായ ക്ഷേത്രങ്ങൾ മാത്രമല്ല മറ്റനേകം ക്ഷേത്രങ്ങളിലേയും തന്ത്രിമാരായിരുന്നു അദ്ദേഹത്തിന്റെ മനയിലെ അംഗങ്ങൾ. അവിടെ നിത്യവും പൂജയും മറ്റു കർമ്മങ്ങളും നടന്നു. ശങ്കരന് ഓർമ്മ വയ്ക്കാറാവുന്നതിനു മുമ്പേ അച്ഛൻ പരമേശ്വരൻ നമ്പൂതിരി മരിച്ചു. അച്ഛന്റെ സ്ഥാനത്ത് അമ്മയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്.ആ കുടുംബത്തിലെ നാലാമത്തെ സന്താനമായിരുന്നു ശങ്കരൻ. മൂത്ത രണ്ടു കുഞ്ഞുങ്ങൾ ബാല്യം കടക്കുന്നതിനു മുന്നേ തന്നെ മരിച്ചു പോവുകയും മൂന്നാമത്തെ കുട്ടി ബുദ്ധിപരമായി വളർച്ച പ്രാപിക്കാതിരിക്കുകയും ചെയ്തതിനാൽ വളരെയധികം വാത്സല്യത്തോടെയാണ് ശങ്കരനെ അമ്മ വളർത്തിയത്. ആചാരങ്ങൾ സൃഷ്ടിച്ച ധാരാളം പ്രതിസന്ധികൾ ഇല്ലത്തുണ്ടായിരുന്നു. ബാലൻ ആയിരുന്ന കാലത്തുപോലും ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും ശങ്കരനു പിന്തുടരേണ്ടി വന്നു.[4]. ഇരിക്കണമ്മമ്മാർ എന്ന വാല്യക്കാരത്തികൾ ആണ് അക്കാലത്ത് ശങ്കരന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. പഠിപ്പിനായിട്ടുള്ള കാര്യങ്ങൾക്ക് പുറമേ ആയുസ്സ് വർദ്ധിപ്പിക്കാനായി തറവാട്ടിന് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ നിത്യദർശനം നിർബന്ധമാക്കിയിരുന്നു. പന്ത്രണ്ട് വയസ്സു വരെ ഇത് തുടർന്നു. ബുദ്ധിമാന്ദ്യം ബാധിച്ച പരമേശ്വരൻ കൂടാതെ അച്ഛൻ രണ്ടാം ഭാര്യയിൽ ജനിച്ച രാമൻ, ബ്രഹ്മദത്തൻ, ദേവകി, പാർവതി എന്നീ സഹോദരങ്ങളും ശങ്കരന്നുണ്ടായിരുന്നു. വിദ്യാഭ്യാസംമീറ്റ്ന അച്യുതവാര്യർ എന്നയാളാണ് ശങ്കരനെ നിലത്തെഴുത്തു പഠിപ്പിച്ചത്. അഞ്ചാമത്തെ വയസ്സിലായിരുന്നു ഇത്. നമ്പൂതിരി കുടുംബങ്ങളിലെ പതിവിൽനിന്നു വിഭിന്നമായി ശങ്കരനെ പഠിപ്പിക്കാൻ ഒരു സ്കൂൾ അദ്ധ്യാപകനെ ഏർപ്പാട് ചെയ്തു. എങ്കിലും പിന്നീട് എഴുത്ത്, വായന, കണക്ക് എന്നീ രീതി വിട്ട് ശങ്കരനെ സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങി. കുടുംബ പൂജാരിയായിരുന്ന പള്ളിശ്ശേരി അഗ്നിത്രാതൻ നമ്പൂതിരിയാണ് അദ്ദേഹത്തെ പഠിപ്പിച്ചത്. സംസ്കൃതവും മലയാളവും നന്നായി വായിക്കാൻ പഠിച്ചു.[5] എന്നിരിക്കിലും ആദ്യമായി മലയാളത്തിൽ എഴുതുന്നത് പതിനാലാമത്ത വയസ്സിലാണ്. എട്ടു വയസ്സിലാണ് ഉപനയനം കഴിഞ്ഞത്. എന്നാൽ ഓത്ത് (ഋഗ്വേദം ഓർത്തു ചൊല്ലിപ്പഠിക്കൽ) തുടങ്ങി അധികം വൈകാതെ ഗുരുനാഥന്റെ അച്ഛൻ മരിച്ചതിനാൽ തുടർന്ന് പഠനം ഗുരുനാഥന്റെ വീട്ടിലാക്കി.[6] കാവ്യനാടകാലങ്കാരങ്ങൾ പഠിച്ച് പണ്ഡിതനാകണം, കടവല്ലൂർ അന്യോന്യത്തിനു പോയി പ്രശസ്തനാകണം തുടങ്ങിയവയായിരുന്നു അമ്മ വിഷ്ണുദത്തയെ സംബന്ധിച്ചിടത്തോളം മകനെക്കുറിച്ചുള്ള സ്വപ്നങ്ങൾ. ജ്യേഷ്ഠൻ വിവാഹിതനായതോടുകൂടി അതേ വരെ അദ്ദേഹം നടത്തിയിരുന്ന സ്കൂൾ വിദ്യാഭ്യാസം നിർത്തി, എലങ്കുളത്തുതന്നെ സ്ഥിരതാമസമാക്കി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകാത്തതിനാലും , കുറേക്കൂടി ഉയർന്ന വിദ്യാഭ്യാസനിലവാരം വേണം എന്ന ആഗ്രഹം ഉള്ളതിനാലും വീട്ടിൽ ഒരു ട്യൂട്ടറെ വെച്ച് പഠിപ്പു തുടർന്നു. ഇംഗ്ലീഷ് , കണക്ക് എന്ന വിഷയങ്ങൾ പഠിക്കാൻ തുടങ്ങിയത് ഈ സമയത്താണ്. രണ്ടോ മൂന്നോ മാസത്തെ ട്യൂഷന്റെ സഹായംകൊണ്ട് ഹൈസ്ക്കൂളിലെ മൂന്നാം ഫോറത്തിലോ , നാലാം ഫോറത്തിലോ ചേരാം എന്ന നിലയിലായി. അങ്ങനെ 1925 ജൂണിൽ പെരിന്തൽമണ്ണ ഹൈസ്ക്കൂളിൽ മൂന്നാം ഫോറത്തിൽ ചേർന്നു.[7] മൂന്നാംഫോറത്തിൽ നിന്നും ജയിച്ചപ്പോൾ മറ്റുള്ളവരുടെ എതിർപ്പുകൾ വകവെക്കാതെ ഐഛികവിഷയമായി ചരിത്രം തിരഞ്ഞെടുക്കുകയായിരുന്നു. ഭാവിയിൽ ഒരു രാഷ്ട്രീയക്കാരനായി തീരണമെന്ന ഉറച്ചവിശ്വാസമുള്ളതുകൊണ്ടാണ് അന്ന് താൻ ചരിത്രം തന്നെ തിരഞ്ഞെടുത്തതെന്ന് ഇ.