ചോലിസ്താൻ മരുഭൂമി

ചോലിസ്താൻ മരുഭൂമി (റോഹി മരുഭൂമി)
Desert
ചോലിസ്താൻ മരുഭൂമി
രാജ്യം  പാകിസ്താൻ
Biome മരുഭൂമി

താർ മരുഭൂമിയുടെ തുടർച്ചയായി പാകിസ്താനിൽ സ്ഥിതിചെയ്യുന്ന ഉഷ്ണ മരുഭൂമിയാണ് ചോലിസ്താൻ മരുഭൂമി. ഇതിനെ റോഹി മരുഭൂമി, നാരാ മരുഭൂമി എന്നിങ്ങനെയും വിളിക്കാറുണ്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപൂരിൽ നിന്നു തുടങ്ങി സിന്ധിലേക്കും അവിടെ നിന്ന് താർ മരുഭൂമി വരെയും ഇതു വ്യാപിച്ചുകിടക്കുന്നു. ബഹാവൽപൂരിൽ നിന്നാരംഭിക്കുന്ന ചോലിസ്ഥാൻ മരുഭൂമിക്ക് 30 കിലോമീറ്റർ നീളവും 26300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുണ്ട്. തുർക്കി ഭാഷയിൽ മരുഭൂമി എന്നർത്ഥം വരുന്ന 'ചോൽ' എന്ന പദത്തിൽ നിന്നാണ് ചോലിസ്താൻ മരുഭൂമിക്ക് ആ പേരു ലഭിച്ചതെന്നു കരുതുന്നു. മരുഭൂമിയുടെ സമീപത്തായി ഘാഗ്ഗർ-ഹക്ര നദി ഒഴുകുന്നു. ഈ നദിയുടെ തീരത്ത് സിന്ധു നദീതട സംസ്കാരത്തിലെ അവശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്.

അലഞ്ഞു തിരിഞ്ഞു നടക്കുന്ന ജനസമൂഹമാണ് ചോലിസ്താൻ മരുഭൂമിയിൽ കാണപ്പെടുന്നത്. കാലാവസ്ഥയെ അശ്രയിച്ചു ജീവിക്കുന്ന ഇക്കൂട്ടർ ഇടയ്ക്കിടെ വാസസ്ഥാനങ്ങൾ മാറ്റാറുണ്ട്. കമ്പിളി, പരുത്തി, നെയ്ത്ത്, മൺപാത്രനിർമ്മാണം എന്നിങ്ങനെ ധാരാളം വ്യവസായങ്ങൾ ഇവിടെയുണ്ട്. പാകിസ്താനിലെ ഏറ്റവും വലിയ മോട്ടോർ സ്പോർട്സ് മേളയായ 'ചോലിസ്താൻ മോട്ടോർ സ്പോർട്സ് റാലി എല്ലാവർഷവും ഇവിടെ വച്ചു നടത്താറുണ്ട്.

കാലാവസ്ഥ

ചോലിസ്ഥാൻ മരുഭൂമി

ചൂട് കൂടുതലായതിനാൽ ചോലിസ്ഥാൻ മരുഭൂമി സദാ വരണ്ടുണങ്ങിക്കിടക്കുന്നു. എങ്കിലും അങ്ങിങ്ങായി ചെറിയ പച്ചപ്പുകളും കാണാൻ സാധിക്കും. പകൽ മുഴുവൻ ചൂടു കൂടുതലായ ഈ പ്രദേശത്തു രാത്രിയാൽ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. ഇവിടെ അപൂർവ്വമായി മാത്രമേ മഴ പെയ്യാറുള്ളൂ. മൃഗങ്ങൾക്കു ഭക്ഷണം കൊടുക്കുന്നതിനും കുടിവെള്ളത്തിനും വേണ്ടി ഇവിടുത്തെ ജനങ്ങൾ അലഞ്ഞുതിരിഞ്ഞു നടക്കാറുണ്ട്.

