ജനതാ പാർട്ടി
ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായിരുന്നു ജനതാ പാർട്ടി (ഹിന്ദി: जनता पार्टी). ജെ.എൻ.പി. എന്ന് ചുരുക്കിയെഴുതും. അടിയന്തരാവസ്ഥയെ എതിർത്തിരുന്ന വിവിധ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഈ പാർട്ടി 1977-ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിക്കുകയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ്സിതര സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. അന്ത:ച്ഛിദ്രങ്ങളെ തുടർന്ന് 1980-ൽ അധികാരത്തിൽ നിന്ന് പുറത്തു പോകേണ്ടി വരികയും കാലക്രമത്തിൽ പല പാർട്ടികളായി പിരിയുകയും ചെയ്തെങ്കിലും ജനതാ പാരമ്പര്യം പിന്തുടരുന്ന വിവിധ രാഷ്ട്രീയ കക്ഷികൾ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ട്. ഇതിനു പുറമേ സുബ്രഹ്മണ്യം സ്വാമിയുടെ നേതൃത്വത്തിൽ 'ജനതാ പാർട്ടി' എന്ന പേരിൽ തന്നെ ഒരു രാഷ്ട്രീയ കക്ഷിയും നിലവിലുണ്ട്. രൂപീകരണ പശ്ചാത്തലംഅടിയന്തരാവസ്ഥയുടെ അവസാനം, 1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ലോകനായക ജയപ്രകാശ നാരായണിന്റെ നിർദ്ദേശപ്രകാരം പ്രതിപക്ഷകക്ഷികളായ സോഷ്യലിസ്റ്റു് പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന), ഭാരതീയ ലോക് ദൾ, ഭാരതീയ ജനസംഘം എന്നീ കക്ഷികൾ ഒന്നിച്ചു് ചേർന്നുണ്ടായ രാഷ്ട്രീയകക്ഷിയാണു് ജനതാ പാർട്ടി. ഇലക്ഷൻ കമ്മീഷൻ ഈ പാർട്ടിയെ അംഗീകരിക്കാതിരുന്നതിനാൽ ഭാരതീയ ലോക്‌ദളിന്റെ ചിഹ്നമായ കലപ്പയേന്തിയ കർഷകനുമായാണ് മത്സരരംഗത്ത് ഇറങ്ങിയത്. തെരഞ്ഞെടുപ്പിന് ശേഷം അംഗീകാരം കിട്ടിയപ്പോൾ 'കലപ്പയേന്തിയ കർഷകൻ' നിലനിർത്തി. അധികാരവും അധികാരനഷ്ടവുംറായ്ബറേലി മണ്ഡലത്തിൽ സോഷ്യലിസ്റ്റ് നേതാവായിരുന്ന രാജ് നരൈനോട് ഇന്ദിരാ ഗാന്ധി പരാജയപ്പെട്ട 1977-ലെ തെരഞ്ഞെടുപ്പിൽ ജനതാപാർട്ടി ഭൂരിപക്ഷം സീറ്റുകളും തൂത്തുവാരി അധികാരത്തിലെത്തി. അടിയന്തരാവാസ്ഥക്കാലത്തെ പല ശാസനങ്ങളും റദ്ദാക്കിയ പുതിയ ജനതാ ഗവണ്മെന്റ് അടിയന്തരാവാസ്ഥയുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങൾക്കെതിരെ അന്വേഷണങ്ങളും ആരംഭിച്ചു. ശക്തമായ വിദേശബന്ധങ്ങൾക്കും സാമ്പത്തിക ഉന്നമനങ്ങൾക്കുമുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും അന്ത:ച്ഛിദ്രങ്ങളും നേതാക്കൾക്കിടയിലെ ആശയവ്യത്യാസങ്ങളും ജനതാ സർക്കാരിന് ദേശീയ പ്രശ്നങ്ങളെ ശരിയായ രീതിയിൽ അഭിമുഖീകരിക്കുവാൻ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. അധികാര വടംവലികളിൽ പെട്ട് 1979 മധ്യത്തിൽ പ്രധാനമന്ത്രിയായ മൊറാർജി ദേശായിക്ക് രാജി വെക്കേണ്ടി വന്നു. തുടർന്ന് ചരൺ സിംഗ് പ്രധാനമന്ത്രിയായെങ്കിലും സഖ്യകക്ഷികളിലൊന്ന് പിന്തുണ പിൻവലിച്ചതിനാൽ പാർലമെന്റിലെ ഭൂരിപക്ഷം നഷ്ടമായി അദ്ദേഹത്തിനും രാജി വെക്കേണ്ടി വന്നു. ഭരണ അസ്ഥിരതയും ജനതാ കുടുംബത്തിലെ തൊഴുത്തിൽക്കുത്തുകളും ഇന്ദിരാ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ഉയർത്തെഴുനേല്പിനിടയാക്കി. 