പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമിച്ചു വാൾട്ട് ഡിസ്നി പിക്ചർസ് വിതരണം നിർവ്വഹിച്ചു 1995-ൽ റിലീസ് ചെയ്ത ഒരു അമേരിക്കൻ അനിമേഷൻ ചിത്രമാണ് ടോയ് സ്റ്റോറി. ജോൺ ലാസ്സെറ്റർ സംവിധാനം ചെയ്ത ഈ ചിത്രം ആദ്യത്തെ മുഴുനീള കമ്പ്യൂട്ടർ അനിമേഷൻ ചിത്രവും പിക്സാറിന്റെ ആദ്യ ചിത്രവുമാണ്. ഒരു കൂട്ടം പാവകളുടെ കഥപറയുന്ന ടോയ് സ്റ്റോറി, മുഖ്യകഥാപാത്രങ്ങളായ വുഡി എന്ന ഒരു കൗബോയ് പാവ, പിന്നെ ബസ്സ് ലൈറ്റിയർ എന്ന ഒരു ബഹിരാകാശ സഞ്ചാരിയുടെ രൂപമുള്ള പാവയും തമ്മിലുള്ള ബന്ധം വെള്ളിത്തിരയിൽ അവതരിപ്പിച്ചു. മനുഷ്യരെ പോലെ സംസാരിക്കാനും ചലിക്കാനും ശേഷിയുള്ള പാവകൾ പക്ഷെ, മനുഷ്യരുടെ മുന്നിൽ ജീവനില്ലാത്തപോലെ നടിക്കും. ചിത്രത്തിന് കഥയെഴുതിയത് ജോൺ ലാസ്സെറ്റർ, ആൻഡ്രൂ സ്റ്റാൻറ്റൺ, ജോയൽ കോഹൻ, അലെക് സൊകൊലോ, ജോസ് വീഡൺ എന്നിവർ ചേർന്നാണ്. റാൻഡി ന്യൂമാൻ സംഗീതസംവിധാനം നിർവഹിച്ചു.
1988 -ൽ പിക്സാർ നിർമ്മിച്ച, ഒരു പാവയുടെ കാഴ്ചപ്പാടിൽ നിന്ന് കഥപറഞ്ഞ, ടിൻ ടോയ് എന്ന ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം ഡിസ്നി അവരെ ഒരു മുഴുനീള കമ്പ്യൂട്ടർ അനിമേഷൻ ചിത്രത്തിനായി സമീപിച്ചു. ലാസ്സെറ്റർ, സ്റ്റാൻറ്റൺ, പീറ്റ് ഡോക്ടർ എന്നിവർ കഥ പലരീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഡിസ്നി അവയെല്ലാം തിരസ്കരിക്കുകയാണ് ചെയ്തത്. അനേകം പരാജയപ്പെട്ട ശ്രമങ്ങൾക്ക് നിർമ്മാണം നിർത്തിവെക്കുകയും, തിരക്കഥ തിരുത്തിയെഴുതാൻ ശ്രമിക്കുകയും ചെയ്തു. ഒടുവിൽ ആഗ്രഹിച്ച ഭാവവും പ്രമേയം ഉള്ള ഒരു തിരകഥ രൂപപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. അന്ന് നാമമാത്രമായ ജീവനക്കാരുണ്ടായിരുന്ന പിക്സാർ സ്റ്റുഡിയോ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സ്വയം ചിത്രം നിർമ്മിക്കുകയായിരുന്നു.[4]
ബോക്സ് ഓഫീസിൽ വൻവിജയം നേടിയ ചിത്രം 361 ദശലക്ഷം ഡോളർ വരുമാനം നേടി.[3] ചിത്രത്തിന്റെ അനിമേഷൻ, തിരക്കഥയുടെ സങ്കീർണത, നർമം എന്നിവ പ്രശംസിക്കപ്പെട്ടു.[5][6] എക്കാലത്തെയും മികച്ച അനിമേഷൻ ചിത്രങ്ങളിൽ ഒന്നായാണ് പല നിരൂപകരും ചിത്രത്തെ കണക്കാക്കുന്നത്.[7] മികച്ച തിരക്കഥ, മികച്ച പശ്ചാത്തല സംഗീതം, മികച്ച ഗാനം (“യു ഹാവ് ഗോട്ട് എ ഫ്രണ്ട് ഇൻ മീ”) എന്നിവക്ക് അക്കാദമി അവാർഡ് നാമാനിർദ്ദേശങ്ങൾ ലഭിച്ചതു കൂടാതെ ഒരു സ്പെഷ്യൽ അചീവ്മെന്റ് അവാർഡ് ഈ ചിത്രം നേടുകയും ചെയ്തു.[8] 2005 -ൽ ചിത്രത്തിന്റെ സാംസ്‌കാരിക, ചരിത്രപരമായ, സൗന്ദര്യപരമായ പ്രാധാന്യം കണക്കിലെടുത്ത് നാഷണൽ ഫിലിം റെജിസ്റ്ററിയിൽ ഉൾപ്പെടുത്തി.[9] ടോയ് സ്റ്റോറി അനേകം പാവകൾ, വീഡിയോ ഗെയിംസ്, തീം പാർക്ക് ആകർഷണങ്ങൾ എന്നിവക്ക് പ്രചോദനമായി. രണ്ടു അനുബന്ധചിത്രങ്ങൾ ടോയ് സ്റ്റോറി 2, ടോയ് സ്റ്റോറി 3 എന്നിവ യഥാക്രമം 1999-ലും 2010-ലും പുറത്തിറങ്ങി. നാലാം ചിത്രമായ ടോയ് സ്റ്റോറി 4 2018 -ൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.[10]