എം.എസ്സ് പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്.[8] പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തെ തുടർന്ന് മനയ്ക്കലെ കാര്യങ്ങൾ നോക്കി നടത്താൻ പ്രായമുള്ള ആരും ഇല്ലാതായതിനെത്തുടർന്ന് ഇല്ലം നോക്കി നടത്താൻ അകന്ന ഒരു ബന്ധുവിനെ ആശ്രയിക്കേണ്ടതായി വന്നു. അച്ഛൻ പരമേശ്വേരൻ നമ്പൂതിരിപ്പാടിന്റെ സഹോദരീപുത്രൻ കൊച്ചീരാജ്യത്തെ ഇരിങ്ങാലക്കുടയിലെ മേച്ചേരി ഇല്ലത്തെ നാരായണൻ നമ്പൂതിരിപ്പാടായിരുന്നു ആ ബാദ്ധ്യത ഏറ്റത്. മേച്ചേരി ഏട്ടൻ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം പരിഷ്കൃത മനസ്സുള്ളവനും ദേശീയ പ്രസ്ഥാനത്തിലും പൊതുകാര്യങ്ങളിലും താല്പര്യമുള്ളയാളുമായിരുന്നു. ഇത് ഇല്ലത്തെ ജീവിത സമ്പ്രദായങ്ങളിൽ മാറ്റങ്ങൾ വരുത്താനിടയായി. പത്രമാസികൾ വരുത്തുക, ഇല്ലത്ത് അഭ്യസ്തവിദ്യരും പൊതുകാര്യപ്രസക്തരുമായ സുഹൃത്തുക്കൾക്ക് ആതിഥ്യമരുളുക തുടങ്ങിയ പുതുമകൾ പലതും തുടങ്ങി. ഇത് ഇ.എം.എസിലും മാറ്റങ്ങൾ വരുത്തി. ഗുരുനാഥന്റെ വീട് ഒരു ജന്മി ഗൃഹമായിരുന്നു. ആംഗലേയ വിദ്യാഭ്യാസം നമ്പൂതിരി ഇല്ലങ്ങളിൽ നിഷിദ്ധമായിരുന്നു. എങ്കിലും അതിന്റെ ആവശ്യകത മനസ്സിലാക്കാൻ എല്ലാവരും തുടങ്ങിയിരുന്നു. ഈ കാലഘട്ടത്തിലാണ് നമ്പൂതിരി വിദ്യാർത്ഥികൾക്കുവേണ്ടി തൃശ്ശൂരിനടുത്ത് ഒല്ലൂരിനടുത്തുള്ള എടക്കുന്നിയിൽ ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചത്. കാരണവർമാർ എതിർത്തിരുന്നെങ്കിലും പലരും അത് പഠിക്കാൻ മുതിർന്നു. മേച്ചേരി ഏട്ടന്റെ സഹായത്തോടെ അദ്ദേഹവും ‘മ്ലേച്ഛഭാഷ’യായി കരുതപ്പെട്ടിരുന്ന ഇംഗ്ലീഷ് പഠിച്ചു. ഹൈസ്ക്കൂൾ പഠനകാലത്ത് ശങ്കരൻ അങ്ങാടിപ്പുറത്തു നടന്ന യോഗക്ഷേമ സഭയുടെ ഇരുപതാം സമ്മേളനത്തിൽ സന്നദ്ധപ്രവർത്തകനായി പങ്കെടുക്കുകയുണ്ടായി. സ്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ സാമൂഹിക പ്രവർത്തനങ്ങളോടുള്ള താത്പര്യം ആ കുട്ടിയിൽ ഉദയംകൊണ്ടിരുന്നു.[9] ഖിലാഫത്ത് സമരകാലത്ത് ലഹളയെ ഭയന്ന് അകലെയുള്ള ബന്ധുവീട്ടിലാണ് കുറേകാലം ശങ്കരൻ കഴിഞ്ഞിരുന്നത്. ഇക്കാലത്ത് പട്ടണപ്പരിഷ്കാരത്തിന്റെ സ്വാദറിയാൻ അദ്ദേഹത്തിന് സാധിച്ചു. മാത്രവുമല്ല അന്ന് പുറംലോകത്തു സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത്, സ്വരാജ് പ്രസ്ഥാനം എന്നിവയെക്കുറിച്ചറിയാനും അവയോട് ആദരവ് വർദ്ധിക്കാനും ഇത് കാരണമാക്കി. ഇതിനിടെ തൃശ്ശൂരിലെ നമ്പൂതിരി വിദ്യാലയത്തിലെ ആംഗലേയ പഠനം കഴിഞ്ഞെത്തിയ ശങ്കരൻ പെരിന്തൽമണ്ണ ഹൈസ്കൂളിൽ ചേർന്നു. മൂന്നാം ഫാറത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. നാനാജാതിമതസ്ഥരുമായുള്ള ഇടപെടലും സൗഹൃദവും അദ്ദേഹത്തിനു പുതിയ അനുഭവങ്ങൾ നൽകി. ഇതിനകം തന്നിൽ വളർന്നുവന്നിരുന്ന പൊതുകാര്യപ്രസക്തനെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പഠനമുറിക്ക് പുറത്ത് അദ്ദേഹം പ്രസംഗമത്സരങ്ങൾ, കളികൾ എന്നിവയിൽ പങ്കെടുക്കുകയും ഉപന്യാസം, പ്രസംഗം എന്നിവയെഴുതുകയും ചെയ്യുന്നതിൽ താല്പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന് അക്കാലം മുതലേ വിക്ക് ഉണ്ടായിരുന്നുവെങ്കിലും അതൊരു പ്രശ്നമായി അദ്ദേഹം കണക്കിലെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ വഴികാട്ടികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് എം.