ഹെബ്രായർക്കെഴുതിയ ലേഖനംക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ പുസ്തകങ്ങളിൽ ഒന്നാണ് ഹെബ്രായർക്കെഴുതിയ ലേഖനം. അതിന്റെ കർതൃത്വം അജ്ഞാതമാണ്. പ്രതിസന്ധികളിലും പീഡങ്ങളിലും സ്ഥിരതയോടെയിരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ടതാണിത്. ദൈവത്തിനും മനുഷ്യരാശിക്കും ഇടയിലുള്ള ഏക മദ്ധ്യസ്ഥൻ എന്ന യേശുവിന്റെ സ്ഥാനമാണ് ഈ ലേഖനത്തിന്റെ കേന്ദ്രപ്രമേയം. ഈ ലേഖനത്തിന്റെ പാഠം രചയിതാവിനെക്കുറിച്ച് സൂചനയൊന്നും തരുന്നില്ല. സഭാചരിത്രത്തിലെ ആദിമകാലം മുതലേ ഇതിന്റെ കർതൃത്വത്തെക്കുറിച്ച് തർക്കം നിലനിന്നിരുന്നു. നാലാം നൂറ്റാണ്ടിൽ ജെറോമും, ഹിപ്പോയിലെ ആഗസ്തീനോസും ഇതിനെ പൗലോസിന്റെ രചനയായി കണ്ടു: അവരോടു പൊതുവേ യോജിച്ച സഭ, പ്രൊട്ടസ്റ്റന്റ് നവീകരണകാലം വരെ ഇതിനെ പൗലോസിന്റെ പതിനാലാമത്തെ ലേഖനമായി കണക്കാക്കിയിരുന്നു. എന്നാൽ ആ നിലപാട് ഇന്നു മിക്കവാറും തിരസ്കരിക്കപ്പെട്ടിരിക്കുകയും ഇതിന്റെ കർതൃത്വം അജ്ഞാതമായി തുടരുകയും ചെയ്യുന്നു.[1] ദൈവമഹത്ത്വത്തിന്റെ പ്രകാശവും, ദൈവികസത്തയുടെ മുദ്രപേറുന്നവനും, തന്റെ ശക്തിയുടെ വചനത്താൽ പ്രപഞ്ചത്തെ നിലനിർത്തുന്നവനും ആയി യേശുവിനെ വിശേഷിപ്പിച്ചുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. [2]ആദിമൻ, പുത്രൻ, ദൈവപുത്രൻ, പുരോഹിതൻ, മഹാപുരോഹിതൻ തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾ ഈ ലേഖനം യേശുവിനു നൽകുന്നു.[3] പുതിയനിയമത്തിലെ ഒരു സങ്കീർണ്ണഗ്രന്ഥം എന്നു ഇതു വിശേഷിക്കപ്പെട്ടിട്ടുണ്ട്.[4] ലേഖനം ക്രിസ്തുവിനെ മഹത്ത്വീകരിക്കപ്പെട്ട പുത്രനും മഹാപുരോഹിതനുമായി കണ്ട് അതുല്യമായ ഒരു ദ്വിമുഖക്രിസ്തുശാസ്ത്രം അവതരിപ്പിക്കുന്നു.[5] ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയതയുടെ ലോകത്ത് ഈ ലേഖനത്തിന്റെ സ്ഥാനം എവിടെയെന്നതിനെക്കുറിച്ചുള്ള ചർച്ച തുടരുകയാണ്. ഈ വിഷയത്തിൽ ഒട്ടേറെ രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അഭിപ്രായൈക്യം സാധ്യമായിട്ടില്ല. കർതൃത്വം ഉൾപ്പെടെ, ഇതുമായി ബന്ധപ്പെട്ട പലവിധം തർക്കങ്ങളിൽ നിഗമനങ്ങളിലേക്ക് എടുത്തുചാടാതിരിക്കുന്നതാണ് ബുദ്ധിപൂർവമായിരിക്കുകയെന്ന് ഒരെഴുത്തുകാരൻ നിരീക്ഷിച്ചിട്ടുണ്ട്.[6] പശ്ചാത്തലംഗ്രന്ഥകർത്താവിനെക്കുറിച്ച് കൃതിയുടെ ഉള്ളടക്കം ഒരു സൂചനയും തരുന്നില്ല. "ഹെബ്രായർക്കെഴുതിയ സുവിശേഷം" എന്ന സന്ദിഗ്ദ്ധരചനയുമായി ഈ ലേഖനത്തിനു ബന്ധമൊന്നുമില്ല. [1] ഹെബ്രായർക്കെഴുതിയ ലേഖനത്തിലെ പുരോഹിത ക്രിസ്തുശാസ്ത്രത്തിന്റെ അടിവേരുകൾ, ചാവുകടൽ തീരത്തെ കുമ്രാനിൽ കണ്ടുകിട്ടിയ ഗ്രന്ഥശേഖരത്തിലെ രചനകളിൽ ചിത്രീകരിക്കപ്പെടുന്ന മെൽക്കിസദേക്കിന്റെ പാരമ്പര്യത്തിൽ പെട്ട രക്ഷകപുരോഹിതനിലാണെന്ന് പുതിയനിയമത്തിലും രണ്ടാം ദേവാലയകാല യഹൂദതയിലും പണ്ഡിതനായ എറിക്ക് മേസൺ കരുതുന്നു.[3] ഹെബ്രായർക്കുള്ള ലേഖനത്തിന് ഏതെങ്കിലും ആദിമയഹൂദ മിശിഹാവാദവുമായുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും, 'ഹെബ്രായരിലും' കുമ്രാൻ ഗ്രന്ഥങ്ങളിലും രക്ഷകപുരോഹിതൻ ദാവീദിയ പശ്ചാത്തലത്തിൽ പെടുന്നവനായി ചിത്രീകരിക്കപ്പെടുന്നു; രണ്ടിലും പുരോഹിതൻ യുഗാന്തദൗത്യത്തിനു നിയുക്തനാകുന്നത് ദൈവികകല്പനയാലാണ്; രണ്ടിലും പുരോഹിതന്മാർ യുഗാന്തപ്രാധാന്യമുള്ള പരിഹാരബലി അർപ്പിക്കുന്നു. ഹെബ്രായർക്കുള്ള ലേഖനത്തിന്റെ രചയിതാവിനെ കുമ്രാനികളുടെ "രക്ഷകഅഹറോൻ" നേരിട്ടു സ്വാധീനിച്ചു കണില്ലെങ്കിലും,[7]ദൈവകൂടാരത്തിൽ പരിഹാരബലി അർപ്പിക്കുന്ന നിത്യമധ്യസ്ഥനായി യേശുവിനെ സങ്കല്പിക്കുന്നതിന് പരോക്ഷമായി വഴിയൊരുക്കിയത്, കുമ്രാൻ സമൂഹം പിന്തുടർന്നിരുന്ന സമാന സങ്കല്പങ്ങളാവാം."[3] സ്വീകർത്താക്കൾഈ രചന യഹൂദക്രിസ്ത്യാനികൾക്കു വേണ്ടി എഴുതപ്പെട്ടതാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന് "ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന പേരുണ്ടായത്. ആ വിശ്വാസത്തിനു രണ്ടാം നൂറ്റാണ്ടു വരെയെങ്കിലും പഴക്കമുണ്ട്. എന്നാൽ ആദിമക്രിസ്തീയസഭയിൽ നിയമവാദികളുടേയും നിയമനിരാസികളുടേയും തീവ്രപക്ഷങ്ങൾക്കിടയിൽ നടന്നതായി, പുതിയനിയമത്തിൽ നിഴലിച്ചു കാണുന്ന ചർച്ചയുടെ ഭാഗമായി ഈ ലേഖനത്തെ കരുതുന്നതാണ് ഉചിതം. അപ്പസ്തോലന്മാരായ യാക്കോബും പൗലോസും ഈ പക്ഷങ്ങളുടെ പ്രതിനിധികളായിരുന്നപ്പോൾ പത്രോസ് നിഷ്പക്ഷത കൈക്കൊണ്ടു.[8] ക്രിസ്തുമതത്തിലേക്കു പരിവർത്തിതരായ യഹൂദേതരർക്ക്, യഹൂദാചാരങ്ങൾ സ്വീകരിക്കാതെ തന്നെ ദൈവികവാഗ്ദാനങ്ങളിൽ പങ്കുപറ്റാനാകുമെന്ന് വ്യക്തമാക്കുന്ന ഈ ലേഖനം നിയമനിരാസികളുടെ പക്ഷം ചേരുന്നു. ഇതിന്റെ സ്വീകർത്താക്കൾ എബ്രായർ ആയിരിക്കാനുള്ള സാധ്യതയെക്കുറിച്ച്, അമേരിക്കൻ ഉദാരദൈവശാസ്ത്രജ്ഞൻ എഡ്‌ഗർ ഗുഡ്സ്പീഡ് ഇങ്ങനെ നിരീക്ഷിക്കുന്നു. "ലേഖനകർത്താവിന്റെ യഹൂദമതം യഥാർത്ഥവും വസ്തുനിഷ്ഠവുമെന്നതിനു പകരം, പുസ്തകാവലംബിയും അക്കാദമികവും ആണ്. യഹൂദലിഖിതങ്ങളുടെ സെപ്ത്വജിന്റ് ഗ്രീക്കു പരിഭാഷയുടെ വായനയിൽ നിന്നു സ്വാംശീകരിച്ചതാണ് അതെന്നു വ്യക്തം. അരമായ ഭാഷ സംസാരിക്കുന്ന യഹൂദരോ യഹൂദവംശജരായ ക്രിസ്ത്യാനികളോ ആയുള്ള ആശയവിനിമയത്തിൽ അദ്ദേഹത്തിന്റെ തേച്ചുമിനുക്കിയ യവനഭാഷ വിചിത്രമായ മാധ്യമമായി അനുഭവപ്പെടും." കാലംദൈവകൂടാരത്തെക്കുറിച്ചുള്ള ഇതിലെ പരാമർശങ്ങളുടെ അടിസ്ഥാനമാക്കി, ഇതിന്റെ രചന നടന്നത് യെരുശലേമിലെ യഹൂദരുടെ രണ്ടാം ദേവാലയം തകർക്കപ്പെട്ട ക്രി.വ. 70-നു മുൻപായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. യെരുശലേം നഗരത്തിന്റേയും ദേവാലയത്തിന്റേയും നാശത്തിനു ശേഷമായിരുന്നെങ്കിൽ ആ സംഭവങ്ങളെ തന്റെ വാദഗതികൾക്കു ബലം പകരുവാൻ ലേഖകൻ ഉപയോഗിക്കുമായിരുന്നു എന്ന യുക്തിയിലാണ് ഈ അനുമാനം. ക്രി.വ. 63-ന്റെ രണ്ടാം പകുതിയിലോ 64-ന്റെ തുടക്കത്തിലോ രചിക്കപ്പെട്ടതാകാം ഇതെന്നു കത്തോലിക്കാവിജ്ഞാനകോശം കരുതുന്നു.[1] രചനാലക്ഷ്യംമതത്യാഗത്തെ തടയാൻ വേണ്ടി എഴുതിയതാണിതെന്നു പല പണ്ഡിതന്മാരും കരുതുന്നു.[9] മതത്യാഗമെന്നതിന് പല അർത്ഥങ്ങളും കല്പിക്കപ്പെടുന്നുണ്ട്. ക്രിസ്തുമതത്തിലെ തന്നെ ഒരു വിഭാഗത്തിൽ പെട്ടവർ ലേഖകനിഷ്ടമില്ലാതിരുന്ന ഒരു യാഥാസ്ഥിതിക വിഭാഗത്തിൽ ചേരുന്നതോ ക്രിസ്തുമതത്തിൽ നിന്ന് പാഗൻ ആരാധനാമുറകളിലേക്കുള്ള നീക്കമോ ആകാം അത്. ലേഖനത്തിന്റെ യഹൂദ-ക്രിസ്തീയ പശ്ചാത്തലം വച്ചുനോക്കുമ്പോൾ, അത് എബ്രായക്രൈസ്തവരുടെ സിനഗോഗിലേക്കുള്ള മടക്കമാവുന്നതിന് സാധ്യത കൂടുതലാണ്. യഹൂദേതരക്രൈസ്തവർ യഹൂദാചാരങ്ങൾ സ്വീകരിക്കുന്നതിനെ ലേഖകൻ നിരുത്സാഹപ്പെടുത്തുന്നു. "നമുക്കു നമ്മുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാം"(4:14) എന്നാണ് ലേഖകൻ പറയുന്നത്. ദൈവത്തിന്റെ സവിശേഷമായ ഇടപെടലിലൂടെയുള്ള ലോകസൃഷ്ടിയെ(special creation) ലേഖനം എടുത്തു പറയുന്നു. ദൈവം തന്റെ പുത്രൻ യേശുക്രിസ്തു വഴി ലോകങ്ങളെ സൃഷ്ടിച്ചു എന്നു ലേഖകൻ പറയുന്നു. "ദൈവം...ഈ അന്തിമനാളുകളിൽ തന്റെ പുത്രനിലൂടെ സംസാരിച്ചു...അവനിലൂടെ തന്നെ അവൻ ലോകങ്ങളേയും സൃഷ്ടിച്ചു."(1:1-2) ലോകങ്ങൾ സ്വയം, ദൈവം അവയെ എങ്ങനെ സൃഷ്ടിച്ചുവെന്നു വെളിവാക്കുന്നില്ല എന്നു ലേഖനം പറയുന്നു. "ലോകങ്ങൾ ദൈവവചനത്തിലൂടെ സൃഷ്ടിക്കപ്പെട്ടു; അങ്ങനെ അദൃശ്യമായവയിൽ നിന്നു ദൃശ്യമായവ ഉണ്ടായി എന്നും നാം വിശ്വാസത്തിലൂടെ അറിയുന്നു.(11:3). ദൈവപുത്രൻ വഴിയുള്ള പുതിയനിയമത്തിലെ വെളിപാടിന് പ്രവചകർ മുഖാന്തരമുള്ള പഴയനിയമത്തിലെ വെളിപാടിനുപരിയുള്ള മഹത്ത്വത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്.1:1-4). തുടർന്ന്, പുതിയ ഉടമ്പടിയ്ക്ക് പഴയതിന്മേലുള്ള മേന്മ സ്ഥാപിക്കാൻ, ദൈവപുത്രന് പഴയ ഉടമ്പടിയുടെ ഉടമ്പടിയിലെ മദ്ധ്യസ്ഥരായ (1:5-2:18; 3:1-4:16) മോശെയ്ക്കും യോശുവായ്ക്കും മേലും, മെൽക്കിസദേക്കിന്റെ പരമ്പരയിൽ പെട്ട മഹാപുരോഹിതനായ യേശുവിന് അഹറോന്റെ പിന്തുടർച്ചയിലുള്ള ലേവ്യപുരോഹിതന്മാർക്കു മേലും ഉള്ള മഹത്ത്വം അദ്ദേഹം എടുത്തുകാട്ടുന്നു.(5:1-10:18) [1] ശൈലിഈ ലേഖനം ബോധപൂർവം നിർവഹിക്കപ്പെട്ട ഒരു സാഹിത്യരേഖയാണ്. ഇതിലെ യവനഭാഷയുടെ 'ശുദ്ധി' അലക്സാണ്ഡ്രിയയിലെ ക്ലെമന്റിനെ ആകർഷിച്ചിരുന്നുവെന്ന് സഭാചരിത്രകാരനായ കേസറിയായിലെ യൂസീബിയസ് സാക്ഷ്യപ്പെടുത്തുന്നു. പൗലോസിന്റെ രചനയായി ഇതിനെ കരുതിയ ക്ലെമന്റ്, യഹൂദർക്കു വേണ്ടി എബ്രായ ഭാഷയിൽ പൗലോസ് ഇതു രചിക്കുകയും പിന്നീട് സുവിശേഷകനായ ലൂക്കാ യവനഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തതായി കരുതി. പൗലോസിന്റെ ലേഖനങ്ങളിൽ നിന്ന് ഇതിനുള്ള വ്യതിരിക്തത മനസ്സിലാക്കാൻ അറിവുള്ള നിരൂപകർക്കൊക്കെ സാധിക്കുമെന്ന ഒരിജന്റെ സാക്ഷ്യവും യൂസീബിയസ് രേഖപ്പെടുത്തുന്നു. ഇതിന്റെ ആശയം പൗലോസിന്റേതായിരിക്കാമെങ്കിലും വാക്കുകൾ മറ്റാരുടേതോ ആണെന്നും ഇതെഴുതിയതാരെന്ന് ദൈവത്തിനു മാത്രമേ അറിയൂ എന്നും ഒരിജൻ കരുതി.[10] വ്യത്യസ്തമായ രണ്ടിഴകൾ ചേർന്ന ഘടനയാണ് ഈ ലേഖനത്തിനുള്ളത്: വിശ്വാസപരമെന്നോ താത്ത്വികമെന്നോ വിശേഷിപ്പിക്കാവുന്നതാണ് ഇവയിൽ ആദ്യത്തെ ഇഴ.[11] ശക്തമായ ഉദ്ബോധനങ്ങൾ അല്ലെങ്കിൽ ആഹ്വാനങ്ങളുടെ ഇഴയാണ് രണ്ടാമത്തേത്. ഇവിടെ പ്രബോധനധാരയിലെ വിരാമങ്ങളിൽ വായനക്കാർക്കുള്ള മുന്നറിയിപ്പുകൾ ചേർത്തിരിക്കുന്നു.[12] ആരംഭാഭിവാദനം ഇല്ലാത്തെ 'ഹെബ്രായർ' പരമ്പരാഗതമായ ലേഖനശൈലിയിൽ എഴുതപ്പെട്ടതല്ല. മൂലരൂപത്തിൽ ഒരു പ്രഭാഷണമായിരുന്ന ഈ കൃതി, അതിന്റെ നിർവഹണത്തിനു ശേഷം സമാപനാശംസകളും മറ്റും ചേർത്ത് ലേഖനരൂപത്തിലാക്കിയതാണെന്ന് കരുതുന്ന ആധുനികനിരൂപകരുണ്ട്.(13:20-25) [13] പഴയനിയമത്തിന്റെ സെപ്ത്വജിന്റ് പരിഭാഷയിൽ നിന്നുള്ള പല ഉദ്ധരണികളും ഹെബ്രായർക്കെഴുതിയ ലേഖനത്തിൽ കാണാം. ലേഖനംഅവലംബം
|
Portal di Ensiklopedia Dunia