ജനജീവിതം

ചോലിസ്താൻ മരുഭൂമിയിലെ ഒരു പ്രഭാത ദൃശ്യം

സിന്ധുനദീതട സംസ്കാര കാലം മുതൽ ഇവിടെ ജനവാസമുണ്ട്. ഘാഗ്ഗർ-ഹക്ര നദിയുടെ തീരത്തായി സിന്ധുനദീതട സംസ്കാരത്തിലെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഇക്കാര്യം ശരിവയ്ക്കുന്നു. പൊതുവെ ഒറ്റപ്പെട്ടു ജീവിക്കുവാനാഗ്രഹിക്കുന്ന ഗോത്രവർഗ്ഗക്കാരാണ് ഇവിടെ കൂടുതലായും കാണപ്പെടുന്നത്. പുറംലോകത്തെ പ്രശ്നങ്ങളൊന്നുമില്ലാതെ ഒതുങ്ങിക്കൂടി ജീവിക്കുന്ന ഇവർ അലഞ്ഞുതിരിഞ്ഞുള്ള ജീവിതം ഇഷ്ടപ്പെടുന്നു. പണ്ടുകാലം മുതൽക്കേ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാൽ ഇവിടെ ഒരു തനതായ സംസ്കാരം രൂപപ്പെട്ടുവന്നിട്ടുണ്ട്.

വ്യവസായം

മുഗൾ സാമ്രാജ്യ കാലത്തിനു മുമ്പുവരെ ഒറ്റപ്പെട്ടു കിടന്നിരുന്ന പ്രദേശമാണ് ചോലിസ്താൻ മരുഭൂമി. മുഗൾ ചക്രവർത്തി അക്ബറിന്റെ കാലത്താണ് ഈ പ്രദേശം ഒരു വ്യവസായ കേന്ദ്രമായി മാറിയത്.[1] ഇവിടെയുള്ള കൽപ്പണിക്കാർ, ശിൽപികൾ, കലാകാരൻമാർ, കരകൗശല വിദഗ്ദ്ധർ, നെയ്ത്തുകാർ, മൺപാത്രനിർമാതാക്കൾ എന്നിങ്ങനെ വ്യത്യസ്ത തൊഴിലുകൾ ചെയ്തിരുന്നവരുടെ സഹായത്തോടെ രാജാക്കന്മാർ കൊട്ടാരങ്ങളും മറ്റും നിർമ്മിച്ചു.

ചോലിസ്താൻ മരുഭൂമിയിലെ ഒട്ടകങ്ങൾ

ഊഷര ഭൂമിയായതിനാൽ ചോലിസ്താൻ മരുഭൂമിയിൽ കൃഷി വളരെ കുറവാണ്. വ്യവസായങ്ങളെ ആശ്രയിച്ചാണ് ഇവിടെയുള്ളവർ ജീവിക്കുന്നത്. കന്നുകാലി വളർത്തലാണ് ചോലിസ്താൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. ആട്, ചെമ്മരിയാട്, ഒട്ടകം എന്നീ മൃഗങ്ങളെ ഇവിടെ വ്യാപകമായി വളർത്തുന്നുണ്ട്. ഇവയുടെ പാൽ, ഇറച്ചി, കൊഴുപ്പ്, രോമം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ ഇവിടെ ധാരാളമായി കാണപ്പെടുന്നു. മരുഭൂമിയിലൂടെയുള്ള ക്ലേശകരമായ യാത്രയിൽ ചോലിസ്ഥാൻ നിവാസികൾ ഒട്ടകങ്ങളെ ആശ്രയിക്കുന്നു. യാത്ര ആവശ്യങ്ങൾ കൂടാതെ ഇവയുടെ തൊലി, രോമം എന്നിവ ഉപയോഗിച്ചുള്ള വസ്ത്രനിർമ്മാണവും ഇവിടെ സജീവമാണ്.

പാകിസ്താനിലെ മറ്റു ഭാഗങ്ങളിൽ നിർമ്മിക്കുന്നതിനെക്കാൾ മികച്ച കമ്പിളി നൂൽ ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇവയുപയോഗിച്ച് മനോഹരമായ പരവതാനികളും പുതപ്പുകളും വസ്ത്രങ്ങളും ഇവിടെ നിർമ്മിക്കുന്നു. കമ്പിളി വിൽപ്പനയിലൂടെ വലിയ ലാഭമാണ് ലഭിക്കുന്നത്. സിന്ധു നദീതട സംസ്കാരത്തിലെ മികവിന്റെ മുദ്രയായ പരുത്തി തുണി വ്യവസായവും ഇവിടെ സജീവമാണ്. മികച്ച നിലവാരത്തിലുള്ള ഖദർ തുണികളും കിടക്കവിരികളുമെല്ലാം ഇവിടെ നിർമ്മിക്കുന്നു. ചോലിസ്ഥാൻ പ്രദേശത്ത് പരുത്തിയും പട്ടും കൊണ്ടു നെയ്തെടുക്കുന്ന 'സൂഫി' എന്ന വസ്ത്രം പ്രസിദ്ധമാണ്. വസ്ത്രങ്ങൾ കൂടാതെ കരകൗശല വസ്തുക്കളുടെ നിർമ്മാണ കേന്ദ്രങ്ങളും ഇവിടെയുണ്ട്. തുകൽ കൊണ്ടു നിർമ്മിക്കുന്ന 'ചോലിസ്താനി ഖുസ' എന്ന ചെരുപ്പ് ഗുണമേന്മ കൊണ്ടും ചിത്രപ്പണികൾ കൊണ്ടും ശ്രദ്ധേയമാണ്.

