ഭാരതത്തിൻ്റെ മുൻ പ്രതിരോധ വകുപ്പ് മന്ത്രി, ഏഴു തവണ ലോക്സഭാംഗം, മൂന്ന് തവണ ഉത്തർപ്രദേശ്മുഖ്യമന്ത്രി, പത്ത് തവണ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന സമാജ്വാദി പാർട്ടി നേതാവായിരുന്നു. മുലായംസിംഗ് യാദവ് (1939-2022).[1] വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2022 ഒക്ടോബർ 10ന് രാവിലെ 8:15ന് അന്തരിച്ചു.[2][3][4][5][6]
ജീവിതരേഖ
ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ ഒരു ഗ്രാമത്തിൽ സുധർ സിംഗിന്റെയും മൂർത്തിദേവിയുടെയും മകനായി 1939 നവംബർ 22-ന് ജനനം. ഒരു കർഷക കുടുംബമായിരുന്നു മുലായത്തിൻ്റേത്. ഇറ്റാവയിലെ കെ.കെ. കോളേജിൽ വിദ്യാർത്ഥിയായിരിക്കെ രാം മനോഹർ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ജാൻ എന്ന പത്രം ഇദ്ദേഹത്തിന്റെ രാഷ്ട്രീയചിന്തകളെ ഏറെ സ്വാധീനിച്ചു. കലാലയ പഠനകാലത്ത് മുലായം വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ഒരു പ്രാവശ്യം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിനെതിരായ റാലികളിലും പ്രക്ഷോഭങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഒരു അധ്യാപകനാകണമെന്നാഗ്രഹിച്ച മുലായം ആഗ്ര സർവകലാശാലയിൽ നിന്ന് ബി.റ്റി. ബിരുദവും തുടർന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദവും സ്വന്തമാക്കി.
മകൻ ഒരു ഗുസ്തിക്കാരനാകണമെന്ന പിതാവ് സുധർ സിംഗിന്റെ ആഗ്രഹം പോലെ മുലായം ഗുസ്തിമത്സരങ്ങളിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. മെയ്ൻപുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയിൽ വെച്ചാണ് പിൽക്കാലത്ത് മുലായത്തിന്റെ രാഷ്ട്രീയ ഗുരുവായ നത്തു സിംഗ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ 'ഫയൽവാന്' ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് നത്തുസിംഗ് തീർച്ചപ്പെടുത്തി. പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹമാണ് മുലായത്തിനെ സജീവരാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.[7][8]
രാഷ്ട്രീയ ജീവിതം
1967-ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ ഉത്തർപ്രദേശിലെ ജസ്വന്ത് നഗർ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി. 1977-ൽ സംസ്ഥാന മന്ത്രിയായി.
ഭാരതീയ ക്രാന്തിദൾ, ലോക്ദൾ, ക്രാന്തികാരി മോർച്ച, ജനതാപാർട്ടി, ജനതാദൾ, ജനതാദൾ (സോഷ്യലിസ്റ്റ്) എന്നീ പാർട്ടികളിൽ പ്രവർത്തിച്ച മുലായം സിംഗ് മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. 1996-ൽ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ മന്ത്രിസഭയിലെ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന മുലായം പത്ത് തവണ നിയമസഭാംഗവും യു.പി നിയമസഭ കൗൺസിലിലെ പ്രതിപക്ഷ നേതാവുമായിരുന്നു.
കീഴ്-ജാതിയിൽ നിന്ന് ഉയർന്ന് വരികയും 1992-ൽ രൂപീകരിച്ച സമാജ്വാദി പാർട്ടിയിലൂടെ രാജ്യത്ത് പ്രാദേശിക രാഷ്ട്രീയത്തിൻ്റെ പുതിയ അധ്യായങ്ങൾ രചിച്ച മുലായം സിംഗ് പിന്നീട് ദേശീയ രാഷ്ട്രീയത്തിൽ ഉത്തർപ്രദേശിലെ നിർണായക ശക്തിയായി മാറുകയായിരുന്നു.
അസംഗഢ്, സമ്പാൽ, മെയിൻപുരി എന്നീ മണ്ഡലങ്ങളിൽ നിന്ന് ഏഴു തവണ ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മകൻ അഖിലേഷ് യാദവിന് പാർട്ടി അധ്യക്ഷ സ്ഥാനം കൈമാറി ദേശീയ രാഷ്ട്രീയത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരവെ 2022 ഓഗസ്റ്റ് മാസം മുതൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരവെയായിരുന്നു അന്ത്യം.[9]
പ്രധാന പദവികളിൽ
1967-1969 : നിയമസഭാംഗം, ജസ്വന്ത്നഗർ, (1)(സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി)
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2022 ഒക്ടോബർ പത്തിന് 82-മത്തെ വയസിൽ അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഒക്ടോബർ പതിനൊന്നിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടന്നു.[10][11]