ദക്ഷിണാഫ്രിക്കയിലെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ അവകാശങ്ങളെ അടിച്ചമർത്തിക്കൊണ്ട് ന്യൂനപക്ഷമായ വെള്ളക്കാരുടെ നാഷനൽ പാർട്ടി സർക്കാർ 1948 മുതൽ 1994 വരെ നടപ്പിലാക്കിയ വംശ വിവേചന (Racial segregation) നിയമവ്യവസ്ഥയാണ് അപ്പാർട്ട്ഹൈഡ്( അപ്പാർത്തീഡ് : Eng - Apartheid (Afrikaans pronunciation: [ɐˈpɐrtɦɛit], apart-ness) എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം. വംശീയമായ വേർതിരിവ് , കൊളോണിയൽ ഭരണാരംഭാത്തിൽത്തന്നെ ദക്ഷിണാഫ്രിക്കയിൽ നിലവിലുണ്ടായിരുന്നെങ്കിലും 1948-ലെ പൊതു തിരഞ്ഞെടുപ്പിനുശേഷമാണ് ഔദ്യോഗിക പ്രഭാവം ലഭിച്ചത്. ഈ പുതിയ നിയമം ദക്ഷിണാഫ്രിക്കൻ നിവാസികളെ വംശീയമായി കറുത്തവർ( Black ), വെള്ളക്കാർ(വൈറ്റ്), ഏഷ്യക്കാർ(Asian ) എന്നിങ്ങനെ മൂന്നായി വേർ തിരിച്ചു . [1] വ്യത്യസ്ത വർണ്ണത്തില്പ്പെട്ടവർക്ക് താമസിക്കാനായി പ്രത്യേകം മേഖലകൾ വേർതിരിക്കുകയും പലപ്പോഴും ബലം പ്രയോഗിച്ച് ആൾക്കാരെ മാറ്റിപാർപ്പിക്കുകയും ചെയ്തു. 1958 മുതൽ കറുത്ത വർഗ്ഗക്കാർക്ക് ദക്ഷിണാഫ്രിക്കൻ പൗരത്വം ഇല്ലാതാവുകയും അവർക്കായി ബന്തുസ്താൻ എന്നറിയപ്പെടുന്ന പത്ത് ഗോത്രാടിസ്ഥാനത്തിലുള്ള സ്വയംഭരണ പ്രദേശങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു. വിദ്യാഭ്യാസം, ആതുരശുശ്രൂഷ എന്നിവ വേർതിരിക്കപ്പെടുകയും കറുത്ത വർഗ്ഗകാർക്ക് വെള്ളക്കാരെ അപേക്ഷിച്ച് മോശമായ സേവനങ്ങൾ നൽകപ്പെടുകയും ചെയ്തു.[2]
അപ്പാർട്ട്ഹൈഡ് നടപ്പിലാക്കിയത്, ആഭ്യന്തര എതിർപ്പിനും അക്രമങ്ങൾക്കും കാരണമായി. , . അന്തരാഷ്ട്രതലത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ദീർഘകാല വാണിജ്യ ഉപരോധത്തിനും ഇത് കാരണമായി.[3] പ്രക്ഷോഭകാരികളെ തടവിലാക്കിയും പ്രക്ഷോഭങ്ങൾ നിരോധിച്ചുമാണ് ഗവണ്മെന്റ് ബഹുജന പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചത്. പ്രക്ഷോഭങ്ങൾ വ്യാപകവും അക്രമാസക്തവും ആയപ്പോൾ , ഗവണ്മെന്റ് അടിച്ചമർത്തൽ നടപടികൾ ഏർപ്പെടുത്തി സായുധമായി നേരിടാൻ ശ്രമിച്ചു, 1980-കളിൽ വരുത്തിയ പരിഷ്കാരങ്ങൾക്ക് പ്രക്ഷോഭങ്ങളെ തടയാൻ കഴിയാതെവന്നപ്പോൾ 1990-ൽ പ്രസിഡണ്ട് എഫ്. ഡബ്ള്യു. ഡി ക്ലെർക്ക് (Frederik Willem de Klerk ) വർണ്ണവിവേചനം നിർത്തലാക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. 1994-ൽ എല്ലാ വംശക്കാർക്കും വോട്ടവകാശമുള്ള തിരഞ്ഞെടുപ്പിൽ നെൽസൺ മണ്ടേല( Nelson Mandela)നേതൃത്വം നൽകിയ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് വിജയം കൈവരിച്ചു, വർണ്ണവിവേചനത്തിന്റെ അവശിഷ്ടങ്ങൾ ദീർഘകാലമായിട്ടും ഇന്നും ദക്ഷിണാഫ്രിക്കൻ സമൂഹത്തിൽനിന്നും വിട്ടുമാറിയിട്ടില്ല .[4]
വർണ്ണവിവേചനകാലത്തെ ഇംഗ്ലീഷ്, ആഫ്രികാൻസ് എന്നീ ഭാഷകളിലുള്ള ഒരു ബോർഡ്.