ചോലിസ്ഥാനിലെ മൺപാത്ര വ്യവസായത്തിന് സിന്ധു നദീതട സംസ്കാരത്തോളം പഴക്കമുണ്ട്. പാത്രങ്ങളും മറ്റും നിർമ്മിക്കുന്നതിനുള്ള പശിമയുള്ള മണ്ണ് ഇവിടെ സുലഭമായി ലഭിക്കുന്നു. ചോലിസ്താനിൽ ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ പാകിസ്താനിലെ വിവിധ ഭാഗങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുമുണ്ട്.

തനതായ സംഗീതോപകരണങ്ങളുമായി ചോളിസ്ഥാൻ മരുഭൂമിയിലെ ഒരു കൂട്ടം നാടോടി ഗായകർ

മറ്റു ജീവജാലങ്ങൾ

ഉഷ്ണ മരുഭൂമിയാണെങ്കിലും ചോലിസ്താനിൽ മഴക്കാടുകളും കാണപ്പെടുന്നുണ്ട്. 'ദോധ്‌ല വനങ്ങൾ' എന്നാണ് അവയെ വിളിക്കുന്നത്. ഹൗബറ ബസ്റ്റാർഡിനെപ്പോലുള്ള ദേശാടനപ്പക്ഷികൾ ഇവിടെ ശൈത്യകാലത്ത് എത്താറുണ്ട്. കടുത്ത വംശനാശ ഭീഷണി നേരിടുന്നപക്ഷികൾ ഐ.യു.സി.എന്നിന്റെ റെഡ് ഡാറ്റാ ബുക്കിൽ ഇടംപിടിച്ചവയാണ്. 2001-ൽ ഇവയുടെ എണ്ണം 4746-ൽ നിന്നും ഏതാനും ഡസനിലേക്കു കുറഞ്ഞതായി കണ്ടെത്തിയിരുന്നു.[2][3] വംശനാശ ഭീഷണി നേരിടുന്ന ചിങ്കാരമാനും ചോലിസ്ഥാൻ മരുഭൂമിയിൽ കാണപ്പെടുന്നു. 2007-ൽ 3000 എണ്ണം ചിങ്കാരമാനുകളുണ്ടായിരുന്ന ഇവിടെ 2010 ആയപ്പോഴേക്കും 1000 എണ്ണമായി കുറഞ്ഞു. നിയമവിരുദ്ധമായ വേട്ടയാടലാണ് ഇവയുടെ എണ്ണം കുറച്ചത്.[4]

കോട്ടകൾ

ദേരാവർ കോട്ട, ചോലിസ്താൻ മരുഭൂമി

ചോലിസ്ഥാൻ മരുഭൂമിക്കു സമീപം ധാരാളം കോട്ടകളുണ്ട്. അവയാണ്,

അവലംബം

  1. Mughal, M.R. 1997. Ancient Cholistan. Lahore: Feroz and Sons.
  2. https://tribune.com.pk/story/121981/cholistan-wildlife-gazelles-migratory-birds-threatened-by-poachers/
  3. https://www.geo.tv/latest/123630-Qatar-prince-not-allowed-to-hunt-houbara-bustard
  4. https://tribune.com.pk/story/121981/cholistan-wildlife-gazelles-migratory-birds-threatened-by-poachers/
  5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 "Cholistan Desert Forts" (in ഇംഗ്ലീഷ്). TDCP. Archived from the original on 20 February 2012. Retrieved 19 May 2017.

പുറംകണ്ണികൾ

28°30′N 70°00′E / 28.500°N 70.000°E / 28.500; 70.000

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia