ഹെനാൻ
ചൈനയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രവിശ്യയാണ് ഹെനാൻ (河南). ജൊങ്യുയാൻ (മധ്യസമതലം),ജോങ്ജോ(മധ്യഭൂമി) എന്നും ഹെനാൻ വിളിക്കപ്പെടുന്നുണ്ട്. ഹെനാൻ എന്ന വാക്കിന് 'നദിക്ക് തെക്കുള്ള ദേശം' എന്നാണർഥം. ചൈനീസ് നാഗരികതയുടെ ജന്മസ്ഥലമാണ് ഹെനാൻ. 3000 വർഷങ്ങളുടെ രേഖപ്പെടുത്തിയ ചരിത്രമുള്ള ഹെനാൻ എകദേശം 1000 വർഷം മുൻപ് വരെ ചൈനയുടെ സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ കേന്ദ്രമായിരുന്നു. ഹെനാൻ പ്രവിശ്യ ഒരുപാട് പൈതൃക സ്ഥാനങ്ങളുടെ നാടാണ്. ഷാങ് രാജവംശത്തിന്റെ തലസ്ഥാന നഗരമായിരുന്ന യിൻ, പ്രസിദ്ധമായ ഷാവോലിൻ ക്ഷേത്രം എന്നിവ ഇതിൽ പ്രമുഖമായവയാണ്. പ്രസിദ്ധമായ എട്ട് പ്രാചീന ചൈനീസ് നാഗരികതാ ആസ്ഥാനങ്ങളിൽ നാലെണ്ണം - ലൂയാങ്, ആന്യാങ്, കായ്ഫെങ്, ജെങ്ജോ എന്നിവ- ഹെനാൻ പ്രവിശ്യയിലാണ്. പ്രവിശ്യയുടെ പേര് മഞ്ഞ നദിക്ക് തെക്കുള്ള ദേശം എന്നാണെങ്കിലും ഹെനാന്റെ കാൽ ഭാഗം പ്രദേശങ്ങൾ മഞ്ഞ നദിക്ക് വടക്കാണ്. 167,000 ചതുരശ്ര കി.മീ വിസ്തീർണമുള്ള ഹെനാൻ പ്രവിശ്യ ഫലഭൂയിഷ്ടമായ ദക്ഷിണ ചൈനാ സമതലത്തിന്റെ സിംഹഭാഗവും കൈയാളുന്നു. ഷാൻഷി, ഹേബെയ്, ഷൻഷി, ഷാങ്ഡോങ്, ആൻഹുയി, ഹുബെയ് എന്നിവയാണ് ഹെനാൻ പ്രവിശ്യയുടെ അയല്പക്കത്തുള്ള മറ്റ് പ്രവിശ്യകൾ. 94 ദശലക്ഷം ജനങ്ങൾ വസിക്കുന്ന ഹെനാൻ, ചൈനയിലെ മൂന്നാമത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയാണ്. ഹെനാൻ പ്രവിശ്യ ഒരു സ്വതന്ത്രരാജ്യമായിരുന്നെങ്കിൽ, ഈജിപ്ത്, വിയറ്റ്നാം എന്നിവയെ കവച്ചുവെച്ച് ലോകത്തെ 14മത്തെ ജനസംഖ്യയുള്ള രാജ്യമാകുമായിരുന്നു. ചൈനയിലെ പ്രവിശ്യകളിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഹെനാൻ പ്രവിശ്യ. ഉൾനാടൻ പ്രവിശ്യകളിൽ പ്രഥമസ്ഥാനവും ഹെനാനിനാണ്. എന്നാൽ മറ്റ് കിഴക്കൻ, മധ്യ പ്രവിശ്യകളുമായി തട്ടിച്ചു നോക്കുമ്പോൾ ആളോഹരി വരുമാനം ഹെനാൻ പ്രവിശ്യക്ക് കുറവാണ്. ഹെനാന്റെ സാമ്പത്തിക വളർച്ച അലുമിനിയം, കൽക്കരി, കൃഷി, വിനോദസഞ്ചാരം, ചില്ലറവില്പന എന്നിവയെ കേന്ദ്രീകരിച്ചാണ്. ഭൂമിശാസ്ത്രം![]() കിഴക്കുള്ള സമതലങ്ങൾ തൊട്ട് പടിഞ്ഞാറുള്ള പർവതങ്ങൾ വരെ വളരെ വൈവിധ്യമാർന്ന ഭൂമിശാസ്ത്രമാണ് ഹെനാൻ പ്രവിശ്യക്കുള്ളത്. പ്രവിശ്യയുടെ സിംഹഭാഗവും ഉത്തര ചൈനാ സമതലത്തിന്റെ ഭാഗമാണ്. ജനസാന്ദ്രത കൂടുതലുള്ള ഇവിടം ചൈനയുടെ ബ്രെഡ്‌ബാസ്കറ്റ് എന്നാണ് അറിയപ്പെടുന്നത്.ഹെനാൻറെ വടക്ക്പടിഞ്ഞാറേ അതിർത്തിയിൽ തായ്ഹാങ്ങ് പർവതങ്ങൾ നിലകൊള്ളുന്നു. പടിഞ്ഞാറ് ഷിയോങ്ങർ പർവ്വതവും ഫ്യൂണിയൂ പർവ്വതവും വിസ്‌തൃതമായ മലകളുടെയും പീഠഭൂമികളുടെയും ഒരു ശൃംഖലതന്നെ രൂപീകരിക്കുന്നു. ഒരിക്കൽ ഹെനാൻ മുഴുവൻ മൂടിയിരുന്ന സമശീതോഷ്ണ ഇലപൊഴിയും കാടുകൾ ഇന്ന് ഈ മേഖലയിൽ മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു.പ്രവിശ്യയുടെ കിഴക്കേ അറ്റത്തായി തലസ്ഥാന നഗരമായ ജെങ്ജോയുടെ അരികിലായി പ്രസിദ്ധമായ സോങ് കൊടുമുടിയും ഷാവോലിൻ ക്ഷേത്രവും സ്ഥിതിചെയ്യുന്നു. തെക്കേ അറ്റത്ത് ഹെനാൻ പ്രവിശ്യയെ ഹുബെയ് പ്രവിശ്യയിൽ നിന്ന് വേർതിരിച്ചുകൊണ്ട് ഡാബീ പർവ്വതനിര സ്ഥിതിചെയ്യുന്നു. നൻയാങ് തടം ഈ പർവ്വതനിരയാൽ ദക്ഷിണ ചൈനാ സമതലത്തിൽ നിന്ന് വേർതിരിക്കപ്പെട്ടിരിക്കുന്നു. നൻയാങ് തടവും ദക്ഷിണ ചൈനാ സമതലത്തെപ്പോലെ ഫലഭൂയിഷ്ഠവും ജനസാന്ദ്രത കൂടിയതുമാണ്. ഇവിടം സാംസ്കാരികമായി ഹുബെയ് പ്രവിശ്യയോടാണ് അടുത്ത് നിൽക്കുന്നത്. വടക്കൻ ചൈനയിലെ മറ്റിടങ്ങൾ പോലെ ഹെനാൻ പ്രവിശ്യയിൽ മരുഭൂമിവത്കരണം കുറവാണ്. എങ്കിലും മഞ്ഞ നദിയിലെ മണലിന്റെ ആധിക്യം മൂലം അതിനോട് ചേർന്നുകിടക്കുന്ന നഗരങ്ങളിൽ മണൽക്കാറ്റ് ഉണ്ടാവാറുണ്ട്. 2413.8 മീറ്റർ ഉയരമുള്ള ലാവോയച്ചനാവോ ആണ് ഹെനാനിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം.[5] മഞ്ഞ നദി ഹെനാൻ പ്രവിശ്യയുടെ മധ്യഭാഗത്തൂടെ കടന്നു പോവുന്നു. സൺമെൻക്സിയ റിസർവോയർ വഴി പ്രവിശ്യയുടെ വടക്കുപടിഞ്ഞാറെ ഭാഗത്തുകൂടിയാണ് മഞ്ഞ നദി പ്രവേശിക്കുന്നത്. ല്യൂയാങ് കടക്കുന്നതോടെ നദി പർവതങ്ങൾ വിട്ട് സമതലങ്ങളിൽ എത്തിച്ചേരുന്നു. ലോസ് പീഠഭൂമിയിൽ നിന്ന് മഞ്ഞ നദിയിലേക്കെത്തുന്ന ചെളി-മണൽ നിക്ഷേപങ്ങൾ നദീതടം ഉയർത്തുന്നതു മൂലം മഞ്ഞ നദിയിൽ വെള്ളപ്പൊക്കങ്ങൾ പതിവാണ്. ഈ വെള്ളപ്പൊക്കങ്ങളാണ് ഈ മേഖലയുടെ ആവാസവ്യവസ്ഥക്ക് അടിസ്ഥാനം. അടുത്തകാലത്തായി അണക്കെട്ടുകൾ, തടയണകൾ എന്നിവയുടെ നിർമ്മാണവും ജലസ്രോതസ്സുകളുടെ ശോഷണവും മൂലം വെള്ളപ്പൊക്കങ്ങൾ ഉണ്ടാവാറില്ല. തെക്കൻ ഹെനാനിലുള്ള ഹൂയി നദി പ്രവിശ്യയിലെ മറ്റൊരു പ്രധാന നദിയാണ്. വടക്കും തെക്കുമുള്ള ചൈനീസ് സംസ്കാരത്തെയും കാലാവസ്ഥയെയും വേർതിരിക്കുന്നത് ഹുയി നദിയാണെന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. ആറ് പ്രവിശ്യകളുമായി ഹെനാൻ അതിർത്തി പങ്കിടുന്നു. പടിഞ്ഞാറ് ഷാൻഷി പ്രവിശ്യ, തെക്ക് ഹുബെയ് പ്രവിശ്യ, വടക്കു പടിഞ്ഞാറ് ഷൻഷി പ്രവിശ്യ, വടക്കു കിഴക്ക് ഹെബെയ് പ്രവിശ്യ, വടക്ക് കിഴക്ക് ഷാൻഡോങ് തെക്ക് കിഴക്ക് അൻഹുയി എന്നിവയാണ് ഹെനാൻറെ അതിർത്തികൾ. കാലാവസ്ഥസമശീതോഷ്ണ കാലാവസ്ഥയാണ് ഹെനാൻ പ്രവിശ്യയിൽ. ആർദ്രമായ ഉപോഷണമേഖലാ കാലാവസ്ഥ മഞ്ഞ നദിയുടെ തെക്കും, ആർദ്രമായ ശീതകാലാവസ്ഥ വടക്കും കാണപ്പെടുന്നു. ഇവിടെ വ്യക്തമായ ഋതുക്കൾ അനുഭവപ്പെടുന്നു. പൂർവേഷ്യൻ മൺസൂൺ കാരണം ചൂടുള്ള ആർദ്രമായ വേനൽക്കാലവും സൈബീരിയൻ ചക്രവാതങ്ങൾ മൂലം തണുപ്പും കാറ്റുമുള്ള മഞ്ഞുകാലവും അനുഭവപ്പെടുന്നു. ജനുവരിയിലെ മഞ്ഞുറയുന്ന താപനില മുതൽ ജൂലൈ മാസത്തിലെ 28 ഡിഗ്രി വരെ താപനില വ്യത്യാസപ്പെടുന്നു. വേനൽക്കാലത്താണ് വാർഷിക വർഷപാതത്തിന്റെ സിംഹഭാഗവും ലഭിക്കുന്നത്.
അവലംബം
|
Portal di Ensiklopedia Dunia