തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കനാഡുകതൻ ഗ്രാമത്തിൽ പളനിയപ്പ ചെട്ടിയാരുടേയും ലക്ഷ്മിയച്ചിയുടേയും മകനായി 1945 സെപ്റ്റംബർ 16ന് ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജ് ഹയർസെക്കൻ്ററി സ്കൂൾ, ലയോള കോളേജ് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ചെന്നൈയിലുള്ള പ്രസിഡൻസി കോളേജിൽ നിന്ന് ബി.എസ്.സി ബിരുദവും ലയോള കോളേജിൽ നിന്ന് എം.എസ്.സി മാസ്റ്റർ ബിരുദവും നേടിയ ചിദംബരം ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എം.ബി.എ നേടിയ ശേഷം മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി പഠനം പൂർത്തിയാക്കി. അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ചിദംബരം മദ്രാസ് കോടതിയിലെ ജഡ്ജിയായും മുതിർന്ന അഭിഭാഷകനായും ജോലിയിൽ പ്രവേശിച്ചു.[11]
രാഷ്ട്രീയ ജീവിതം
അഭിഭാഷക ജോലിയിൽ തുടർന്ന് പോകവെ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
1984 മുതൽ 1999 വരെ തുടർച്ചയായി 5 തവണ ശിവഗംഗയിൽ നിന്ന് ലോക്സഭാംഗമായി. 1996-ൽ കോൺഗ്രസ് വിട്ട് തമിൾ മനില കോൺഗ്രസ് (ടി.എം.സി) പാർട്ടിയിൽ ചേർന്നു. 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ശിവഗംഗയിൽ നിന്ന് ടി.എം.സി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 2001-ൽ ടി.എം.സി വിട്ട് കോൺഗ്രസ് ജനനായഗ പെരവെ (സി.ജെ.പി) എന്ന പാർട്ടിയുണ്ടാക്കിയെങ്കിലും പിന്നീട് 2004-ൽ കോൺഗ്രസ് പാർട്ടിയിൽ ലയിച്ചു.
നാല് തവണ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയായ ചിദംബരം 2008-ലെ 26/11 മുംബൈ ഭീകരാക്രമണത്തെ തുടർന്ന് രാജിവച്ച ശിവരാജ് പാട്ടീലിന് പകരം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു.
2012-ലെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ സുശീൽ കുമാർ ഷിൻഡെയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിച്ചതിനെ തുടർന്ന് വീണ്ടും ധനകാര്യ വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രിയായ ചിദംബരം 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി പരാജയപ്പെടുന്നത് വരെ ആ സ്ഥാനത്ത് തുടർന്നു.[12]
പ്രധാന പദവികളിൽ
1972 : എ.ഐ.സി.സി അംഗം
1973-1976 : യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡൻ്റ്
1976-1977 : (തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി) ടി.എൻ.പി.സി.സി, ജനറൽ സെക്രട്ടറി
1984 : ലോക്സഭാംഗം, (1) ശിവഗംഗ
1985 : എ.ഐ.സി.സി, ജോയിൻ്റ് സെക്രട്ടറി
1985-1989 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി
1989 : ലോക്സഭാംഗം, (2) ശിവഗംഗ
1991 : ലോക്സഭാംഗം, (3) ശിവഗംഗ
1996 : ലോക്സഭാംഗം, (4) ശിവഗംഗ
1996-1997 : കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി (1)
1997-1998 : കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി (2)
1998 : ലോക്സഭാംഗം, (5) ശിവഗംഗ
2004 : ലോക്സഭാംഗം, (6) ശിവഗംഗ
2004-2008 : കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി (3)
2008-2012 : കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി
2009 : ലോക്സഭാംഗം, (7) ശിവഗംഗ
2009-2012 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി
2012-2014 : കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി (4)
2016-2022 : രാജ്യസഭാംഗം, (1)
2022-തുടരുന്നു : രാജ്യസഭാംഗം, (2)
അഴിമതി കേസുകൾ
അനധികൃത സ്വത്ത് സമ്പാദന കേസ്
ഐ.എൻ.എക്സ് മീഡിയ എയർസെൽ-മാക്സിസ് അഴിമതി കേസ്
2G സ്പെക്ട്രം അഴിമതി കേസ്
എയർസെൽ-മാക്സിസ് അഴിമതി കേസിൽ പി.ചിദംബരത്തെ സി.ബി.ഐ 2019 ഓഗസ്റ്റ് 21ന് അറസ്റ്റ് ചെയ്തു. ചിദംബരത്തിൻ്റെ ജാമ്യാപേക്ഷ തള്ളിയ കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്തു. ഒടുവിൽ 2019 ഡിസംബർ 4ന് ഈ കേസിൽ ചിദംബരത്തിന് ജാമ്യം ലഭിച്ചു.
സ്വകാര്യ ജീവിതം
മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകയായ നളിനിയാണ് ഭാര്യ. ശിവഗംഗയിൽ നിന്നുള്ള ലോക്സഭാംഗമായ കാർത്തി ചിദംബരം ഏകമകനാണ്.