ഥാർ മരുഭൂമിഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തു കിടക്കുന്ന വിശാലമായ വരണ്ട ഭൂമേഖലയാണ് ഥാർ മരുഭൂമി (ഉർദു: صحرائے تھر , ഹിന്ദി: थार मरुस्थल). ഗ്രേറ്റ് ഇന്ത്യൻ ഡിസർട്ട് എന്നും അറിയപ്പെടുന്നു. രണ്ടു ലക്ഷം ചതുരശ്രകിലോമീറ്ററിലധികം വിസ്തൃതിയുള്ള[1] ഈ മരുഭൂമി വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ 18-ആം സ്ഥാനത്താണ്. ഇതിന്റെ ഭൂരിഭാഗവും ഇന്ത്യയിലെ സംസ്ഥാനമായ രാജസ്ഥാനിലാണ്. ഇതിനു പുറമേ പഞ്ചാബ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തേക്കും ഗുജറാത്തിന്റെ വടക്കുഭാഗത്തേക്കും പാകിസ്താനിലെ കിഴക്കൻ സിന്ധ് പ്രവിശ്യയിലേക്കും, തെക്കുകിഴക്കൻ പഞ്ചാബ് പ്രവിശ്യയിലേക്കും വ്യാപിച്ചു കിടക്കുന്നു. വടക്കുപടിഞ്ഞാറു ഭാഗത്ത് സത്‌ലജ് നദിയും, കിഴക്കുവശത്ത് ആരവല്ലി മലനിരകളും, തെക്കുഭാഗത്ത് റാൻ ഓഫ് കച്ചും, പടിഞ്ഞാറുഭാഗത്ത് സിന്ധു നദിയുമാണ് ഥാർ മരുഭൂമിയുടെ അതിർത്തികൾ. ഥാർ മരുഭൂമി വളരെ വരണ്ടതും പാറക്കല്ലുകളും വൻ മണൽക്കൂനകളും നിറഞ്ഞതാണ്. ഇവിടെ രൂപം കൊള്ളുന്ന മണൽക്കൂനകൾക്ക് 150 മീറ്ററിലേറെ ഉയരമുണ്ടാകാറുണ്ട്. വർഷംതോറും ശരാശരി 25 സെന്റീമീറ്റർ മഴ മാത്രമേ ഇവിടെ ലഭിക്കുന്നുള്ളൂ[2]. തണുപ്പുകാലത്ത് 5-10 °C മുതൽ വേനൽക്കാലത്ത് 50 °C വരെയാണ് ഇവിടത്തെ താപനില[1]. വളരെ ചെറിയ രീതിയിലുള്ള കൃഷി മാത്രമേ ഈ മേഖലയിൽ സാധ്യമാകുകയുള്ളൂ. അല്പം നനവുള്ള പ്രദേശങ്ങളിൽ ബജ്ര പോലുള്ള ഉണക്കധാന്യങ്ങൾ കൃഷി ചെയ്യുന്നു. ഇതിനു പുറമേ മിക്ക കർഷകരും ആടുമേയ്ക്കലിനേയും ഒരു പ്രധാന വരുമാനമാർഗ്ഗമാക്കുന്നു[2]. ഈ പ്രദേശത്തെ ഒരു പ്രധാനപ്പെട്ട ഉല്പ്പന്നമാണ് പച്‌ഭദ്ര തടാകത്തിൽ നിന്നുള്ള ഉപ്പ്. റാൻ ഓഫ് കച്ച്-ൽ നിന്നും കാറ്റ് വഴിയാണ് ഉപ്പ് ഇവിടേക്കെത്തുന്നതെന്നാണ് കരുതപ്പെടുന്നത്. ഈ ഉപ്പ് കടത്തുന്നതിന് ഒരു റെയിൽവേയും ഇവിടെയുണ്ട്. ഥാർ മരുഭൂമിയിലെ പ്രധാനപ്പെട്ട പട്ടണങ്ങൾ ജോധ്പൂരും ബിക്കാനെറുമാണ്. ഒട്ടകം ഇവിടങ്ങളിലെ പ്രധാനപ്പെട്ട ഒരു വാഹനമാണ്[2]. വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും ഇവിടത്തെ മണൽ വരണ്ടുകിടക്കുന്നു. അതിനാൽ അതിശക്തമായ കാറ്റുള്ളപ്പോൾ മണൽ പറന്നു സമീപപ്രദേശങ്ങളിലെ കൃഷിയോഗ്യമായ സ്ഥലങ്ങളിൽ പതിക്കുന്നത് സ്ഥിരമായ ഒരു കാഴ്ചയാണ്. മൺകൂനകൾ തന്നെ രൂപപ്പെട്ടു കൃഷിക്കാർക്ക് നാശനഷ്ടങ്ങൾ സംഭവിക്കുന്നു.[3]
അവലംബം
|
Portal di Ensiklopedia Dunia