ഗസ്നവി സാമ്രാജ്യം
975 മുതൽ 1187 വരെ നിലനിന്ന ഒരു ഖുറാസാനിയൻ[1]സുന്നി മുസ്ലീം സാമ്രാജ്യമായിരുന്നു [2][3] ഗസ്നവി സാമ്രാജ്യം. യാമിനി സാമ്രാജ്യം എന്നും അറിയപ്പെടൂന്നു.[4] തുർക്കിക് മംലൂക്ക് (അടിമ) ഉൽപ്പത്തിയുള്ള ഒരു രാജവംശമാണ് ഈ സാമ്രാജ്യം സ്ഥാപിച്ചത് [2]. ഇന്നത്തെ അഫ്ഗാനിസ്ഥാനിലുള്ള ഗസ്നി എന്ന പട്ടണം കേന്ദ്രമാക്കി ഈ സാമ്രാജ്യം പേർഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ട്രാൻസോക്ഷ്യാനയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളും ഭരിച്ചു. അവരുടെ മുൻഗാമികളുടെ (പേർഷ്യൻ, സമാനി രാജവംശം) രാഷ്ട്രീയവും സാംസ്കാരികവുമായ സ്വാധീനം മൂലം, തുർക്കികളായിരുന്നെങ്കിലും, ഗസ്നവികൾ പൂർണ്ണമായും പേർഷ്യൻ ഭാഷയും സംസ്കാരവും ആയിരുന്നു പിന്തുടർന്നിരുന്നത്.[1][2][5][6][7][8][9][10]. തുടക്കംഖുറാസാനിലെ സമാനിദ് സാമ്രാജ്യത്തിലെ തുർക്കിക് അടിമയായിരുന്ന ഒരു സേനാനായകനായിരുന്നു അൽപ്‌റ്റ്‌ജിൻ. സാമ്രാജ്യത്തിന്റെ അധികാരത്തിൽ കൈകടത്താൻ ശ്രമംനടത്തിയെന്നാരോപിക്കപ്പെട്ട് 961/62 കാലത്ത് ഇദ്ദേഹത്തെ സമാനിദുകൾ നാടുകടത്തി. തുടർന്ന് കിഴക്കുഭാഗത്തേക്ക്ക് നീങ്ങിയ ആൽപ്‌റ്റ്ജിൻ, ബാമിയാനിലേയും കാബൂളീലേയ്യും ഹിന്ദു ശാഹി രാജാവിനെ പരാജയപ്പെടുത്തുകയും തുടർന്ന് ഗസ്നിയിലെ തദ്ദേശീയരാജാവിനേയ്യും സ്ഥാനഭ്രഷ്ടനാക്കി. 963-ൽ ആൽപ്‌റ്റ്‌ജിൻ മരണമടഞ്ഞപ്പോൾ പ്രദേശത്ത് അരാജകത്വം ഉടലെടുത്തെങ്കിലും, ദക്ഷിണസൈബീരിയയിൽ നിന്നുള്ള ആൽപ്‌റ്റ്ജിന്റെ ഒരു അടിമയായിരുന്ന സെബുക്റ്റ്ജിൻ അധികാരം ഏറ്റെടുത്ത് ഗസ്നി കേന്ദ്രമാക്കി ഭരണമാരംഭിച്ചു. 977 മുതൽ 997 വരെ യായിരുന്നു സെബുക്റ്റ്ജിന്റെ ഭരണകാലം[11]. സെബുക്റ്റ്ജിനെ ഗസ്നവി സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആയി കണക്കാക്കുന്നു[12] വികാസംതത്വത്തിൽ സെബുക്റ്റ്ജിൻ സ്വതന്ത്രമായാണ് ഭരണം നടത്തിയിരുന്നതെങ്കിലും അദ്ദേഹം സ്വയം സമാനിദ് അമീറിന്റെ മേൽകോയ്മ അംഗീകരിച്ചിരുന്നു. കാബൂളിലേയ്യും ഗാന്ധാരത്തിലേയും അവസാന ഹിന്ദു ശാഹി രാജാക്കന്മാരെ ഇദ്ദേഹം പരാജയപ്പെടുത്തി. പരാജയപ്പെട്ട കാബൂളിലെ ഹിന്ദു ശാഹി രാജാവായിരുന്ന ജയ്പാലിന് കിഴക്കുള്ള സമതലങ്ങളിലേക്ക്ക് അഭയാർത്ഥിയായി പോകേണ്ടിവന്നു[11]. തന്റെ സാമ്രാജ്യത്തെ ഹിന്ദുകുഷ് പ്രദേശത്തു നിന്നും ഖുറാസാനിലേക്കും വികസിപ്പിക്കാൻ സെബുക്റ്റിജിന് സാധിച്ചു.