പി. ഗോവിന്ദമേനോൻ ആയിരുന്നു. അഭിഭാഷക വൃത്തി ഉപേക്ഷിച്ച് നിസ്സഹകരണ പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും സംബന്ധിച്ച വ്യക്തിയായിരുന്നു ഗോവിന്ദമേനോൻ. സാമൂഹ്യ-രാഷ്ട്രീയരംഗത്ത്നിസ്സഹകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വളർച്ചയോട് കൂടി രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹത്തിന് താല്പര്യം ജനിക്കാൻ തുടങ്ങി.[10]. ഏതാണ്ട് ഇക്കാലത്താണ് കോഴിക്കോട് നിന്നും കെ.പി. കേശവമേനോന്റെ പത്രാധിപത്യത്തിൽ മാതൃഭൂമി ത്രൈവാരികയായി പുറത്തു വരാൻ തുടങ്ങിയത്. ആ വാരികയിലൂടെ അദ്ദേഹം ലോകത്തേയും പ്രത്യേകിച്ച് കേരളത്തേയും നോക്കിക്കണ്ടു. ലോകമാന്യ എന്ന രാഷ്ട്രീയ വാരികയിൽ പത്രാധിപരായിരുന്നത് അദ്ദേഹത്തിന്റെ ബന്ധു കുറൂർ നീലകണ്ഠൻ നമ്പൂതിരിയായിരുന്നു. അധികാരികൾ അദ്ദേഹത്തെ ജയിലിൽ അടച്ചപ്പോൾ ശങ്കരന് അദ്ദേഹത്തോട് ആരാധന തോന്നി. 1923-ൽ പതിന്നാലാം വയസ്സിൽ നമ്പൂതിരി യോഗക്ഷേമസഭയുടെ വള്ളുവനാട് ഉപസഭയുടെ സെക്രട്ടറിയായതാണ് സാമൂഹ്യ രംഗത്ത് ആദ്യത്തെ കാൽ വയ്പ്. നമ്പൂതിരിമാർക്കിടയിലെ സാമുദായിക പരിഷ്കരണ പ്രസ്ഥാനമായ യോഗക്ഷേമ സഭയുടെ ഭാരവാഹികളിലൊരാളായിത്തീർന്നു അദ്ദേഹം[11]. യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് താൻ പേനയും പെൻസിലും എടുത്തതെന്ന് അദ്ദേഹം തന്നെ പിൽക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് രാഷ്ട്രീയത്തിലുള്ള അഭിനിവേശം നിമിത്തം അന്ന് ചെന്നൈയിൽ വച്ച് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്തു. സൈമൺ കമ്മീഷനെതിരെയുള്ള ആഹ്വാനങ്ങൾ ഉയർന്ന കാലം ആയിരുന്നു അത്. ഇതിനുശേഷം രണ്ടു മാസം കഴിഞ്ഞ് പയ്യന്നൂർ വച്ച് കേരള സംസ്ഥാനത്തെ രാഷ്ട്രീയ സമ്മേളനം ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ നടന്നു. അതിൽ വച്ച് മിതവാദികൾ സ്വരാജ് മതിയെന്നും തീവ്രവാദികൾ പൂർണ്ണസ്വാതന്ത്ര്യം വേണമെന്നും പറഞ്ഞുണ്ടായ വാദ പ്രതിവാദങ്ങൾ അദ്ദേഹത്തിനെ സജീവ രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴച്ചു. സൈമൺ കമ്മിഷനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടിലെമ്പാടും വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചപ്പോഴും വിദ്യാർത്ഥിയായിരുന്ന ഇ എം എസ് അതിൽ പങ്കാളിയായില്ല. ഈ ഭീരുത്വം പിൽക്കാലത്ത് മനസ്സിനെ മഥിച്ചതും നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്കു വണ്ടികയറുന്നതിനു കാരണമായെന്നു ജീവചരിത്രകാരനായ അപ്പുക്കുട്ടൻ വള്ളിക്കുന്ന് അഭിപ്രായപ്പെടുന്നു.[12] ഇതേ സമയത്ത് നമ്പൂതിരി യോഗക്ഷേമ സഭയുടെ യുവജന വിഭാഗത്തിലിരുന്നു കൊണ്ട് സാമൂഹിക പരിവർത്തനത്തിനായി അദ്ദേഹം ശ്രമിച്ചു. 'പാശുപതം' എന്ന വാരികയിൽ നമ്പൂതിരി നിയമം പരിഷ്കരിച്ച് കുടുംബസ്വത്തിൽ കാരണവർക്കുള്ള അധികാരം കുറച്ച് മറ്റുള്ളവർക്കും മാന്യമായി ജീവിക്കാൻ അവസരം ഉണ്ടാവണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചു. അങ്ങാടിപ്പുറം സ്കൂളിനടുത്ത് സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലയിലെ സ്ഥിരം സന്ദർശകനായി അദ്ദേഹം. ![]() രാഷ്ട്രീയരംഗത്ത്സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന കാലം പാലക്കാട് ആയിരുന്നു. അവിടെ വച്ച് വി.ടി. ഭട്ടതിരിപ്പാട്, കുട്ടൻ നമ്പൂതിരിപ്പാട് പാണ്ടം, കുറൂർ തുടങ്ങിയവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. ഇക്കാലത്ത് ആര്യ സമാജത്തിന്റെ പ്രചരണത്തിനായി വന്ന ഒരു പഞ്ചാബുകാരനിൽനിന്ന് ഹിന്ദി പഠിക്കാൻ ആരംഭിച്ചു. എന്നാൽ ഹിന്ദിയുടെ പ്രചാരണം സ്കൂളിന്റെ പ്രിൻസിപ്പൽ തടഞ്ഞു. ഇത് അദ്ദേഹമുൾപ്പെടുന്നവരുടെ സമര വീര്യം ആളി കത്തിച്ചു. 