ചരിത്രം
1652 ഏപ്രിൽ 6-നാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി, ഏഷ്യയിലേക്ക് സഞ്ചരിക്കുന്ന നാവികർക്ക് ഒരു ഇടത്താവളം നിർമ്മിക്കാനായി അയച്ച ജാൻ വാൻ റൈബെക്ക്(Jan van Riebeeck) ദക്ഷിണാഫ്രിക്കയിലെ റ്റേബ്‌ൾ ബേയിൽ എത്തിയത്.[5]ഡച്ചുകാർ സ്ഥാപിച്ച് കേപ്പ് കോളനി പിന്നീട് 1795-ൽ ബിട്ടീഷ് അധീനതയിലായി. ബ്രിട്ടീഷുകാർ വെള്ളക്കാരല്ലാത്തവരെ വേർതിരിച്ച് താമസിപ്പിക്കാനും അവരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കാനുമായി പാസ് നിയമങ്ങൾ കേപ് കോളനി, നാറ്റാൾ എന്നിവിടങ്ങളിൽ 19-ആം നൂറ്റാണ്ടിൽ നടപ്പിലാക്കി.[6][7][8]
കറുത്തവർഗ്ഗക്കാർ അവർക്ക് വേണ്ടി മാറ്റിവച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ സഞ്ചരിക്കാനായി തിരിച്ചറിയൽ കാർഡുകൾ നടപ്പിലാക്കി. കേപ് കോളനി, നാറ്റാൾ എന്നിവിടങ്ങളിൽ കറുത്തവർഗ്ഗക്കാർക്ക് രാത്രിയിൽ തെരുവുകളിൽ സഞ്ചരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. 1892-ലെ ഫ്രാഞ്ചൈസ് ആന്റ് ബാലറ്റ് ആക്റ്റ് കറുത്ത വർഗ്ഗക്കാരുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുകയും1894-ലെ നാറ്റാൽ ലെജിസ്ലേറ്റീവ് അസംബ്ലി നിയമം ഇന്ത്യൻ വംശജരുടെ വോട്ടവകാശം എടുത്തുകളയുകയും ചെയ്തു.[9]
ദക്ഷിണാഫ്രിക്കയിൽ ബന്തുസ്താനുകളുടെ സ്ഥാനം കാണിക്കുന്ന ഭൂപടം
1905-ലെ ജനറൽ പാസ് റെഗുലേഷൻസ് നിയമം കറുത്തവർക്ക് വോട്ടവകാശം പൂർണ്ണമായി നിഷേധിച്ചു.[10] എല്ലാ ഇന്ത്യക്കാരും പേർ രെജിസ്റ്റർ ചെയ്ത തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കണമെന്ന ഏഷ്യാറ്റിക് റെഗുലേഷൻ ആക്റ്റ് (1906)പിന്നീട് നിലവിൽ വന്നു.[11]
1910-ലെ സൗത്ത് ആഫ്രിക്ക ആക്റ്റ് വെള്ളക്കാർക്ക് മറ്റു വംശജരുടെ മേൽ പരിപൂർണ്ണ രാഷ്ട്രീയ ആധിപത്യം ഉറപ്പാക്കുന്ന രീതിയിൽ, കറുത്തവർക്ക് പാർലിമെന്റിൽ ഇരിക്കാനുള്ള അവകാശം നിഷേധിച്ചു,[12] 1913-ലെ നാറ്റീവ് ലാന്റ് ആക്റ്റ്, കേപിലെഴികെയുള്ള കറുത്ത വർഗ്ഗക്കാർക്ക്, അവർക്കായി നീക്കിവച്ച പ്രദേശങ്ങളിലല്ലാതെ ഭൂമി വാങ്ങുന്നത് നിരോധിച്ചു,[12] നാറ്റീവ്സ് ഇൻ അർബൻ ഏരിയാസ് (Natives in Urban Areas Bill) ബില്ല് (1918) കറുത്തവരെ അവർക്കായി മാറ്റിവച്ച പ്രദേശങ്ങളിൽമായി വേർതിരിച്ച് താമസിപ്പിക്കാനും (residential segregation) വെള്ളക്കാർ ഉടമകളായിട്ടുള്ള സ്ഥാപനങ്ങൾക്ക് തുച്ചമായ വേതനത്തിനുവേണ്ടി ജോലിചെയ്യാൻ കറുത്ത വർഗ്ഗക്കാർ നിർബന്ധിതരാക്കിത്തീർക്കുകയും ചെയ്തു.[13]. ജാൻ സ്മടിന്റെയുണൈറ്റെഡ് പാർട്ടി നടപ്പിൽവരുത്തിയ 1946-ലെ ഏഷ്യാറ്റിക് ലാന്റ് ടെനർ ബിൽ (Asiatic Land Tenure Bill) ഇന്ത്യൻ വംശജർക്ക് ഭൂമി വിൽക്കുന്നത് നിരോധിച്ചു.[14]
1948-ലെ തിരഞ്ഞെടുപ്പ്
അപാർത്തീഡ് നയത്തിലൂന്നിയാണ് 1948-ലെ തിരഞ്ഞെടുപ്പിൽ, പ്രധാന ആഫ്രികാനിർ പാർട്ടിയായ റീയുണൈറ്റഡ് നാഷനൽ പാർട്ടിയുടെ (Herenigde Nasionale Party)നേതാവ് പ്രൊട്ടസ്റ്റന്റുകാരനായ ഡാനിയൽ ഫ്രാങ്കോയ്സ് മലൻ, പ്രചാരണം നടത്തിയത്.[15][16]
ജാൻ സ്മടിന്റെ യുണൈറ്റെഡ് പാർട്ടിയെ നേരിയ വ്യത്യാസത്തിൽ തോല്പ്പിച്ച റീയുണൈറ്റഡ് നാഷനൽ പാർട്ടി, ആഫ്രികാനിർ പാർട്ടിയുമായി കൂട്ടുകക്ഷി ഗവണ്മെന്റ് രൂപീകരിച്ചു, ഡാനിയൽ ഫ്രാങ്കോയ്സ് മലൻ ആദ്യ അപാർത്തീഡ് പ്രധാനമന്ത്രിയായി. ഈ പാർട്ടികൾ പിന്നീട് ലയിച്ചാണ് നാഷനൽ പാർട്ടി ഉണ്ടായത്.
ദക്ഷിണാഫ്രിക്ക ഒരൊറ്റ ജനതയല്ലെന്നും, മറിച്ച് ,നാല് വ്യത്യസ്ത വംശങ്ങളായ വെള്ളക്കാർ, കറുത്ത വംശജർ, ഇന്ത്യക്കാർ, നിറമുള്ളവർ എന്നിവരുൾക്കൊള്ളുന്നതാണെന്നും നാഷനൽ പാർട്ടി നേതാക്കൾ വാദിച്ചു, ബ്രിട്ടീഷുകാർ നടപ്പിലാക്കിയതിലും കർശനമായ വർണ്ണവിവേചനനിയമങ്ങൾ അവർ കൊണ്ടുവന്നു. നാഷനൽ പാർട്ടി നടപ്പിൽവരുത്തിയ പ്രധാന അപാർത്തീഡ് നിയമങ്ങൾ താഴെപ്പറയുന്നവയാണ്[17]
1950ലെ പോപുലേഷൻ രെജിസ്ട്രേഷൻ ആക്റ്റ്(Population Registration Act) ജനങ്ങളെ വംശീയമായി വേർതിരിക്കുകയും 18 വയസ് പൂർത്തിയായ എല്ലാ പൗരൻമാർക്കും അവരുടെ വംശം രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡ് നിർബന്ധിതമാക്കുകയും ചെയ്തു.[18] വംശം കൃത്യമായി വേർതിരിച്ചറിയാൻ പറ്റാത്തവരുടെ വംശീയസ്ഥിതി കൈകാര്യം ചെയ്യാൻ ഔദ്യോഗിക ബോർഡുകൾ നടപ്പിലാക്കി.[19] കറുത്ത വർഗ്ഗക്കാർക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ ഇത് ഒരേ കുടുംബത്തിൽപ്പെട്ടവരെ ചിലപ്പോൾ വ്യത്യസ്ത വംശത്തിൽ ഉൾപ്പെടുത്തി വേർതിരിക്കപ്പെടാവുന്ന അവസ്ഥ സംജാതമാക്കി.[20]
അവലംബം
↑Baldwin-Ragaven, Laurel; London, Lesley; du Gruchy, Jeanelle (1999). An ambulance of the wrong colour: health professionals, human rights and ethics in South Africa. Juta and Company Limited. p. 18
↑U.S. Library of Congress. "Africans and Industrialization". US Federal Research Division of the Library of Congress. Retrieved 2008-07-14. {{cite web}}: Cite has empty unknown parameter: |coauthors= (help)