ചന്ദ്രശേഖർ
ചന്ദ്രശേഖർ സിംഗ് എന്നറിയപ്പെടുന്ന എസ്.ചന്ദ്രശേഖർ.(1927-2007) 1990 നവംബർ പത്ത് മുതൽ 1991 ജൂൺ 21 വരെ ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1927 ജൂലൈ 1-നു ജനിച്ചു. 1962 മുതൽ 1977 വരെ ചന്ദ്രശേഖർ രാജ്യസഭാംഗമായിരുന്നു. വി.പി. സിംഗിനോടൊപ്പം ജനതാദൾ മന്ത്രിസഭയിൽ അംഗമായിരുന്ന ചന്ദ്രശേഖർ ജനതാദൾ പിളർത്തി പുതിയ ഒരു പാർട്ടി രൂപവത്കരിച്ചു. കോൺഗ്രസ് പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപവത്കരിച്ച ചന്ദ്രശേഖർ ഇന്ത്യയുടെ 8-)മത്തെ പ്രധാനമന്ത്രിയായി. എങ്കിലും മന്ത്രിസഭയുടെ കാലാവധി 7 മാസമേ നീണ്ടുനിന്നുള്ളൂ. കോൺഗ്രസ് പുറമേനിന്നുള്ള പിന്തുണ പിൻവലിച്ചപ്പോൾ മാർച്ച് 6, 1991-ന് ചന്ദ്രശേഖർ രാജിവെച്ചു. എങ്കിലും വർഷത്തിന്റെ രണ്ടാം പകുതിയിൽ തിരഞ്ഞെടുപ്പു നടക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടർന്നു. പാർലമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നതിൽ ചന്ദ്രശേഖർ എന്നും ശ്രദ്ധാലുവായിരുന്നു. 1995 ഇൽ ഏറ്റവും മികച്ച പാർലമെന്റ് അംഗത്തിനുള്ള അവാർഡ് ചന്ദ്രശേഖറിനു ലഭിച്ചു. ഈ അവാർഡ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ചന്ദ്രശേഖർ. ജീവിതരേഖഉത്തർ പ്രദേശിലെ ബലിയ ജില്ലയിലെ ഇബ്രാഹിംപെട്ടി വില്ലേജിലെ ഒരു രാജ്പുത് കുടുംബത്തിൽ 1927 ജൂലൈ ഒന്നിന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബലിയയിലെ അലഹബാദ് യൂണിവേഴ്സിറ്റിയിലെ സതീഷ് ചന്ദ്ര പി.ജി.കോളേജിൽ നിന്ന് ബിരുദവും പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദവും നേടി. വിദ്യാഭ്യാസത്തിന് ശേഷം രാഷ്ട്രീയത്തിൽ സജീവമായി. പ്രജ സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന ആചാര്യ നരേന്ദ്ര ദേവാണ് ചന്ദ്രശേഖറിൻ്റെ രാഷ്ട്രീയ ഗുരു. പ്രജ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന അദ്ദേഹം 1955-1956 കാലയളവിൽ പി.എസ്.പിയുടെ ഉത്തർപ്രദേശിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു. 1962-ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1965-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1967-ൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ ചന്ദ്രശേഖർ 1968-ൽ രണ്ടാം തവണയും കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭാംഗമായി. 1969-ൽ യങ് ഇന്ത്യ എന്ന മാസിക ചന്ദ്രശേഖറിൻ്റെ കീഴിൽ പ്രസിദ്ധീകരണം തുടങ്ങി. യങ് ഇന്ത്യയുടെ എഡിറ്റോറിയൽ ബോർഡ് ചെയർമാനായിരുന്നു. 1974-ൽ മൂന്നാം വട്ടവും രാജ്യസഭാംഗമായി വീണ്ടും പാർലമെൻ്റിലെത്തി. 1975-ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ പരസ്യമായി എതിർത്തതിനെ തുടർന്ന് മിസ ആക്ട് പ്രകാരം ചന്ദ്രശേഖറിനെ ജയിലിലടച്ചു. കോൺഗ്രസ് ഇലക്ഷൻ കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു ആ സമയത്ത് ചന്ദ്രശേഖർ. ഒന്നര വർഷത്തെ ജയിൽവാസത്തിന് ശേഷം 1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ചതിനെ തുടർന്ന് ജയിൽ മോചിതനായി. 1977-ൽ കോൺഗ്രസ് പാർട്ടി വിട്ട അദ്ദേഹം മൊറാർജി ദേശായി നേതാവായ ജനതാ പാർട്ടിയിൽ ചേർന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി പരാജയപ്പെട്ടു. ജനതാ പാർട്ടിക്ക് ലോക്സഭയിൽ ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് 1977-ൽ മൊറാർജി ദേശായി പ്രധാനമന്ത്രിയായപ്പോൾ ചന്ദ്രശേഖറായിരുന്നു പാർട്ടിയുടെ ദേശീയ പ്രസിഡൻറ്. 1977 മുതൽ 1988 വരെ ചന്ദ്രശേഖർ ആ സ്ഥാനത്ത് തുടർന്നു. 1977-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ ബലിയയിൽ നിന്ന് ലോക്സഭാംഗമായതിനെ തുടർന്ന് രാജ്യസഭാംഗത്വം രാജിവച്ചു. പിന്നീട് നടന്ന എല്ലാ ലോക്സഭ തിരഞ്ഞെടുപ്പുകളിലും (1980, 1989, 1991, 1996, 1998, 1999, 2004) അദ്ദേഹം ബലിയയിൽ നിന്ന് ലോക്സഭയിലെത്തി. 1984-ൽ ഒരേയൊരു തവണ മാത്രമാണ് ബലിയയിൽ നിന്ന് പരാജയപ്പെട്ടത്. 1988-ൽ ജനതാ പാർട്ടി പിളർപ്പിനെ തുടർന്ന് ചന്ദ്രശേഖർ ജനതാദൾ പാർട്ടിയിൽ ചേർന്നു. 1989-ൽ പിളർന്ന ജനതാ പാർട്ടികൾ എല്ലാവരും ഒരു മുന്നണിയായി ഐക്യത്തിലെത്തിയതിനെ തുടർന്ന് കേന്ദ്രത്തിൽ ഒരു കോൺഗ്രസിതര സർക്കാർ നിലവിൽ വന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന വി.പി.സിംഗായിരുന്നു 1989-ൽ ജനതാ പാർട്ടി മുന്നണിയുടെ പ്രധാനമന്ത്രിയായത്. മുന്നണി സർക്കാരിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന് ചന്ദ്രശേഖർ ജനതാദൾ സോഷ്യലിസ്റ്റ് വിഭാഗം രൂപീകരിച്ചു. 1990-ൽ വി.പി.സിംഗ് രാജിവച്ചപ്പോൾ കോൺഗ്രസ് നേതാവായ രാജീവ് ഗാന്ധിയുടെ പിന്തുണയോടെ കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ചു. എന്നാൽ വെറും ഏഴ് മാസങ്ങൾ മാത്രമാണ് അദ്ദേഹത്തിന് പ്രധാനമന്ത്രി പദത്തിൽ തുടരാനായത്. 1991 മാർച്ച് ആറിന് കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനെ തുടർന്ന് കാവൽ പ്രധാനമന്ത്രിയായി തുടർന്ന ചന്ദ്രശേഖർ 1991 ജൂൺ 21ന് രാജി വച്ചു. 1991-ലെ ഇന്ത്യൻ സാമ്പത്തിക മാന്ദ്യവും പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധിക്കപ്പെട്ടതും ചന്ദ്രശേഖറിൻ്റെ സർക്കാർ നിലംപതിക്കാൻ കാരണമായി. ചരൺ സിംഗിന് ശേഷം കേന്ദ്രത്തിലെ രണ്ടാമത്തെ ചെറിയ സർക്കാരാണ് ചന്ദ്രശേഖറിൻ്റേത്. പ്രധാനമന്ത്രിയായിരിക്കെ ആഭ്യന്തര, പ്രതിരോധ, വാർത്താ വിനിമയ വകുപ്പുകളുടെ അധിക ചുമതലയും വഹിച്ചു. പ്രധാന മന്ത്രിയാകുന്നതിന് മുൻപ് ഒരിക്കൽ പോലും കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി സ്ഥാനങ്ങൾ ലഭിക്കാതിരുന്ന ഏക വ്യക്തിയാണ് ചന്ദ്രശേഖർ.[1] വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ തുടരവെ 2007 ജൂലൈ എട്ടിന് 80-മത്തെ വയസിൽ ചന്ദ്രശേഖർ അന്തരിച്ചു. ന്യൂഡൽഹിയിലെ ജനനായിക് സ്ഥലിലാണ് ചന്ദ്രശേഖർ അന്ത്യവിശ്രമം കൊള്ളുന്നത്.[2] സ്വകാര്യ ജീവിതം
ചരമം2007 ജൂലൈ 8-നു ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ വെച്ച് ചന്ദ്രശേഖർ അന്തരിച്ചു. മൾട്ടിപ്പിൾ മൈലോമ എന്ന രക്ത സംബന്ധിയായ രോഗമായിരുന്നു മരണകാരണം.[3] അവലംബം
|
Portal di Ensiklopedia Dunia