[4] ഗസ്നിയിലെ മഹ്മൂദ്![]() സെബുക്റ്റ്ജിന്റെ മരണത്തിന് ഒരു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രൻ ഷാ മഹ്മൂദ്, ഗസ്നവി സാമ്രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. ഇദ്ദേഹം ഗസ്നിയിലെ മഹ്മൂദ് എന്ന പേരിലും പ്രശസ്തനാണ്. 998 മുതൽ 1030 വരെയാണ് മഹ്മൂദിന്റെ ഭരണകാലം. മഹ്മൂദിന്റെ കാലത്ത്, ഗസ്നി, ഇസ്ലാമികലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായി വളർന്നു. 999-വരെയും, സമാനിദുകളുടെ പ്രതിനിധി എന്ന നിലയിലായിരുന്നു മഹ്മൂദും ഭരണം നടത്തിയിരുന്നത്. എന്നാൽ ഈ വർഷം, വടക്കുനിന്നുള്ള മറ്റൊരു തുർക്കിക് വിഭാഗക്കാരായ ഖ്വാറക്കനിഡുകൾ അഥവാ ഐലക് ഖാൻമാർ, സമാനിദുകളെ തോൽപ്പിക്കുകയും ചെയ്തതോടെ മഹ്മൂദ് സ്വതന്ത്രഭരണം ആരംഭിച്ചു. കാബൂളിലെ ഹിന്ദു ശാഹി രാജാക്കന്മാരെ അന്തിമമായി പരാജയപ്പെടുത്തിയ മഹ്മൂദ് തുടർന്ന് നിരവധി തവണ ഇന്ത്യയിലേക്ക് ആക്രമണം അഴിച്ചു വിടുകയും സമ്പന്നമായ ഇന്ത്യൻ നഗരങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.[11]. ഇതിനു പുറമേ വടക്ക് ട്രാൻസോക്ഷാനയിൽ നിന്നുള്ള തുർക്കിക് ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ട മഹ്മൂദ്, 1017-ൽ ആറൽ കടലിന് തെക്കുള്ള ഖ്വാറസം തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തു. വടക്കൻ ഇറാനിലെ ഷിയാക്കളുടെ ബുയിദ് സാമ്രാജ്യത്തിനെതിരെയുള്ള നടപടികളിൽ, സുന്നികളായ ഖലീഫമാരെ സഹായിക്കുകയും ഹമദാനും റായ്യും ബുയിദുകളിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. 1030-ൽ മഹ്മൂദ് മരണമടഞ്ഞു. ഗസ്നവി സാമ്രാജ്യത്തെ വടക്ക് ഓക്സസ് നദി മുതൽ തെക്ക് ഇന്ത്യൻ മഹാസമുദ്രം വരെയും; കിഴക്ക് സിന്ധൂ നദീതടം മുതൽ പടിഞ്ഞാറ് റേയ്യ്, ഹമദാൻ എന്നിവിടങ്ങൾ വരെയും മഹ്മൂദ് വ്യാപിപ്പിച്ചു. മഹ്മൂദിന്റേയും പുത്രൻ മസൂദിന്റേയും (ഭരണകാലം:1031-41) കാലത്ത്, ഇറാനിയൻ പീഠഭൂമിയുടേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റേയും അതിർത്തിപ്രദേശങ്ങളും ഇസ്ലാമികലോകത്തേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. എങ്കിലും മഹ്മൂദിന്റെ മരണത്തെ അതിജീവിക്കാൻ ഗസ്നവി സാമ്രാജ്യത്തിന് കഴിവുണ്ടായ്രുന്നില്ല. മസൂദിന്റെ കാലത്തുതന്നെ 1038-ൽ വടക്കുനിന്ന് തുർക്കികൾ ഗസ്നവി സാമ്രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലെ പ്രതിരോധം ഭേദിച്ചുതുടങ്ങി.[4] അധഃപതനംമഹ്മൂദിന്റെ മരണശേഷം വടക്കുനിന്ന് പുതിയ തുർക്കിക് വിഭാഗങ്ങൾ ശക്തിപ്പെട്ടു വന്നിരുന്നു. ഘുസ്സ് എന്നായിരുന്നു ഇവർ പൊതുവേ അറിയപ്പെട്ടിരുന്നത്. 