ഹഫീസുള്ള അമീൻ

ഹഫീസുള്ള അമീൻ
حفيظ الله امين

പദവിയിൽ
1979 സെപ്റ്റംബർ 16 – 1979 ഡിസംബർ 27
മുൻഗാമി നൂർ മുഹമ്മദ് താരക്കി
പിൻഗാമി ബാബ്രക് കാർമാൽ

അഫ്ഗാനിസ്താന്റെ 13-മത് പ്രധാനമന്ത്രി
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ രണ്ടാമത്തെ പ്രധാനമന്ത്രി.
പദവിയിൽ
1979 മാർച്ച് 27 – 1979 ഡിസംബർ 27
പ്രസിഡന്റ് നൂർ മുഹമ്മദ് താരക്കി
മുൻഗാമി നൂർ മുഹമ്മദ് താരക്കി
പിൻഗാമി ബാബ്രക് കാർമാൽ

ജനനം (1929-08-01)ഓഗസ്റ്റ് 1, 1929
പാഗ്മാൻ, അഫ്ഗാനിസ്താൻ
മരണം ഡിസംബർ 27, 1979(1979-12-27) (പ്രായം 50)
കാബൂൾ, അഫ്ഗാനിസ്താൻ
രാഷ്ട്രീയകക്ഷി പി.ഡി.പി.എ. (ഖൽഖ് വിഭാഗം)

അഫ്ഗാനിസ്താന്റെ നാലാമത്തെ പ്രസിഡണ്ടായിരുന്നു ഹഫീസുള്ള അമീൻ (പഷ്തു: حفيظ الله امين) (ജീവിതകാലം:1929 ഓഗസ്റ്റ് 1 - 1979 ഡിസംബർ 27). അഫ്ഗാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായ പി.ഡി.പി.എയുടെ ഖൽഖ് വിഭാഗത്തിന്റെ നേതാവായിരുന്ന ഇദ്ദേഹം രാജ്യത്തിന്റെ രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടാണ്.

അഫ്ഗാനിസ്താനിലെ കമ്മ്യൂണിസ്റ്റുകൾക്കിടയിൽ നൂർ മുഹമ്മദ് താരക്കിക്കും ബാബ്രക് കാർമാലിനും ശേഷമുള്ള പ്രധാനപ്പെട്ട നേതാവായിരുന്നു ഹഫീസുള്ള അമീൻ. തന്റെ ഭരണകാലത്ത്, മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളിൽ നിന്നും വിഭിന്നമായി ആഭ്യന്തരസുരക്ഷയുടെ കാര്യത്തിൽ പാകിസ്താന്റേയും അമേരിക്കയുടേയും താല്പര്യങ്ങൾ കണക്കിലെടുത്ത് ഹഫീസുള്ള അമീൻ, ജനപിന്തുണ വർദ്ധിപ്പിക്കാൻ ശ്രമിച്ചു. ഒരു പഷ്തൂൺ ദേശീയവാദിയായിരുന്ന അമീൻ രാജ്യത്തെ പഷ്തൂൺ‌വൽക്കരിക്കുന്നതിനായി ശ്രമിച്ചു.[1]

ആദ്യകാലം

കാബൂളിന് പടിഞ്ഞാറുള്ള പാഗ്മാൻ പ്രദേശത്തുനിന്നുള്ളവാരാണ് ഹഫീസുള്ളയുടെ കുടുംബം. 1929-ൽ ജനിച്ച ഇദ്ദേഹം, കാബൂളിലാണ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. അമേരിക്കയിൽ വിദ്യാഭ്യാസം കഴിഞ്ഞത്തിയ ഇദ്ദേഹം കാബൂളിൽ ഒരു അദ്ധ്യാപകനായി.

ഒരു തികഞ്ഞ പഷ്തൂൺ ദേശീയവാദിയായി അറിയപ്പെട്ട ഇദ്ദേഹം 1960-ൽ മാർക്സിസ്റ്റ് ആകുകയും 1969-ൽ പാഗ്മാനെ പ്രതിനിധീകരിച്ച് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നൂർ മുഹമ്മദ് താരക്കി നയിച്ച, പി.ഡി.പി.എയുടെ ഖൽഖ് വിഭാഗത്തിലെ നേതാവായിരുന്നു ഹഫീസുള്ള അമീൻ. താരക്കിയെപ്പോലെ ഇദ്ദേഹവും ഒരു ഘൽജി പഷ്തൂൺ ആയിരുന്നു. ഘൽജികളുടെ ഖരോതി വംശത്തിൽപ്പെട്ടയാളായിരുന്നു ഹഫീസുള്ള.

