ബൽഖ്
വടക്കൻ അഫ്ഗാനിസ്താനിലെ വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഒരു പുരാതനനഗരമാണ് ബൽഖ് (പേർഷ്യൻ: بلخ - ബൽഖ്, പുരാതന പേർഷ്യൻ: 𐎲𐎾𐎧; പുരാതന ഗ്രീക്ക്: Baktra). നഗരങ്ങളുടെ അമ്മ എന്നാണ് ഈ നഗരം അറിയപ്പെടുന്നത്.[1] ബാക്ട്ര എന്നും അറിയപ്പെട്ടിരുന്ന ഇത് പുരാതന ബാക്ട്രിയയിലേയും, മദ്ധ്യകാലത്തെ ഖുറാസാനിലേയും പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു. പണ്ട് ചൈനയിൽ നിന്നും പടിഞ്ഞാറോട്ടുള്ള പട്ടുപാതയിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായിരുന്നു ബൽഖ്.[1] അഫ്ഗാനിസ്ഥാനിലെ ബൽഖ് എന്ന പേരിൽത്തന്നെയുള്ള പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഇത് ഇന്ന് താരതമ്യേന ചെറിയ ഒരു പട്ടണമാണ്. പ്രവിശ്യയുടെ ആസ്ഥാനമായ മസാർ-ഇ ഷറീഫിന് 20 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബൽഖ്, അഫ്ഗാനിസ്താന്റെ വടക്കൻ അതിർത്തിയായ അമു ദര്യ നദിക്ക് 74 കിലോമീറ്റർ തെക്കുമാറിയാണ് നിലകൊള്ളുന്നത്. ആദ്യകാല ഇറാനിയൻ ജനങ്ങളായിരിക്കണം ഈ നഗരം സ്ഥാപിച്ചത്. പിൽക്കാലത്ത് മദ്ധ്യേഷ്യയിൽ നിന്നും വന്ന വിവിധ ജനവിഭാഗങ്ങൾ ഇവിടെ അധിവസിച്ചു. തുർക്കിക് ഭാഷകൾ സംസാരിക്കുന്ന ഉസ്ബെക്കുകളാണ് ബൽഖിലെ ഇന്നത്തെ താമസക്കാർ. മസാർ-ഇ ശരീഫിൽ നിന്നും തുടങ്ങുന്ന ഒരു പാത, ബൽഖിലൂടെ കടന്ന് മുർഘാബ് നദിയേയും മുറിച്ച് കടന്ന് പടിഞ്ഞാറ് ഹരി നദീതടം വരെ എത്തുന്നുണ്ട്.[1] ചരിത്രംഅലക്സാണ്ടറുടെ ആക്രമണകാലത്ത് അഫ്ഗാനിസ്താന് വടക്കുള്ള അദ്ദേഹത്തിന്റെ സൈനികനീക്കങ്ങൾക്ക് ബൽഖ് താവളമാക്കിയിരുന്നു. മംഗോളിയൻ ആക്രമണത്തിനു ശേഷം 1270 കാലത്ത് മാർക്കോ പോളോ ബൽഖ് സന്ദർശിച്ചിട്ടുണ്ട്. മദ്ധ്യധരണ്യാഴി മേഖലയിൽ നിന്ന് ചൈനയിലേക്ക് മംഗോളിയൻ ഖാനായിരുന്ന ഖ്വിബിലായ് ഖാന്റെ സഭയിലേക്കുള്ള തന്റെ യാത്രക്കിടയിലായിരുന്നു ഇത്. വിസ്തൃതിയേറിയ മഹത്തായ നഗരമാണ് ബാൾഖ് എന്നും, മുൻപ് ഇത് ഇതിലും മഹത്തരമായിരുന്നെങ്കിലും താർത്താറുകളുടേയ്യും മറ്റുവിഭാഗങ്ങളുടേയു അധിനിവേശം വെണ്ണക്കല്ലിൽ തീർത്ത പല കൊട്ടാരങ്ങളുടേയും മാളികകളേയും തകർത്തു എന്ന് അദ്ദേഹം പറയുന്നു. ഇവിടത്തെ നാട്ടുകാരുടെ വിവരണമനുസരിച്ച്, അലക്സാണ്ടർ ദാരിയസിന്റെ പുത്രിയെ വിവാഹം ചെയ്തത് ഇവിടെ വച്ചാണ് എന്നും മാർക്കോ പോളോ പറയുന്നു. ഇവിടത്തെ ജനങ്ങൾ മുഹമ്മദീയരായിരുന്നു എന്നും ലെവന്റിലെ തർതാർ രാജാവിന്റേയും, പേർഷ്യയിലെ ഇൽഖാനി സാമ്രാജ്യത്തിന്റെയും അതിരായിരുന്നു അക്കാലത്ത് ഈ നഗരം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചെങ്കിസ് ഖാന്റെ ആക്രമണകാലത്ത് തകർന്ന ബൽഖ്, അദ്ദേഹത്തിന്റെ പിൻഗാമികളിലൊരാളായ ചഗതായ് വംശത്തിലെ കെബെഗ് ഖാന്റെ കാലത്ത് (ഭരണകാലം:1318 മുതൽ 1326 വരെ) പുനർനിർമ്മിക്കപ്പെട്ടു[2]. അവലംബം
|
Portal di Ensiklopedia Dunia