ദലീപ് കൗർ ടിവാണ![]() പഞ്ചാബി സാഹിത്യകാരിയാണ് ദലീപ് കൌർ ടിവാണ. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തയാണ്. ബിർളാ ഫൗണ്ടേഷൻ നൽകുന്ന അഞ്ചുലക്ഷം രൂപ സമ്മാനത്തുകയുള്ള സരസ്വതി സമ്മാൻ 2001-ൽ ഇവർക്കു ലഭിച്ചു[1]. ജീവിതരേഖ1935 മെയ് 4-ന് പഞ്ചാബിലെ ലുധിയാനയിൽ ജനിച്ചു[2]. വിദ്യാഭ്യാസാനന്തരം പാട്യാലയിലെ പഞ്ചാബി യൂണിവേഴ്സിറ്റിയിൽ അധ്യാപനമാരംഭിച്ച ടിവാണ ലാംഗ്വേജ് ഫാക്കൽറ്റി ഡീൻ, ഫെലോ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുകയുണ്ടായി. സാഹിത്യ അക്കാദമിയിലെ പഞ്ചാബി ഉപദേശക സമിതിയംഗം, ലുധിയാന പഞ്ചാബി സാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം, ചണ്ഡീ ഗഢ് പഞ്ചാബ് സാഹിത്യ അക്കാദമി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അൻപതോളം ഗ്രന്ഥങ്ങൾ രചിച്ച ടിവാണയുടെ 27 നോവലുകളും ഏഴ് ചെറുകഥാസമാഹാരങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. 1968-ൽ പ്രസിദ്ധീകരിച്ച എഹോ ഹമാരാ ജീവനാ എന്ന നോവലിൽ ഭാനോ എന്ന സാധാരണ പഞ്ചാബി സ്ത്രീയുടെ ദൈന്യജീവിതമാണ് ഇതിവൃത്തം. ഭർത്താവിനാൽ പീഡിപ്പിക്കപ്പെടുന്ന ഈ സ്ത്രീയുടെ കഥയിലൂടെ ഇന്ത്യയിലെ സ്ത്രീകൾ എത്രകാലം സ്വത്വമില്ലായ്മ അനുഭവിക്കുമെന്ന പ്രസക്തമായ ചോദ്യമാണ് നോവലിസ്റ്റ് ഉയർത്തിയത്. 1971-ലെ സാഹിത്യഅക്കാദമി അവാർഡ് ഈ കൃതിക്ക് ലഭിച്ചതോടെ ടിവാണ സാഹിത്യരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ലിമ്മി ഉദാരി (1978), പീലി പട്ടിയാർ (1980), ഹസ്തഘർ (1982) എന്നിവയാണ് തുടർന്ന് പ്രസിദ്ധീകരിച്ച മറ്റു നോവലുകൾ. ടിവാണയുടെ കഥ കഹോ ഉർവശി (കഥ പറയൂ, ഉർവശി) അഞ്ച് ഭാഗങ്ങളുള്ള ഒരു ബൃഹദ് നോവലാണ്. 1999-ൽ പ്രസാധനം ചെയ്യപ്പെട്ട ഈ നോവലിൽ മൂന്നു തലമുറകളുടെ കഥ ആ ലേഖനം ചെയ്തിരിക്കുന്നു. കാവ്യാത്മക നോവൽ എന്ന വിശേഷണത്തിന് അർഹമായ കഥകഹോ ഉർവശി പഞ്ചാബി നോവൽ സാഹിത്യശാഖയിലെ ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. ഈ നോവലിനാണ് സരസ്വതി സമ്മാൻ ലഭിച്ചത്. പ്രബൽ വേഹിൻ, ത്രാതൻ, തേരാ കമരാ മേരാ കമരാ, വേദന, തുംഭാരീൻ ഹംഗാര, യാത്ര എന്നിവയാണ് ദലീപ് കൗർ ടിവാണയുടെ ചെറുകഥാസമാഹാരങ്ങൾ. ആധുനിക് പഞ്ചാബി നിക്കി കഹാനി ദേലഛൻ തേപ്രവൃത്തിയാം ടിവാണയുടെ ഗവേഷണഗ്രന്ഥമാണ്. 1980-ൽ പ്രസിദ്ധീകരിച്ച നംഗേ പൈരൻ ദാ സഫർ (നഗ്നപാദയായൊരു യാത്ര) എന്ന ഇവരുടെ ആത്മകഥയും വളരെ ശ്രദ്ധിക്കപ്പെട്ടു. ശിരോമണി സാഹിത്യകാർ അവാർഡ്, പഞ്ചാബ് ഗവ. പുരസ്കാരം, നാനാക് പുരസ്കാരം, പഞ്ചാബി അക്കാദമി അവാർഡ് തുടങ്ങിയവയും ലഭിച്ച ടിവാണയുടെ കൃതികൾ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അവലംബം
|
Portal di Ensiklopedia Dunia