അഫ്ഗാനിസ്താന്റെ ചരിത്രംമധ്യേഷ്യയുടെ കവാടം എന്നറിയപ്പെടുന്ന അഫ്ഗാനിസ്താൻ അധിനിവേശങ്ങളുടെ നാടാണ്. വിവിധ പേർഷ്യൻ സാമ്രാജ്യങ്ങൾ, അലക്സാണ്ടർ ചക്രവർത്തി, വിവിധ തുർക്കി വംശജർ, അറബികൾ, ജെങ്കിസ് ഖാൻ തുടങ്ങിയവരെല്ലാം പല കാലങ്ങളിലായി ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു. അഫ്ഗാനിസ്താന്റെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നത് ബി.സി. 500-ആമാണ്ടോടെയുള്ള പേർഷ്യൻ ഹഖാമനി സാമ്രാജ്യത്തിന്റെ ആധിപത്യകാലത്താണ്. [1][2] എന്നിരുന്നാലും ബി.സി. 3000-നും 2000-നുമിടയിൽ വികാസം പ്രാപിച്ച ഒരു നാഗരിഗത ഇവിടെ നിലനിന്നിരുന്നു എന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.[3][4][5] ചരിത്രത്തിന്റെ വിവിധ ദശകളിൽ വിവിധ പേരുകളിലാണ് അഫ്ഗാനിസ്താന്റെ ഭാഗങ്ങൾ അറിയപ്പെട്ടിരുന്നത്. ബാക്ട്രിയ, ഏരിയാന, അറാകോസിയ, ഖുറാസാൻ തുടങ്ങിയവയൊക്കെ ഇത്തരം ചരിത്രപ്രാധാന്യമുള്ള പേരുകളാണ്. ഗ്രീക്കോ ബാക്ട്രിയർ, കുശാനർ, ഇന്തോ സസാനിയർ, കാബൂൾ ശാഹികൾ, സഫാരി സാമ്രാജ്യം, സമാനി സാമ്രാജ്യം, ഗസ്നവി സാമ്രാജ്യം, ഗോറികൾ, കർത്ത് രാജവംശം, തിമൂറി സാമ്രാജ്യം, മുഗളർ, ഹോതകികൾ, ദുറാനികൾ എന്നിങ്ങനെ നിരവധി ശക്തരായ സാമ്രാജ്യങ്ങൾ അഫ്ഗാനിസ്താൻ കേന്ദ്രമാക്കി സാമ്രാജ്യങ്ങൾ സ്ഥാപിച്ചു.[6] പടിഞ്ഞാറ് ടൈഗ്രിസ്-യൂഫ്രട്ടീസ് തടങ്ങളിൽ നിന്ന് ഇറാനിയൻ പീഠഭൂമിയിലൂടെയുള്ളതും, ഇന്ത്യയിൽ നിന്നും ഹിന്ദുകുഷ് ചുരങ്ങളിലൂടെയുള്ളതും, ചൈനയിൽ നിന്നും താരിം തടത്തിലൂടെയുള്ളതുമായ വഴികൾ അഫ്ഗാനിസ്താനിൽ സംയോജിച്ചിരുന്നതിനാൽ, മിക്ക വാണിജ്യ കുടിയേറ്റപാതകളുടേയും നാൽക്കവലയായാണ് അഫ്ഗാനിസ്താൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.[7] ബി.സി. 20-ആം നൂറ്റാണ്ടിനു ശേഷമാണ് ആര്യന്മാർ അഫ്ഗാനിസ്താനിലെത്തിയതെന്ന് കരുതപ്പെടുന്നു. ഇന്നത്തെ അഫ്ഗാനിസ്താനിലെ ഭാഷകളായ പഷ്തുവിലും ദാരിയിലും ഈ ആര്യപൈതൃകം ദർശിക്കാം. അഫ്ഗാനിസ്താന്റെ സംസ്കാരത്തിൽ മദ്ധ്യപൂർവ്വദേശത്തുനിന്നുള്ള അധിനിവേശകരായിരുന്ന അറബികളുടേയും പേർഷ്യക്കാരുടേയും സ്വാധീനവും കലർന്നിട്ടുണ്ട്. സൊറോസ്ട്രിയനിസം, ഗ്രീക്ക്, ബുദ്ധമതം, ഹിന്ദുമതം എന്നിങ്ങനെ നിരവധി മതങ്ങൾ ഇവിടെ പലകാലത്തായി പ്രചാരം സിദ്ധിക്കുകയും കാലങ്ങൾക്കു മുൻപേ തന്നെ അവ അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്. ഗസ്നവി, ഗോറി, തിമൂറീ ഭരണാധികാരികൾ അഫ്ഗാനിസ്താനെ മദ്ധ്യകാലത്തെ ഒരു പ്രമുഖ സൈനികശക്തി എന്നതിനു പുറമേ ഒരു പാണ്ഡിത്യകേന്ദ്രം എന്ന നിലയിൽ കൂടി ഉയർത്തിയിരുന്നു. ഫിർദോസി, അൽ ബിറൂണി തുടങ്ങിയവർ ഈ മേഖലയിലെ പ്രധാന വ്യക്തിത്വങ്ങളാണ്. മുൻപ്, മഹത്തായ സാമ്രാജ്യങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഇന്നത്തെ അതിരുകൾക്കകത്തുള്ള ഒരു രാജ്യം എന്ന നിലയിലേക്കുള്ള പരിവർത്തനം പതിനെട്ടാം നൂറ്റാണ്ടോടെ അഫ്ഗാനികൾ എന്നും വിളിക്കപ്പെടുന്ന പഷ്തൂൺ ജനതയുടെ ഉയർച്ചയിലൂടെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹോതകി സാമ്രാജ്യസ്ഥാപകനായ മിർ വായ്സും ഇതേ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അഹ്മദ് ഷാ അബ്ദാലി|യുമാണ് ഈ മുന്നേറ്റത്തിന് ചുക്കാൻ പിടീച്ചത്. അഫ്ഗാനിസ്താന്റെ ഭരണനിയന്ത്രണത്തിൽ പഷ്തൂണുകൾക്കുള്ള ആധിപത്യം ആരംഭിച്ചത് ഇതോടെയാണ്.[8][9][10] പുരാതനചരിത്രംബി.സി.ഇ. ആറാം സഹസ്രാബ്ദത്തിന്റെ മദ്ധ്യത്തോടെ ഇന്നത്തെ അഫ്ഗാനിസ്താൻ ഉൾപ്പെടുന്ന ഇറാനിയൻ പീഠഭൂമിയുടെ മിക്കഭാഗങ്ങളിലും കൃഷിപ്പണിയിൽ അധിഷ്ടിതമായ ജനസമൂഹങ്ങൾ ആവാസം ആരംഭിച്ചിരുന്നു. ഈ സമയത്ത് ഇവർ വെങ്കലയുഗത്തിലായിരുന്നെന്നും കരുതുന്നു. ഇക്കാലയളവിൽ കുറഞ്ഞ അളവിൽ വെളുത്തീയം അടങ്ങിയ വെങ്കലം ഇവിടെ ഉപയോഗിക്കപ്പെട്ടിരുന്നു[11][12]. ദക്ഷിണഅഫ്ഗാനിസ്ഥാനിലെ പ്രധാനപ്പെട്ട ഒരു വെങ്കലയുഗകേന്ദ്രമാണ് കന്ദഹാറിനടുത്തുള്ള മുണ്ടിഗാക്. ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിന്റെ രണ്ടാം പകുതിവരെ വെങ്കലയുഗം തുടർന്നിരുന്നു തുടർന്ന് ഇരുമ്പുയുഗം ആരംഭിച്ചു. ഏതാണ്ട് ബി.സി.ഇ. 3000 ആണ്ടോടെ ആദ്യകാലനാഗരികതകൾ ഇറാനിയിൻ പീഠഭൂമിയിൽ ഉടലെടുത്തിരിക്കണം. ബി.സി.ഇ. മൂന്നാം സഹസ്രാബ്ദത്തിന്റെ മദ്ധ്യത്തോടെ ഇത്തരം ആവാസകേന്ദ്രങ്ങൾ തൊഴിലുകളും കച്ചവടവും അടിസ്ഥാനമാക്കി പല പട്ടണങ്ങളായി രൂപാന്തരം പ്രാപിച്ചു. എന്നാൽ മെസപ്പൊട്ടാമിയയിലേയും സിന്ധൂതടത്തിലേയും പോലെ വിശാലവും ഫലഭൂയിഷ്ടവുമായ മേഖലകളായിരുന്നില്ല ഈ പ്രദേശത്ത് നിലവിലിരുന്നത്. മറിച്ച് ഒറ്റപ്പെട്ട ചെറിയ കാർഷികപ്രദേശത്തിനു ചുറ്റുമായാണ് ഈ പട്ടണങ്ങൾ രൂപം കൊണ്ടത്[12]. സൊറോസ്ട്രിയരുടെ വിശുദ്ധഗ്രന്ഥമായ അവെസ്തയിലെ വിദേവ്ദാത് (ദേവകൾക്കെതിരെയുള്ള നിയമം) എന്ന ഭാഗത്തിന്റെ ആദ്യപാഠമായ ഫർഗേർദിൽ സോറോസ്ട്രിയരുടെ പ്രധാന ദൈവമായ അഹൂറ മസ്ദ സൃഷ്ടിച്ച 16 ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. അഫ്ഗാനിസ്താനിലെ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന അവ്യക്തമെങ്കിലും ഏറ്റവും പുരാതനമായ രേഖയാണിത്. മദ്ധ്യ അഫ്ഗാനിസ്താനിലെ മലകൾക്കു ചുറ്റുമായി ഈ പ്രദേശങ്ങൾ കാണാൻ സാധിക്കും[13]. ഹഖാമനി സാമ്രാജ്യംബി.സി. ആറാം നൂറ്റാണ്ടുമുതൽ നാലാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന പേർഷ്യയിലെ ഹഖാമനി സാമ്രാജ്യകാലത്ത്, അഫ്ഗാനിസ്താന്റെ കുറേ പങ്കും സാമ്രാജ്യത്തിന്റെനിയന്ത്രണത്തിലായിരുന്നു. ബാക്ട്രിയ, അറാകോസിയ, എറിയ തുറ്റങ്ങിയ സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട പ്രവിശ്യകൾ അഫ്ഗാനിസ്ഥാനിലാണ്.[14]. അലക്സാണ്ടറുടെ ആക്രമണം, സെല്യൂക്കിഡ് സാമ്രാജ്യംഗോഗമാല യുദ്ധത്തിൽ പേർഷ്യക്കാരെ തോൽപ്പിച്ച് ബി.സി. 330-ൽ അലക്സാണ്ടർ അഫ്ഗാനിസ്താനിലെത്തി.[15] തുടർന്ന്, അലക്സാണ്ടർ, ഏതാണ്ട് അഫ്ഗാനിസ്താൻ മുഴുവനായും തന്റെ അധീനതയിലാക്കി. അലക്സാണ്ടറുടെ മരണശേഷം ഈ ഭാഗങ്ങൾ അലക്സാണ്ടറുടെ കീഴിലെ ഒരു സേനാനായകനായിരുന്ന സെല്യൂക്കസ് സ്ഥാപിച്ച സെല്യൂക്കിഡ് സാമ്രാജ്യത്തിന്റെ കീഴിൽ വന്നു ചേരുകയും ചെയ്തു. മൗര്യന്മാരുടെ ആധിപത്യംസാമ്രാജ്യത്തിന്റെ പടിഞ്ഞാറു നിന്ന് ഭീഷണീയുയർത്തിയതിനാൽ സെല്യൂക്കസിന് ഇന്ത്യയിലെ ചന്ദ്രഗുപ്തമൗര്യനുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടേണ്ടി വന്നു. ബി.സി.ഇ. 303-ലെ ഈ സന്ധിയനുസരിച്ച് 500 ആനകൾക്ക് പകരമായി ഗാന്ധാരം, പാരോപനിസഡെ (ഇന്നത്തെ കാബൂൾ മേഖല), അറാകോസിയ (ഇന്നത്തെ കന്ദഹാർ മേഖല), ഗെദ്രോസിയ എന്നീ പ്രദേശങ്ങൾ (ഏറിയയും - ഇന്നത്തെ ഹെറാത്ത് പ്രദേശം - ഈ പട്ടികയിൽ ഉൾപ്പെടുന്നതായും പറയപ്പെടുന്നു.) ചന്ദ്രഗുപ്തന് അടിയറ വെക്കെണ്ടിവന്നു.[14] ഏതാണ്ട് 60 വർഷങ്ങൾക്കും ശേഷം ബി.സി.ഇ. 250-ൽ അശോകന്റെ കാലത്താണ് മൗര്യന്മാർ ഈ മേഖലയിൽ സമ്പൂർണ്ണാധിപത്യം സ്ഥാപിച്ചത്.[16] എന്നാൽ വടക്കും പടിഞ്ഞാറും അഫ്ഗാനിസ്താനിലെ മൗര്യരുടെ ആധിപത്യം അത്ര കാര്യക്ഷമമായിരുന്നില്ല. അധികകാലത്തിനുള്ളിൽ ഇവിടങ്ങളിൽ സെല്യൂക്കസിന്റെ പിൻഗാമികൾ വീണ്ടും ആധിപത്യം സ്ഥാപിച്ചു. മൗര്യകാലത്തെ അരമായ ലിപിയിൽ പ്രാകൃതഭാഷയിൽ എഴുതിയിട്ടുള്ള അശോകന്റെ ശിലാശാസനങ്ങൾ അഫ്ഗാനിസ്താനിലെ ജലാലാബാദിൽ നിന്നും ലാഘ്മാൻ താഴ്വരയിൽ നിന്നും ലഭിച്ചിട്ടുണ്ട്. പുരാതനകന്ദഹാറിനടുത്തു നിന്നും ഗ്രീക്കിലും അരമായയിലും എഴുതിയിട്ടുള്ള ദ്വിഭാഷാശാസനങ്ങളും ലഭ്യമായിട്ടുണ്ട്[14] ഗ്രീക്കോ ബാക്ട്രിയൻ സാമ്രാജ്യം, പാർത്തിയൻ സാമ്രാജ്യം, ഇന്തോ ഗ്രീക്ക് സാമ്രാജ്യംഏതാണ്ട് ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ബാക്ട്രിയ (വടക്കൻ അഫ്ഗാനിസ്താൻ) കേന്ദ്രമാക്കി ഗ്രീക്കോ ബാക്ട്രിയൻ സാമ്രാജ്യം സെല്യൂക്കിഡ് സാമ്രാജ്യത്തിൽ നിന്നും സ്വതന്ത്രമായി നിലവിൽ വന്നു. വടക്കുകിഴക്കൻ അഫ്ഗാനിസ്താനിൽ അലക്സാണ്ടർ സ്ഥാപിച്ചതെന്നു കരുതുന്ന അയ് ഖാനും, ഗ്രീക്കോ ബാക്ട്രിയരുടെ പ്രധാനപ്പെട്ട ഒരു നഗരമാണ്. ഇക്കാലത്തു തന്നെ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ പാർത്തിയൻ സാമ്രാജ്യത്തിന്റെ അധീനതയിലായി. ബി.സി.ഇ. 189-ലെ മഗ്നീഷ്യ യുദ്ധത്തിനു ശേഷം ഗ്രീക്കോ ബാക്ട്രിയൻ സാമ്രാജ്യവികസനം ആരംഭിച്ചു. ബി.സി.ഇ. 184-ൽ ഇവർ ഹിന്ദുകുഷ് കടന്നു. മൗര്യസാമ്രാജ്യത്തിന്റെ തകർച്ച മൂലമുണ്ടായ ഇക്കാലത്തെ ശൂന്യത ഇവർക്ക് മുതലെടുക്കാനായി.[16] തുടർന്ന് ബാക്ട്രിയയിലെ ഗ്രീക്കോ ബാക്ട്രിയരിൽ നിന്നും സ്വതന്ത്രരായി ഹിന്ദുകുഷിന് തെക്കുഭാഗത്ത് ഇന്തോ ഗ്രീക്ക് സാമ്രാജ്യം എന്നറിയപ്പെടുന്ന നിരവധി രാജാക്കന്മാർ ഭരണം നടത്തി. കുറച്ചുകാലത്തേക്കെങ്കിലും ഗ്രീക്കുകാരുടെ ആധിപത്യം, വടക്ക് സിർ ദര്യ മുതൽ മുതൽ കാംബേ ഉൾക്കടൽ വരെയും പടിഞ്ഞാറ് പേഷ്യൻ മരുഭൂമി മുതൽ കിഴക്ക് ഗംഗ വരേയും വ്യാപിച്ചു.[16] ഗ്രീക്കോ ബാക്ട്രിയൻ സാമ്രാജ്യം, ബി.സി.ഇ. 141-നും 128-നും ഇടക്ക് ക്ഷയിച്ചു. പാർത്തിയരുടെ ഉയർച്ചയും മദ്ധ്യേഷ്യയിൽ നിന്നുമുള്ള നാടോടിവർഗ്ഗങ്ങളായ യൂഷികളുടെ ആക്രമണവുമാണ് ഇതിന് കാരണമായി പറയുന്നത്. എന്നിരുന്നാലും ഹിന്ദുകുഷിന് തെക്ക് ഭരിച്ചിരുന്ന ഇന്തോ ഗ്രീക്കുകാർ ഒരു നൂറ്റാണ്ടോളം തുടർന്നും ഭരിച്ചിരുന്നു.[16] ശകർ, ഇന്തോ സിഥിയർ, കുശാനർബി.സി.ഇ. രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതൽ[17] തന്നെ ശകർ, മദ്ധ്യേഷ്യയിൽ നിന്ന് ഇന്നത്തെ അഫ്ഗാനിസ്താൻ പ്രദേശത്തേക്ക് വൻ സംഘങ്ങളായി കടക്കാനാരംഭിച്ചിരുന്നു. മദ്ധ്യേഷ്യയിലൂടെ തെക്കോട്ടും പടിഞ്ഞാറോട്ടുമുള്ള നാടോടിവർഗ്ഗങ്ങളുടെ പലായനത്തിന് വിവിധ കാരണങ്ങൾ പറയുന്നുണ്ട്. 600 വർഷകാലത്തെ ഇടവേളകളിൽ മാറിമാറി വരുന്ന വരൾച്ച. ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ, ചൈനക്കാർ വന്മതിൽ നിർമ്മിച്ചത്, തുടങ്ങിയവ ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്ങനെയായിരുന്നാലും ഏതാണ് ബി.സി.ഇ. 175 കാലഘട്ടത്തിലാണ് ഈ പലായനം ആരംഭിച്ചത്.[16] പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ഇവർ പാർത്തിയൻ സാമ്രാജ്യവുമായി ഏറ്റുമുട്ടിയെങ്കിലും കാര്യമായ വിജയം കൈവരിക്കാനായില്ല. 128 ബി.സി.ഇയിൽ ശകരിൽപ്പെട്ട യൂഷികൾ മദ്ധ്യേഷ്യയിൽ നിന്നും അമു ദര്യ കടന്ന് ബാക്ട്രിയയിലെത്തുകയും, തെക്ക് ഹിന്ദുകുഷ് വരെയുൾല പ്രദേശങ്ങൾ ആക്രമിച്ച നശിപ്പിക്കുകയും ഇവിടെയുള്ള ഗ്രീക്ക് ഭരണാധികാരികളെ തുരത്തുകയുംചെയ്തു.[16] അങ്ങനെ അഫ്ഗാനിസ്ഥാന്റെ കിഴക്കുഭാഗത്തും അതിനപ്പുറത്തുമായി ഇന്തോ സിഥിയൻ സാമ്രാജ്യം, കുശാനസാമ്രാജ്യം എന്നിങ്ങനെയുള്ള ശകസാമ്രാജ്യങ്ങൾ പൊതുവർഷാരംഭത്തോടെ സ്ഥാപിക്കപ്പെട്ടു. സസാനിയൻ സാമ്രാജ്യം, തുർക്കിക് ജനവിഭാഗങ്ങൾപേർഷ്യൻ സാമ്രാജ്യമായ സസാനിയൻ സാമ്രാജ്യകാലത്ത് ( 224 - 651) അഫ്ഗാനിസ്താന്റെ പടിഞ്ഞാറും തെക്കും ഭാഗങ്ങൾ ഈ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. തുടർന്ന് സസാനിയർ വടക്കൻ അഫ്ഗാനിസ്താൻ പ്രദേശങ്ങൾ ആധിപത്യത്തിലാക്കിയെങ്കിലും മദ്ധ്യേഷ്യയിൽ നിന്നുള്ള ഷിയോണൈറ്റുകൾ, ഹെഫ്തലൈറ്റുകൾ തുടങ്ങിയ വിഭാഗക്കാരുടേയും പിൽക്കാലത്ത് തുർക്കികളുടേയും വരവ് മൂലം ഈ ഭാഗത്തുള്ള നിയന്ത്രണം നഷ്ടമായി. ഇതേ സമയം കിഴക്കൻ അഫ്ഗാനിസ്താൻ പ്രദേശത്ത് തുർക്കിക് വംശജർ ആധിപത്യം സ്ഥാപിച്ചു. അറബികളുടെ ആഗമനംഏഴാം നൂറ്റാണ്ടിൽ സസാനിയരെ പരാജയപ്പെടുത്തി അറബികൾ പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെത്തി. അറബികളോടൊപ്പം ഇസ്ലാം മതവും മേഖലയിലെത്തി. 642-ൽ പടിഞ്ഞാറൻ ഇറാനിൽ വച്ച് നടന്ന നിഹാവന്ത് യുദ്ധത്തിൽ പരാജയപ്പെട്ട സസാനിയൻ രാജാവ് യാസ്ദജിർദ് മൂന്നാമൻ അഫ്ഗാനിസ്താൻ പ്രദേശത്തേക്ക് പലായനം ചെയ്തു. പിന്തുടർന്ന അറബി സൈന്യം ബാക്ട്രയും ഹെറാത്തും അടക്കം ഇന്നത്തെ അഫ്ഗാനിസ്താന്റെ പടിഞ്ഞാറൂം വടക്കും സമതലങ്ങൾ പിടിച്ചെടുത്തു[18]. ചൈനീസ്, തിബറ്റൻ അധിനിവേശങ്ങൾഅറബികളുടെ ആഗമനകാലത്തുതന്നെ വടക്കുകിഴക്കു ഭാഗത്തു നിന്ന് ചൈനക്കാരും കിഴക്കു ഭാഗത്തു നിന്നും തിബറ്റന്മാരും അഫ്ഗാനിസ്താനിലെത്തി. ചൈനയിൽ നിന്നും യുറോപ്പ് വരെ നീളുന്ന പട്ടുപാതയുടെ നിയന്ത്രണമായിരുന്നു ഈ വിഭാഗങ്ങളുടെ ലക്ഷ്യം. ചൈനയിൽ പുതുതായി രൂപമെടുത്ത ടാങ് സാമ്രാജ്യത്തിന്റെ (618-907) നേതൃത്വത്തിൽ ചൈനക്കാർ പാമിർ പർവതനിരയുടെ കിഴക്കുഭാഗത്തുള്ള താരിം ബേസിൻ വരെ എത്തിർച്ചേർന്നു. ഈ മുന്നേറ്റത്തിന്, അവർക്ക് തിബറ്റന്മാരുമായി ഏറ്റുമുട്ടേണ്ടി വന്നു. ഏഴാം നൂറ്റാണ്ടിൽ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ടിബറ്റന്മാർ, പട്ടുപാതയിന്മേലുള്ള ചൈനീസ് ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടേയിരുന്നു എങ്കിലും ആദ്യകാലങ്ങളിൽ വിജയം ചൈനക്കാർക്കായിരുന്നു. ഇതിനിടയിൽ മുൻ സസാനിയൻ രാജാവായിരുന്ന യാസ്ദജിർദ് മൂന്നാമന്റെ മകൻ ഫിറൂസ് ചൈനയിലേക്ക് കടന്ന് അറബികൾക്കെതിരെ ചൈനക്കാരുടെ സഹായം അഭ്യർത്ഥിക്കുകയും അതിൽ വിജയം കാണുകയും ചെയ്തു. ഇതേത്തുടർന്ന് ചൈനക്കാരുടെ സഹായത്തോടെ കിഴക്കൻ ഇറാനിൽ അദ്ദേഹം ഭരണം തുടങ്ങി. ഇതേ സമയം മുഹമ്മദിന്റെ മരുമകൻ അലി ബിൽ അബി താലിബിന്റെ (ഭരണകാലം:656-61) ഭരണനേതൃത്വത്തിലുള്ള അറബികളുടെ ഖിലാഫത്ത് (സാമ്രാജ്യം) രാഷ്ട്രീയ അസ്ഥിരതയിലായിരുന്നു. അതുകൊണ്ട് ഫിറൂസിന് ഇവിടെ എളൂപ്പത്തിൽ ഭരണം സ്ഥാപിക്കാൻ കഴിഞ്ഞു. തുടർന്ന് ചൈനക്കാർ കിഴക്കൻ ഇറാന്റെ പലഭാഗങ്ങളും അവരുടെ സാമ്രാജ്യത്തോട് ചേർക്കുകയും ചെയ്തു. എന്നാൽ അധിക നാളുകൾക്കു മുൻപേ മദ്ധ്യേഷ്യയിലെ തുർക്കികൾ ചൈനക്കാർക്കെതിരെ ആക്രമണം നടത്തുകയും ചൈനക്കാർക്ക് സ്വന്തം നാട്ടിലേക്ക്ക് പിൻവാങ്ങേണ്ടതായും വന്നു[18]. അറബികളുടെ പുനർശാക്തീകരണംഅൽ ബിൻ അബി താലിബിന്റെ മരണശേഷം ഉമവിയ്യ ഖിലാഫത് അധികാരത്തിലെത്തിയതോടെ ഇന്നത്തെ അഫ്ഗാനിസ്താൻ പ്രദേശത്തെ നഗരങ്ങൾ അറബികൾ വീണ്ടും അധീനതയിലാക്കി. ഇക്കാലത്തു തന്നെ ടിബറ്റന്മാർ പാമിറിനു കുറുകെയുള്ള പല ചുരങ്ങളുടേയും നിയന്ത്രണവും സ്വന്തമാക്കി. 683-ൽ വിവിധ അറബി വംശങ്ങൾ തമ്മിലുള്ള സ്പർദ്ധ നിമിത്തം അഫ്ഗാനിസ്താൻ പ്രദേശത്തെ ഇവരുടെ നിയന്ത്രണം കുറഞ്ഞെങ്കിലും 685-705 കാലയളവിൽ അധികാരത്തിലിരുന്ന അബ്ദ് അൽ മാലിക് ഖലീഫയുടെ കാലത്ത് വീണ്ടും അറബികൾ ശക്തി പ്രാപിച്ചു. അറബികളുടെ അധികാരം വടക്കൻ അഫ്ഗാനിസ്താനിൽ നിന്നും മദ്ധ്യേഷ്യയിലേക്ക്ക് വ്യാപിപ്പിച്ചത്, ഖുറാസാനിൽ ഗവർണറായെത്തിയ അബു ഹഫ്സ് ഖുതയ്ബ ബിൻ മുസ്ലീം ആണ്. 715-ൽ ഖുതയ്ബയുടെ മരണത്തിനു തൊട്ടു പുറകേ തന്നെ ചൈനക്കാർ ഫർഘാന തിരിച്ചു പിടിച്ചു. ഇതിനെത്തുടർന്ന് അമു ദാര്യയുടെ വടക്കും തെക്കുമായി യഥാക്രമം തുർക്കികളും തിബറ്റന്മാരും തദ്ദേശീയ നേതാക്കളുടേയും ചിലപ്പോൾ ചൈനക്കാരുടേയ്യും സഹായത്തോടെ അറബികൾക്ക് ഭീഷണീയുയർത്തി. 737-ആമാണ്ടിൽ തുർക്കികൾ വടക്കൻ അഫ്ഗാനിസ്താനിലെ ഖുൽം (താഷ്‌ഖുർഘാൽ) ആക്രമിച്ചു. തുടർന്ന് ജാവ്സ്ജാൻ പ്രവിശ്യയുടെ തലസ്ഥാനവും കൈക്കലാക്കി. 747-ആമാണ്ടിൽ ചൈനക്കാർ അവസാനമായി പടിഞ്ഞാറുദിക്കിൽ ആക്രമണം നടത്തിൽ. പ്രശസ്തനായ കൊറിയൻ സൈന്യാധിപൻ ഗവോ ഷിയാൻസിയുടെ നേതൃത്വത്തിൽ വഖാൻ താഴ്വരയും ബാരോഘിൽ ചുരവും അവർ അധീനതയിലാക്കി തിബറ്റന്മാരുടെ പടിഞ്ഞാറോട്ടുള്ള പ്രവേശനം അസാധ്യമാകി. എന്നാൽ 751-ൽ താഷ്കെന്റിന്റെ വടക്കുകിഴക്കുള്ള തലാസ് നദിയുടെ ഓരങ്ങളിൽ വച്ച് അറബികൾ ചൈനക്കാരെ അന്തിമമായി പരാജയപ്പെടുത്തി. കുറച്ചു വർഷങ്ങൾക്കകം ചൈനചക്രവർത്തിക്കെതിരെ സൈന്യാധിപർ കലാപം തുടങ്ങി. എട്ടം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ചൈനയുടെ വടക്കൻ അതിർത്തിയിൽ സാമ്രാജ്യം സ്ഥാപിച്ചിരുന്ന തുർക്കിക് വംശജരായ ഉയ്ഘൂറുകളുടെ സഹായത്തോടെയാണ് ഈ രാഷ്ട്രീയ അസ്ഥിരതയിൽ നിന്നും ടാങ് സാമ്രാജ്യം കരകയറിയത്. ഇക്കാരണം കൊണ്ട് പിന്നീട് ചൈനക്കാർ ദക്ഷിണമദ്ധ്യേഷ്യയിലെ കാര്യങ്ങളിൽ കാര്യമായ ഇടപെടലുകൾ നടത്തിയില്ല. ഇത് വീണ്ടും തിബറ്റന്മാർ ക്ക് ശക്തി പ്രാപിക്കാൻ അവസരം നൽകി. 9-ആം നൂറ്റാണ്ടിന്റെ പകുതിയോടെ ചൈനക്കാരുടേയ്യും മറ്റുള്ളവരുടേയും ആക്രമണത്താൽ ടിബറ്റന്മാരുടെ ശക്തി ക്ഷയിച്ചു. ഇതോടെ മുസ്ലീം ഭരണാധികാരികാൾക്ക് അഫ്ഗാനിസ്താൻ മുഴുവൻ ആധിപത്യം സ്ഥാപിക്കാൻ സാഹചര്യമൊരുക്കി. വടക്കുഭാഗത്തെന്ന പോലെ തെക്കും, അറബികൾ അധികാരത്തിനായി പോരടിച്ചുകൊണ്ടിരുന്നു. ഏഴാം നൂറ്റാണ്ടിന്റെ പകുതിയിൽ സിസ്റ്റാനും അതിന്റെ തലസ്ഥാനമായ സരഞ്ജും അറബികൾ പിടിച്ചെടുത്തു ഉടൻ തന്നെ തദ്ദേശീയനേതാക്കൾ ഇവരെ തുരത്തിയെങ്കിലും ഉമയ്യദ് ഖലീഫകളിൽ ഒന്നാമത്തേതായ മു അവിയ്യയുടെ കാലത്ത് (661-80) അറബികൾ വീണ്ടും ഇവിടം പിടിച്ചെടുത്തു.തുടർന്ന് ഇവർ ഹിൽമന്ദ് അർഘന്ദാബ് നദികളുടെ സംഗമസ്ഥാനത്തുള്ള ബുസ്ത് എന്ന പുരാതന ആവാസകേന്ദ്രം പിടിച്ചടക്കി. അറബി സേനാനായകൻ അബ്ദ് അൽ റഹ്മാൻ ബിൻ സമുരയുടെ നേതൃത്വത്തിൽ വീണ്ടും മുന്നോട്ടു നീങ്ങിയ അറബികൾ കുറേ വടക്കുള്ള കാബൂളും കുറച്ചുകാലത്തേ കൈക്കലാക്കിയിരുന്നു. എന്നാൽ ഈ ഭാഗങ്ങളിലുള്ള നിയന്ത്രണം ദീർഘകാലത്തേക്ക്ക് അറബികൾക്ക് നിലനിർത്താനായില്ല. സിസ്റ്റാൻ തന്നെയായിരുന്നു കുറേക്കാലത്തേക്ക് ഇവരുടെ അതിർത്തി. 9-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ സഫാറിദ് സാമ്രാജ്യത്തിന്റെ സ്ഥാപനത്തോടെയാണ് സിസ്താനിൽ ശക്തമായ മുസ്ലീം ആധിപത്യം ആരംഭിച്ചത്. പത്താം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമേ ഇവർക്ക് കൂടുതൽ കിഴക്കു ഭാഗത്തേക്ക് അതിർത്തി വ്യാപിപ്പിക്കാൻ സാധിച്ചുള്ളൂ. [18]. അറബികളുടെ സാമന്തസാമ്രാജ്യങ്ങൾസഫാരി സാമ്രാജ്യം, സമാനി സാമ്രാജ്യം9-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രണ്ടു പേർഷ്യൻ സാമ്രാജ്യങ്ങൾ സിസ്താനിലും, അഫ്ഗനിസ്താന്റെ വടക്ക് സോഗ്ദിയയിലുമായി രൂപം കൊണ്ടു. യഥാക്രമം സഫാരി സാമ്രാജ്യം, സമാനി സാമ്രാജ്യം എന്നിവയായിരുന്നു അവ. ഇരു സാമ്രാജ്യങ്ങളും ബാഗ്ദാദിലെ അറബി ഖലീഫയുടെ സാമന്തരായാണ് ഭരണം നടത്തിയതെങ്കിലും ഖലീഫയെ വെല്ല്ലുവിളിക്കാവുന്ന തരത്തിൽ സഫാറിദുകൾ തുടക്കത്തിൽ ശക്തിപ്പെട്ടു. തുടർന്ന് ഖലീഫയുടെ പിന്തുണയിലൂടെ സമാനിദുകൾ സഫാറിദുകളെ പരാജയപ്പെടുത്തുകയും മേഖലയിൽ ശക്തി പ്രാപിക്കുകയും ചെയ്തു. 999-മാണ്ടിൽ ഖ്വാറക്കനിഡ് തുർക്കികൾ ആക്രമിച്ചു തോല്പ്പിച്ചതോടെയാണ് സമാനിദ് സാമ്രാജ്യത്തിന് അന്ത്യമായത്. ഗസ്നവി സാമ്രാജ്യംസമാനിദുകളുടെ ഒരു തുർക്കിക് അടിമയായിരുന്ന ആല്പ്റ്റ്ജിന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്താനിലെ ഗസ്നി കേന്ദ്രീകരിച്ച് രൂപമെടുത്ത സാമ്രാജ്യമാണ് ഗസ്നവി സാമ്രാജ്യം. അല്പ്റ്റ്ജിന്റെ അടിമയായിരുന്ന സെബുക്റ്റ്ജിനെയാണ് ഈ സാമ്രാജ്യത്തിന്റെ സ്ഥാപകനായി കണക്കാക്കുന്നത്. 975 മുതൽ 1187 വരെയാണ് ഈ സാമ്രാജ്യത്തിന്റെ ഭരണകാലം. 998 മുതൽ 1030 വരെ ഭരിച്ച മഹ്മൂദ് ആണ് (ഇദ്ദേഹം ഗസ്നിയിലെ മഹ്മൂദ് എന്ന പേരിൽ പ്രശസ്തനാണ്). 1040-ൽ മഹ്മൂദിന്റെ പുത്രൻ മസൂദിന്റെ നേതൃത്വത്തിലുള്ള ഗസ്നവികളെ സാൽജൂക്കുകൾ എന്ന ഒരു തുർക്കിക് ഘുസ്സ് വിഭാഗക്കാർ, മാർവിനടുത്തുള്ള ഡാൻഡൻഖാനിൽ വച്ച് പരാജയപ്പെടുത്തിയതോടെ ഈ സാമ്രാജ്യത്തിന്റെ അധഃപതനം ആരംഭിച്ചു. 1186 വരെ ഇന്നത്തെ പാകിസ്താനിലെ ലഹോർ കേന്ദ്രമായി ഈ സാമ്രാജ്യം ഭരണത്തിലിരുന്നു. ഗോറികളാണ് ഗസ്നവികളെ പരിപൂർണമായി പരാജയപ്പെടുത്തിയത്. സെൽജ്യൂക്ക് സാമ്രാജ്യം1040-ൽ സെൽജ്യൂക്ക് തുർക്കികൾ ഗസ്നവികളെ തോൽപ്പിച്ചതോടെ ഗസ്നവികൾ സെൽജ്യൂക്കുകളൂമായി ഒരു സന്ധിയിലേർപ്പെടുകയും ഇതിൻപ്രകാരം അഫ്ഗാനിസ്താന്റെ വടക്കും പടിഞ്ഞാറൂം ഭാഗങ്ങൾ സെൽജ്യൂക്ക് തുർക്കികളുടെ അധീനതയിലായി. എന്നാൽ സെൽജ്യൂക്കുകൾ അവരുടെ ശ്രദ്ധ കൂടുതൽ പടിഞ്ഞാറു ഭാഗത്തേക്ക് (ബാഗ്ദാദിലേക്കും അനറ്റോളിയയിലേക്കും) തിരിച്ചതോടെ ഗോറികൾ ശക്തി പ്രാപിച്ചു. ഗോറി സാമ്രാജ്യംപടീഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഗോർ കേന്ദ്രമാക്കി ഷൻസബാനി കുടുംബത്തിന്റെ നേതൃത്വത്തിൽ ഉടലെടുത്ത സാമ്രാജ്യമാണ് ഗോറി സാമ്രാജ്യം എന്നറിയപ്പെടുന്നത്. 