2013 മുതൽ 2014 വരെ കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന മുൻ കർണ്ണാടകമുഖ്യമന്ത്രിയുംകർണ്ണാടകയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമാണ് മാർപ്പാടി വീരപ്പമൊയ്ലി എന്നറിയപ്പെടുന്ന എം.വീരപ്പമൊയ്ലി. (ജനനം: 12 ജനുവരി 1940) പരിഷ്കരിച്ച പുതിയ ഒരു കോൺഗ്രസ് പാർട്ടി വേണം എന്നാവശ്യപ്പെടുന്ന G-23 വിഭാഗത്തിലെ ഒരംഗം കൂടിയാണ് ഇദ്ദേഹം.[1][2][3]
ജീവിതരേഖ
കർണാടകയിലെ ദക്ഷിണകന്നഡയിലുള്ള മാർപ്പാടിയിൽ തമ്മയ മൊയ്ലിയുടേയും പൂവമ്മയുടേയും മകനായി 1940 ജനുവരി 12ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മാർപ്പാടിയിലുള്ള ഗവ.കോളേജിൽ നിന്നും ബിരുദവും ബാംഗ്ലൂരിലുള്ള ഗവ. ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി.
രാഷ്ട്രീയ ജീവിതം
ഒരു അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ച വീരപ്പ മൊയ്ലി പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1972 മുതൽ 1999 വരെ ആറ് തവണ ഉടുപ്പി ജില്ലയിലുള്ള കർക്കല മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കർണാടക നിയമസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രി, പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച മൊയ്ലി 1992 മുതൽ 1994 വരെ കർണ്ണാടകയുടെ മുഖ്യമന്ത്രിയായിരുന്നു. 2009-ൽ ചിക്കബെല്ലാപ്പൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായ മൊയ്ലി 2014-ലും വീണ്ടും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം മൻമോഹൻ സിംഗ് മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു.
2019-ൽ ചിക്കബെല്ലാപ്പൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.[4]
പ്രധാന പദവികളിൽ
1972-1999 : നിയമസഭാംഗം, (6) കർക്കല
1975 : സംസ്ഥാന ചെറുകിട വ്യവസായ വകുപ്പ് മന്ത്രി
1980-1983 : സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി
1983-1985 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
1989-1990 : സംസ്ഥാന നിയമവകുപ്പ് മന്ത്രി
1990-1992 : സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി
1992-1994 : കർണ്ണാടക മുഖ്യമന്ത്രി
2009 : ലോക്സഭാംഗം, (1) ചിക്കബെല്ലാപ്പൂർ
2009-2011 : കേന്ദ്ര നിയമവകുപ്പ് മന്ത്രി
2011-2012 : കേന്ദ്ര കമ്പനികാര്യ വകുപ്പ് മന്ത്രി
2012 : കേന്ദ്ര ഊർജ വകുപ്പ് മന്ത്രി
2012-2014 : കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി
2013-2014 : കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി