ശാൻഡോങ്
കിഴക്കൻ ചൈനയിലെ ഒരു പ്രമുഖ പ്രവിശ്യയാണ് ശാൻഡോങ് (山东). ഈ പ്രവിശ്യയിലെ സുഫുവിലാണ് കുങ്ഫുത്സെ ജനിച്ചത്. താവോ മതവിശ്വാസികളും, കുങ്ഫുത്സെയുടെ ശിഷ്യരും, ബുദ്ധ മതക്കാരും എല്ലാം വിശുദ്ധ സ്ഥലമായി കാണുന്ന ശാൻഡോങ് പ്രവിശ്യ ചൈനയുടെ ഗതാഗത കേന്ദ്രവും സാമ്പത്തിക ശക്തിയുമാണ്. ചരിത്രംവടക്കൻ ചീന സമതലത്തിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ശാൻഡോങിൽനിന്ന് നിരവധി ശിലായുഗ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ആദ്യ രാജവംശങ്ങളായ ഷാങും സൂവും പടിഞ്ഞാറൻ ശാൻഡോങ് മാത്രമേ ഭരിച്ചിരുന്നുള്ളു. വസന്ത-ശരത്കാല ഘട്ടത്തിൽ ഇവിടെ രണ്ട് രാജ്യങ്ങളുണ്ടായിരുന്നു - ലിൻസി കേന്ദ്രമായുള്ള കി രാജ്യവും കുഫു കേന്ദ്രമായുള്ള ലു രാജ്യവും. താരതമ്യേനെ ചെറുതായിരുന്നുവെങ്കിലും ലു രാജ്യം കുങ്ഫുത്സെയുടെ ജന്മസ്ഥലം എന്ന പേരിൽ പിൽക്കാലത്ത് പ്രശസ്തമായി. ഈ രാജ്യത്തിന്റെ പേരിൽനിന്നുമാണ് ശാൻഡോങ്ങിന് 'ലു' എന്ന അപരനാമം ഉണ്ടായത്. 221 ബീ. സി.യിൽ കിൻ രാജവംശം ശാൻഡോങിലെ കിയും ചുയും ഉൾപ്പെടെ അന്നത്തെ ചൈനയിലെ എല്ലാ രാജ്യങ്ങളെയും കീഴടക്കി ചീന സാമ്രാജ്യം സ്ഥാപിച്ചു. മൂന്നു രാജ്യങ്ങളുടെ കാലഘട്ടത്തിൽ ശാൻഡോങ് സൗസൗവിന്റെ വെയ് രാജ്യത്തിന്റെ ഭാഗമായി. ഏ. ഡീ. 290-നു ശേഷം രാഷ്ട്രീയ അസ്ഥിരത ഉണ്ടാവുകയും ശാൻഡോങ് പല രാജ്യങ്ങളുടെ ഭാഗമാവുകയും ചെയ്തു. ഏ. ഡീ. 412-ൽ ഇന്ത്യയിൽനിന്നും ഫാഹിയാൻ ബുദ്ധഗ്രന്ഥങ്ങളുമായി ശാൻഡോങിലെ ലവോഷാനിൽ എത്തിച്ചേർന്നു. 589-ൽ സൂയീ രാജവംശം ചൈനയെ ഏകീകരിച്ചു. തുടർന്നു വന്ന താങ് കാലഘട്ടം ശാൻഡോങിന് ഒരു സുവർണ്ണകാലമായിരുന്നു. 907-ൽ താങ് സാമ്രാജ്യം ക്ഷയിക്കുകയും ആ നൂറ്റാണ്ടിന്റെ അവസാനം സോങ് രാജവംശം ചൈന മുഴുവൻ പിടിച്ചെടുക്കുകയും ചെയ്തു. 1142-ൽ ജിൻ രാജ്യം ശാൻഡോങ് പിടിച്ചെടുത്തു. ഈ പ്രദേശത്തിന് 'ശാൻഡോങ്' എന്ന പേര് ഉണ്ടായത് ഈ കാലത്താണ്. പത്തൊൻപതാം നൂറ്റാണ്ടിൽ ശാൻഡോങ് ജർമ്മനിയുടെ അധീനതയിൽ വന്നു. 