മുഹമ്മദ് ദാവൂദ് ഖാൻ പ്രസിഡണ്ടായിരുന്ന കാലത്ത്, സൈനികരെ പി.ഡി.പി.എ.യിലേക്ക് ചേർക്കുക എന്നതായിരുന്നു ഹഫീസുള്ളയുടെ പ്രധാന ചുമതല. ദാവൂദിന്റെ ഭരണകാലത്ത് ഇദ്ദേഹം, നിരവധി സൈനികോദ്യോഗസ്ഥരെ പി.ഡി.പി.എയുടെ ഖൽഖ് വിഭാഗത്തിൽ അംഗങ്ങളാക്കി.[2]

അധികാരത്തിൽ

1978-ഏപ്രിലിലെ സോർ വിപ്ലവത്തെത്തുടർന്ന് കമ്മ്യൂണിസുകൾ രാജ്യത്ത് അധികാരത്തിലെത്തി. നൂർ മുഹമ്മദ് താരക്കി, രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായി. താരക്കിക്കു കീഴിൽ ബാബ്രക് കാർമാലിനോടൊപ്പം, ഹഫീസുള്ള അമീനും ഉപപ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

ദ്രുതഗതിയിലുള്ള പരിഷ്കാരങ്ങൾ മൂലം, താരക്കി സർക്കാരിന്, അടിസ്ഥാന ഇസ്ലാമികവാദികൾ, പഷ്തൂണിതര ജനവിഭാഗങ്ങൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നു. പി.ഡി.പി.എയിലെ വിമതവിഭാഗത്തിന്റെ എതിർപ്പ് ഇതിനുപുറമേയായിരുന്നു. ഇത്തരം എതിർപ്പുകൾ മൂലം നൂർ മുഹമ്മദ് താരക്കിക്ക് പ്രധാനമന്ത്രി പദം കൈയൊഴിയേണ്ടി വരുകയും, 1979 മാർച്ച് 27-ന് ഹഫീസുള്ള അമീൻ പ്രധാനമന്ത്രിസ്ഥാനത്തെത്തുകയും ചെയ്തു.

പ്രധാനമന്ത്രിപദത്തിലെത്തിയതിനു ശേഷം അമീൻ, തന്റെ അധികാരം വ്യാപിപ്പിച്ചുകൊണ്ടിരുന്നു. ഹഫീസുള്ളയുടെ മകൻ പി.ഡി.പി.എയുടെ യുവജനവിഭാഗത്തിന്റെ തലവനാകുകയും, മരുമകൻ സെക്യൂരിറ്റി സെർവീസസിന്റെ മേധാവിയാകുകയും ചെയ്തു. 1979 സെപ്റ്റംബർ 16-ന് താരക്കി, അസുഖം മൂലം പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറുകയും പകരം ഹഫീസുള്ള അമീൻ തത്സ്ഥാനമേറ്റെടുത്തതായും പ്രഖ്യാപിക്കപ്പെട്ടു.[ക][2]

പരിഷ്കാരങ്ങൾ

അധികാരമേറ്റെടുത്തതിനു ഹഫീസുള്ള അമീൻ, ഇസ്ലാമികവാദികളുമായി അനുരഞ്ജനശ്രമം നടത്തി. മുൻ‌ഗാമിയായിരുന്ന താരക്കിയുടെ നടപടികളെ തള്ളിപ്പറഞ്ഞ അദ്ദേഹം, താരക്കിയുടെ കാലത്ത് സർക്കാർ വധിച്ച 12000 പേരുടെ പട്ടിക പുറത്തുവിട്ടു. രാഷ്ട്രീയത്തടവുകാരെ ജയിലിൽ നിന്നും മോചിതരാക്കുകയും തന്റെ ഔദ്യോഗികപ്രസംഗങ്ങളിൽ അള്ളാഹുവിന്റെ പേര് ഉപയോഗപ്പെടുത്തുവാനും തുടങ്ങി. ഇതിനു പുറമേ മസ്ജിദുകളുടെ പുനർനിർമ്മാണത്തിന് സർക്കാർ പണം ഉപയോഗിക്കുവാനും ആരംഭിച്ചു. എന്നിരുന്നാലും ഇസ്ലാമികവാദികളുടെ സർക്കാർ വിരുദ്ധനിലപാടിന് കാര്യമായ കുറവൊന്നുമുണ്ടായില്ല. ഇക്കാലത്ത് പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള പാക്ത്യയിലുണ്ടായ ഒരു കലാപം, സോവിയറ്റ് സഹായത്തോടെയുള്ള സൈനികനടപടിയിലൂടെയാണ് അടിച്ചമർത്തിയത്.[2]