1148 മുതൽ 1225 വരെയാണ് സ്വതന്ത്രമായ ഗോറി സാമ്രാജ്യത്തിന്റെ ഭരണകാലമെങ്കിലും അതിനു 150 വർഷങ്ങൾ മുൻപു മുതലേ ഗസ്നവി സാമ്രാജ്യത്തിന്റേയും സെൽജ്യൂക്കുകളുടേയും സാമന്തരായി ഷൻസബാനി കുടുംബം ഗോറിൽ ഭരണത്തിലിരുന്നിരുന്നു. ഗോറിലെ ഫിറൂസ് കുഹും, ബാമിയാനും, ഗസ്നവികളെ പരാജയപ്പെടുത്തിയതിനു ശേഷം ഗസ്നിയും ഇവരുടെ തലസ്ഥാനങ്ങളായിരുന്നു. ഗസ്നിയിൽ നിന്നും ഭരണം നടത്തിയ മുഹമ്മദ് ഗോറി എന്ന ഗോറി സുൽത്താൻ ഇവരിൽ പ്രശസ്തനാണ്. ഈ സാമ്രാജ്യത്തിന്റെ കാലത്ത് അവരുടെ അധീനപ്രദേശങ്ങൾ വടക്ക് കാസ്പിയൻ കടൽ മുതൽ വടക്കേ ഇന്ത്യ വരെയെത്തിയിരുന്നു. 1204-ൽ ഖോറസ്മിയയിലെ രാജാവായിരുന്ന ഖ്വാറസം ഷായുടേയും ക്വാറകിതായ് തുർക്കികളുടേയും സംയുക്തസേന ഗോറികളെ പരാജയപ്പെടുത്തി. 1215-ൽ ഖ്വാറസം ഷാ, അവസാന ഗോറി സുൽത്താനേയ്യും സ്ഥാനഭ്രഷ്ടനാക്കി ഗോറി സാമ്രാജ്യത്തിന് അന്ത്യം വരുത്തി. ഖ്വാറസം ഷാ സാമ്രാജ്യംഅറാളിന് തെക്കുള്ള ഖ്വാറസ്മിയ കേന്ദീകരിച്ച് ക്വാറക്കിറ്റായ് തുർക്കികളുടെ സാമന്തരായി ഭരിക്കുകയും പിൽക്കാലത്ത് സ്വതന്ത്രഭരണം നടത്താനാരംഭിക്കുകയും ചെയ്ത സാമ്രാജ്യമാണ് ഖ്വാറസം ഷാ സാമ്രാജ്യം. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി ഖ്വാറസം വംശീയർ, ക്വാറക്കിറ്റായ്കളുടെ സാമന്തരായിരുന്നു. 1194-ൽ അലവുദ്ദീൻ തെകിഷിന്റെ (ഭ.കാ.1172-1200) നേതൃത്വത്തിൽ ഇവർ അവസാന സാൽജ്യൂക്കുകളെ പരാജയപ്പെടുത്തി. തുടർന്ന് ഗോറികളേയ്യും പരാജയപ്പെടുത്തിയതോടെ ഇവർ ക്വാറക്കിറ്റായ്കളിൽ നിന്നും സ്വതന്ത്രമായി. ഗോറികളെ പരാജയപ്പെടുത്തിയതോടെ അഫ്ഗാനിസ്താനിൽ അവരുടെ സ്ഥാനം ഖ്വാറസം ഷാ സാമ്രാജ്യം ഏറ്റെടുത്തു. 1200 മുതൽ 1220 വരെ ഭരണത്തിലിരുന്ന അലാവുദ്ദീൻ മുഹമ്മദ് ആയിരുന്നു ഖ്വാറസം ഭരണാധികാരികളീൽ ഏറ്റവും പ്രധാനി. 1215-16 കാലത്ത് ഇദ്ദേഹം ഗോറും ഗസ്നിയും അധീനതയിലാക്കി. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്വാറസം ഷായുടെ നേതൃത്വത്തിലുള്ള സാമ്രാജ്യം പടിഞ്ഞാറൻ ഇറാൻ മുതൽ കിഴക്കൻ അഫ്ഗാനിസ്താൻ വരെ പരന്ന് കിടന്നിരുന്നു[19]. മദ്ധ്യപൂർവ്വദേശം, ഇന്ത്യൻ ഉപഭൂഖണ്ഡം, മദ്ധ്യേഷ്യ, ചൈന, എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരം ഇവർ നിയന്ത്രിച്ചിരുന്നു. എന്നാൽ ഇവരുടെ ഭരണം പിന്നീട് അധികനാൾ നീണ്ടില്ല. ഈ നൂറ്റാണ്ടിൽ പൂർവ്വമദ്ധ്യേഷ്യയിൽ നിന്നുള്ള മംഗോളിയരുടെ ആഗമനം മൂലം ഇറാനിലേയും അഫ്ഗാനിസ്താനിലേയും ഇസ്ലാമികഭരണകൂടങ്ങളുടെ അടിത്തറയിളകി[20]. മംഗോളിയരുടെ ആക്രമണംപതിമൂന്നാം നൂറ്റാണ്ടിൽ കിഴക്കു നിന്ന് മംഗോളിയർ അഫ്ഗാനിസ്താൻ ഉൾപ്പെടുന്ന ഇറാനിയൻ പീഠഭൂമിയിലേക്ക് വിവിധ ഘട്ടങ്ങളിലായി അധിനിവേശം നടത്തി. ഇറാനിയൻ പീഠഭൂമിയിലേക്കുള്ള മംഗോളീയരുടെ വരവ് മൂലം ലക്ഷക്കണക്കിനു പേരുടെ ജീവൻ നഷ്ടപ്പെടൂകയും മേഖലയിലെ മിക്കവാറും നഗരങ്ങളുടേയും അവിടങ്ങളിലെ കൃഷിയുടെ ജീവൽനാഢിയായിരുന്ന ജലസേചനസംവിധാനങ്ങളുടേയും നാശത്തിന് കാരണമാകുകയും ചെയ്തു. 1218-ൽ മംഗോൾ സേന പാമിർ കടന്ന് ബദാഖ്‌ശാനിലെത്തി. 1220-ൽ കൂടുതൽ ശക്തിയാർജ്ജിച്ചെത്തിയ ഇവർ, ഖ്വാറസം ഷായുടെ സൈന്യത്തെ പരാജയപ്പെടുത്തി. ഇതിനു തൊട്ടടുത്ത വർഷം ചെങ്കിസ് ഖാൻ നേരിട്ട് അഫ്ഗാനിസ്താനിലെത്തി. 1221 ഫെബ്രുവരിയിൽ ചെങ്കിസ് ഖാൻ ബാക്ട്ര പിടിച്ചടക്കി നശിപ്പിച്ചു. തൊട്ടടുത്ത മാസം മാർവ് പിടിച്ചടക്കുകയും തുടർന്ന് ബാമിയൻ താഴ്വരയും പിടിച്ചടക്കി. ഇവിടെ വച്ച് ചെങ്കിസ് ഖാന്റെ ഒരു പൌത്രൻ കൊല്ലപ്പെട്ടു. ഇതിന്റെ പ്രതികാരമായി, താഴ്വരയിലെ എല്ലാ ജീവജന്തുക്കളേയും മംഗോളിയർ കൊന്നൊടുക്കി. ബാമിയാനിലെ മലകൾക്ക് തെക്കുള്ള ശഹർ ഇ ഘോൽഘോലയിലെ കോട്ട ഇന്നും ഈ നാശനഷ്ടത്തിന്റെ മുറിപ്പാടുകൾ പേറുന്നുണ്ട്. മംഗോളിയൻ ആക്രമണകാലത്ത് ഖുറാസാനിലെമ്പാടുമുള്ള ജനജീവിതം നിശ്ചലമായി. തുടർന്നുള്ള കാലത്തെ സഞ്ചാരികളുടെ വിവരണത്തിൽ നിന്നും മംഗോൾ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ തീവ്രത ദർശിക്കാനാകും. മംഗോളിയരെ ഭയന്ന് തന്റെ തലസ്ഥാനം വിട്ട് പലായനം ചെയ്ത ഖോറസ്മിയൻ രാജാവ്, 1220/21 കാലത്ത് കാസ്പിയൻ കടലിന്റെ തെക്കുകിഴക്കൻ കോണിലുള്ള അബാസ്ഗുൻ ദ്വീപിൽ വച്ച് മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ മകൻ ജലാൽ അൽ ദീൻ കിഴക്കൻ അഫ്ഗാനിസ്താനിൽ മംഗോളിയരുമായി പോരാടി. 1221 ഒക്ടോബറിൽ ഇദ്ദേഹം കാബൂളിനടുത്തുള്ള പർവാനിൽ വച്ച് ചെനിസ് ഖാന്റെ ഇളയ മകനായിരുന്ന തോളുയി നയിച്ചിരുന്ന മംഗോൾ സേനയോട് പരാജയപ്പെട്ടു. ഇതിനെത്തുടർന്ന് ജലാൽ അൽ ദീൻ സിന്ധൂനദി മുറിച്ച് കടന്ന് ഇന്ത്യയിലേക്ക്ക് രക്ഷപ്പെട്ടു. രണ്ടുവർഷത്തിനകം ഇദ്ദേഹം ബലൂചിസ്താനും ദക്ഷിണ ഇറാനും വഴി, ഇറാഖിലേക്ക് കടന്നു. ഇവിടെ വച്ച് 1231-ൽ ഇദ്ദേഹം മരണമടഞ്ഞു. മുൻപ് മംഗോളിയർക്ക് നിരുപാധികം കീഴടങ്ങിയ ഹെറാത്തിൽ, പിൽക്കാലത്ത് കലാപം ഉടലെടുത്തു. മംഗോളിയർക്ക് ഈ പട്ടണം തിരികെപ്പിടിക്കാൻ ഏതാണ്ട് 7 മാസമെടുത്തു. തുടർന്നുള്ള മംഗോളിയൻ പ്രതികാരം ഭീകരമായിരുന്നു. ഇസ്ലാമികചരിത്രകാരന്മാരുടെ കണക്കുകൾ പ്രകാരം ഇവിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 16-ഉം 24-ഉം ലക്ഷത്തിനിടയിലാണ്. മംഗോളിയർക്കു മുൻപിൽ പരാജയപ്പെട്ട തൊട്ടടുത്ത പട്ടണമായ നിഷാപൂരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 17,47,00 ആണെന്നും പറയപ്പെടുന്നു[൧]. ഇവിടങ്ങളിലെ ജലസേചനസംവിധാനങ്ങളും മറ്റും തകർക്കപ്പെട്ടതുമൂലം മേഖല സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിലായി. ചെങ്കിസ് ഖാന്റെ കാലശേഷം ട്രാൻസോക്ഷ്യാന, ഇന്നത്തെ അഫ്ഗാനിസ്താന്റെ വടക്കുഭാഗം എന്നിവ, ചെങ്കിസ് ഖാന്റെ രണ്ടാമത്തെ പുത്രനായ ചഗതായ്ക്ക് ലഭിച്ചു. പടിഞ്ഞാറൻ അഫ്ഗാനിസ്താനും ഇറാനിയൻ പീഠഭൂമിയുടെ ഭൂരിഭാഗവും ചെങ്കിസ് ഖാന്റെ മൂന്നാമത്തെ പുത്രനും മംഗോളിയരുടെ മഹാഖാനുമായിരുന്ന ഒഗെതായ് ഖാന്റെ നിയന്ത്രണത്തിലായിരുന്നു. ഒഗദേയുടേയും അദ്ദേഹത്തിന്റെ രണ്ടു പിൻഗാമികളായ ഗൂയൂക്ക്, മോങ്‌കെ എന്നിവരുടേ കാലത്ത് മംഗോൾ സാമ്രാജ്യം താരതമ്യേന സ്ഥിരത കൈവരിച്ചു. ഇവരുടെ കാലത്ത് ഇറാനിയൻ പീഠഭൂമിയുടെ പല ഭാഗങ്ങളും മംഗോളിയർ സ്വാധീനമുറപ്പിച്ചു. ഇന്തോ ഇറാനിയൻ അതിർത്തിപ്രദേശങ്ങൾ ഇക്കാലത്ത്, സൈഫ് അൽ ദീൻ ഹസൻ കാർലൂഘ് എന്ന ഒരു തദ്ദേശിയഭരണാധികാരിയുടെ അധിനതയിലായിരുന്നെന്ന് കരുതുന്നു[20]. മംഗോളിയൻ ആക്രമണത്തിന് ശേഷം, 1333-ൽ ഖുറാസാൻ വഴി ഇന്ത്യയിലേക്ക് സഞ്ചരിച്ച മൊറോക്കൻ സഞ്ചാരി ഇബ്നു ബത്തൂത്ത, ബൽഖ് നശിച്ച ഒരു പട്ടണമായിരുന്നെന്നാണ് പറയുന്നത്. എന്നാൽ ഹെറാത്ത് ഒരു പരിധിവരെ ഇക്കാലത്ത് കരകയറിയിരുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു. കപിസയും കാബൂളും ഗസ്നിയും വളരെ ചെറിയ ഗ്രാമപ്രദേശങ്ങളായി ചുരുങ്ങിയിരുന്നു. കന്ദഹാറിനു മാത്രം, മംഗോൾ ആക്രമണങ്ങളിൽ കാര്യമായ ക്ഷതം സംഭവിച്ചില്ല. ഇബ്ൻ ബത്തൂത്ത കന്ദഹാർ സന്ദർശിച്ചില്ലെങ്കിലും, വലുതും സമ്പന്നവുമായ ഒരു നഗരമായിരുന്നു ഇതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അഫ്ഗാനിസ്താനിൽ മംഗോളിയരുടെ ആധിപത്യം ഏതാണ്ട് 100 വർഷകാലം മാത്രമേ നീണ്ടുനിന്നുള്ളൂ. പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും മംഗോളിയർ മദ്ധ്യേഷ്യയുടെ വിസ്തൃതമായ ഭാഗങ്ങൾ ഇലി നദിയുടെ തീരത്തുള്ള അൽമാലൈക് (കുൽദ്ജ) കേന്ദ്രമാക്കി ഭരിച്ചിരുന്നു. സിർ ദര്യക്ക് തെക്കോട്ടുള്ള പ്രദേശങ്ങളിലെ ഇവരുടെ നിയന്ത്രണം കുറയുകയും പ്രദേശം തുർക്കികൾ അധിവസിക്കുന്ന നിരവധി ചെറുരാജ്യങ്ങളായി പരിണമിക്കുകയും ചെയ്തു. പലയിടങ്ങളിലും തുർക്കിക് നേതാക്കലായിരുന്നു ഭരണം നടത്തിയിരുന്നത്. അഫ്ഗാനിസ്താന്റെ മദ്ധ്യഭാഗത്തും പടിഞ്ഞാറുമുള്ള മംഗോൾ ഹസാര കോളനികളാണ് മംഗോളിയൻ ആധിപത്യത്തിന്റെ ഇപ്പോൾ അവശേഷിക്കുന്ന ബാക്കിപത്രം.