2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജനാണ് കൈലാഷ് സത്യാർത്ഥി (ജനനം : 11 ജനുവരി 1954).[1] കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടി കൊടുത്തത്.[2] ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർഥി.
ജീവിത രേഖ
1954 ൽ മദ്ധ്യപ്രദേശിലെവിദിഷയിൽ ജനിച്ച സത്യാർഥി 26 -ആം വയസ്സിൽ ഇലക്ട്രിക് എഞ്ചിനീയർ ജോലി ഉപേക്ഷിച്ച് തെരുവു കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിച്ചു. കുട്ടികളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന 'ബച്പൻ ബചാവോ ആന്ദോളൻ' എന്ന സംഘടന സ്ഥാപിച്ചു. 'ഗ്ലോബൽ മാർച്ച് എഗയിൻസ്റ്റ് ചൈൽഡ് ലേബർ', 'ഗ്ലോബൽ കാമ്പയിൻ ഫോർ എജ്യുക്കേഷൻ' എന്നീ അന്താരാഷ്ട്ര സംഘടനകൾക്കും നേതൃത്വം നൽകുന്നു. കുട്ടികൾക്കായി നിരവധി നിയമങ്ങളും ഉടമ്പടികളും നിലവിൽ വരാൻ മുൻകൈയെടുത്തു.[3]
ന്യൂ ഡൽഹിയിൽ താമസിക്കുന്ന സത്യാർഥിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്.[4].[5]
പ്രവർത്തനങ്ങൾ
1980-ൽ ഇദ്ദേഹം അദ്ധ്യാപക ജീവിതം ഉപേക്ഷിച്ച് ബോണ്ടഡ് ലേബർ ലിബറേഷൻ ഫണ്ടിന്റെ സെക്രട്ടറി ജനറലായി ജോലി ആരംഭിച്ചു. ഈ വർഷം തന്നെ ഇദ്ദേഹം ബച്‌പൻ ബചാവോ ആന്ദോളൻ സ്ഥാപിക്കുകയും ചെയ്തു.[6][7]ഗ്ലോബൽ മാർച്ച് എഗൈൻസ്റ്റ് ചൈൽഡ് ലേബറുമായും ഇതിന്റെ അന്താരാഷ്ട്ര പ്രചാരണ സംഘടനയായ ഇന്റർനാഷണൽ സെന്റർ ഓൺ ചൈൽഡ് ലേബർ ആൻഡ് എഡ്യൂക്കേഷനുമായും (ഐ.സി.സി.എൽ.ഇ.)[8] ബന്ധപ്പെട്ടും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[9] ഇവ സന്നദ്ധ സംഘടനകളുടെയും അദ്ധ്യാപകരുടെയും തൊഴിൽ സംഘടനാ പ്രവർത്തകരുടെയും അന്താരാഷ്ട്ര കൂട്ടായ്മകളാണ്.[10][11] ഇദ്ദേഹം ഗ്ലോബൽ കാമ്പൈൻ ഫോർ എഡ്യൂക്കേഷൻ എന്ന സംഘടന 1999-ൽ സ്ഥാപിച്ചതു മുതൽ 2011 വരെ അതിന്റെ പ്രസിഡന്റായിരുന്നു. ആക്ഷൻ ഐഡ്, ഓക്സ്ഫാം, എഡ്യൂക്കേഷൻ ഇന്റർനാഷണൽ എന്നിവയ്ക്കൊപ്പം ഗ്ലോബൽ കാമ്പൈൻ ഫോർ എഡ്യൂക്കേഷന്റെ നാല് സ്ഥാപകരിൽ ഒരാളുമായിരുന്നു ഇദ്ദേഹം.[12]
റഗ്മാർക്ക് (ഇപ്പോൾ ഗുഡ് വീവ് എന്നറിയപ്പെടുന്നു) എന്ന ദക്ഷിണ ഏഷ്യയിലെ ബാല വേല കൂടാതെ നിർമ്മിക്കപ്പെട്ട കാർപ്പെറ്റുകളുടെ ലേബലിങ്, നിരീക്ഷണം, സർട്ടിഫിക്കേഷൻ എന്നിവ നടത്തുന്ന സംവിധാനം സ്ഥാപിച്ചതും ഇദ്ദേഹമാണ്.[13] ഈ സംഘടന 1980-കളിലും 1990-കളിലും അന്താരാഷ്ട്ര കോർപ്പറേഷനുകളുടെ സാമൂഹിക ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിനായി അമേരിക്കയിലും യൂറോപ്പിലും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.[14] സത്യാർത്ഥി ബാല വേല ഒരു മനുഷ്യാവകാശ പ്രശ്നമാണെന്ന വാദഗതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത, ജനസംഖ്യാ വർദ്ധന തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾക്ക് വഴി വെയ്ക്കുമെന്നും ഇദ്ദേഹം വാദിക്കുന്നു.[15] ഇദ്ദേഹത്തിന്റെ വാദങ്ങൾ പല പഠനങ്ങളിലൂടെയും ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.[16][17] "സാർവത്രിക വിദ്യാഭ്യാസം" എന്ന ലക്ഷ്യം നേടുന്നതും ബാലവേലയ്ക്ക് എതിരായ പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധവും ഇദ്ദേഹം ചൂണ്ടി കാട്ടിയിട്ടുണ്ട്.[18] ഇദ്ദേഹം ഇക്കാര്യം പരിശോധിക്കാനായി സ്ഥാപിച്ച ഒരു യുനെസ്കോ സ്ഥാപനത്തിന്റെ അംഗമായിരുന്നു. ഗ്ലോബൽ പാർട്ട്ണർഷിപ് ഫോർ എഡ്യൂക്കേഷൻ എന്ന സംഘടനയിലും ഇദ്ദേഹം അംഗമായിരുന്നു.[19]സെന്റർ ഫോർ വിക്റ്റിംസ് ഓഫ് ടോർച്ചർ (യു.എസ്.എ.), ഇന്റർനാഷണൽ ലേബർ റൈറ്റ്സ് ഫണ്ട് (യു.എസ്.എ.), ഇന്റർനാഷണൽ കൊക്ക ഫൗണ്ടേഷൻ എന്നിങ്ങനെ പല സംഘടനകളുടെയും പ്രവർത്തന സമിതികളിൽ ഇദ്ദേഹം അംഗമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ മില്ലെനിയം ഡെവലപ്മെന്റ് ലക്ഷ്യങ്ങളുടെ 2015-ന് ശേഷമുള്ള വികസന അജണ്ടയിൽ ബാലവേലയും അടിമത്തവും ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.[20]
ബാൽ മിത്ര ഗ്രാമം
2001ൽ സത്യാർഥിയും സഹപ്രവർത്തകരും ബാല വേലയ്ക്ക് എതിരായി പൊരുതാനും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും ആവിഷ്കരിച്ച പദ്ധതിയാണ് ബാൽ മിത്ര ഗ്രാമം (ബിഎംജി). 11 സംസ്ഥാനങ്ങളിലെ 356 ഗ്രാമങ്ങളിൽ ബിബിഎ ബാല സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ഗുണമേന്മയുള്ള വിദ്യാഭ്യാസവും പെൺകുട്ടികൾക്ക് താമസ സൗകര്യവും നൽകുന്നു.[21]
പുരസ്കാരങ്ങൾ
2015-ൽ ഹാർവാർഡ് സർവകലാശാാലയുടെ ഹുമാനിറ്റേറിയൻ അവാർഡ്
അമേരിക്കൻ സർക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാർഡ്
സ്‌പെയിനിന്റെ അൽഫോൻസോ കൊമിൻ ഇന്റർനാഷണൽ അവാർഡ്
ഫ്രഡ്രിക്ക് എബർട്ട് മനുഷ്യാവകാശ പുരസ്‌ക്കാരം (ജർമനി )
↑Nanjunda, D C (2009). Anthropology and Child Labour. Mittal Publications. p. 91. ISBN9788183242783. {{cite book}}: |access-date= requires |url= (help)
↑Shukla, C K; Ali, S (2006). Child Labour and the Law. Sarup & Sons. p. 116. ISBN9788176256780. {{cite book}}: |access-date= requires |url= (help)