1899-ൽ യിഹേചുവാൻ വിപ്ലവം തുടങ്ങിയത് ശാൻഡോങിൽ ആണ്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം സഖ്യശക്തികൾ ശാൻഡോങ് ജപ്പാനു കൈമാറി. ഇതിൽ ചൈനക്കാർ പ്രതികരിക്കുകയും 1922-ൽ ശാൻഡോങ് ചൈനയ്ക്ക് തിരിച്ചു കൊടുക്കപ്പെടുകയും ചെയ്തു. 1937-ൽ ജപ്പാൻ ചൈനയെ ആക്രമിക്കുകയും ശാൻഡോങ് പിടിച്ചെടുക്കുകയും ചെയ്തു. 1945-ഓടെ ശാൻഡോങ് ഏതാണ്ട് പൂർണ്ണമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്നു. ഭൂപ്രകൃതിശാൻഡോങിന്റെ മധ്യഭാഗത്തും കിഴക്കും കുന്നുകളുണ്ട്. തെക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങൾ വടക്കൻ ചീന സമതലത്തിന്റെ ഭാഗമാണ്. 1,545 മീറ്റർ ഉയരമുള്ള ജേഡ് ചക്രവർത്തി പർവ്വതമാണ് ശാൻഡോങിലെ ഏറ്റവും ഉയരമുള്ള സ്ഥലം. മഞ്ഞ നദി പ്രവിശ്യയുടെ പടിഞ്ഞാരുഭാഗത്തുകൂടെ ഒഴുകുകയും വടക്കുഭാഗത്ത് ബോഹായ് കടലിൽ ചേരുകയും ചെയ്യുന്നു. 3,000 കിലോമീറ്റർ കടൽത്തീരം ഈ പ്രവിശ്യയ്ക്കുണ്ട്. തണുത്ത് വരണ്ട ശീതകാലവും, ചൂടുള്ള, മഴയോടുകൂടിയ വേനൽക്കാലവുമാണ് ശാൻഡോങിന്റെ കാലാവസ്ഥ. വർഷത്തിൽ 550 മുതൽ 900 വരെ മില്ലീമീറ്റർ മഴ ലഭിക്കുന്നു. മെസോസോയിക്ക് കാലഘട്ടം മുതൽ ഇവിടുത്തെ ക്രുസ്റ്റിന്റെ കനം കുറയുകയാണ്. 200 കിലോമീറ്റർ കനമുണ്ടായിരുന്ന ക്രുസ്റ്റിന് ഇപ്പോൾ 80 കിലോമീറ്റർ കനമേയുള്ളു. ഇതു കാരണം ഇവിടെ അഗ്നിപർവ്വതങ്ങൾ ഉണ്ടായിട്ടുണ്ട്. ശാൻഡോങിൽ നിരവധി ഫോസ്സിലുകൾ കുഴിച്ചെടുക്കപ്പെട്ടിട്ടുണ്ട്. 2008-ൽ സുചെങ്ങിൽ 7,600 ദിനോസർ എല്ലുകൾ കണ്ടെത്തപ്പെട്ടു. സമ്പദ്ഘടനപഴങ്ങൾ, പച്ചക്കറികൾ, വീഞ്ഞ്, മരുന്നുകൾ, മാൻ തോല് എന്നിവ ഉത്പാദിപ്പിക്കുന്നു. സ്വർണ്ണം, വജ്രം, പെട്രോളിയം എന്നിവ ഖനനം ചെയ്യുന്നു. ചൈനയിലെ മൂന്നാമത് സമ്പന്നമായ പ്രവിശ്യയാണ് ശാൻഡോങ്. ഗതാഗതംബെയ്ജിങ്ങിൽനിന്നും ഷാങ്ഹായിലേക്കും കൗലോണിലേക്കുമുള്ള തീവണ്ടിപ്പാതകൾ ശാൻഡോങിന്റെ പടിഞ്ഞാറൻ ഭാഗം മുറിച്ചുകടക്കുന്നു. 3,000 കിലോമീറ്റർ അതിവേഗ റോഡുകൾ ശാൻഡോങിലുണ്ട്. നിരവധി തുറമുഖങ്ങൾ കിഴക്കൻ ശാൻഡോങിലുണ്ട്. ജിനാനിലുൾപ്പെടെ നിരവധി വിമാനത്താവളങ്ങളുമുണ്ട്. അവലംബം
|
Portal di Ensiklopedia Dunia