ബ്രാഹ്മണിപ്പാട്ട്നമ്പീശസ്ത്രീകളായ ബ്രാഹ്മണിയമ്മമാരുടെ അനുഷ്ഠാനഗാനമാണ് ബ്രാഹ്മണിപ്പാട്ട്. ഇക്കാലത്ത് പ്രചാരം നഷ്ടപ്പെട്ട കേരളത്തിന്റെ തനതായ അനുഷ്ഠാനപരമായ ഒരു സംഗീതകലാരൂപമാണ് ഇത്. മഠപ്പാട്ട് എന്നും ഇതിന് പേരുണ്ട്. കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ പുഷ്പിണിപ്പാട്ട് അല്ലെങ്കിൽ പാപ്പിനിപ്പാട്ട് എന്നും ഇത് അറിയപ്പെടുന്നു. ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും ആണു സാധാരണയായി ഇത് നടത്താറുള്ളത്. ഇല്ലങ്ങളിൽ പെൺകുട്ടികളുടെ വിവാഹം നടക്കാൻ വഴിപാടായും ബ്രാഹ്മണിപ്പാട്ടുകൾ പാടിവരുന്നു. ഐരാണിക്കുളം മഹാദേവക്ഷേത്രത്തിൽ എല്ലാ ദിവസവും ശ്രീപാർവ്വതിക്ക് ചെയ്യുന്ന വഴിപാടുകളിൽ ഒന്നാണ് ബ്രാഹ്മണിപ്പാട്ടിലെ സ്വയംവരം പാടൽ. പുഷ്പകസമുദായത്തിൽപ്പെട്ട സ്ത്രീകളാണ് ബ്രാഹ്മണികൾ. ഭഗവതീക്ഷേത്രങ്ങളിലും സ്വഭവനങ്ങളിലും ബ്രഹ്മാലയങ്ങളിലും ശൂദ്രഭവനങ്ങളിലും അവർ പാട്ടുപാടിവരുന്നു. ഭഗവതീക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളിലും പാടുന്ന പാട്ടുകളെ 'ഭഗവതിപ്പാട്ട്' എന്നാണ് പറഞ്ഞുവരുന്നത്. അലങ്കരിച്ച പന്തലിൽ പീഠം വച്ച് പീഠത്തിന്മേൽ വാളുവച്ചു പൂജിച്ചശേഷമാണ് ബ്രാഹ്മണികൾ പാടുന്നത്. രാവിലെയും ഉച്ചയ്ക്കും ചെറിയ തോതിൽ പാടുന്നു. സന്ധ്യയോടുകൂടിയാണ് കൂടുതൽ ഭാഗങ്ങൾ പാടുക. ഭദ്രകാളിയുടെ ഉത്പത്തി, ദുർഗയുടെ ഉത്പത്തി; ദാരികവധം, കാളീസ്തുതി എന്നിവ ഭഗവതിപ്പാട്ടുകളിൽ മുഖ്യങ്ങളാണ്. ബ്രാഹ്മണിയമ്മമാർ നായന്മാരുടെ വീടുകളിൽ പാട്ടുനടത്തുന്നത് കെട്ടുകല്യാണത്തിനാണ്. പാഞ്ചാലീസ്വയംവരം, ലക്ഷ്മീസ്വയംവരം, പാർവതീസ്വയംവരം, സുഭദ്രാഹരണം, ദയമന്തീസ്വയംവരം എന്നീ കഥകളാണ് ആ അവസരങ്ങളിൽ കൂടുതൽ പാടുന്നത്. കതിരുപാട്ട് (തിരുവോണം പാട്ട്) ഉത്രംപാട്ട്, പെൺകൊടപ്പാട്ട് തുടങ്ങിയ ചില പാട്ടുകളും ബ്രാഹ്മണികൾ പാടിവരുന്നു. ബ്രാഹ്മണിപ്പാട്ടുകൾ ഋഗ്വേദസ്വരത്തിൽ പാടണമെന്നാണ് സങ്കല്പം. മധ്യകേരളത്തിലാണ് ബ്രാഹ്മണിപ്പാട്ടുകൾക്ക് കൂടുതൽ പ്രചാരം. അത്യുത്തര കേരളത്തിൽ ബ്രാഹ്മണിപ്പാട്ടുകളുടെ സ്ഥാനത്ത് കാണുന്നത് പാപ്പിനിപ്പാട്ടുകളാണ്. ബ്രാഹ്മണികളെപ്പോലെ പാപ്പിനികളും പുഷ്പക സമുദായത്തിൽപ്പെട്ടവർതന്നെ. ഐതിഹ്യം
നമ്പൂതിരി സമുദായത്തിൽനിന്നും വേർതിരിക്കപ്പെട്ട ദമ്പതികൾക്കും അവരുടെ സന്താനപരമ്പരകൾക്കും വേദാധ്യയനത്തിനുള്ള അർഹത നിഷേധിക്കപ്പെട്ടുവെങ്കിലും ഉപജീവനാർത്ഥം പുഷ്പകവൃത്തി അനുവദിച്ചുകൊടുത്തു. കാലം കടന്നുപോകെ ഗൃഹനാഥൻ കിടപ്പിലായി. തന്റെ കാലശേഷം ഭാര്യയും മക്കളും കഷ്ടപ്പെടരുത് എന്നു കരുതി ദേവിക്ഷേത്രനടയിൽ പാടുവാനായി അദ്ദേഹം എഴുതിവച്ചിരുന്ന പാട്ടുകളെടുത്തു അവർക്കു നൽകി. അന്ത്യശ്വാസം വലിക്കുന്നതിനിടയിൽ ആണ് പാടികൊടുത്തതു. അതുകൊണ്ടാണ് വലിഞ്ഞു വലിഞ്ഞുള്ള രീതിയിൽ ബ്രാഹ്മണിപ്പാട്ടുകൾ ഇന്നും പാടിവരുന്നതു.
സ്രോതസ്സുകൾ
|
Portal di Ensiklopedia Dunia