[21] കർത്ത് സാമ്രാജ്യം1244-ൽ മംഗോളിയർ, ഹെറാത്തിന്റെ അധികാരം ഷംസുദ്ദീൻ മുഹമ്മദ് കർത്ത് എന്ന താജിക് വംശജനായായ തദ്ദേശീയനു കൈമാറി. ഇദ്ദേഹത്തിന്റെ സാമ്രാജ്യം കർത്ത് സാമ്രാജ്യം എന്ന പേരിൽ അറിയപ്പെട്ടു. പതിനാലാം നൂറ്റാണ്ടിന്റെ അവസാനം വരെ ഹെറാത്തും ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ വലിയൊരു ഭാഗവും മംഗോളിയരുടെ പരിമിതമായ മേൽക്കോയ്മക്കു കീഴിൽ കർത്ത് രാജാക്കന്മാർ ഭരണം നടത്തി[20]. മംഗോളിയരുടെ നിയന്ത്രണത്തിൽ കുറവുണ്ടായതിനെത്തുടർന്ന് 1332 മുതൽ 1370 വരെയുള്ള കാലത്ത് ഇവർക്ക് ഒരളവുവരെ സ്വതന്ത്രമായ ഭരണവുമുണ്ടായിരുന്നു.[21] ഇൽഖാനി സാമ്രാജ്യംപതിമൂന്നാം നൂറ്റാണ്ടിൽ പേർഷ്യയിൽ മംഗോൾ സാമ്രാജ്യത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ഒരു മംഗോളിയൻ ഖാനേറ്റ് ആണ് ഇൽഖാനി.1256-ൽ മംഗോളിയൻ മഹാഖാനായിരുന്ന മോങ്‌കെയുടെ സഹോദരനും ചെങ്കിസ് ഖാന്റെ ഒരു പൗത്രനുമായ ഹുലേഗു ഖാനാണ് ഈ സാമ്രാജ്യം സ്ഥാപിച്ചത്. മദ്ധ്യേഷ്യയിൽ ചഗതായികളുമായി ഏറ്റുമുട്ടി അഫ്ഗാനിസ്താന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഈ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു[20]. ചഗതായ് സാമ്രാജ്യംപതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനവും 14-ആം നൂറ്റാണ്ടീന്റെ തുടക്കത്തിലുമായി ട്രാൻസോക്ഷ്യാനയിലെ ചഗതായ് ഭരണാധികാരികൾ അമു ദാര്യക്ക് തെക്കോട്ട് അവരുടെ നിയന്ത്രണം വ്യാപിപ്പിച്ചു. ഖുണ്ടുസ്, ബാഘ്ലാൻ, ബദാഖ്ശാൻ, കാബൂൾ, ഗസ്നി, കന്ദഹാർ എന്നീപ്രദേശങ്ങളടങ്ങുന്ന ഇന്നത്തെ അഫ്ഗാനിസ്താന്റെ ഭൂരിഭാഗവും ചഗതായികളുടെ നിയന്ത്രണത്തിൽ വന്നു. ചഗതായികളുടെ ക്ഷയത്തിനു ശേഷം അഫ്ഗാനിസ്താനിൽ ചഗതായി ഖാന്മാർ നേരത്തേ നിയന്ത്രിച്ചിരുന്ന പ്രദേശങ്ങളിൽ ഭരിച്ചിരുന്ന പിന്മുറക്കാരെ ചഗതായ് ഉലുക്കൾ എന്ന് അറിയപ്പെടുന്നു. രാഷ്ട്രീയനിയന്ത്രണത്തിനായി ഒന്നു ചേർന്ന തുർക്കോ-മംഗോളിയൻ വംശജരുടേയും മറ്റുവിഭാഗങ്ങളുടേയും പൊതുസംഘമാണ് ഉലു എന്നറിയപ്പെട്ടിരുന്നത്. ചഗതായ് ഉലുക്കളുടെയിടയിൽ ഖ്വാറവ്ന വംശത്തിലെ നേതാവായിരുന്ന ഖ്വാജാഘാൻ വളരെയേറെ ശക്തി പ്രാപിച്ചു. ഖാജാഘാന്റെ പിൻഗാമിയായി ആമിർ ഹുസൈനും അധികാരത്തിലേറി[20]. തിമൂറി സാമ്രാജ്യംചഗതായ് ഉലുക്കളുടെ നേതാവായിരുന്ന ആമിർ ഹുസൈനെ പരാജയപ്പെടുത്തി തിമൂർ, അഫ്ഗാനിസ്താനടക്കം നേരത്തേ ചഗതായ് നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങൾ മുഴുവൻ ആധിപത്യത്തിലാക്കി തിമൂറി സാമ്രാജ്യം സ്ഥാപിച്ചു. 1370 ഏപ്രിൽ 9-ന് തിമൂർ, സ്വയം അമീർ ആയി പ്രഖ്യാപിച്ചു. 1380-കളുടെ പകുതിയോടു കൂടി ഇന്നത്തെ അഫ്ഗാനിസ്താൻ മുഴുവൻ തിമൂർ തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. തിമൂറിന്റെ ഭരണകാലത്ത് സമർഖണ്ഡ് ആയിരുന്നു സാമ്രാജ്യത്തിന്റെ തലസ്ഥാനമെങ്കിലും പുത്രൻ ഷാ രൂഖിന്റെ കാലത്ത് പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഹെറാത്ത് ആയിരുന്നു സാമ്രാജ്യത്തിന്റെ തലസ്ഥാനം. ഷാ രൂഖിനു പുറമേ, ഹുസൈൻ ബൈഖാറയും ഹെറാത്തിൽ നിന്നും ഭരണം നടത്തിയ പ്രധാന തിമൂറി ഭരണാധികാരിയാണ്. തിമൂറി ഭരണകാലം ഹെറാത്തിന്റെ സുവർണകാലം ആയി അറിയപ്പെടുന്നു. 1506 വരെ ഹുസൈൻ ബൈഖാറ ഹെറാത്തിൽ അധികാരത്തിലിരുന്നു[20]. പതിനാറ് പതിനേഴ് നൂറ്റാണ്ടുകൾപതിനാറാം നൂറ്റാണ്ടിൽ അഫ്ഗാനിസ്താനു ചുറ്റുമായി മൂന്നു സാമ്രാജ്യങ്ങൾ ഉടലെടുത്തു. പടിഞ്ഞാറ് ഇറാനിൽ സഫവി സാമ്രാജ്യവും, വടക്ക് ട്രാൻസോക്ഷ്യാനയിൽ ഉസ്ബെക്കുകളുടെ ഷൈബാനി സാമ്രാജ്യവും, കിഴക്ക് ഇന്ത്യയിൽ മുഗൾ സാമ്രാജ്യവുമായിരുന്നു ഇവ. അഫ്ഗാനിസ്താൻ ഈ സാമ്രാജ്യങ്ങൾക്കിടയിലെ പോരാട്ടഭൂമിയായി മാറി. ഇറാൻ മദ്ധ്യേഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവക്കിടയിലെ വ്യാപാരപാതയിലെ പ്രധാന കേന്ദ്രങ്ങളായിരുന്ന ഹെറാത്ത്, ബൽഖ്, കാബൂൾ, കന്ദഹാർ എന്നീ തന്ത്രപ്രധാനമായ പ്രദേശങ്ങളിലെ നിയന്ത്രണത്തിനായി ഓരോ വിഭാഗവും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. മൂന്നു കൂട്ടരും ഇതുവഴി കടന്നു പോകുന്ന വ്യാപാരികളിൽ നിന്നും കരം ഈടാക്കാനും തദ്ദേശീയരെ നിയന്ത്രിക്കുന്നതിനുമായി പഷ്തൂണുകളെപ്പോലെയുള്ള തദ്ദേശീയരായ ഇടനിലക്കാരെ ഏർപ്പെടുത്തിയിരുന്നു. ഇതുവഴി പഷ്തൂണുകൾ അവരുടെ വാസം പ്രധാന പാതകൾക്ക് സമീപത്തേക്ക് നീക്കുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം ഉസ്ബെക് നേതാവായിരുന്ന മുഹമ്മദ് ഷൈബാനി ഖാൻ (ഷൈബാനി രാജവംശം), വടക്കൻ അഫ്ഗാനിസ്താനും തുടർന്ന് ഹെറാത്തും പിടിച്ചടക്കിയെങ്കിലും ഷാ ഇസ്മയിലിന്റെ നേതൃത്വത്തിൽ സഫവികൾ ഉസ്ബെക്കുകളെ പരാജയപ്പെടുത്തി ട്രാൻസോക്ഷ്യാനയിലേക്ക് തുരത്തി ഹെറാത്ത് പിടിച്ചെടുത്തു. എങ്കിലും ബൽഖ് അടക്കമുള്ള അഫ്ഗാനിസ്താന്റെ വടക്കൻ പ്രദേശങ്ങൾ ഉസ്ബെക്കുകളുടെ വിവിധ ഖാന്മാരുടെ കീഴിൽ ക്രമേണ വന്നു ചേർന്നു. ആമിർ അഥവാ ബെഗ് എന്ന് അറിയപ്പെട്ടിരുന്ന ഇവരുടെ നേതാക്കൾ ഇവിടത്തെ വിവിധ മരുപ്പച്ചകളിലെ ഭരണാധിപന്മാരായി. സമർഖണ്ഡ്, ബുഖാറാ, താഷ്കണ്ട് എന്നിവയെപ്പോലെ ബൽഖും, ഷൈബാനികളുടെ പിൻഗാമികളായ തുഖായ്-തിമൂറിദ് സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട നാല് ഉപരാജ്യങ്ങളിൽ ഒന്നായിരുന്നു. പതിനേഴാം നൂറ്റാണ്ട്, അഫ്ഗാനിസ്താനിലെ പഷ്തൂണുകളുടെ (അഫ്ഗാനികൾ) ഉയർച്ചക്ക് സാക്ഷ്യം വഹിച്ചു. 1627-ൽ ഷാ അബ്ബാസിന്റെ നേതൃത്വത്തിൽ സഫാവികൾ വീണ്ടും കന്ദഹാർ കൈയടക്കി. തുടർന്നു വർഷങ്ങളിൽ കന്ദഹാറിൽ നിന്നും സഫവികളുടെ ആശിർവാദത്തോടെ അബ്ദാലി പഷ്തൂൺ വംശജർ ഹെറാത്ത് ലക്ഷ്യമാക്കി കുടിയേറ്റം തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ കന്ദഹാറിൽ ശേഷിച്ച ഘൽജികൾ അവിടത്തെ ശക്തരായ വിഭാഗമായി. ഇതേ സമയം ഹെറാത്ത് പ്രദേശത്ത് ശക്തരായിരുന്ന തുർക്കോ-മംഗോളീയൻ വിഭാഗങ്ങളെ ആദേശം ചെയ്ത് അബ്ദാലി പഷ്തൂണുകൾ ആധിപത്യം സ്ഥാപിച്ചു. ഇക്കാലത്ത് വടക്കൻ അഫ്ഹ്ഗാനിസ്താന്റെ മിക്ക ഭാഗങ്ങൾഊം ഉസ്ബെക്കുകളുടെ നിയന്ത്രണത്തിലായിരുന്നു. പലപ്പോഴും ഇവർ ഹിന്ദുകുഷ് കടന്നും ആക്രമണങ്ങൾ നടത്തിയിരുന്നു. 1629-ൽ ഇവർ ബാമിയാൻ പിടിച്ചടക്കുകയും ചെയ്തു. ഇക്കാലത്ത് തെക്കുകിഴക്കൻ അഫ്ഗാനിസ്താനിൽ മുഗളർ വീണ്ടും ശക്തിപ്രാപിക്കുകയും 1637-ൽ മുഗളരോട് തോറ്റ കന്ദഹാറിലെ സഫവി ഗവർണർ നഗരം മുഗളർക്ക് അടിയറവക്കുകയും ചെയ്തു. മുഗളർ തുടർന്നും ഹിൽമന്ദിന്റെ തീരത്തുള്ള ഗിരിഷ്കും സമീൻ ദവാർ പ്രവൈശ്യയും കരസ്ഥമാക്കി. 1646-ൽ മുഗൾ സേന, ഷിബർഘാനിൽ വച്ച് ഉസ്ബെക്കുകളെ പരാജയപ്പെടുത്തി ബൽഖും തെർമെസും കീഴടക്കി. പരാജയപ്പെട്ടെങ്കിലും ഗറില്ല യുദ്ധമുറയിലൂടെ ഉസ്ബെക്കുകൾ തിരിച്ചടിക്കുകയും വടക്കൻ അഫ്ഗാനിസ്താനിൽ നിന്നും പിന്മാറാൻ മുഗളരെ നിർബന്ധിതരാക്കുകയും ചെയ്തു[22]. പഷ്തൂണുകളുടെ പടയോട്ടംപേർഷ്യയിലെ സഫവി രാജാക്കന്മാർ, തങ്ങളുടെ ഭരണനേട്ടത്തിന് അഫ്ഗാനിസ്താനിലെ പഷ്തൂണുകളെ വിദഗ്ദ്ധമായി ഉപയോഗിച്ചിരുന്നു. ഹെറാത്തിലെ ഉസ്ബെക് ആധിപത്യം അവസാനിപ്പിക്കുന്നതിന് പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സഫവി ഷാ അബ്ബാസ്, പഷ്തൂണുകളിലെ പ്രബല വിഭാഗമായിരുന്ന അബ്ദാലി പഷ്തൂണുകളെ ഹെറാത്തിലേക്ക് മാറ്റിത്താമസിപ്പിച്ചു. ഇതോടെ കന്ദഹാറിൽ ശേഷിച്ച ഘൽജി വിഭാഗം അവിടത്തെ ശക്തമായ വിഭാഗമായി മാറുകയും സഫവികളിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച് അവിടെ ഹോതകി സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഇതേ സമയം ഹെറാത്തിലാകട്ടെ അബ്ദാലി പഷ്തൂണുകളിലെ സാദോസായ് വിഭാഗക്കാർ ശക്തി പ്രാപിക്കുകയും അവരും സഫവികളിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഹെറാത്തിലേയും കന്ദഹാറിലേയും പഷ്തൂണുകളെ നിയന്ത്രിക്കാൻ സഫവികൾ പലവട്ടം ശ്രമങ്ങൾ നടത്തിയെങ്കിലും വിജയം കണ്ടില്ല എന്നു മാത്രമല്ല 1720-ഓടെ രണ്ടു കൂട്ടരും സഫവി സാമ്രാജ്യത്തിനെതിരെ ആക്രമണങ്ങൾ ആരംഭിക്കുകയും ചെയ്തു. 1720-ൽ ഹോതകി ഘൽജികളുടെ നേതാവായിരുന്ന മിർ മഹ്മൂദ് പേർഷ്യയിലേക്ക് ആദ്യ ആക്രമണം നടത്തി. ഇതേ സമയം ഹെറാത്തിൽ നിന്നുള്ള അബ്ദാലികൾ മുഹമ്മദ് സമാൻ ഖാൻ സാദോസായുടെ നേതൃത്വത്തിൽ ഹെറാത്തിന് പടിഞ്ഞാറുള്ള ഇസ്ലാം ഖാല സഫവികളിൽ നിന്നും പിടിച്ചടക്കുകയും ചെയ്തു. 1721 മുതൽ ഹോതകി പഷ്തൂണുകൾ പേർഷ്യയിലേക്ക് ആക്രമണമാരംഭിക്കുകയും 1722 മാർച്ച് 8-ന് സഫവികളെ പരാജയപ്പെടുത്തി തലസ്ഥാനമായ ഇസ്ഫാഹാൻ പട്ടണം കീഴടക്കി. 1722 ഒക്ടോബർ 25-ന് മിർ മഹ്മൂദ് പേർഷ്യയുടെ ഷാ ആയി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഹോതകികളുടെ പേർഷ്യയിലെ ഭരണം അധികകാലം നീണ്ടില്ല. 1929-ൽ സഫവി രാജകുമാരനായിരുന്ന താഹ്മാസ്പ് രണ്ടാമനും, സൈന്യാധിപനായ നാദിർ ഖാനും ഹെറാത്തിലെ അബ്ദാലി പഷ്തൂണുകളെ പരാജയപ്പെടുത്തി. തുടർന്ന് അബ്ദാലികളുമായി സഖ്യത്തിലായ നാദിർ ഷാ, ഹോതകി പഷ്തൂണുകളെയും തോൽപ്പിച്ച് പേർഷ്യയിൽ നിന്നും തുരത്തി. 1936-ൽ സഫവി ഷാ അബ്ബാസിനെ സ്ഥാനഭ്രഷ്ടനാക്കി, പേർഷ്യയിലെ സുൽത്താനായ നാദിർ ഷാ, 1938-ൽ കന്ദഹാറിലെ ഹോതകി ഘൽജി പഷ്തൂണുകളേയും പരാജയപ്പെടുത്തിയതോടെ പഷ്തൂണുകളുടെ ആദ്യ പടയോട്ടത്തിന് അവസാനമായി.[22]. ആധുനികചരിത്രംഇന്നത്തെ അതിരുകൾക്കുള്ളിലുള്ള ഒരു അഫ്ഗാനിസ്താൻ രൂപപ്പെട്ടത് 1747-ൽ ദുറാനി സാമ്രാജ്യത്തിന്റെ കീഴിലാണ്. അഹ്മദ് ഷാ അബ്ദാലിയാണ് (അഹ്മദ് ഷാ ദുറാനി) ഈ സാമ്രാജ്യത്തിന്റെ സ്ഥാപകൻ. ദുറാനി സാമ്രാജ്യംഹോതകികൾക്കു മേലുള്ള നാദിർഷായുടെ വിജയത്തിനു ശേഷം, പ്രമുഖരായ ഹോതകി ഘൽജി നേതാക്കളെ കന്ദഹാറീൽ നിന്നു നാടുകടത്തുകയും പകരം അബ്ദാലികളെ കന്ദഹാറിൽ കുടിയിരുത്തുകയും ചെയ്തിരുന്നു. 1747-ൽ നാദിർ ഷാ കൊല്ലപ്പെടുന്ന സമയത്ത് അദ്ദേഹത്തിന്റെ സൈന്യത്തിലെ അബ്ദാലി പഷ്തൂൺ വിഭാഗത്തിന്റെ സേനാനായകനുമായിരുന്ന അഹമ്മദ് ഖാൻ, തന്റെ 4000-ത്തോളം വരുന്ന സൈനികരുമായി കന്ദഹാറിലെത്തുകയും, നാദിർഷായുടെ മരണത്തെത്തുടർന്ന് സ്വതന്ത്രരായ പഷ്തൂൺ ജനതയുടെ നേതൃസ്ഥാനത്തെത്തുകയും ചെയ്തു. അഹ്മദ് ഷാ അബ്ദാലിയുടെ കാലത്തുതന്നെ, ദുറാനി സാമ്രാജ്യത്തിന്റെ അധികാരം, ഇന്നത്തെ അഫ്ഗാനിസ്താനിലുൾപ്പെടുന്ന പ്രദേശങ്ങൾക്കു പുറമേ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും, ഖുറാസാൻ മേഖലയിലേക്കും വ്യാപിച്ചിരുന്നു. (എന്നാൽ ഇന്നത്തെ അഫ്ഗാനിസ്താന് പുറത്തുള്ള പ്രദേശങ്ങൾ അഹ്മദ് ഷായുടെ പിൻഗാമികളുടെ കാലത്തുതന്നെ നഷ്ടമായി). അഹ്മദ് ഷായുടെ പുത്രൻ തിമൂറിന്റെ കാലത്താണ് അഫ്ഗാനിസ്താന്റെ തലസ്ഥാനം, കന്ദഹാറിൽ നിന്നും കാബൂളിലേക്ക് മാറ്റിയത്. ദുർബലരായ ഭരണാധികളും, അബ്ദാലി പഷ്തൂണുകളിലെ മറ്റൊരു പ്രബലവിഭാഗമായ മുഹമ്മദ്സായ് (ബാരക്സായ്) വംശജരുടെ എതിർപ്പും മൂലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെയേ (1823 വരെ) ദുറാനി സാമ്രാജ്യം നിലനിന്നുള്ളൂ. ദുറാനികളെ നിഷ്കാസനം ചെയ്ത് ഈ സ്ഥാനത്ത്, ദോസ്ത് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ മുഹമ്മദ്സായ് (ബാരക്സായ്) വംശജർ രാജ്യത്ത് അധികാരത്തിലെത്തി. അഫ്ഗാനിസ്താൻ അമീറത്ത്ദോസ്ത് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്താനിൽ നിലവിൽ വന്ന ഭരണകൂടത്തെയാണ് അഫ്ഗാനിസ്താൻ അമീറത്ത് എന്നറിയപ്പെടുന്നത്. ഈ വംശത്തിലെ രാജാക്കന്മാർ, പടനായകൻ എന്ന അർത്ഥത്തിൽ, അമീർ എന്ന സ്ഥാനപ്പേരാണ് ഉപയോഗിച്ചിരുന്നത്. ദോസ്ത് മുഹമ്മദ് ഖാൻ, ഷേർ അലി ഖാൻ, അബ്ദുർ റഹ്മാൻ ഖാൻ, ഹബീബുള്ള ഖാൻ, അമാനുള്ള ഖാൻ തുടങ്ങിയ ശക്തരായ ഭരണാധികാരികളാണ് ബാരക്സായ് വംശത്തിൽ ഭരണം നടത്തിയത്. മദ്ധ്യേഷ്യയിലെ ആധിപത്യത്തിന് അന്നത്തെ ലോകശക്തികളായ റഷ്യയും ബ്രിട്ടണും പരസ്പരം മൽസരിക്കുന്നതിനിടയിലാണ് ബാരക്സായ് വംശജരുടെ ഭരണം നിലവിലിരുന്നത് എന്നത് ശ്രദ്ധേയമാണ്. വൻകളി എന്നറിയപ്പെട്ട ഈ രാഷ്ട്രീയസാഹചര്യത്തിൽ, ബ്രിട്ടീഷ് ഇന്ത്യയും, റഷ്യയും തങ്ങളുടെ അതിർത്തികൾ പരസ്പരം സന്ധിക്കാത്ത രീതിയിൽ, അഫ്ഗാനിസ്താനെ ഒരു നിഷ്പക്ഷഭൂമിയായി അംഗീകരിച്ചിരുന്നു. എങ്കിലും ഇരുവിഭാഗങ്ങളുമായി, പ്രത്യേകിച്ച് ബ്രിട്ടീഷുകാരുമായി അഫ്ഗാനികൾക്ക് പോരാട്ടത്തിലേർപ്പെടേണ്ടി വന്നു. [23]. അഫ്ഗാനിസ്താൻ അമീറത്തിന്റെ കാലത്ത്, അഫ്ഗാനിസ്താന്റെ വിദേശനയം, ബ്രിട്ടീഷ് മേൽക്കോയ്മയിലായിരുന്നു. ആംഗ്ലോ അഫ്ഗാൻ യുദ്ധങ്ങൾ എന്നറീയപ്പെടുന്ന മൂന്നു യുദ്ധങ്ങൾ ഇക്കാലത്ത് ബ്രിട്ടണും അഫ്ഗാനികളും തമ്മിൽ അരങ്ങേറി. 