ചേന്ദമംഗലം എന്ന പേരിലുള്ള ഗ്രാമത്തെക്കുറിച്ചറിയാൻ, ദയവായി ചേന്ദമംഗലം കാണുക.
എറണാകുളം ജില്ലയിലെ പറവൂർ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചേന്ദമംഗലം. കേരളചരിത്രത്തിൽ വലിയ പ്രാധാാന്യമുള്ള ഒരു സ്ഥലം കൂടിയാണ് ചേന്ദമംഗലം. കേരളത്തിൽ അപൂർവ്വമായ ജൂതക്കോളനികളിൽ ഒന്ന് ചേന്ദമംഗലത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. പാലിയത്തച്ചന്റെ ആസ്ഥാനമായ പാലിയംകുന്ന് സ്ഥിതിചെയ്യുന്നതിവിടെയാണ്.
കേരളത്തിന്റെ രൂപീകരണം മുതൽ പ്രാധാന്യമുള്ള ഒരു ഗ്രാമമാണ് ചേന്ദമംഗലം. [1]. രൂപീകരണ സമയത്ത് ഈ ഗ്രാമം തൃശ്ശൂർ ജില്ലയിൽ പെട്ടതായിരുന്നു. പാലാതുരുത്ത്, തെക്കുംപുറം, കിഴക്കുംപുറം, മനക്കോടം, കരിമ്പാടം, കൂട്ടുകാട്, വടക്കുംപുറം, കൊച്ചങ്ങാടി, തെക്കേത്തുരുത്ത്, കടൽവാതുരുത്ത്, ഗോതുരുത്ത്, ചാത്തേടം. കുറുമ്പതുരുത്ത്, കഞ്ഞവരാതുരുത്ത്, സി.പി. തുരുത്ത്, വലിയ പഴമ്പിള്ളിത്തുരുത്ത്. മാട്ടുപുറം എന്നീ ചെറിയ പ്രദേശങ്ങൾ കൂടിചേർന്നതാണ് ചേന്ദമംഗലം. വടക്ക് പുത്തൻ വേലിക്കര, വടക്കേക്കര , പടിഞ്ഞാറ് വടക്കേക്കര, ചിറ്റാറ്റുകര , തെക്ക് ചിറ്റാറ്റുകര, കരുമാല്ലൂർ , കിഴക്ക് പുത്തൻവേലിക്കര കരുമാല്ലൂർ എന്നിങ്ങനെയാണ് ചേന്ദമംഗലം പഞ്ചായത്തിന്റെ അതിർത്തികൾ.
സ്ഥലനാമോല്പത്തി
ചൂർണ്ണമംഗലം അഥവാ ജയന്തമംഗലം ലോപിച്ച് ചേന്ദമംഗലമായതാണെൻ എറണാകുളം ജില്ലാ ഗസറ്റിയറിൽ രേഖപ്പെടുത്തിരിക്കുന്നു. എന്നാൽ ചേന്ദമംഗലം എന്ന പേരു തമിഴ്നാട്ടിലുണ്ടെന്ന കാരണം ചൂർണ്ണമംഗലം അല്ല കാരണം എന്ന നിഗമനത്തിലെത്താൽ സ്ഥലനാമോല്പത്തി ചരിത്രകാരൻ വി.വി.കെ. വാലത്ത് ഉപയോഗിക്കുന്നു. അദ്ദേഹത്തിന്റെ നിഗമനപ്രകാരം ചേന്ദമംഗലം എന്ന പേരു ലോപിച്ചിട്ടില്ല എന്നും ജയന്തൻ എന്ന പേരിന്റെ പാലി രൂപമായ ചേന്ദൻ തന്നെയാണ് പേരിനുല്പത്തി എന്നുമാണ്. [2] അദ്ദേഹത്തിന്റെ അഭിഒരായത്തിൽ ചേന്ദമംഗലത്തിനു തമിഴ് സംഘകാലത്ത് പല്ലാൻ കുൻറം എന്നു പേരുണ്ടായിരുന്നു. പാലിയം എന്ന തറവാട്ടു പേരിനു ആധാരമായ ആകരമാണത്. അകനാനൂറിലെ 168 ആം പാട്ടിലെ വരികൾ ഈ ധാരണയെ ഉറപ്പിക്കുന്നു.
