ഭാരത സർക്കാർ പ്രമുഖ ഓഹരി ഉടമയായുള്ള ഒരു പൊതുമേഖലാ ധനകാര്യസ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI). ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ., 1806-ൽ 'ബാങ്ക് ഓഫ് കൽക്കട്ട' എന്ന പേരിൽ കൽക്കട്ടയിലാണ് സ്ഥാപിയ്ക്കപ്പെട്ടത്. ശാഖകളുടെ എണ്ണത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള എസ്.ബി.ഐ., ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിലൊന്നാണ്. 1806 ജൂൺ 2നു സ്ഥാപിതമായ 'ബാങ്ക് ഓഫ് കൽക്കട്ട'യിൽ നിന്നുമാണ് എസ്.ബി.ഐ യ്യുടെ വേരുകൾ തുടങ്ങുന്നത്. 1809 ജനുവരി 2നു ഇത് ബാങ്ക് ഓഫ് ബംഗാൾ ആയി മാറി. 1840 ഏപ്രിൽ തുടങ്ങിയ ബാങ്ക് ഓഫ് ബോംബെ,1843 ജൂലൈയിൽ ആരംഭിച്ച ബാങ്ക് ഓഫ് മദ്രാസ് എന്നിവ 1921 ജനുവരി 27നു ബാങ്ക് ഓഫ് ബംഗാളുമായി ലയിച്ച് ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊണ്ടു. 1955 ജൂലൈ 1നു ഇമ്പീരിയൽ ബാങ്കിനെ ദേശസാൽക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു നാമകരണം ചെയ്തു. സബ്സിഡീയറി ബാങ്കുകളുടെ നിയന്ത്രണം എസ്.ബി.ഐ ഏറ്റെടുത്തത് 1959-ൽ സർക്കാർ അവയെ ദേശസാൽക്കരിച്ചതോടുകൂടിയാണ്.
2017 ഏപ്രിൽ ഒന്നിന് ഭാരതീയ സ്റ്റേറ്റ് ബാങ്ക്, അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കൂടാതെ ഭാരതീയ മഹിളാ ബാങ്ക് എന്നിവയെ അതിൽ ലയിപ്പിച്ചു. ഇത് ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിൻറെ ചരിത്രത്തിലെ ആദ്യ വലിയ തോതിലുള്ള ഏകീകരണമാണ്. ലയനശേഷം 33 ട്രില്യൺ വരുന്ന ബാലൻസ് ഷീറ്റ്, 278,000 ജീവനക്കാർ, 420 ദശലക്ഷം ഉപഭോക്താക്കൾ, 24,000 ശാഖകളും 59,000 എടിഎമ്മുകൾ എന്നിവയുമായി ലോകത്തിലെ ഏറ്റവും വലിയ 50 ബാങ്കുകളിൽ ഒന്നായി. 2016 ലെ ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 232 ആം സ്ഥാനത്താണ് ഭാരതീയ സ്റ്റേറ്റ് ബാങ്ക്.
1959 : ഇന്ത്യൻ ഗവണ്മെന്റിന്റെ സ്റ്റേറ്റ് ബാങ്ക്(സബ്സിഡിയറി) നിയമപ്രകാരം, എട്ട് സംസ്ഥാന ബാങ്കുകളുടെ ചുമതല എസ്.ബി.ഐയ്ക്കു കൈവന്നു.
1980കൾ : കേരളത്തിലെ കൊച്ചിൻ സ്റ്റേറ്റ് ബാങ്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് സ്റ്റേറ്റ് ബാങ്കിൽ ലയിച്ചു.
2007 : ജനുവരി 29-ന് എസ്.ബി.ഐയുടെ മുഴുവൻ ഓഹരികളും 355 ബില്യൻ രൂപയ്ക്ക് റിസർവ്വ് ബാങ്ക് ഏറ്റെടുത്തു.
2008 : മാർച്ച് 9 -ന് കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രി പി. ചിദംബരം അദ്ദേഹത്തിന്റെ ജന്മനാടായ പുതുവയലിൽ സ്റ്റേറ്റ് ബാങ്ക് ശാഖ ആരംഭിച്ചതോടു കൂടി 10,000 ശാഖകളുള്ള ലോകത്തെ രണ്ടാമത്തെ ബാങ്ക് എന്ന പദവി എസ്.ബി.ഐയ്ക്കു സ്വന്തമായി.
2017 : ഏപ്രിൽ ഒന്നിന് അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ഭാരതീയ മഹിളാ ബാങ്ക് എന്നിവയെ എസ്.ബി.ഐയിൽ ലയിപ്പിച്ചു.
ശാഖകളുടെ എണ്ണത്തിൽ 10,000 തികച്ച ഏക ഇന്ത്യൻ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ .2008 മാർച്ച് 9നു തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള പുതുവയൻ ഗ്രാമത്തിലാണ് പതിനായിരാമത്തെ ശാഖ കേന്ദ്രമന്തൃി പി.ചിദംബരം ഉദ്ഘാടനം ചെയ്തത്.ശാഖകളുടെ എണ്ണത്തിൽ നിലവിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് എസ്.ബി.ഐ ക്ക്. ചൈനയിലെ ദി ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സിയൽ ബാങ്ക് ഓഫ് ചൈനയാണ് ഒന്നാമത്. ലോകത്തിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കും ഇതുതന്നെ.