1919-ൽ അമീറത്തിലെ അവസാനരാജാവായിരുന്ന അമാനുള്ള ഖാന്റെ കാലത്ത് നടന്ന മൂന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിനു ശേഷം, ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിലെ ഇടപെടൽ അവസാനിപ്പിച്ച് പിന്മാറി. അമാനുള്ളയുടെ ഭരണകാലത്ത് (1919 - 1929) അമീർ എന്ന പദവി ഒഴിവാക്കുകയും, ഷാ എന്ന പദവി സ്വീകരിക്കുകയും ചെയ്തു. ഈ മാറ്റം, അമീറത്തിന്റെ അന്ത്യമായി കണക്കാക്കുന്നു. ഇതിനുപുറമേ രാജാവ് നേതൃത്വം നൽകുന്നതും ഭരണഘടനയിൽ അടിസ്ഥിതമായതും ജനപ്രതിനിധികൾ അടങ്ങുന്നതുമായ ഒരു സർക്കാർ സംവിധാനം അഫ്ഗാനിസ്താനിൽ നടപ്പിലാക്കി. തികച്ചും മതേതര-പരിഷ്കരണവാദിയായിരുന്ന അമാനുള്ള എല്ലാ മതവിശ്വാസികൾക്കും തുല്യത നൽകുക, സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക, പർദ്ദ ഒഴിവാക്കുക തുടങ്ങിയ വിപ്ലവകരമായ നിരവധി വ്യക്തി-സാമൂഹികനിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇതുമൂലം മൗലികമതവാദികളുടെ എതിർപ്പ് സമ്പാദിക്കേണ്ടിവരുകയും 1929-ൽ ഭരണം വിട്ടൊഴിയാൻ നിർബന്ധിതനാകുകയും ചെയ്തു.[24] അഫ്ഗാനിസ്താൻ രാജവംശംഅഫ്ഗാനിസ്താൻ അമീറത്തിന്റെ പതനത്തിനു ശേഷം ഷാ എന്ന പേരിൽ ഭരണം നടത്തിയ രാജാക്കന്മാരുടെ വംശത്തെ (അഫ്ഗാനിസ്താനിലെ രാജാക്കന്മാരുടെ വംശം എന്ന അർത്ഥത്തിൽ) അഫ്ഗാനിസ്താൻ രാജാവംശം എന്ന് അറീയപ്പെടാറുണ്ട്. അമാനുള്ള ഖാനെ അധികാരത്തിൽ നിന്നും പുറത്താക്കി, ഹബീബുള്ള കലകാനി എന്ന ഒരു താജിക് വംശജനാണ് അൽപ്പകാലത്തേക്ക് (1929 ജനുവരി 17 മുതൽ ഒക്ടോബർ 13 വരെ) കാബൂളിൽ അധികാരത്തിലെത്തിയത്. 1929 ഒക്ടോബർ 17-ന്, ബാരക്സായ് പഷ്തൂൺ കുടുംബാംഗവും, മുൻ സൈന്യാധിപനുമായിരുന്ന മുഹമ്മദ് നാദിർ ഖാൻ, ഹബീബുള്ള കലകാനിയെ പരാജയപ്പെടുത്തുകയും [25] മുഹമ്മദ് നാദിർ ഷാ എന്ന പേരിൽ അധികാരത്തിലേറുകയും ചെയ്തു. എന്നാൽ പഷ്തൂൺ കുടുംബങ്ങൾക്കിടയിലെ ചേരിപ്പോരിന്റെ ഫലമായി മുഹമ്മദ് നാദിർ ഷാ, 1933-ൽ കൊല്ലപ്പെട്ടു. നാദിർ ഷാക്ക് ശേഷം അധികാരത്തിലേറിയ പുത്രൻ മുഹമ്മദ് സഹീർ ഷാ, 1933 മുതൽ 1973 വരെ ഭരണത്തിലിരുന്നു. ഇക്കാലത്ത് രാജാവിന്റെ അധികാരം പരിമിതപ്പെടുകയും, പ്രധാനമന്ത്രിമാരുടെ അധികാരം വർദ്ധിക്കുകയും ചെയ്തു. അഫ്ഗാനിസ്താനിലെ അവസാനത്തെ രാജാവായിരുന്ന മുഹമ്മദ് സഹീർ ഷാ, 1973-ൽ അട്ടിമറിച്ച് അദ്ദേഹത്തിന്റെ ബന്ധു മുഹമ്മദ് ദാവൂദ് ഖാൻ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്താനിലെ രാജഭരണത്തിന് തിരശീല വീണു.[26] രാജഭരണത്തിന്റെ അവസാനവും പ്രസിഡണ്ട് ഭരണവും1973-ൽ സഹീർ ഷായുടെ ബന്ധുവും, മുൻ പ്രധാനമന്ത്രിയുമായിരുന്ന മുഹമ്മദ് ദാവൂദ് ഖാൻ, രാജാവിനെ അധികാര ഭ്രഷ്ടനാക്കി, അഫ്ഗാനിസ്താനിലെ ആദ്യത്തെ പ്രസിഡണ്ടായി സ്ഥാനമേറ്റു. രാജ്യത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയകക്ഷിയായിരുന്ന പി.ഡി.പി.എയുടെ പാർചം വിഭാഗത്തിന്റെ പിന്തുണയോടുകൂടിയാണ് ഈ അട്ടിമറി നടന്നത്. തന്റെ ഭരണത്തിന്റെ തുടക്കത്തിൽ മൗലിക ഇസ്ലാമികവാദികളെ പ്രത്യക്ഷശത്രുക്കളായിക്കണ്ട ദാവൂദ് ഖാൻ, അവർക്കെതിരെ ശക്തമായ നടപടികളെടുത്തു. ഇതോടെ ഇസ്ലാമികവാദികൾ പാകിസ്താനിലേക്ക് കടന്ന് ഭരണകൂടത്തിനെതിരെ സായുധപോരാട്ടത്തിന് തയാറെടുത്തു. അഫ്ഗാനിസ്താനിൽ ഇന്നും തുടരുന്ന അക്രമപരമ്പരയുടെ ആരംഭം, ഈ നടപടിയിൽ നിന്നാണ്.[27] സോർ വിപ്ലവവും കമ്മ്യൂണിസ്റ്റ് ഭരണവുംതുടക്കത്തിൽ കമ്യൂണിസ്റ്റുകളെ സഖ്യകക്ഷിയായി കണക്കാക്കിയിരുന്ന മുഹമ്മദ് ദാവൂദ് ഖാൻ, പിൽക്കാലത്ത് അവരേയും എതിരാളികളാക്കി. ഇതോടെ സൈന്യത്തിന്റെ സഹായത്തോടെ ദാവൂദിനേയും കുടുംബത്തേയും വധിച്ച്, കമ്മ്യൂണിസ്റ്റുകൾ 1978-ൽ അധികാരം പിടിച്ചെടുത്തു. ഈ അട്ടിമറി, സോർ വിപ്ലവം എന്ന പേരിൽ അറിയപ്പെടുന്നു. നൂർ മുഹമ്മദ് താരക്കി ആയിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്. രാജ്യത്ത് കമ്മ്യൂണിസ്റ്റുകാർ അധികാരത്തിലെത്തിയതോടെ പാകിസ്താനിൽ കേന്ദ്രീകരിച്ച ഇസ്ലാമികവാദികൾ, കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ പോരാട്ടം ആരംഭിച്ചു. ക്രമസമാധാനനില വഷളായതിനെത്തുടർന്ന് നൂർ മുഹമ്മദ് താരക്കി പ്രസിഡണ്ട് സ്ഥാനം ഉപേക്ഷിക്കുകയും ഹഫീസുള്ള അമീൻ പ്രസിഡണ്ടാകുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകളുടെ റഷ്യൻ വിധേയത്വത്തിൽ കുറവുവരുത്തി, പാകിസ്താനുമായും അമേരിക്കയുമായും യോജിച്ച് പ്രവർത്തിക്കുന്നതിലൂടെ ഇസ്ലാമികവാദികളുമായി അനുരഞ്ജനത്തിലെത്താം എന്ന് അദ്ദേഹം കരുതിയിരുന്നു. എന്നാൽ ഈ നയത്തെ സോവിയറ്റ് യൂനിയൻ പിന്താങ്ങിയിരുന്നില്ല. ഇതിന്റെ ഫലമായി 1979 ഡിസംബറിൽ ഹഫീസുള്ള അമീനെ അട്ടിമറിച്ച്, സോവിയറ്റ് സൈന്യം രാജ്യത്ത് ആധിപത്യം സ്ഥാപിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സോവിയറ്റ് പക്ഷക്കാരനായ ബാബ്രക് കാർമാലിനെ പ്രസിഡണ്ടാക്കുകയും ചെയ്തു.[27] ഇസ്ലാമികപ്രതിരോധംകമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള ഇസ്ലാമികവാദികളുടെ മുജാഹിദീൻ സേനയുടെ നീക്കങ്ങൾക്ക് അമേരിക്ക പിന്തുണ നൽകിപ്പോന്നിരുന്നു. ഇതിനു മറുപടിയെന്നോണമാണ് 1979-ൽ സോവിയറ്റ് യൂണിയൻ അഫ്‌ഗാന്റെ നിയന്ത്രണം കൈക്കലാക്കിയത്. അമേരിക്ക, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ മുജാഹിദീനുകൾ നടത്തിയ ചെറുത്തുനിൽപ്പിനെത്തുടർന്ന് 1989-ൽ സോവ്യറ്റ് സൈന്യം പിൻവാങ്ങിയെങ്കിലും 1992 വരെ കമ്മ്യൂണിസ്റ്റുകൾ ഭരണത്തിൽ തുടർന്നു. 1992-ൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട് നജീബുള്ളയെ പുറത്താക്കി, മുജാഹിദീനുകൾ കാബൂളിൽ അധികാരത്തിലെത്തി. വിവിധ മുജാഹിദീൻ വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങൾക്കാണ് പിന്നീട് അഫ്‌ഗാനിസ്ഥാനിൽ കളമൊരുങ്ങിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നറിയപ്പെടുന്ന ഒരു ഭരണകൂടത്തിന് മുജാഹിദീനുകൾ രൂപം കൊടുത്തെങ്കിലും വിവിധ മുജാഹിദീൻ വിഭാഗങ്ങൾ തമ്മിലുള്ള പരസ്പരകലഹം മൂലം രാജ്യത്ത് അരാജകത്വം നിലനിന്നു. ബുർഹാനുദ്ദീൻ റബ്ബാനിയാണ് ഇക്കാലത്ത് മുജാഹിദീൻ സർക്കാറിന്റെ പ്രസിഡണ്ടായിരുന്നത്.[27] താലിബാൻ ആധിപത്യംഇസ്ലാമികകക്ഷികൾ തമ്മിലുള്ള നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കടുത്ത മൗലികമതനിലപാടുകളുള്ള താലിബാൻ സേന 1996-ൽ അഫ്‌ഗാനിസ്ഥാനിൽ ആധിപത്യമുറപ്പിച്ചു. എന്നാൽ ഒസാമ ബിൻ ലാദനെപ്പോലുള്ള ഭീകരർക്ക് അഭയം നൽകിത്തുടങ്ങിയതോടെ അമേരിക്കയടക്കം പാശ്ചാത്യർ താലിബാനെതിരെ തിരിഞ്ഞു. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെത്തുടർന്ന് അൽഖയ്ദ ഭീകരർക്ക് സംരക്ഷണം നൽകിയെന്ന പേരിൽ അമേരിക്കയും നാറ്റോ സഖ്യസേനയും 2001 നവംബറോടെ താലിബാൻ ഭരണകൂടത്തെ യുദ്ധത്തിലൂടെ പുറന്തള്ളി. രാജ്യത്തെ താലിബാനിതര കക്ഷികളുടെ മുന്നണിയായിരുന്ന വടക്കൻ സഖ്യവും ഈ ആക്രമണത്തിൽ അമേരിക്കക്കൊപ്പം നിന്നു.[28] അഫ്ഗാഗാനിസ്ഥാൻ യുദ്ധം 2001-20212001 ഡിസംബറിൽ, താലിബാൻ സർക്കാർ അട്ടിമറിക്കപ്പെട്ടതിനുശേഷം, ഹമീദ് കർസായിയുടെ കീഴിൽ അഫ്ഗാൻ ഇടക്കാല ഭരണകൂടം രൂപീകരിച്ചു. കർസായ് ഭരണകൂടത്തെ സഹായിക്കുന്നതിനും അടിസ്ഥാന സുരക്ഷ നൽകുന്നതിനും സഹായിക്കുന്നതിനായി യുഎൻ സുരക്ഷാ സമിതിയാണ് ഇന്റർനാഷണൽ സെക്യൂരിറ്റി അസിസ്റ്റൻസ് ഫോഴ്സ് (ISAF) സ്ഥാപിച്ചത്. രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധത്തിനും കടുത്ത ക്ഷാമത്തിനും ശേഷം, അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും ഉയർന്ന-ശിശുമരണ നിരക്കുകളിലൊന്നായിരുന്നു, ഏറ്റവും കുറഞ്ഞ ആയുർദൈർഘ്യം, ഭൂരിഭാഗം ജനങ്ങളും പട്ടിണിയിലായിരുന്നു, യുദ്ധത്തിൽ തകർന്ന രാജ്യത്തെ പുനർനിർമ്മിക്കാൻ നിരവധി വിദേശ രാജ്യങ്ങൾ സഹായവും നൽകാൻ തുടങ്ങി. അതേസമയം, താലിബാൻ സൈന്യം പാകിസ്താനിൽ വീണ്ടും സംഘടിക്കാൻ തുടങ്ങി, പുനർനിർമ്മാണ പ്രക്രിയയെ സഹായിക്കാൻ കൂടുതൽ സഖ്യസേന അഫ്ഗാനിസ്ഥാനിലേക്ക് പ്രവേശിച്ചു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ താലിബാൻ കലാപം ആരംഭിച്ചു. അടുത്ത ദശകത്തിൽ ISAF ഉം അഫ്ഗാൻ സൈന്യവും താലിബാനെതിരെ നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയെങ്കിലും അവരെ പൂർണമായി പരാജയപ്പെടുത്താനായില്ല. വിദേശ നിക്ഷേപത്തിന്റെ അഭാവവും സർക്കാർ അഴിമതിയും താലിബാൻ കലാപവും കാരണം അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി തുടർന്നു. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാൻ കർസായി ശ്രമിച്ചു, അഫ്ഗാൻ സർക്കാരിന് ചില ജനാധിപത്യ ഘടനകൾ നിർമ്മിക്കാൻ കഴിഞ്ഞു, ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന പേരിൽ 2004 ൽ ഒരു ഭരണഘടന അംഗീകരിച്ചു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, കൃഷി എന്നിവ മെച്ചപ്പെടുത്തുന്നതിന് പലപ്പോഴും വിദേശ ദാതാക്കളുടെ പിന്തുണയോടെ ശ്രമങ്ങൾ നടന്നു. ISAF സേനയും അഫ്ഗാൻ ദേശീയ സുരക്ഷാ സേനയെ പരിശീലിപ്പിക്കാൻ തുടങ്ങി.അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന നാറ്റോ സൈനികരുടെ എണ്ണം 2011 ൽ 140,000 ആയി ഉയർന്നു, 2018 ൽ ഏകദേശം 16,000 ആയി കുറച്ചു. 2014 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റായി, അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായി ജനാധിപത്യം കൈമാറ്റം ചെയ്യപ്പെട്ടു.28 ഡിസംബർ 2014 ന്, നാറ്റോ അഫ്ഗാനിസ്ഥാനിലെ ISAF പോരാട്ട പ്രവർത്തനങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കുകയും അഫ്ഗാൻ സർക്കാരിന് മുഴുവൻ സുരക്ഷാ ഉത്തരവാദിത്തവും കൈമാറുകയും ചെയ്തു. നാറ്റോയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ റെസൊല്യൂട്ട് സപ്പോർട്ട് ISAF- ന്റെ പിൻഗാമിയായി അന്നുതന്നെ രൂപീകരിക്കപ്പെട്ടു. ആയിരക്കണക്കിന് നാറ്റോ സൈനികർ രാജ്യത്ത് അഫ്ഗാൻ സർക്കാർ സേനയെ പരിശീലിപ്പിക്കാനും ഉപദേശിക്കാനും താലിബാനെതിരായ തുടരുകയും ചെയ്തു. "2001 മുതൽ അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ ഏകദേശം 147,000 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് 2015 ൽ കണക്കാക്കപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ 38,000 ത്തിലധികം സാധാരണക്കാരാണ്". ബോഡി കൗണ്ട് എന്ന തലക്കെട്ടിലുള്ള ഒരു റിപ്പോർട്ട്, സംഘർഷത്തിന്റെ എല്ലാ കക്ഷികളുടെയും കൈകളാൽ അഫ്ഗാനിസ്ഥാനിലെ പോരാട്ടത്തിന്റെ ഫലമായി 106,000–170,000 സാധാരണക്കാർ കൊല്ലപ്പെട്ടു എന്നാണ്.[29] ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻതാലിബാന്റെ പതനത്തിനു ശേഷം 2001 ഡീസംബറിൽ, ജർമ്മനിയിലെ ബേണിനടുത്തുള്ള പീറ്റേഴ്സ്ബർഗിൽ അഫ്ഗാനിസ്താനിലേയും വിദേശരാജ്യങ്ങളുടേയും നേതാക്കൾ ഒരു സമ്മേളനം നടത്തി.[൨] ഇതനുസരിച്ച് ഹമീദ് കർസായിയെ അഫ്ഗാനിസ്താന്റെ പ്രസിഡണ്ട് പദവി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തി. ഇസ്ലാമിക് റീപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ എന്നാണ് ഈ സർക്കാരിന്റെ ഔദ്യോഗികനാമം. 2001 മുതൽ ഇന്നുവരെ ഹമീദ് കർസായ് ആണ് ഈ സർക്കാരിന്റെ പ്രസിഡണ്ട്. 2002 പകുതിയായപ്പോഴേക്കും അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ഏതാണ്ട് ശാന്തമായി. എന്നാൽ 2003 ആയപ്പോഴേക്കും പാകിസ്താനിൽ താലിബാൻ വീണ്ടും സംഘടിക്കപ്പെടുകയും രാജ്യത്തിന്റെ തെക്കും കിഴക്കും അതിർത്തികളിലൂടെ രാജ്യത്തേക്ക് കടന്നു കയറാനും തുടങ്ങി. 2007 നവംബറായപ്പോൾ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ സർക്കാർ നിയന്ത്രണം ഏറെക്കുറേ ഭദ്രമായിരുന്നു. [28] === സഖ്യസേനയുടെ പിൻമാറ്റം === ദോഹ ഉടമ്പടിയുടെ ഭാഗമായി, 2020 ജൂലൈയിൽ അമേരിക്കൻ സൈന്യത്തെ 13,000 ൽ നിന്ന് 8,600 സൈനികരായി കുറയ്ക്കാൻ ട്രംപ് ഭരണകൂടം സമ്മതിച്ചു, അതിനുശേഷം താലിബാൻ തീരുമാനങ്ങൾ പാലിക്കുകയാണെങ്കിൽ 2021 മേയ് 1 നകം പൂർണ്ണമായി സൈന്യത്തെ പിൻവലിക്കും. ബൈഡന്റ ഭരണത്തിന്റെ തുടക്കത്തിൽ, അഫ്ഗാനിസ്ഥാനിൽ 2,500 യുഎസ് സൈനികർ ഉണ്ടായിരുന്നു, അമേരിക്ക മെയ് 1 ന് മുമ്പ് ഈ സൈനികരെ പിൻവലിക്കാൻ തുടങ്ങില്ലെന്നും എന്നാൽ സെപ്റ്റംബർ 11 നകം പിൻവലിക്കൽ പൂർത്തിയാക്കുമെന്നും ബൈഡൻ പറഞ്ഞു. മെയ് 1 ന് താലിബാൻ വീണ്ടും ആക്രമണം ആരംഭിച്ചു. ജൂലൈ 8 -ന് ബൈഡൻ ഒരു പുതിയ പൂർത്തീകരണ തീയതി ഓഗസ്റ്റ് 31 എന്ന് വ്യക്തമാക്കി.[30] 2021 ഓഗസ്റ്റ് ആദ്യം അഫ്ഗാനിസ്ഥാനിൽ ഏകദേശം 650 യുഎസ് സൈനികർ ഉണ്ടായിരുന്നു, വിമാനത്താവളവും എംബസിയും സംരക്ഷിക്കാൻ ഇവരെ ചുമതലപ്പെടുത്തി.അഫ്ഗാനിസ്ഥാനിൽ നിന്നുള്ള എല്ലാ അമേരിക്കൻ സേനയും പിൻവാങ്ങിയതിന് ശേഷം മാസങ്ങളോ ആഴ്ചകൾക്കുള്ളിൽ കാബൂൾ വീഴുമെന്ന് യുഎസ് രഹസ്യാന്വേഷണ വിലയിരുത്തലുകൾ ജൂലൈ അവസാനത്തോടെ നൽകിയിരുന്നു. എന്നിരുന്നാലും സുരക്ഷാ സ്ഥിതി അതിവേഗം വഷളായി. അഫ്ഗാനിസ്ഥാനിലുടനീളമുള്ള തുടർച്ചയായ താലിബാൻ വിജയങ്ങളെത്തുടർന്ന്, എംബസി ഉദ്യോഗസ്ഥർ, യുഎസ് പൗരന്മാർ, എസ് ഐ വി അപേക്ഷകർ എന്നിവരെ ഒഴിപ്പിക്കുന്നതിന് 3,000 യുഎസ് സൈനികരെ കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിന്യസിക്കുമെന്ന് ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. പ്രവിശ്യകളിൽ താലിബാൻ അതിവേഗം മുന്നേറിയതോടെ,യുഎസ് ആഗസ്റ്റ് 14 ന് സൈനികരെ 5,000 ആയി ഉയർത്തി.ആഗസ്റ്റ് 15 -ന് കാബൂളിന്റെ പതനത്തോടെ 1,000 സൈനികരെ കൂടി വിന്യസിച്ചു,ആഗസ്റ്റ് 16 -ന് 1,000 സൈനികരെ കൂടി വിന്യസിച്ചു, മൊത്തം സൈനികരുടെ എണ്ണം 7,000 ആയി. അവസാന യുഎസ് സൈനിക വിമാനങ്ങൾ 2021 ഓഗസ്റ്റ് 30 -ന് കാബൂൾ സമയം രാത്രി 11:59 മണിയേടുകൂടി അവസാന വിമാനവും കാബൂളിൽ നിന്ന് പുറപ്പെട്ടു.[31] കുറിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia