തെസലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനംക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ പതിമൂന്നാമത്തെ പുസ്തകമാണ് പൗലോസ് അപ്പസ്തോലൻ തെസലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനം. "1 തെസലോനിയർ" എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. ഗ്രീസിലെ മാസിദോനിയ പ്രവിശ്യയിൽപെട്ട തെസലോനിക്ക നഗരത്തിലെ ക്രൈസ്തവസഭയ്ക്കായി എഴുതിയ ഈ കൃതി, പൗലോസിന്റെ ലേഖനങ്ങളിൽ ഏറ്റവും ആദ്യത്തേതായി കണക്കാക്കപ്പെടുന്ന ഇത് ക്രി.വ. 52-നടുത്ത് രചിക്കപ്പെട്ടതാകാം.[1] അങ്ങനെയെങ്കിൽ നിലവിലുള്ളതിൽ ഏറ്റവും പുരാതനമായ ക്രിസ്തീയ ലിഖിതം തന്നെ ഇതായിരിക്കാം. രചന![]() അലക്സാണ്ഡ്രിയയിലും മോസ്കോയിലുമുള്ള പുരാതന കൈയെഴുത്തുപ്രതികളിലെ സൂചനയനുസരിച്ച് ഇതു രചിക്കപ്പെട്ടത് ആഥൻസിലാണെങ്കിലും തെസലോനിക്കയിലെ സഭയുടെ സ്ഥിതിയെക്കുറിച്ചുള്ള വാർത്തകളുമായി ശിഷ്യനായ തിമോത്തിയോസ് മാസിദോനിയയിൽ നിന്നു മടങ്ങി വന്ന ശേഷ, റോമിന്റെ ആധിപത്യത്തിലിരുന്ന കോറിന്തിൽ വച്ച് പൗലോസ് എഴുതിയതാണിതെന്നാണ് മിക്കവാറും പുതിയനിയമപണ്ഡിതന്മാരുടെ മതം.[2] ഏറിയ ഭാഗവും ഇത് വ്യക്തിപരമായ സ്ന്ദേശത്തിന്റെ സഭാവം ഉൾക്കൊള്ളുന്നതാണ്. അവസാനത്തെ രണ്ടദ്ധ്യായങ്ങളിൽ മാത്രമുള്ള തത്തോപദേശം ഏതാണ്ട് ആത്മഗതസ്വഭാവമുള്ളതാണ്. തെസലോനിക്കയിലെ വിശ്വാസികളെ പ്രൊത്സാഹിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ആയിരുന്നു ലേഖകന്റെ ലക്ഷ്യം. യേശുവിന്റെ പുനരാഗമനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിനൊപ്പം നിശ്ശബ്ദം കർമ്മനിരതരായിരിക്കാൻ അദ്ദേഹം അവരോടാവശ്യപ്പെടുന്നു. ആധികാരികതക്ലെമന്റ് ഷ്രാദറിനേയും ക്രിസ്തീൻ ബൗറിനേയും പോലുള്ള പണ്ഡിതന്മാർ 19-ആം നൂറ്റാണ്ടിൽ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തെങ്കിലും ഇതു പൗലോസിന്റെ രചനയാണെന്ന കാര്യത്തിൽ ബഹുഭുരിപക്ഷം പുതിയനിയമപണ്ഡിതന്മാരും ഇന്നു യോജിക്കുന്നു.[3] പൗലോസിന്റേതായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇതരലേഖനങ്ങളോട് ഉള്ളടക്കത്തിലും ശൈലിയിലും ഇതു ചേർന്നു നിൽക്കുന്നു. ഇങ്ങനെയൊരു ലേഖനം പൗലോസ് എഴുതിയെന്നതിന് തെസലോനിക്കാക്കാർക്കെഴുതിയ രണ്ടാം ലേഖനത്തിലും സൂചനയുണ്ട്. എങ്കിലും രണ്ടാം അദ്ധ്യായത്തിലെ, തീവ്രമായ യഹൂദവിരോധം നിഴലിക്കുന്ന 13 മുതൽ 16 വരെ വാക്യങ്ങൾ പിന്നീടു കൂട്ടിച്ചേർക്കപ്പെട്ടതാണെന്നു കരുതുന്നവരുണ്ട്. പൗലോസിന്റെ ഇതരലേഖനങ്ങളുമായി ചേർന്നു പോകാത്ത നിലപാടാണ് ഈ വാക്യങ്ങളിലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.[4] യഹൂദർ പലസ്തീനയിലെ ആദിമക്രിസ്ത്യാനികളെ വൻതോതിൽ പീഡിപ്പിച്ചതായുള്ള ഈ വാക്യങ്ങളിലെ സൂചനയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. [5] 5-ആം അദ്ധ്യായത്തിലെ 1 മുതൽ 11 വരെ വാക്യങ്ങളും ഇതു പോലെ തന്നെ പ്രക്ഷിപ്തമാണെന്നു വാദമുണ്ട്. ലൂക്കായുടെ സുവിശേഷത്തിന്റെ ശൈലിയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ ഭാഗം, ക്രിസ്തുവിന്റെ പുനരാഗമനം അത്യാസന്നമാണെന്ന 4-ആം അദ്ധ്യായം 13-18-ലെ പൗലോസിന്റെ നിലപാടിനെ തിരുത്തി മയപ്പെടുത്താൻ പിന്നീടു ചേർത്തതായിരിക്കാമെന്ന വിശദീകരണവുമുണ്ട്.[6] സ്വീകർത്താക്കൾറോമാ സാമ്രാജ്യത്തിലെ പ്രമുഖനഗരങ്ങളിൽ പലതിലും യഹൂദവംശജരല്ലാത്തവരുടെ കിസ്തീയസമൂഹങ്ങൾ സ്ഥാപിച്ച പൗലോസ് "വിജാതീയരുടെ അപ്പസ്തോലൻ" എന്നു സ്വയം വിശേഷിപ്പിച്ചിരുന്നു.[7] ഈ ലേഖനത്തിൽ അഭിസംബോധന ചെയ്യപ്പെടുന്ന തെസലോനിക്കയർ, പൗലോസ് സ്ഥാപിച്ച മുഖ്യമായും യഹൂദേതരർ അടങ്ങിയ സഭയിലെ അംഗങ്ങളായിരുന്നു. തെസലോക്കാക്കാർ വിഗ്രഹങ്ങളുടെ ആരാധന ഉപേക്ഷിച്ചു എന്നു പറയുന്നതിൽ നിന്നു തന്നെ, സഭാംഗങ്ങൾ മുൻപ്, വിഗ്രഹാരാധകരായ യഹൂദേതരർ ആയിരുന്നു എന്നു തെളിയുന്നു. പൗലോസിന്റെ പ്രേഷിതദൗത്യത്തെക്കുറിച്ച് ലേഖനങ്ങളിൽ പ്രകടമാകുന്നതിൽ നിന്നു വ്യത്യസ്തമായ ചിത്രം അവതരിപ്പിക്കുന്ന അപ്പസ്തോലനടപടികൾ പോലും[7] തെസലോനിക്കയിൽ ക്രിസ്തുമതം സ്വീകരിച്ചവരിൽ ഭൂരിപക്ഷവും യഹൂദേതരർ ആയിരുന്നുവെന്നും അവിടത്തെ യഹൂദസമൂഹം പൗലോസിന്റെ പ്രഘോഷണത്തോട് സഹകരിച്ചെല്ലെന്നും സാക്ഷ്യപ്പെടുത്തുന്നു.[8] പശ്ചാത്തലംശൈശവാവസ്ഥയിലായിരുന്ന തെസലോനിക്കയിലെ സഭയെക്കുറിച്ച് പൗലോസ് ആകുലനായിരുന്നു. ആഥൻസിലേക്കു പോകുന്നതിനു മുൻപ് ഏതാനും ആഴ്ചകൾ മാത്രമാണ് അദ്ദേഹം അവരോടൊത്തുണ്ടായിരുന്നത്. ആകാംക്ഷാഭരിതനായ അദ്ദേഹം അവരുടെ അടുത്തേയ്ക്ക് തന്റെ ആത്മീയപുത്രൻ തിമോത്തിയെ അയക്കുന്നു. തിമോത്തി കൊണ്ടുവന്ന വാർത്തകൾ പൊതുവേ ആശാവഹമായിരുന്നെങ്കിലും, വിശ്വാസസംബന്ധമായ ചില തെറ്റിദ്ധാരണകൾ സഭയിൽ നിലനിന്നിരുന്നെന്ന് പൗലോസിനു ബോദ്ധ്യമായി. കത്തിലെ ഒരു ഭാഗം ഈ തെറ്റിദ്ധാരണകൾ തിരുത്താനും സഭാംഗങ്ങളുടെ വിശുദ്ധിയെ സംബന്ധിച്ച ദൈവഹിതത്തെക്കുറിച്ച് അവരെ അനുസ്മരിപ്പിക്കാനും ലേഖകൻ മാറ്റിവയ്ക്കുന്നു. ഉള്ളടക്കംരൂപരേഖഈ ലേഖനത്തിന്റെ ഉള്ളടക്കത്തിന്റെ രൂപരേഖ ഏറെക്കുറെ ഈ വിധമാണ്:
പാഠംസിലാസിനോടും തിമോത്തിയോടും ചേർന്ന്, തെസലോനിക്കരുടെ വിശ്വാസദൃഢതയേയും പരസ്പരസ്നേഹത്തേയും കുറിച്ചുള്ള കേട്ടറിവിനു ലേഖകൻ ദൈവത്തിനു നന്ദി പറയുന്നു; സഭാംഗങ്ങളോടൊപ്പമായിരുന്നപ്പോൾ താൻ നയിച്ചിരുന്ന ജീവിതത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന ലേഖകൻ നിത്യവൃത്തിക്കായി സ്വയം ജോലിചെയ്യാനും ആർക്കും ഭാരമാകാതിരിക്കാനും താൻ ശ്രദ്ധിച്ച കാര്യം എടുത്തു പറയുന്നു. അപ്പസ്തോലനെന്ന നിലയിൽ അവക്കു മേൽ അധികാരം ഉണ്ടായിരുന്നിട്ടും താൻ പെരുമാറിയത് ഇങ്ങനെയണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തുടർന്ന് സഭയിൽ പൊന്തിവന്ന ചില പ്രശ്നങ്ങളെ ലേഖകൻ പരാമർശിക്കുന്നു. ദൈവരാജ്യത്തിന്റെ ആഗമനത്തിനു മുൻപു മരിച്ചു പോകുന്നവർക്ക് എന്തു സംഭവിക്കും എന്ന ചോദ്യം അതിലൊന്നായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിനു സാക്ഷികളാകുന്നവർക്കു മാത്രമേ നിത്യജീവിതത്തിൽ പ്രവേശനം കിട്ടുകയുള്ളു എന്നു ചിലർ വിശ്വസിച്ചിരുന്നതായി കരുതണം. പുനരാഗമത്തിൽ, ജീവിച്ചിരിക്കുന്നവരുടെ വിധിക്കു മുൻപു തന്നെ മരിച്ചവർ ഉയിർപ്പിക്കപ്പെടുമെന്ന് പൗലോസ് പറയുന്നു. അതിനാൽ പരേതർക്കു വേണ്ടി വിലപിക്കേണ്ടതില്ലെന്നും അങ്ങനെ ചെയ്യുന്നത് വിശ്വാസക്കുറവിനെ സൂചിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. പൗലോസ് പിന്നീടെഴുതിയ കത്തുകളിൽ നിന്നു ഭിന്നമായി, വിശ്വാസത്തിലൂടെയുള്ള നീതീകരണം, യഹൂദരും യഹൂദേതരും ആയുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഈ ലേഖനം മൗനമാണ്. ഈ വിഷയങ്ങളെക്കുറിച്ച് കൃത്യമായ നിലപാട് വികസിപ്പിച്ചെടുത്ത ഗലാത്തിയാക്കാർക്കുള്ള ലേഖനത്തിനു മുൻപ് എഴുതപ്പെട്ടതാണിത് എന്നതിനു തെളിവായി പലരും ഈ വസ്തുത ചൂണ്ടിക്കാണിക്കുന്നു.[1] ലേഖനംതെസ്സലൊനീക്യർക്കു എഴുതിയ ഒന്നാം ലേഖനം അവലംബം
|
Portal di Ensiklopedia Dunia