1929 ജൂണിൽ കോളേജ് പഠനത്തിനായി തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ജൂനിയർ ഇൻറർമീഡിയേറ്റിനു ചേർന്നു. പ്രാചീന ചരിത്രം, ഇന്ത്യാചരിത്രം, തർക്കശാസ്ത്രം എന്നിവയായിരുന്നു അദ്ദേഹം ഐച്ഛികവിഷയങ്ങളായി തിരഞ്ഞെടുത്തത്. അന്നു മുതൽ 1932 വരെ അവിടത്തെ വിദ്യാർത്ഥിയായിരുന്നു. ഇവിടെ വച്ച് അദ്ധ്യാപകരായ പ്രൊഫ: നാരായണസ്വാമി, എം.പി. പോൾ എന്നിവരുമായി അടുത്തിടപെടാനായി. കോളജ് പഠനകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും സജീവമായി പങ്കേടുത്തു. 1930 ആയപ്പോഴേക്കും സ്വാതന്ത്ര്യ സമര സേനയുടെ രണ്ടാം നിരയിലേയ്ക്ക് ഉയരാൻ അദ്ദേഹത്തിനും കൂട്ടർക്കും കഴിഞ്ഞു. ഇക്കാലത്ത് രാജഗോപാലാചാരിയുമായും ജമൻലാൽ ബജാജുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. സാമൂഹ്യപരിഷ്കരണപ്രസ്ഥാനത്തിൽ സജീവമായിരുന്നുവെങ്കിലും പഠനത്തിൽ ഒട്ടും തന്നെ പുറകിലായിരുന്നില്ല അദ്ദേഹം.[13] 1931-ലെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു. തൊട്ടടുത്തവർഷം നിയമലംഘന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായ എം ഗോവിന്ദമേനോൻ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ തത്സ്ഥാനത്തേയ്ക്ക് പരിഗണിച്ചത് അത്രയൊന്നും പേരെടുക്കാത്ത ശങ്കരനെയാണ്. അത് പത്രമാധ്യമങ്ങളിൽ വരികയും അന്നുവരെ ശങ്കരന്റെ ഇത്തരം പ്രവൃത്തികൾ അറിയാത്ത അമ്മ അത് അറിയുകയും ചെയ്തു. അവർ മകനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. 1932 ജനുവരി 17-ന് ഇ.എം.എസിന്റെ നേതൃത്വത്തിൽ മൂന്നുപേർ കടപ്പുറത്തേക്ക് ഉപ്പ് ശേഖരണ ജാഥ നടത്തി. ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു ഇത്. കടപ്പുറത്തെ വമ്പിച്ച ജനാവലിക്കു മുൻപിൽ വച്ച് അവരെ അറസ്റ്റ് ചെയ്തു. പൗരാവകാശ ലംഘനം ആരോപിച്ച് ജയിലിലടച്ചു. മൂന്നു കൊല്ലത്തെ കഠിന തടവും 100 രൂപ പിഴയുമായിരുന്നു ശിക്ഷ. എന്നാൽ 1933 ഓഗസ്റ്റ് 31-ന് അദ്ദേഹമടക്കമുള്ള പലരേയും വെറുതെ വിട്ടു. വെല്ലൂർ, കണ്ണൂർ ജയിലുകളിലായാണ് അദ്ദേഹത്തെ തടവിൽ പാർപ്പിക്കപ്പെട്ടത്. കണ്ണൂർ ജയിലിൽ വച്ച് സഹ തടവുകാരനായ കമൽനാഥ് തിവാരി അദ്ദേഹത്തിന് സോഷ്യലിസ്റ്റ് ആശയങ്ങൾ പരിചയപ്പെടുത്തി. ഇതു കൂടാതെ ബംഗാളിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന സെൻഗുപ്ത, ചക്രവർത്തി, ആചാര്യ എന്നിവരും അന്ന് കണ്ണൂർ ജയിലിൽ ഉണ്ടായിരുന്നു. പിന്നീട് വെല്ലൂർ ജയിലിലേയ്ക്ക് മാറ്റിയ ശേഷവും ഇടതുപക്ഷ ചിന്താഗതിക്കാരായ ധാരാളം തടവുകാരുമായി അദ്ദേഹത്തിന് സഹവർത്തിത്വം ഉണ്ടായി. അതിൽ പ്രധാനിയാണ് വി.വി. ഗിരി, ബുളുസു സാംബമൂർത്തി എന്നിവർ. കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്1932-കോളേജ് വിട്ട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി ജീവിക്കാൻ ആരംഭിച്ചു. ഗാന്ധിജി നിയമലംഘനപ്രസ്ഥാനം നിർത്തിവെച്ചത് രാജ്യത്തെ യുവാക്കൾക്കിടയിൽ വലിയ എതിർപ്പുണ്ടാക്കി. ഇക്കാലയളവിൽ സോവിയറ്റ് യൂണിയൻ നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതികളുടെ വിജയം യുവാക്കളെ ആകർഷിച്ചു. കോൺഗ്രസ്സിലെ ഇടതുപക്ഷത്തേക്ക് ചലിച്ചുകൊണ്ടിരുന്ന ഇ.എം.എസ്സിന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിനു പിന്തുണ നൽകാൻ പ്രയാസമുണ്ടായില്ല. 1934-ൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപംകൊണ്ടപ്പോൾ അതിന്റെ അഖിലേന്ത്യാ സെക്രട്ടറിമാരിലൊരാൾ ഇ.എം.എസ്സായിരുന്നു.[14] രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ നേതൃപാടവം പ്രകടമാക്കിയ ഇ.എം.എസ്. 