1040-ൽ മസൂദിന്റെ നേതൃത്വത്തിലുള്ള ഗസ്നവികളെ, സാൽജൂക്കുകൾ എന്ന ഒരു ഘുസ്സ് വിഭാഗക്കാർ, മാർവിനടുത്തുള്ള ഡാൻഡൻഖാനിൽ വച്ച് പരാജയപ്പെടുത്തി. ഇതേ വർഷം തന്നെ ഖുറാസാനിലെ ഗസ്നവി തലസ്ഥാനമായിരുന്ന നിഷാപൂർ, സാൽജൂക്കുകൾ കൈയടക്കി. ഇതിനെത്തുറർന്ന് ഗസ്നവികളും സാൽജൂക്കുകളും ഒരു സന്ധിയിൽ ഏർപ്പെടുകയും ഇതനുസരിച്ച് ഇന്നത്തെ അഫ്ഗാനിസ്താന്റെ വടക്കു പടിഞ്ഞാറും ഭാഗങ്ങൾ സാൽജൂക്കുകൾ വിട്ടുകൊടുത്ത്, ഹിന്ദുക്കുഷിന്റെ തെക്കും കിഴക്കും ഭാഗങ്ങളിൽ ഗസ്നവിദുകൾ അധികാരത്തിൽ തുടർന്നു[11]. അങ്ങനെ സാമ്രാജ്യ പ്രദേശങ്ങൾ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലേയ്ക്കു ചുരുങ്ങി. ഹിന്ദുകുഷിന്റെ വടക്കുഭാഗത്തു നിന്ന് സാൽജ്യൂക്കുകൾ പടീഞ്ഞാറ് തുർക്കി വരെ അധികാരം വ്യാപിപ്പിച്ചപ്പോൾ, തെക്കുഭാഗത്ത് ഗസ്നവി സുൽത്താന്മാരായ ഇബ്രാഹിം (1059-99), മസൂദ് മൂന്നാമൻ (1099-115) എന്നിവർ ഉത്തരേന്ത്യയിലേക്ക് പടനീക്കങ്ങൾ നടത്തിയിരുന്നു. അവസാനത്തെ ഗസ്നവി സുൽത്താനായിരുന്ന ബ്രഹാം ഷായുടെ കാലത്ത് (1118-1152) സാൽജൂക്കുകൾ അവരുടെ അവസാനത്തെ മികച്ച ഭരണാധികാരിയായിരുന്ന സുൽത്താൻ സഞ്ചാറിന്റെ (1118-1157) നേതൃത്വത്തിൽ പലവട്ടം ഗസ്നി ആക്രമിച്ചിരുന്നു[11]. 1151-ൽ ഗോറിലെ അലാവുദീൻ ഹുസൈൻ, അന്നത്തെ ഗസ്നവി സുൽത്താനായിരുന്ന ബഹ്രാം ഷായെ പരാജയപ്പെടുത്തി ഗസ്നി പിടിച്ചെടുത്തു. പിന്നീട് 1186-ൽ ഗോറികൾ പിടിച്ചെടുക്കുന്നതു വരെ ഗസ്നവികളുടെ തലസ്ഥാനം ലാഹോർ ആയിരുന്നു. വാസ്തുകല![]() മഹ്മൂദിന്റേയും മകൻ മസൂദിന്റേയും കീഴിൽ ഗസ്നി, ഇറാനിയൻ പീഠഭൂമിയിലേയും ഉത്തരേന്ത്യയിലേയ്യും രാഷ്ട്രീയ സാംസ്കാരികകേന്ദ്രമായി മാറിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിൽ വൻ കെട്ടിടങ്ങളുടേയ്യും മറ്റും അവശിഷ്ടങ്ങൾ ഗസ്നിക്ക് ചുറ്റുമായി ചിതറിക്കിടക്കുന്നുണ്ട്. നിരവധി പൂന്തോട്ടങ്ങളും മോസ്കുകളും ഗോപുരങ്ങളും മദ്രസകളും കൊട്ടാരങ്ങളും മറ്റും ഗസ്നിയിലുണ്ടായിരുന്നു എന്ന് ആദ്യകാല മുസ്ലീം ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു മിനാറുകളൊഴികെ ഇതിൽ മിക്കവയും ഇന്ന് നശിച്ചിരിക്കുന്നു. മസൂദ് മൂന്നാമനും, ബഹ്രാം ഷായുമാണ് ഈ മിനാറുകൾ നിർമ്മിച്ചിരിക്കുന്നത്. മുകൾഭാഗത്തുനിന്നുള്ള വീക്ഷണത്തിൽ 8 വശങ്ങളുള്ള നക്ഷത്രത്തിന്റെ രൂപരേഖയിലാണ് ചുട്ട ഇഷ്ടികകൊണ്ടുള്ള ഈ ഗോപുരങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. രണ്ടു കെട്ടിടങ്ങളുടേയും മുകൾനില ഇപ്പോൾ നഷ്ടപ്പെട്ടെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലെ ചിത്രങ്ങളിൽ നിന്നും രേഖകളിൽ നിന്നും ഇവക്ക് 60 മീറ്ററോളം ഉയരം ഉണ്ടായിരുന്നു എന്നു കരുതുന്നു. മസൂദ് നിർമ്മിച്ച മിനാറിനടുത്ത് നിന്ന് ഒരു കൊട്ടാരസമുച്ചയത്തിന്റെ അവശിഷ്ടവും ചരിത്രാന്വേഷികൾ കണ്ടെത്തിയിട്ടുണ്ട്. വെണ്ണക്കല്ലിന്റെ വ്യാപകമായ ഉപയോഗത്തിന്റെ കാര്യത്തിലും വെണ്ണക്കല്ലിൽ കൊത്തിയ ഫാഴ്സി ലിഖിതങ്ങളുടെ കാര്യത്തിലും ഈ കൊട്ടാരം ശ്രദ്ധേയമാണ്. പിൽക്കാലത്ത് ഇറാനിയൻ വാസ്തുശില്പരീതിയുടെ മുഖമുദ്രയായി മാറിയ, നാല് വശങ്ങളിലും അയ്‌വാൻ കമാനങ്ങളോട് കൂടിയ തളത്തിന്റെ വാസ്തുശീൽപ്പരീതിയുടെ ആദ്യത്തെ ഉദാഹരണവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഈ വാസ്തുശില്പ്പരീതി ഗസ്നവികളുടെ ആവിഷ്കാരമാണെന്ന് കരുതുന്നു. മറ്റൊരു വിശാലമായ ഗസ്നവി കൊട്ടാരസമുച്ചയം, അഫ്ഗാനിസ്താനിൽ ഹിൽമന്ദ് നദിയുടെ തീരത്ത് ബുസ്തിനും ലഷ്കർഗാഹിനും ഇടയിലുള്ള ലഷ്കരി ബസാറിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 1949-52 കാലത്ത് ഫ്രഞ്ച് ചരിത്രഗവേഷകരാണ് ഇത് കണ്ടെടുത്തത്. ഗസ്നിയിലേതുപോലെതന്നെ നാലുവശങ്ങളിൽ ഐവാനുകളുള്ള തളങ്ങൾ ഇവിടത്തെ കൊട്ടാരങ്ങളിലും കാണാം. ഗസ്നിയിലെപ്പോലെ ഇഷ്ടിക തന്നെയാണ് ഇവിടത്തേയ്യും പ്രധാന നിർമ്മാണസാമഗ്രി. തെക്കുഭാഗത്തുള്ള 100X250 മീറ്റർ വിസ്തൃതിയിലുള്ള കൊട്ടാരമാണ് ഇവിടത്തെ കൊട്ടാരങ്ങളിൽ ഏറ്റവും വലുത്[11]. സാംസ്കാരികംഗസ്നവി രാജസഭകൾ നിരവധി സാഹിത്യകാരന്മാരെക്കൊണ്ട് സമ്പന്നമായിരുന്നു. ഖോറസ്മിയയിൽ നിന്നുള്ള വിജ്ഞാനകോശകാരനായിരുന്ന അബു റയ്ഹാൻ അൽ-ബിറൂണി, അബുൾ ഫാസൽ അൽ-ബയ്ഹഖി തുടങ്ങിയവർ ഗസ്നവി സഭയിലെ അംഗങ്ങളായിരുന്നു. അബുൾ ഫാസൽ പേർഷ്യൻ ഭാഷയിൽ മസൂദിന്റെ ഭരണചരിത്രം എഴുതിയതിയിട്ടുണ്ട്. ഗസ്നവി കാലത്തെ ഏറ്റവും പ്രശസ്തമായ സാഹിത്യകൃതിയാണ് ഫിർദോസിയുടെ ഷാ നാമെ. രാജാക്കന്മാരുടെ ഗ്രന്ഥം എന്നാണ് ഷാ നാമെ എന്ന വാക്കിനർത്ഥം. ഇസ്ലാമികകാലഘട്ടത്തിനുമുൻപുള്ള ഇറാനിലെ ഐതിഹ്യങ്ങളും കഥകളും അടങ്ങിയിരിക്കുന്ന ഈ കൃതി, ഫാഴ്സി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. 60,000-ത്തോളം വരികൾ ഈ കാവ്യത്തിലുണ്ട്. 1010-ൽ പൂർത്തിയാക്കിയ ഇത് ഗസ്നി സുൽത്താൻ മഹ്മൂദിനാണ് സമർപ്പിച്ചിരിക്കുന്നത്. ഗ്രന്ഥകർത്താവായ അബുൾ കാസിം ഫിർദോസി മഹ്മൂദിന്റെ സഭയിലെ അംഗമായിരുന്നു. ഇറാനിലെ മശ്‌ഹദിനടുത്തുള്ള തുസ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഇവിടെത്തന്നെയാണ് ഇദ്ദേഹത്തെ ഖബറടക്കിയിരിക്കുന്നതും[11]. അവലംബം
|
Portal di Ensiklopedia Dunia