അമേരിക്കയയിലെ ഒരു പ്രധാന സംരക്ഷിത മേഖലയും യുനെസ്കോ ലോകപൈതൃകകേന്ദ്രവുമാണ് ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം (ഇംഗ്ലീഷ്:Grand Canyon National Park). 1979ലാണ് ഈ പ്രദേശത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രകൃതി തീർത്ത മഹാത്ഭുതമായ ഗ്രാൻഡ് കാന്യനാണ് ഈ ദേശീയോദ്യാനത്തിന്റെ കേന്ദ്രം. അരിസോണയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം 1,217,262 ഏക്കറാണ്(1,902 ചതുരശ്ര മൈൽ; 4,926 ച.കീ.മി)
1919ലാണ് ഗ്രാൻഡ് കാന്യണിനെ ഔദ്യോഗികമായി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതിലും കാൽനൂറ്റാണ്ടിലധികം മുൻപേ അമേരിക്കക്കാർക്ക് സുപരിചിതമായിരുന്നു ഈ സ്ഥലം. 1903-ൽ അമേരിക്കൻ പ്രസിഡന്റ്റ് തിയോഡാർ റൂസ് വെൽറ്റ് ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ടായിരുന്നു. അന്ന് അദ്ദേഹം ഗ്രാൻഡ് കാന്യണെപറ്റി പറഞ്ഞവാക്കുകൾ ഇപ്രകാരമാണ്:
“
ഗ്രാൻഡ് കാന്യൻ എന്നെ തീർത്തും വിസ്മയിപ്പിക്കുന്നു. ഇത് ഉപമിക്കാവുന്നതിലും അപ്പുറമാണ്- അവർണ്ണനീയമാണ്. തീർച്ചയായും ഇതിനുസമാനമായ മറ്റൊന്ന് ഈ ലോകത്തിൽ എവിടേയും ഉണ്ടാകുകയില്ല... പ്രകൃതിയുടെ ഈ മഹാവിസ്മയം നാം ഇന്നുകാണുന്നതുപോലെതന്നെ എന്നും നിലനിൽക്കട്ടേ. ഇതിന്റെ ഗാംഭീര്യവും, വൈഭവവും, മനോഹാരിതയും വികൃതമാക്കപ്പെടരുത്. ഇതിനെ അഭിവൃദ്ധിപ്പെടുത്തുവാൻ നമുക്കാകില്ല. പക്ഷെ നമുക്ക് ഈ വിസ്മയത്തെ നമ്മുടെ മക്കൾക്കും, അവരുടെ മക്കൾക്കും, നമുക്കുശേഷം വരുന്ന എല്ലാവർക്കുമായി കാത്തുസൂക്ഷിക്കാം, ഓരോ അമേരിക്കനും ദർശിക്കേണ്ട മഹാദൃശ്യമായി.
”
ഭൂമിശാസ്ത്രം
കൊളറാഡോ നദിയുടെ സൃഷ്ടിയായ ഗ്രാൻഡ് കാന്യനെ അതുല്യമാക്കുന്നത് അതിന്റെ ആഴവും, പരപ്പും, വർണ്ണമനോഹാരിതയുമാണ്. ശക്തിയായി ഒഴുകിയ കൊളറാഡോ നദിയുംകൊളറാഡോ പീഠഭൂമിക്കുണ്ടായ ഉയർച്ചയുമാണ് ഗ്രാൻഡ് കാന്യണിന്റെ സൃഷ്ടിക്കു പിന്നിൽ. സന്ദർശകർക്ക് എളുപ്പം എത്തിച്ചേരാവുന്ന രണ്ട് പ്രദേശങ്ങളാണ് നോർത്ത് റിമും സൗത്ത് റിമ്മും. ഗ്രാൻഡ് കാന്യണിന്റെ മറ്റുഭാഗങ്ങളിൽ സാധാരണ ഗതിയിൽ എത്തിച്ചേരുക അതി കഠിനവും ശ്രമകരവുമാണ്. ഭൂപ്രകൃതിതന്നെ ഇതിനുകാരണം
ചിത്രശാല
ഗ്രാൻഡ് കാന്യണിനെകുറിച്ച് 1938ൽ പുറത്തിറക്കിയ ഒരു പോസ്റ്റർ.
ഗ്രാൻഡ് കാന്യണിന്റെ വടക്കൻ പ്രദേശങ്ങളുടെ ഒരു ദൃശ്യം. താഴെ കൊക്കയിലൂടെ ഒഴുകുന്ന കൊളറാഡോ നദിയും കാണാം
ദേശീയോദ്യാനത്തിനുള്ളിലെ ഹോപ്പി ഹൗസ്
ഗ്രാൻഡ് കാന്യണിന്റെ മനോഹാരിത ആസ്വദിക്കുന്ന സന്ദർശകർ