അഖിലേഷ് യാദവ്
2024 മുതൽ കന്നൂജ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന ഉത്തർ പ്രദേശിലെ മുതിർന്ന സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമാണ് അഖിലേഷ് യാദവ്[1] (ജനനം: 1973 ജൂലൈ 1).[2][3][4][5] സമാജ്‌വാദി പാർട്ടിയുടെ നേതാവായ മുലായാം സിംഗ് യാദവിന്റെ മകനാണ് ഇദ്ദേഹം.[6][7] അഞ്ച് തവണ ലോക്സഭാംഗം, 2012 മുതൽ 2017 വരെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ഉത്തർ പ്രദേശ് നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജീവിതരേഖഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ലോക്സഭാംഗവുമായ മുലായംസിംഗ് യാദവിൻ്റേയും മാലതി ദേവിയുടെയും മകനായി 1973 ജൂലൈ ഒന്നിന് യുപിയിലെ ഇറ്റാവയിൽ ജനിച്ചു. ധോൽപുർ സൈനിക സ്‌കൂളിലാണ് അഖിലേഷ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മൈസൂർ സർവകലാശാലയിലെ ജയചാമരാജേന്ദ്ര കോളേജിൽ നിന്ന് എൻജിനീയറിങ് ബിരുദവും സിഡ്‌നി സർവകലാശാലയിൽ നിന്ന് പരിസ്ഥിതി എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി.[8] രാഷ്ട്രീയ ജീവിതം2000-ൽ സമാജ്വാദി പാർട്ടിയംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങിയ അഖിലേഷ് 2009 ജൂണിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 2009-ൽ രണ്ടു മണ്ഡലങ്ങളിൽ ജയിച്ചിരുന്നതിനാൽ ഫിറോസാബാദിൽ നിന്ന് രാജി വച്ച് ഭാര്യ ഡിമ്പിളിനെ മത്സരിപ്പിച്ചുവെങ്കിലും 2009 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 85,000-ൽ പരം വോട്ടുകൾക്ക് കോൺഗ്രസ്സിലെ രാജ് ബബ്ബാറിനോട് ഡിമ്പിൾ പരാജയപ്പെട്ടു.[9] അഖിലേഷിന്റെ രാഷ്ടീയ ജീവിതത്തിൽ തിരിച്ചടിയായ ഒരു സംഭവമായിരുന്നു ഇത്. എന്നാൽ 2012-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി നേടിയ വിജയത്തിന്റെ പ്രധാന ഘടകമായി രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വീക്ഷിച്ചത് ഇദ്ദേഹത്തിന്റെ രാഷ്ടീയ തന്ത്രങ്ങളാണ്.[10]. തൻ്റെ 38-മത്തെ വയസിൽ ഉത്തർപ്രദേശിൻ്റെ മുഖ്യമന്ത്രി പദവിയിലെത്തിയ അഖിലേഷ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 2012-ൽ ലോക്സഭാംഗത്വം രാജിവച്ചു. 2012-ൽ തന്നെ നിയമസഭ കൗൺസിലംഗമായി തിരഞ്ഞെടുക്കപ്പെട്ട അഖിലേഷ് 2018 വരെ നിയമസഭ കൗൺസിൽ അംഗമായി തുടർന്നു. 2017-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയെ മുഖ്യമന്ത്രിയായ അഖിലേഷ് നേരിട്ട് നയിച്ചെങ്കിലും ഹിന്ദുത്വ-തരംഗം വീശിയടിച്ചതിനെ തുടർന്ന് ബിജെപി 312 സീറ്റ് നേടി വൻ വിജയം നേടിയപ്പോൾ സമാജ്വാദി പാർട്ടിയുടെ സീറ്റ് 47 ആയി ചുരുങ്ങി. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അസംഗഢ് മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അഖിലേഷ് യാദവ് 2022-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കർഹാൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു. 2022-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 111 സീറ്റുകളുമായി സമാജ്വാദി പാർട്ടി നില മെച്ചപ്പെടുത്തി. 2022-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കർഹാലിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ലോക്സഭാംഗത്വം 2022 മാർച്ച് 22ന് രാജിവച്ചു. 2022 മാർച്ച് 26ന് ചേർന്ന സമാജ്വാദി പാർട്ടിയുടെ പാർലമെൻററി പാർട്ടി യോഗം അഖിലേഷ് യാദവിനെ പതിനെട്ടാം നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. 2024-ൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കന്നൂജ് മണ്ഡലത്തിൽ നിന്ന് വിജയിച്ചു. ഇതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ചു. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ 62 മണ്ഡലങ്ങളിൽ മത്സരിച്ച സമാജ്വാദി പാർട്ടി 37 ഇടത്ത് വിജയിച്ചു. സഖ്യ കക്ഷിയായി മത്സരിച്ച കോൺഗ്രസിന് 6 പേരെ വിജയിപ്പിക്കാൻ കഴിഞ്ഞു. 75 സീറ്റിൽ മത്സരിച്ച ബിജെപിക്ക് 33 സീറ്റേ നേടാൻ കഴിഞ്ഞുള്ളൂ. ഇതോടെ പതിനെട്ടാം ലോക്‌സഭയിലെ ഇന്ത്യ മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായി സമാജ്വാദി പാർട്ടി മാറി. പ്രധാന പദവികളിൽ
അവലംബം
|
Portal di Ensiklopedia Dunia