1980-ലെ തെരഞ്ഞെടുപ്പിലൂടെ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് തിരികെ അധികാരത്തിലെത്തി. പിളർപ്പുകളും ലയനങ്ങളുംഇതിനിടെ 1979 ജൂലൈയിൽ ജനതാ പാർട്ടിക്ക് ഒരു പിളർപ്പ് നേരിടേണ്ടി വന്നു. ഒരു വിഭാഗത്തിന് ചന്ദ്രശേഖറും മറു വിഭാഗത്തിന് ചരൺ സിംഗും രാജനാരായണനും നേതൃത്വം നല്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ ചന്ദ്രശേഖർ വിഭാഗത്തിനെ ജനതാ പാർട്ടിയായി അംഗീകരിക്കുകയും പാർട്ടി ചിഹ്നം അനുവദിക്കുകയും ചെയ്തു. ചരൺ സിംഗ്- രാജനാരായണൻ വിഭാഗത്തെ ജനതാ പാർട്ടി (സെക്കുലർ) എന്ന പേരിൽ അംഗീകാരം നല്കുകയും 'നിലം ഉഴുന്ന കർഷകൻ' ചിഹ്നമായി നൽകുകയുംചെയ്തു. മുൻ ജനസംഘം നേതാക്കൾ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധം തുടരുന്നത് മറ്റൊരു ഉൾപാർട്ടി പ്രശ്നമായിരുന്നു. ബി.ജെ.പി യുടെ രൂപീകരണം1980-ലെ ഇന്ദിരാ കോൺഗ്രസ് വിജയത്തിന് ശേഷം ജനതാ പാർട്ടി വീണ്ടും പിളർന്നു. മുൻ ഭാരതീയ ജനസംഘം വിഭാഗം അടൽ ബിഹാരി വാജ്‌പേയി, ലാൽ കൃഷ്ണ അദ്വാനി എന്നിവരുടെ നേതൃത്വത്തിൽ 1980-ൽ ഭാരതീയ ജനതാ പാർട്ടി രൂപവൽക്കരിച്ചു. ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) താമര ചിഹ്നമായി സ്വീകരിച്ചു. ലോക് ദൾ രൂപീകരണംജനതാ പാർട്ടി (സെക്കുലർ) പിന്നീട് ലോക് ദളായി. 1982-ൽ ലോക് ദൾ ചരൺ സിംഹിന്റെയും രാജനാരായണന്റേയും നേതൃത്വത്തിൽ രണ്ടായി പിളർന്നു. 'നിലം ഉഴുന്ന കർഷകൻ' ചിഹ്നം മരവിപ്പിക്കപ്പെട്ടു. രാജ് നാരായണന് 'സൈക്കിളും' ചരൺസിംഗിന് 'സ്ത്രീയും' ചിഹ്നങ്ങളായി കിട്ടി. കർപൂരി ഠാക്കൂറും ജോർജ് ഫെർണാണ്ടസും ചന്ദ്രശേഖറിന്റെ ജനതാ പാർട്ടിയിൽ ചേർന്നു. ചരൺ സിംഗിന്റെ ലോക് ദൾ 1984ൽ എച്ച്.എൻ. ബഹുഗുണയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയുമായി ലയിച്ച് ദലിത് മസ്‌ദൂർ കിസാൻ പാർട്ടി ആയെങ്കിലും വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വീണ്ടും ലോക് ദൾ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.[1] രാജ് നരൈൻ 1985-ൽ സോഷ്യലിസ്റ്റ് പാർട്ടി പുനഃസംഘടിപ്പിയ്ക്കാൻ ശ്രമിച്ചു. രാജ് നരൈൻ മരണത്തെ തുടർന്ന് കെ. എ ശിവരാമഭാരതി അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പാർട്ടി യുടെ പ്രസിഡന്റായി. ലോക് ദൾ പിളരുന്നു1987-ൽ ലോക് ദൾ ചരൺസിങിന്റെ പുത്രൻ അജിത് സിങിന്റെ നേതൃത്വത്തിലുള്ള ലോക് ദൾ(എ) എന്നും ബഹുഗുണയുടെ നേതൃത്വത്തിലുള്ള ലോക് ദൾ(ബി) എന്നും രണ്ടു കക്ഷികളായി പിളർന്നു. ലോക് ദൾ(എ) ജനതാ പാർട്ടിയിലേക്ക്1988-ൽ ലോക് ദൾ (എ.) ചന്ദ്രശേഖറിന്റെ ജനതാ പാർട്ടിയിൽ ലയിച്ചു. അജിത് സിംഗിനെ ചന്ദ്രശേഖർ ജനതാ പാർട്ടി പ്രസിഡന്റാക്കിയതിനെ എതിർത്ത രാമകൃഷ്ണ ഹെഗ്ഗ്‍ഡെയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിയിലെ ചന്ദ്രശേഖർ വിരുദ്ധർ മേനകാ ഗാന്ധിയുടെ സഞ്ജയ വിചാര മഞ്ചിനെ ജനതാ പാർട്ടിയിൽ ലയിപ്പിച്ചു. ജനതാ ദൾ രൂപീകരണം - ഒരു പുനരൈക്യശ്രമംജനതാ പാർട്ടിയും ബഹുഗുണയുടെ ലോക് ദളും ഒപ്പം കോൺഗ്രസ്സ് (ഐ)-ൽ നിന്ന് പുറത്ത് വന്ന് വി.പി. സിംഗും കൂട്ടരും ഉണ്ടാക്കിയ ജനമോർച്ചയും പരസ്പരം ലയിച്ചു് ജനതാ ദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നാവുകയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസ്സിതര സർക്കാറുകൾക്ക് നേതൃത്വം നൽകുകയും ചെയ്തുവെങ്കിലും ജനതാ പാർട്ടിയുടെ ചരിത്രത്തിലുണ്ടായ പോലെയുള്ള പിളർപ്പുകൾ ജനതാദളിന്റെ കാര്യത്തിലും ആവർത്തിക്കപ്പെട്ടു. അവലംബം |
Portal di Ensiklopedia Dunia