1934-36 ൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 1934, 1938, 1940 വർഷങ്ങളിൽ കെ.പി.സി.സി യുടെ സെക്രട്ടറിയായിരുന്നു. കോൺഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടി യെപ്പറ്റി ആലോചിക്കുമ്പോൾതന്നെ ഇ എം എസ് ആ ചിന്താധാരയ്കൊപ്പം നിന്നു. 1935 ൽ ഇ.എം.എസ്സും പി. കൃഷ്ണപിള്ളയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ നേതാവായ പി. സുന്ദരയ്യയുമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തെക്കുറിച്ച് ദീർഘനേരം ചർച്ച നടത്തി. 1936 ൽ ഇ.എം.എസ്സ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഗ്രൂപ്പ് രൂപം കൊണ്ടു. ഇ.എം.എസ്സ്, പി.കൃഷ്ണപിള്ള, കെ.ദാമോദരൻ, എൻ.കെ.ശേഖർ എന്നിവരായിരുന്ന ആദ്യ അംഗങ്ങൾ.[15] അങ്ങനെ 1937-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാളായി. 1962-ൽ ജനറൽ സെക്രെട്ടറിയായിരുന്ന അജയഘോഷ് മരണപ്പെട്ടതിനെ തുടർന്ന്, ഇ.എം.എസ്. പാർട്ടി ജനറൽ സെക്രട്ടറിയായി. അതോടൊപ്പം പാർട്ടിയിലുണ്ടായിരുന്ന വിഭാഗീയത തീർക്കുന്നതിനായി പാർട്ടി ചെയർമാൻ എന്ന പുതിയ പദവി സൃഷ്ടിച്ച്, എ.എസ്. ഡാംഗെയെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തു. ചൈനയും ഇന്ത്യയുമായി 1962 ൽ യുദ്ധമുണ്ടായപ്പോൾ ചില കമ്യൂണിസ്റ്റ് നേതാക്കൾ യുദ്ധം മുതലാളിത്ത സ്റ്റേറ്റും സോഷ്യലിസ്റ്റ് സ്റ്റേറ്റും തമ്മിലുള്ള പോരാട്ടമാണെന്നു പറഞ്ഞ് ചൈനയുടെ നിലപാടിനെ സാധൂകരിക്കുകയും പല കമ്യൂണിസ്റ്റുകാരെയും ചൈനാ അനുകൂലികൾ എന്ന കാരണത്താൽ ജയിലിലടക്കുകയും ചെയ്തു. ഇ.എം.എസ്., സി. അച്യുതമേനോൻ എന്നിവർ ഉൾപ്പെടെ പലരേയും അക്കാലത്ത് ജയിലിലടച്ചു. എന്നാൽ അദ്ദേഹത്തെ മാത്രം ഒരാഴ്ചക്കകം മോചിപ്പിച്ചു. ആദ്യ ജയിൽവാസം1932 ജനുവരി 17-ന് നിയമം ലംഘിച്ച് കോഴിക്കോട് കടപ്പുറത്ത് ജാഥ നടത്തിയതിനാണ് ഇ.എം.എസിനെ ആദ്യമായി പോലീസ് അറസ്റ്റുചെയ്യുന്നത്. 1932 ജനുവരി 4 ന് മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിനു വേണ്ടി കോളജിനോട് വിടപറഞ്ഞു. സത്യഗ്രഹ സമരത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്കു പോയി. നിയമവിരുദ്ധമായി പ്രഖ്യാപിച്ച കേരള കോൺഗ്രസ് കമ്മറ്റിയുടെ രണ്ടാം സർവാധിപതിയായിരുന്നു ശങ്കരൻ നമ്പൂതിരിപ്പാട് അപ്പോൾ. വിചാരണയിൽ പങ്കുകൊള്ളുന്നില്ല എന്ന് ദൃഢനിശ്ചയത്തോടെ ഇ.എം.എസ് കോടതിയിൽ വിളിച്ചു പറഞ്ഞു. ഇ.എം.എസിന്റെ പേരിൽ ഐ.പി.സി 145 ഉം , ക്രിമിനൽ ലോ അമന്റ്മെന്റ് ആക്ടിലെ 17(2) വകുപ്പുപ്രകാരവും കേസെടുത്തതായി മജിസ്ട്രേറ്റ് അറിയിച്ചു. ഇ.എം.എസിന് മൂന്ന് കൊല്ലക്കാലം തടവ് , നൂറു രൂപ പിഴ, പിഴയടക്കാഞ്ഞാൽ നാലുമാസം അധിക തടവ് എന്നിവ വിധിച്ചു.[16] കോഴിക്കാട് ജയിലിൽ വെച്ചാണ് പി. കൃഷ്ണപിള്ളയുമായി ഇ.എം.എസ്സ് പരിചയപ്പെടുന്നത്. വളരെക്കാലം നീണ്ടു നിന്ന ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഇ.എം.എസ്സിനെ കോഴിക്കോടി ജയിലിൽ നിന്നും, കണ്ണൂരിലേക്കും അവിടെ നിന്നും വെല്ലൂർ ജയിലിലേക്കും മാറ്റി. കണ്ണൂർ ജയിലിൽവെച്ച് എ.കെ.ഗോപാലനുമായി പരിചയപ്പെട്ടു. വെല്ലൂർ ജയിലിൽവെച്ച് അവിടെയുണ്ടായിരുന്ന മറ്റു ദേശീയവിപ്ലവകാരികളുമായി പരിചയപ്പെടാനും ദേശീയരാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കാനും അദ്ദേഹത്തിനു സാധിച്ചു.[17] ഒളിവു ജീവിതംരണ്ടു തവണയാണ് ഇ.എം.എസ്. ഒളിവുജീവിതം നയിച്ചത്. 1940 ഏപ്രിൽ 28 മുതൽ 1942 ഓഗസ്റ്റ് 2 വരെയും 1948 ജനുവരി മുതൽ 1951 ഒക്ടോബർ വരെയും. കമ്യൂണിസ്റ്റ് പ്രവർത്തനങ്ങളെ ഗവർണ്മെൻറ് നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനാൽ ഒളിവിൽ പോകാൻ സുഹൃത്ത് പി. കൃഷ്ണപിള്ള അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു. ഒളിവുകാലത്ത് തന്നെ പാർട്ടികേന്ദ്രത്തിലിരുന്ന്, ബുദ്ധിപരമായ പ്രവർത്തനങ്ങളിലും പാർട്ടിയുടെ ഭാവികാര്യങ്ങളിലും അദ്ദേഹം വ്യാപൃതനായി. ‘പാർട്ടിക്കത്ത്’ അച്ചടിച്ചു. മാർക്സിസ്റ്റ് അടിസ്ഥാന ഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹം ഇക്കാലത്ത് നടത്തി. 1940 സെപ്തംബറിൽ ബ്രിട്ടീഷ് സർക്കാരിനെതിരായി മർദ്ദന പ്രതിഷേധ ദിനമാചരിക്കുകയും പലയിടങ്ങളിലും പോലീസും ജനങ്ങളും ഏറ്റുമുട്ടുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. അത്തരത്തിൽ കൊല്ലപ്പെട്ട ഒരു പോലീസുകാരന്റെ ബന്ധുവീട്ടിൽ അദ്ദേഹത്തിന് തങ്ങേണ്ടതായി വന്നു. പിന്നീട് ഒക്ടോബർ 29 ചെറുമാവിലയിലെ ചെത്തു തൊഴിലാളിയായ പൊക്കന്റെ വീട്ടിലേക്ക് മാറി. ഏതാണ് ഒന്നരവർഷക്കാലം അവിടെ താമസിച്ചു. അക്കാലത്ത് പൊക്കന്റെ മാസവരുമാനം ഏതാണ്ട് ഏഴുരൂപ ആയിരുന്നു. ഇ.എം.എസ്സിനെ പിടിച്ചുകൊടുത്താൽ പാരിതോഷികമായി 1000 രൂപയാണ് അധികാരികൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നിട്ടും കണ്ണിലെ കൃഷ്ണമണി പോലെ തന്നെ കാത്ത ആ കുടുംബത്തിന്റെ ധൈര്യവും വിശ്വസ്തതയും അദ്ദേഹത്തെ ആകർഷിച്ചു. ഒളിവു ജീവിതകാലത്തെ അനുഭവങ്ങൾ കർഷക കുടുംബങ്ങളോടുള്ള പ്രതിപത്തി വളർത്തി.[18] ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രി സഭ![]() 1957-ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ നിലവിൽ വന്നു. എന്നാൽ ഇത് ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയാണെന്നും വാദമുണ്ട്.[19] മറ്റേത് 1953 ദക്ഷിണ അമേരിക്കയിലെ ഗയാനയിൽ തിരഞ്ഞെടുക്കപ്പെട്ട (വോട്ടിങ്ങിലൂടെയല്ല) ഇന്ത്യാക്കാരനായ ചഡ്ഡി ജഗന്റെ നേതൃത്വത്തിൽ നിലവിൽവന്ന മന്ത്രിസഭയാണ്.[20][21] ഇ.എം.എസ്. ആയിരുന്നു മന്ത്രിസഭയുടെ സാരഥി. മുഖ്യമന്ത്രി സ്ഥാനത്ത്![]() പ്രഥമമുഖ്യമന്ത്രിആദ്യത്തെകമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിർപ്പുകളെ നേരിടേണ്ടി വന്നു. അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം മന്ത്രിസഭ പാസ്സാക്കി. ഇതിൻ പ്രകാരം ഒരാൾക്ക് ഉടമസ്ഥത അവകാശപ്പെടാവുന്ന ഭൂമിക്ക് ഒരു പരിധി നിശ്ചയിച്ചു. അതിൽ കൂടുതൽ ഉള്ള ഭൂമി സർക്കാർ കണ്ടുകെട്ടി ഭൂമിയില്ലാത്തവന് നല്കാൻ നിയമമായി. പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു.[22] അനധികൃത കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കും നിയമ സംരക്ഷണം ലഭിച്ചു. ഇതിനോടൊപ്പം പാസ്സാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണ നിയമവും സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു. വിദ്യാഭ്യാസ ബില്ല് അദ്ധ്യാപകരുടെ ക്ഷേമം വർദ്ധിപ്പിക്കുവാനുതകുന്നതും മാനേജ്മെന്റിന്റെ അമിത ചൂഷണം തടയുന്നതുമായിരുന്നു. എന്നാൽ ഈ നിയമം വ്യാപകമായി എതിർക്കപ്പെട്ടു. കൂടാതെ കാർഷിക ബില്ലിന്റെയും പോലീസ് നയത്തിന്റെയും പേരിൽ ധാരാളം എതിർപ്പുകളുണ്ടായി. സർക്കാരിനെതിരായി വിമോചനസമരം എന്നപേരിൽ പ്രക്ഷോഭം നടന്നു. നായർ സർവീസ് സൊസൈറ്റിയും കത്തോലിക്ക സഭയും മുസ്ലിം ലീഗും കോൺഗ്രസ്സും ഒന്നിച്ചു സർക്കാരിനെതിരെ സമരം ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ ചരിത്രത്തിൽആദ്യമായി ഇന്ത്യൻ ഭരണഘടന ചട്ടം 356 ഉപയോഗിച്ച് സർക്കാരിനെ പിരിച്ചു വിട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായി എന്ന ഗവർണറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഈ തീരുമാനം എടുത്തത്. പിന്നീട് കോടതി നിർദ്ദേശപ്രകാരം ഈ നിയമങ്ങൾക്ക് പകരം മറ്റു നിയമങ്ങൾ ഉണ്ടാക്കപ്പെട്ടു. അത് കോടതിയിൽ വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. രണ്ടാമൂഴം1967-ലെ പൊതുതിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായിരുന്ന കോൺഗ്രസ്സിനെതിരെ ഒരു വിശാല ഐക്യമുന്നണി രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തത് ഇ.എം.എസ്സാണ്. ആ തിരഞ്ഞെടുപ്പിൽ വലിയ വിജയം കൈവരിച്ച് ഇ.എം.എസ്സ് വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഇ.എം.എസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ വീണ്ടും 1967-ൽ അധികാരത്തിൽ വന്നപ്പോൾ പുതിയ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു. കേരളത്തിൽ ജന്മി സമ്പ്രദായം പൂർണ്ണമായും നിരോധിച്ചു. ഭൂമി കൈവശംവയ്ക്കുന്നതിനുള്ള പരിധി വീണ്ടും താഴേക്കു കൊണ്ടുവന്നു. അന്ന് യാതൊരു എതിർപ്പുമില്ലാതെയാണ് ഈ നിയമം പാസ്സാക്കപ്പെട്ടത്.[23] എന്നാൽ ഭരണത്തിൽ പങ്കാളിയായിരുന്ന സി.പി.ഐ മുന്നണി വിട്ട്, കോൺഗ്രസ്സിന്റെ കൂടെ കൂടുകയും ഇ.എം.എസ്സ് മന്ത്രിസഭ രാജിവെക്കാൻ നിർബന്ധിതരാവുകയും ചെയ്തു. 1970-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും, ഇ.എം.എസ് പിന്നീട് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയുണ്ടായില്ല. കുടുംബജീവിതം![]() ജയിൽവാസത്തിനിടക്ക് തൊട്ടുതിന്നുകയും തീണ്ടിത്തിന്നുകയും ചെയ്തതിനു നിരവധി നമ്പൂതിരി യുവാക്കളെ സമുദായം ഭ്രഷ്ട് കല്പിച്ചുവെങ്കിലും ജയിൽവാസത്തിനുശേഷം ഇ.എം.എസിനോട് ബന്ധുക്കൾക്ക് വിദ്വേഷമോ പകയോ ഉണ്ടായില്ല. ഇ.എം.എസിന്റെ പ്രശസ്തിയും ഇതിനൊരു കാരണമായിരുന്നിരിക്കണം. 1936-ൽ ഇല്ലം ഭാഗം വയ്ക്കുന്ന സമയത്ത് ഒരോഹരി കൂടുതൽ കിട്ടുന്നതിനായി വിവാഹം കഴിക്കാൻ അദ്ദേഹത്തിന്റെ മേൽ സമ്മർദ്ദമുണ്ടായെങ്കിലും അദ്ദേഹം വിവാഹത്തിനു തയ്യാറായില്ല. ഇല്ലം ഭാഗം വച്ചശേഷം അമ്മയുടേയും ബുദ്ധിവികാസം പ്രാപിക്കാത്ത സഹോദരന്റെയും കൂടെ പുതിയ ഒരു ഭവനത്തിലായി അദ്ദേഹത്തിന്റെ താമസം. വിവാഹംവിധവാ വിവാഹം നടത്തിക്കൊടുത്തതിനും ജയിലിൽ വച്ച് തീണ്ടിത്തിന്നതിനും ഇരട്ട ഭ്രഷ്ട് പ്രതീക്ഷിച്ചിരുന്ന ശങ്കരനുമായുള്ള വിവാഹ ബന്ധത്തിന് പല തറവാടുകളും വിസമ്മതിച്ചു. നമ്പൂതിരി തന്നെ വേണം എന്ന ആഗ്രഹത്താൽ പല ആലോചനകളും വേണ്ടന്ന് വെച്ചു . കുടമാളൂർ തെക്കേടത്ത് വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സഹോദരിയായ ‘ടിങ്ങിയ’ എന്ന് ചെല്ലപ്പേരുള്ള ആര്യ അന്തർജനത്തെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഇ.എം.എസിന്റെ ജീവിതത്തെയും താല്പര്യങ്ങളെയുംകുറിച്ച് തികച്ചും അറിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സഹോദരിയെ വിവാഹം കഴിച്ചയയ്ക്കാൻ തയ്യാറായത്. 1937 ഒക്ടോബർ 17-നായിരുന്നു (1113 തുലാം 1) വിവാഹം. വിവാഹത്തിനു ആര്യയുടെ ചേച്ചിയുൾപ്പടെയുള്ള നിരവധിപേർ വിട്ടു നിന്നെങ്കിലും മറ്റനേകം പ്രശസ്തരുടെ സാന്നിധ്യവുണ്ടായിരുന്നു.[24] മതാചാരപ്രകാരമായിരുന്നു വിവാഹം. മാത്രവുമല്ല, സ്വന്തം സമുദായത്തിലെ ഉത്പതിഷ്ണുക്കൾ അനാചാരം എന്നു കരുതിയ സ്ത്രീധനവും അദ്ദേഹം സ്വീകരിച്ചു. ഭാര്യയുടെ സഹോദരൻ നല്കാൻ തയ്യാറായ തുക വാങ്ങുകമാത്രമേ ചെയ്തുള്ളൂ എന്നാണ് നമ്പൂതിരിപ്പാട് പിന്നീട് പറഞ്ഞത്. ആര്യ അന്തർജ്ജനവുമായുള്ള ഒരു അഭിമുഖ സംഭാഷണത്തിന്നിടെ 6500 രൂപ ഇ എം എസ് സ്ത്രീധനം വാങ്ങിച്ചതിനെപ്പറ്റി അവർ പറഞ്ഞതിനെക്കുറിച്ച് ചിന്തയിലെ പംക്തിയിൽ ഇദ്ദേഹം നല്കിയ വിശദീകരണത്തിലായിരുന്നു ഇത്.