സോവിയറ്റ് ബന്ധം കുറക്കുന്നു

ഭരണമേറ്റ് അധിക നാളുകൾക്കു മുൻപേ, ഹഫീസുള്ള അമീൻ, സോവിയറ്റ് യൂനിയനുമായുള്ള ബന്ധം കുറക്കാനും അമേരിക്കയുമായി കൂടുതൽ ബന്ധം പുലർത്താനും ആരംഭിച്ചു. 1979 നവംബറിൽ, അഫ്ഗാനിസ്താനിലെ സോവിയറ്റ് സ്ഥാനപതിയായിരുന്ന അലക്സാണ്ടർ പുസാനോവിനെ തിരിച്ചുവിളിക്കാൻ അമീൻ സോവിയറ്റ് യൂനിയനോട് ആവശ്യപ്പെട്ടു. 1979 നവംബർ 19-ന് ഇദ്ദേഹം രാജ്യം വിടുകയും ചെയ്തു.[2]

സോവിയറ്റ് അധിനിവേശം, അന്ത്യം

താജ്ബെഗ് കൊട്ടാരം (മഹാറാണിയുടെ കൊട്ടാരം)
പ്രസിഡണ്ടായ ഹഫീസുള്ള അമീൻ വസിച്ചിരുന്നത് ഇവിടെയാണ്. ഇവിടെ വച്ച് തന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടതും

ഇറാനിലെ ഇസ്ലാമികവിപ്ലവം കഴിഞ്ഞുള്ള കാലമായതിനാൽ, അഫ്ഗാനിസ്താനിലെ നിയന്ത്രണം തന്ത്രപരമായി പ്രധാനപ്പെട്ടതാണെന്ന് സോവിയറ്റ് യൂനിയൻ മനസ്സിലാക്കിയിരുന്നു. ഇതിനെത്തുടർന്ന് മാർഷൽ സെർജി സോക്കോലോവ്|മാർഷൽ സെർജി സോക്കോലോവിന്റെ]] നേതൃത്വത്തിൽ സോവിയറ്റ് സൈന്യം, 1979 ഡിസംബറിൽ അഫ്ഗാനിസ്താനിൽ പ്രവേശിക്കുകയും പ്രധാനകേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഡിസംബർ 27-ന് കാബൂളിലെ സൈനികകേന്ദ്രങ്ങളെയെല്ലാം നിയന്ത്രണത്തിലാക്കിയ സോവിയറ്റ് സേന, ഹഫീസുള്ള അമീന്റെ വസതിയായ ദാരുൾ അമാൻ കൊട്ടാരവും പിടിച്ചെടുത്തു. ഈ ആക്രമണത്തിൽ ഹഫീസുള്ള അമീനും അദ്ദേഹത്തിന്റെ മരുമകനും, സെക്യൂരിറ്റി സർവീസസിന്റെ തലവനുമായിരുന്ന ആസാദുള്ള അമീനും കൊല്ലപ്പെട്ടു.

ഹഫീസ് അള്ളാ അമീൻ, സി.ഐ.എ. ചാരനായിരുന്നു എന്നാണ് ഈ അധിനിവേശത്തിന് ന്യായീകരണമായി സോവിയറ്റ് യൂനിയനും, പിന്നീട് അധികാരത്തിൽ വന്ന മർക്സിസ്റ്റ് സർക്കാരും വിശദീകരിച്ചത്. ഹഫീസുള്ള അമീനും ഹെക്മത്യാറിന്റെ ഹിസ്ബ്-ഇ ഇസ്ലാമിയും ചേർന്ന് ഒരു അട്ടിമറിശ്രമം നടത്തി എന്നും ഡീസംബർ 29-നായിരുന്നു ഇത് നടപ്പിൽ വരേണ്ടിയിരുന്നതെന്നും കൂട്ടത്തിൽ ആരോപിക്കപ്പെട്ടു.[2]

ഹഫീസുള്ള അമീനു ശേഷം പി.ഡി.പി.എയുടെ പാർചം വിഭാഗത്തിന്റെ നേതാവായ ബാബ്രക് കാർമാൽ, സോവിയറ്റ് പിന്തുണയോടെ, രാജ്യത്തിന്റെ പ്രസിഡണ്ട്, പ്രധാനമന്ത്രി സ്ഥാനങ്ങൾ ഏറ്റെടുത്തു.

കുറിപ്പുകൾ

  • ക.^ ഒക്ടോബർ 9-ന് താരക്കി മരണമടഞ്ഞു. താരക്കിയുടേയും അമീന്റേയും പക്ഷക്കാർ തമ്മിൽ നടന്ന ഒരു പരസ്പരവെടിവെപ്പിലാണ് താരക്കിയുടെ മരണം സംഭവിച്ചതെന്ന് ആരോപണമുണ്ട്. അമീന്റെ പക്ഷക്കാർ തലേദിവസം രാത്രി, താരക്കിയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്നും പറയപ്പെടുന്നു.

അവലംബം

  1. BERGEN, PETER. AFGHANISTA:MISSION IMPOSSIBLE?. CEPS. ISBN 9290797177. {{cite book}}: Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  2. 2.0 2.1 2.2 2.3 2.4 Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 303–308. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia