കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനംക്രിസ്തീയബൈബിളിൽ പുതിയനിയമത്തിലെ ഏഴാമത്തെ ഗ്രന്ഥമാണ് കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം. ചുരുക്കപ്പേരായി ഇതിനെ 1 കോറിന്ത്യർ എന്നും വിളിക്കാറുണ്ട്. പുതിയനിയമത്തിലെ ഇതര ഗ്രന്ഥങ്ങളെപ്പോലെ ഗ്രീക്കു ഭാഷയിൽ എഴുതപ്പെട്ട ഈ കൃതി, തർസൂസിലെ പൗലോസും സഹായിയായ സോസ്തനെസും ചേർന്ന് ഗ്രീസിൽ കോറിന്തിലെ ക്രിസ്ത്യാനികൾക്ക് എഴുതിയ കത്താണ്. രചനാശൈലിയുടെ ഗാംഭീര്യവും സൗന്ദര്യവും, ഉള്ളടക്കത്തിന്റെ വൈവിദ്ധ്യവും പ്രാധാന്യവും മൂലം പൗലോസിന്റെ തൂലികയുടെ ഏറ്റവും മഹത്തായ സൃഷ്ടിയായി ഇതു പൊതുവേ കണക്കാക്കപ്പെടുന്നു എന്നു കത്തോലിക്കാ വിജ്ഞാനകോശം പറയുന്നു.[1][൧] കോറിന്തിലെ സഭ നേരിട്ടിരുന്ന വിഭാഗീയത, അസന്മാർഗ്ഗികത എന്നീ പ്രശ്നങ്ങളെ മുന്നിൽ കണ്ടുകൊണ്ടുള്ള ഉപദേശങ്ങളും, ലൈംഗികത, വിവാഹം, സഭയിലെ അധികാരശ്രേണി, പരിശുദ്ധാത്മാവിന്റെ വരങ്ങൾ മരണാനന്തരമുള്ള പുനരുത്ഥാനം എന്നിവയെ സംബന്ധിച്ച പ്രബോധനങ്ങളുമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. "എല്ലാവർക്കും എല്ലാമായി" (9:22) മുതലായി, പുതിയനിയമത്തിലെ ഏറ്റവും സ്മരണീയമായ ചില പ്രയോഗങ്ങൾ ഇതിൽ കാണാം. ഈ കൃതിയുടെ 13-ആം അദ്ധ്യായം സ്നേഹത്തെക്കുറിച്ചുള്ള ഉദാത്തസുന്ദരമായ ഒരു ഗദ്യകവിത എന്ന നിലയിൽ അതിപ്രശസ്തമാണ്. പശ്ചാത്തലം![]() ഏഷ്യയ്ക്കും പശ്ചിമ യൂറോപ്പിനും ഇടയിലുള്ള വ്യാപാരപ്രവാഹത്തിലെ ഒരു പ്രധാന കണ്ണിയായ തുറമുഖവും പൗരസ്ത്യ റോമാസാമ്രാജ്യത്തിലെ മുഖ്യനഗരങ്ങളിലൊന്നും ആയിരുന്ന കോറിന്ത് ഒട്ടേറെ ദേശീയതകളുടേയും സംസ്കാരങ്ങളുടേയും സംഗമസ്ഥാനമായിരുന്നു. അവിടേക്കുള്ള തന്റെ രണ്ടു വർഷം ദീർഘിച്ച സന്ദർശനത്തിനിടെ പൗലോസ് ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർ മുഖ്യമായും ഗ്രീക്കുകർ ആയിരുന്നു. ഈ കത്തിന്റെ രചനയ്ക്ക് കുറേ മുൻപു നടത്തിയ ഒരു രണ്ടാം സന്ദർശനത്തിൽ (2 കോറിന്ത്യർ 12:14; 13:1) അദ്ദേഹം അവിടത്തെ സഭയിലെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും (2 കോറിന്ത്യർ 2: 1; 13: 2), മടങ്ങി വന്നശേഷം, ഇപ്പോൾ നഷ്ടപ്പെട്ടുപോയ മറ്റൊരു കത്ത് എഴുതുകയും ചെയ്തിരുന്നു. (1 കോറിന്ത്യർ. 5: 9). സഭാനേതാവായ അപ്പോളോസും (അപ്പസ്തോലനടപടികൾ 18: 27), ഒരു പക്ഷേ പത്രോസും (1 കോറിന്ത്യർ 1: 12), യെരുശലേമിലെ സഭയിൽ നിന്നുള്ള പ്രശംസാപത്രങ്ങളുമായി ചില യഹൂദക്രിസ്ത്യാനികളും അവരെ സന്ദർശിച്ചിരുന്നു.(1 കോറിന്ത്യർ 1: 12; 2 കോറിന്ത്യർ 3:1; 5:16; 11:23). കോറിന്തിലെ സഭയിൽ പ്രചരിച്ചിരുന്ന ചില തെറ്റായ വീക്ഷണങ്ങളേയും വിഭാഗീയതയേയും തിരുത്താനാണ് പൗലോസ് ഈ കത്തെഴുതിയത്. സഭാ നേതാവായ അപ്പോളോസ് (അപ്പസ്തോലനടപടികൾ 19:1), കോറിന്ത്യാക്കാരിൽ നിന്നു തന്നെ കിട്ടിയ ഒരു കത്ത്, "ക്ലോയുടെ വീട്ടുകാർ", തന്നെ സന്ദർശിച്ച സ്റ്റെഫാനസ്, അയാളുടെ രണ്ടു സുഹൃത്തുക്കൾ (1:11; 16:17) എന്നീ സ്രോതസ്സുകൾ വഴി കോറിന്ത്യർക്കിടയിലെ കലഹങ്ങളെക്കുറിച്ച് പൗലോസ് കേട്ടിരുന്നു. അതിനാൽ വിശ്വാസത്തിൽ സമാനതയും പരസ്പരധാരണയും പുലർത്താൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം അവർക്ക് എഴുതി: "നിങ്ങൾ ഒരേ വിധത്തിൽ സംസാരിക്കുകയും നിങ്ങൾക്കിടയിൽ വിഭാഗീയത ഇല്ലാതിരിക്കുകയും ചെയ്യട്ടെ."(1:10). ക്രിസ്തീയസിദ്ധാന്തങ്ങൾ അദ്ദേഹം അവർക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തീത്തൂസും പേരെടുത്തു പറഞ്ഞിട്ടില്ലാത്ത മറ്റൊരു സഹോദരനും വഴി ആയിരിക്കാം ഒരു പക്ഷേ ഈ കത്ത് പൗലോസ് അയച്ചത്.(2 കോറിന്ത്യർ 2:13; 8:6, 16–18). ഉള്ളടക്കംകോറിന്തോസ് സഭയിലെ ഛിദ്രങ്ങളായിരിക്കണം ലേഖകനെ മുഖ്യമായും അലട്ടിയിരുന്നത്. ലേഖനത്തിന്റെ ആരംഭത്തിൽ തന്നെ അദ്ദേഹം സഭയിലെ വിഭാഗീയതയെ പരാമശിക്കുന്നു. പഴയ പേഗൻ വിശ്വാസത്തിന്റെ വേരുകൾ സഭാസമൂഹത്തെ വിട്ടൊഴിഞ്ഞിട്ടില്ലായിരുന്നു. ശരിയെന്നു താൻ കരുതിയ വിശ്വാസത്തിലേക്ക് അവരെ തിരികെ കൊണ്ടുവരാൻ പൗലോസ് ആഗ്രഹിച്ചു. സമർത്ഥനായ മുഖ്യശില്പിയെപ്പോലെ സഭയുടെ അസ്ഥിവാരമിടുകയാണ് താൻ ചെയ്തതെന്നു അദ്ദേഹം കരുതി. ആ അസ്ഥിവാരത്തിന്മേൽ പണിതുയർത്തുന്നവർ തങ്ങൾ എങ്ങനെയാണ് പണിയുന്നതെന്നു ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. (3:10). പിന്നീട് സഭാംഗങ്ങൾക്കിടയിലെ അസന്മാർഗ്ഗികതയെക്കുറിച്ചു പറയുന്ന ലേഖകൻ ഒരാൾ പിതാവിന്റെ ഭാര്യയുമായി വേഴ്ചയിലേർപ്പെടുന്ന വലിയ തിന്മയുടെ കാര്യം എടുത്തു പറയുന്നു. ലൈംഗികസദാചാരത്തെക്കുറിച്ചുള്ള ചർച്ചക്കിടെ അദ്ദേഹം വിവാഹത്തെക്കുറിച്ചു പറയുന്നു. തന്റേതു പോലെയുള്ള അവിവാഹിതാവസ്ഥയാണു ഭേദം എന്നു കരുതിയ ലേഖകൻ "കാമാഗ്നിയിൽ എരിയുന്നതിനേക്കാൾ വിവാഹം കഴിക്കുന്നതാണ് ഭേദം"[൨]എന്ന പ്രസിദ്ധമായ അഭിപ്രായവും ഇവിടെ പ്രകടിപ്പിക്കുന്നു. "കർത്താവിന്റെ സഹോദരന്മാരേയും കേപ്പായേയും പോലെ, വിശ്വാസിയായ ഒരു ഭാര്യയെ കൊണ്ടു നടക്കാൻ ഞങ്ങൾക്ക് ആകില്ലെന്നുണ്ടോ(9:5) എന്ന ചോദ്യത്തിൽ, അപ്പസ്തോലിക കാലത്തെ സഭാനേതാക്കൾ ഗൃഹസ്ഥാശ്രമികളായിരുന്നിരിക്കാം എന്ന സൂചന കണ്ടേക്കാം. എന്നാൽ ഗ്രീക്കു ഭാഷയിൽ 'ഭാര്യ' എന്നതിനും 'സ്ത്രീ' എന്നതിനും ഒരേ പദമായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തെർത്തുല്യൻ, ജെറോം, അഗസ്റ്റിൻ തുടങ്ങിയ സഭാപിതാക്കൾ, ഈ വാക്യത്തിൽ പരാമർശിക്കപ്പെടുന്ന സ്ത്രീകൾ ഭാര്യമാരായിരുന്നില്ലെന്നും യേശുവിനെയെന്നപോലെ അപ്പസ്തോലന്മാരെ പരിചരിച്ചിരുന്ന ഭക്തസ്ത്രീകൾ മാത്രമായിരുന്നെന്നും വാദിച്ചു.[2] സുവിശേഷത്തിന്റെ മാർഗ്ഗം പിന്തുടർന്ന അപ്പസ്തോലന്മാർ വിവാഹം ചെയ്തില്ല എന്ന് അവർ കരുതി. [3] വിവാഹിതർ ഭാര്യമാരുടെ പ്രീതിയെക്കുറിച്ചു വ്യഗ്രതപ്പെടുമ്പോൾ അവിവാഹിതർ ദൈവപ്രീതിയെക്കുറിച്ച് ചിന്തിക്കുന്നു എന്ന നിരീക്ഷണവും(7:32-33) പൗലോസ് നടത്തുന്നുണ്ട്. സഭാസമ്മേളനങ്ങളിൽ സ്ത്രീകളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വിവാദപരമായ പല അഭിപ്രായങ്ങളും ഈ ലേഖനത്തിൽ കാണാം. സമ്മേളനങ്ങളിൽ സ്ത്രീകൾ ശിരസു മൂടിയിരിക്കണമെന്നും(11:2-16) മൗനം പാലിക്കണമെന്നും (14:34-35) ലേഖകൻ നിഷ്കർഷിക്കുന്നു. തുടർന്ന്, വിഗ്രഹാരാധനയെക്കുറിച്ചുള്ള ചർച്ചയ്ക്കു ശേഷം പൗലോസ് മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നു. യേശു മരിക്കുകയും സംസ്കരിക്കപ്പെടുകയും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തെന്ന് ഓർമ്മിപ്പിച്ച ശേഷം (15:3) “മരിച്ചവരിൽ നിന്ന് ഉയിർത്തവനായ യേശുവിനെക്കുറിച്ചു പ്രഘോഷിക്കുന്നവർക്ക് പുനരുത്ഥാനം ഇല്ല എന്നു വാദിക്കാൻ എങ്ങനെ കഴിയും" എന്നു അദ്ദേഹം ചോദിക്കുന്നു.(15:12). തുടർന്ന് ലേഖകൻ തന്റെ വേദപുസ്തകവീക്ഷണം അനുസരിച്ച് പുനരുത്ഥാനത്തെക്കുറിച്ച് പ്രബോധിപ്പിക്കുന്നു. കത്തിലുടനീളം പൗലോസ് കോറിന്തിലെ സഭയെ അലട്ടിയിരുന്ന പ്രശ്നങ്ങൾ പരിഗണിച്ച് പരിഹാരമാർഗ്ഗങ്ങൾ തേടുന്നു. ഈ കത്ത് കോറിന്ത്യരെ ലജ്ജിപ്പിക്കാൻ വേണ്ടി എഴുതിയതല്ലെന്നും പ്രിയമക്കൾ എന്ന നിലയിൽ അവരെ ശാസിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. കോറിന്ത്യരും മറ്റെല്ലാ സഭകളും യേശുവിനെ അനുകരിച്ച് അവന്റെ മാർഗ്ഗം പിന്തുടരുമെന്ന പ്രതീക്ഷ ലേഖകൻ പ്രകടിപ്പിക്കുന്നു.(1 Cor. 4:14-16). സ്നേഹഗീതംചേരിതിരിവുകളുടേയും മാത്സര്യത്തിന്റേയും പിടിയിൽ പെട്ടിരുന്ന കോറിന്തിലെ സഭാംഗങ്ങളോട് ലേഖകൻ പരസ്പരസ്നേഹത്തിന്റെ പ്രാധാന്യം എടുത്തു പറയുന്നു. ഈ ലേഖനത്തിലെ ഏറ്റവും പ്രസിദ്ധമായ ഭാഗം സ്നേഹത്തിന്റെ മഹത്ത്വം ഘോഷിക്കുന്ന പതിമൂന്നാം അദ്ധ്യായമാണ്. അതിലെ ചില വാക്യങ്ങൾ ഇവയാണ്:
കുറിപ്പുകൾ൧ ^ ഈ ലേഖനത്തിന്റെ ശൈലിയുടെ ഉജ്ജ്വലത, എഫേസൂസിൽ വച്ചുള്ള ഇതിന്റെ രചനയ്ക്കു മുൻപ് അവിടെ പൗലോസ് പ്രസംഗകല അഭ്യസിച്ചിരിക്കാം എന്ന ഊഹത്തിനു പോലും അവസരമൊരുക്കി.[1] ൨ ^ "But if they cannot contain, let them marry: for it is better to marry than to burn." 1 കോറിന്ത്യർ 7:9 കിങ്ങ് ജെയിംസ് ഇംഗ്ലീഷ് പരിഭാഷ [5] ലേഖനംകൊരിന്ത്യർക്കു എഴുതിയ ഒന്നാം ലേഖനം അവലംബം
|
Portal di Ensiklopedia Dunia