1937 ഒക്ടോബർ 17-ന് (1113 തുലാമാസം ഒന്നാം തീയതി) വിവാഹം നടന്നു. അക്കാലത്ത് നമ്പൂതിരിമാരുടെ ഇടയിൽ നടന്നിരുന്ന ഒരു ചടങ്ങായിരുന്നു ഭർത്താവിന്റെ എച്ചിൽ ഭാര്യ കഴിക്കുക എന്നത്. തന്റെ എച്ചിൽ പത്നിയെ തീറ്റുന്ന ചടങ്ങിനു താനില്ലെന്ന് ഇ.എം.എസ് നേരത്തെ തന്നെ വ്യക്തിമാക്കിയിരുന്നു.[25] കുട്ടികൾ
അവസാന കാലം1998 മാർച്ച് 19-ന് ഉച്ചതിരിഞ്ഞ് 3:40-ന് രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ കോസ്മോപൊളിറ്റൻ ആശുപത്രിയിൽ വച്ചാണ് ഇ.എം.എസ്. അന്തരിച്ചത്.[26] 89 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു. ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. സാംസ്കാരിക സൈദ്ധാന്തിക സംഭാവനകൾ![]() ഇ എം എസ് കേരള ചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി. ഇന്ത്യയിൽ നിലനിൽക്കുന്ന, അർദ്ധഫ്യൂഡൽ വ്യവസ്ഥിതിയെ മാർക്സിയൻ ചരിത്രകാഴ്ചപ്പാടിനനുസരിച്ചു വ്യാഖ്യാനിക്കാൻ കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്.[അവലംബം ആവശ്യമാണ്] പ്രധാന കൃതികൾ1926-ൽ പാശുപതം മാസികയിലാണ് ഇ.എം.എസ്സിന്റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത് . 'ഫ്രഞ്ചു വിപ്ലവവും നമ്പൂതിരി സമുദായവും' എന്ന ലേഖനം 1927ൽ യോഗക്ഷേമം മാസികയിലും പ്രത്യക്ഷപ്പെട്ടു . തുടർന്ന് രാഷ്ട്രീയവും, സാമൂദായികവും, ദാർശനികവും ആയ വിഷയങ്ങൾ സംബന്ധിച്ച് നിരവധി ആനുകാലികങ്ങളിൽ ജീവിതാവസാനം വരെ ഇ.എം.എസ്സിന്റെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുകയും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു. നൂറിലധികം പുസ്തകങ്ങൾ മലയാളത്തിലുണ്ട്. ലഘുലേഖകൾ അനവധിയാണ് . ജവഹർലാലിന്റെ ജീവചരിത്രം മലയാളത്തിൽ ആദ്യം എഴുതിയത് ഇ.എം.എസ്സാണ്. ഇ.എം.എസ്സിന്റെ സമ്പൂർണ്ണ കൃതികൾ നൂറു ഭാഗങ്ങളായി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധപ്പെടുത്തി വരുന്നു. ഇംഗ്ലീഷിൽ
മലയാളത്തിൽ
ജീവചരിത്രങ്ങൾഒന്നിലധികം ജീവചരിത്രങ്ങൾ ഇ.എം.എസിനെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട് . അറിയപ്പെടാത്ത ഇ.എം.എസ് - അപ്പുക്കുട്ടൻ വള്ളിക്കുന്ന്. ദേശാഭിമാനിയിൽ റിപ്പോർട്ടറായിരുന്ന ശ്രീ അപ്പുക്കുട്ടൻ വള്ളിക്കുന്ന് എഴുതിയ അറിയപ്പെടാത്ത ഇ.എം.എസ് എന്ന കൃതിയാണ് ആധികാരികമായി ജീവചരിത്രം. ഗ്രന്ഥസൂചിവള്ളിക്കുന്ന്, അപ്പുക്കുട്ടൻ (1987). അറിയപ്പെടാത്ത ഇ.എം.എസ്. കേരളം: ശക്തി പബ്ലിഷേഴ്സ്. അവലംബം
കുറിപ്പുകൾ
പുറമേയ്ക്കുള്ള കണ്ണികൾ
E. M. S. Namboodiripad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia