ടോയ് സ്റ്റോറി 2
പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമിച്ചു വാൾട്ട് ഡിസ്നി പിക്ചർസ് വിതരണം നിർവ്വഹിച്ചു 1999-ൽ റിലീസ് ചെയ്ത ഒരു അമേരിക്കൻ അനിമേഷൻ ചിത്രമാണ് ടോയ് സ്റ്റോറി 2. ജോൺ ലാസ്സെറ്റർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സഹസംവിധാനം നിർവഹിച്ചത് ലീ ഉൺക്രിച്ച്, ആഷ് ബ്രണ്ണൻ എന്നിവരാണ്. 1995 -ൽ പുറത്തിറങ്ങിയ ടോയ് സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ടോയ് സ്റ്റോറി 2. മുഖ്യകഥാപാത്രമായ വുഡി എന്ന പാവയെ ഒരു മോഷ്ടാവിൽ നിന്ന് രക്ഷിക്കാൻ സുഹൃത്തായ ബസ്സ് ലൈറ്റിയറും മറ്റ് സുഹൃത്തുക്കളും നടത്തുന്ന ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യ ചിത്രത്തിലെ പല കഥാപാത്രങ്ങൾക്കും പുറമെ പുതിയ പല കഥാപാത്രങ്ങളും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. ടോയ് സ്റ്റോറി 2 ഒരു ഡയറക്റ്റ്-ടു-വീഡിയോ ചിത്രമായി പുറത്തിറക്കാനാണ് ഡിസ്നി ആദ്യം പരിപാടിയിട്ടിരുന്നത്. പിക്സാറിന്റെ മുഖ്യജീവനക്കാർ മിക്കവരും എ ബഗ്‌സ് ലൈഫിന്റെ നിർമ്മാണത്തിൽ വ്യാപൃതരായിരുന്നതിനാൽ മറ്റൊരു കെട്ടിടത്തിൽ ചെറിയ രീതിയിൽ ആണ് ചിത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. ചിത്രത്തിന്റെ പുരോഗതിയിൽ പ്രതീക്ഷ തോന്നിയ ഡിസ്നി പിന്നീട് തിയേറ്റർ റിലീസ് ആയി ഉയർത്തി. പക്ഷെ പിക്സാർ ചിത്രത്തിന്റെ നിലവാരത്തിൽ തൃപ്തരായിരുന്നില്ല. തുടർന്ന് ലാസ്സെറ്ററും സംഘവും ഒരാഴ്ചകൊണ്ട് മുഴുവൻ കഥയും തിരുത്തിയെഴുതി. മിക്ക പിക്സാർ ചിത്രങ്ങളും വർഷങ്ങൾ എടുത്താണ് പൂർത്തിയാക്കുന്നതെങ്കിലും നേരത്തെ നിശ്ചയിച്ച റിലീസ് തീയതി മാറ്റാൻ നിർവാഹമില്ല. അതിനാൽ ടോയ് സ്റ്റോറി 2 -ന്റെ നിർമ്മാണം ഒമ്പത് മാസംകൊണ്ട് തീർക്കേണ്ടിവന്നു. നിർമ്മാണവേളയിൽ ഉണ്ടായ പ്രതിസന്ധികൾ തരണം ചെയ്ത് നവംബർ 1999 -ൽ ടോയ് സ്റ്റോറി 2 പ്രദർശനത്തിനെത്തി. ബോക്സ് ഓഫീസിൽ വൻവിജയം നേടിയ ചിത്രം 450 ദശലക്ഷം ഡോളർ വരുമാനം നേടി. ആദ്യ ചിത്രത്തെക്കാൾ മികച്ച രണ്ടാം ഭാഗം എന്നനിലയിൽ ആണ് നിരൂപകർ ചിത്രത്തെ കണക്കാക്കുന്നത് മാത്രമല്ല, എക്കാലവും മികച്ച അനിമേഷൻ ചിത്രങ്ങളുടെ പട്ടികയിൽ എല്ലാം ഇടം കാണാറുമുണ്ട്. ചിത്രം പുറത്തിറങ്ങി പത്ത് വർഷത്തിനുശേഷം 2009 -ൽ 3ഡിയിൽ വീണ്ടും റിലീസ് ചെയ്തു. മൂന്നാം ഭാഗമായ ടോയ് സ്റ്റോറി 3 2010 -ൽ പുറത്തിറങ്ങി.
|
Portal di Ensiklopedia Dunia