സംഘകാലത്തെ കൂടൽ എന്നും ചേരൽ എന്നും മലയാളത്തിൽ വിളിച്ചിരുന്നു. ഇപ്രകാരമുള്ള സംഘങ്ങൾ അഥവാ ആശ്രമത്തിന്റെ കീഴിലുള്ള ക്ഷേത്രമാണ് ചേർന്ന മംഗലം അഥവാ ചേന്ദമംഗലം എന്നു ചിലർ കരുതുന്നു.
ചരിത്രം
പുരാതന കാലത്തെ ബൗദ്ധകേന്ദ്രമായിരുന്നു കൊരട്ടി ചേന്ദമംഗലത്തിനു കീഴിലായിരുന്നു.
തമിഴ് സംഘകാലത്ത്, എ.ഡി. 14 ൽ രചിക്കപ്പെട്ട കോകസന്ദേശത്തിൽ ചേന്ദമംഗലത്തെ അതേ പേരിൽ തന്നെ പരമാർശിച്ചിരിക്കുന്നു. എന്നാൽ എ.ഡി. 15 രചിക്കപ്പെട്ട ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശത്തിൽ ജയന്തമംഗലം എന്ന് പ്രതിപാദിച്ചിരിക്കുന്നു. തമിഴ് സംഘകാലത്ത് പാലിയം കുന്ന് ഇവിടെ സ്ഥിതിചേയ്യുന്നു.
ചേന്ദമംഗലത്തിനു വില്ലാർവട്ടം എന്നും പേരുണ്ടായിരുന്നു. വില്ലവരുടെ സംഘം എന്നതിൽ നിന്നാണ് ഈ പേരു വന്നത്. വില്ലവർ എന്നത് ചേരരാജാക്കന്മാരുടെ ബിരുദങ്ങളിൽ ഒന്നാണ്. വില്ലാർവട്ടം രാജവംശം പുരാതനമായ ഒന്നാണെന്നു ചരിത്രകാരന്മാർ കരുതുന്നു. എന്നാൽ കേരളചരിത്രത്തിൽ ഇവർ പ്രത്യക്ഷപ്പെടുന്നത് പോർട്ടുഗീസുകാരുടെ വരവോടു കൂടിയാണ്. കൊച്ചീരാജാവിന്റെ ഒരു സാമന്തനായിരുന്നു വില്ലാർവട്ട രാജാവ് എന്നും അദ്ദേഹത്തിന്റെ കീഴിലെ ഒരു ഇടപ്രഭുവായിരുന്നു പാലിയത്തച്ചൻ എന്നും സി.അച്യുതമേനോൻ കൊച്ചി സ്റ്റേറ്റ് മാനുവലിൽ പറയുന്നു.
1502 ൽ വാസ്കോഡഗാമ കൊച്ചിയിലെത്തിയപ്പോൾ വില്ലാർവട്ടം രാജവംശം പോർട്ടുഗീസു രാജാവിന്റെ സാമന്തപദവി സ്വീകരിച്ചുവെന്നും ചേരമാൻ നൽകിയ അടയാള ചിഹ്നങ്ങൾ കാഴ്ചവച്ചുവെന്നും ഗുണ്ടർട്ട് രേഖപ്പെടുത്തിയിരിക്കുന്നു. [3] എന്നാൽ വില്ലാർവട്ടം രാജാവ് ക്ഷത്രിയനായിരുന്നു എന്നും ഒടുവിലത്തെ രാജാവ് ക്രിസ്തുമതത്തിൽ ചേർന്നതിനാൽ കൊച്ചീരാജാവ് അദ്ദ്ദേഹത്തെ രാജ്യഭൃഷ്ടനാക്കി ആ സ്ഥാനം പാലിയത്തച്ചനു കൊടുത്തുവെന്നും കൊടുങ്ങല്ലൂർ കുഞ്ഞികുട്റ്റൻ തമ്പുരാന്റെ കോകില സന്ദേശവ്യാഖ്യാനത്തിൽ കാണുന്നു. [4]
പുരാതന ക്ഷേത്രമായ കുന്നത്തളി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിന്റെ നിയന്ത്രണാധികാരം പാലിയം കുടുംബത്തിനാണ്.
ചേന്ദമംഗലത്താണ് പുരാതനമായ ജൂതക്കോളനികളിൽ ഒന്ന്. കറുത്ത ജൂതന്മാരുടെ പള്ളി അവിടെ അവശേഷിക്കുന്നു. എ.ഡി. 13 നൂറ്റാണ്ടിലെ ഹീബ്രു ഭാഷയിലെഴുതിയ ഒരു ശിലാലിഖിതം ഇവിടെ ഉണ്ട്. എ.ഡി. 68 ൽ ജറുശലേമിലെ അധിനിവേശത്തെത്തുടർന്ന് ഒരു സംഘം ജൂതന്മാർ അഭായാർത്ഥികളായി കേരളത്തിൽ കപ്പലിറങ്ങിയെന്നും അവർ കൊടുങ്ങല്ലൂർ, മാള ചേന്ദമംഗലം എന്നിവടങ്ങളിൽ വാസമുറപ്പിച്ചുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
എ.ഡി. 16 നൂൂറ്റാണ്ടിൽ പോർട്ടുഗീസുകാർ ചരിത്രപ്രസിദ്ധമായ വൈപ്പിക്കോട്ട സെമിനാരി ചേന്ദമംഗലത്തു മാറ്റി സ്ഥാപിച്ചു. ആർച്ചു ബിഷപ്പ് മെനെസിസ് ഉദയം പേരൂർ സുനഹദൊസിന്റെ കരടുരേഖ തയ്യാറാക്കിയത് ഇവിടെ വെച്ചാണ്.
കൊച്ചിരാജാവിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്ന പാലിയത്തച്ചൻമാരുടെ ആവാസ സ്ഥലമാണ് ചേന്ദമംഗലം. പ്രാചീന കൃതികളായ ചിലപ്പതികാരത്തിലും ചില സംഘകാലകൃതികളിലും ചേന്ദമംഗലത്തെക്കുറിച്ച് പരാമർശിക്കപ്പെടുന്നുണ്ട്. [5][6]
നാണയവിനിമയം നിലവിൽ വരുന്നതിനു മുമ്പ് ബാർട്ടർ സംവിധാനം നടപ്പിലിരുന്ന കാലത്ത് ചേന്ദമംഗലത്ത് തുടങ്ങിയതാണ് മാറ്റചന്ത. സാധനങ്ങൾക്കു പകരം സാധനങ്ങൾ കൈമാറ്റം ചെയ്തിരുന്നത്. ഈ കാലഘട്ടത്തെ ഓർമ്മിപ്പിക്കുവാനായി ഈ മാറ്റചന്ത ഇപ്പോഴും നടന്നു വരുന്നു. എന്നാൽ ഇപ്പോൾ സാധനങ്ങൾക്കു പകരമായി വിനിമയത്തിൻ പണം ആണ് ഉപയോഗിക്കുന്നത്
ആരാധനാലയങ്ങൾ
1891 സ്ഥാപിക്കപ്പെട്ട ജൂത സിനഗോഗ്
ഇവിടെ ഹിന്ദു , ക്രിസ്ത്യൻ , മുസ്ലീം , യഹൂദ മതക്കാരുടെ ആരാധനാലയങ്ങൾ തൊട്ടുരുമ്മി നിലനില്ക്കുന്നു.
1075 ൽ സ്ഥാപിച്ച മാർസ്ലീവായുടെ നാമത്തിലുള്ള പള്ളി. കേരളത്തിലെ ആദ്യത്തെ സുന്നഹദോസ് നടത്താൻ തീരുമാനിച്ചത് ഈ പള്ളിയിൽ വച്ചാണ്. [7].
ഗോവ മെത്രാൻ മെനസീസും ഗീവർഗീസ് ആർക്കദിയാക്കോനും മാർസ്ലീവാ പള്ളിയിൽ വച്ച് നടന്ന ചർച്ചയിലാണ് ഇന്നത്തെ സി.എൽ.സി എന്നറിയപ്പെടുന്ന മരിയൻ സോളിഡാരിറ്റി എന്ന ക്രിസ്തീയ സംഘടനക്ക് രൂപം നല്കിയത് [8].