മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചിത്രമാണ് ഒപ്പം.[2] മോഹൻലാൽ ഈ ചലച്ചിത്രത്തിൽ ജയരാമൻ എന്ന അന്ധനായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്[3]. ഈ ചലച്ചിത്രത്തിന്റെ കഥ ഗോവിന്ദ് വിജയനും തിരക്കഥ പ്രിയദർശനും ആണ് രചിച്ചിരിക്കുന്നത്. മോഹൻലാലിന് പുറമേ സമുദ്രക്കനി, വിമല രാമൻ, അനുശ്രീ, ബേബി മീനാക്ഷി, നെടുമുടി വേണു, ഇന്നസെന്റ് , മാമുക്കോയ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയച്ചിരിക്കുന്നു. ക്യാമറ എൻ.കെ എകാംബരനും എഡിറ്റിംഗ് എം.എസ് അയ്യപ്പൻ നായരും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം 2016 ലെ ഓണ ചിത്രമായി തിയ്യറ്ററുകളിൽ എത്തിയ ഒപ്പം മികച്ച പ്രദർശനവിജയം നേടി[4]. അനുകൂലമായ പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്[5].
കഥാസംഗ്രഹം
ഒരു റിട്ടയേർഡ് ജഡ്ജി ജയിലിൽ കിടക്കുന്ന ഒരു കുറ്റവാളിയിൽ നിന്ന് തന്റെ മകളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു. പിന്നീട്, അയാൾ കൊല്ലപ്പെട്ടപ്പോൾ, കാഴ്ചയില്ലാത്ത ഒരാൾ അയാളുടെ മകളെ സംരക്ഷിക്കാൻ ശ്രമിച്ചു.
2016 മാർച്ചിലാണ് ഒപ്പത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്[6] . കൊച്ചി, ഊട്ടി എന്നിവിടങ്ങളിലായിരുന്നു പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്[7]. കൊച്ചിയിലെ തൃപ്പൂണിത്തുറ, തമ്മനം , മറൈൻഡ്രൈവ് എന്നിവിടങ്ങളിലായി മൂന്നാഴ്ച ചിത്രീകരണം നടന്നു[8] . മോഹൻലാൽ ഉൾപ്പെടുന്ന ഒരു പഞ്ചാബി ഗാനരംഗം മാർച്ചിൽ മൂന്നുദിവസം കൊണ്ട് കൊച്ചിയിൽ സെറ്റിട്ടാണ് ചിത്രീകരിച്ചത്[9]. വാഗമൺ , കാഞ്ഞാർ എന്നിവിടങ്ങളും പ്രധാന ലൊക്കേഷനുകളായിരുന്നു[10].[11]. ഒപ്പത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്[12]. ജൂൺ 14 ഓടെ ഒപ്പത്തിന്റെ ചിത്രീകരണം പൂർത്തിയായി.
സംഗീതം
നാല് നവാഗത സംഗീതസംവിധായകരാണ് ഒപ്പത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ, മധു വാസുദേവൻ, ഷാരോൺ ജോസഫ് എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഒപ്പത്തിലെ ഗാനങ്ങൾ 2016 ഓഗസ്റ്റ് 17 ന് സത്യം ഓഡിയോസ് വിപണിയിലെത്തിച്ചു.[13]
2016 സെപ്തംബർ 8 ന് കേരളത്തിലെ നൂറോളം തിയറ്ററുകളിൽ ഒപ്പം പ്രദർശനത്തിനെത്തി[14]. വളരെ അനുകൂലമായ പ്രതികരണമാണ് ഒപ്പത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്[15]. മോഹൻലാൽ അവതരിപ്പിച്ച ജയരാമൻ എന്ന കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടു[16].
ബോക്സ് ഓഫീസ്
പ്രദർശനത്തിനെത്തി ആദ്യദിനം കേരളത്തിൽനിന്നും 1.56 കോടി രൂപയാണ് ഒപ്പം നേടിയത്.[17] പ്രദർശനത്തിനെത്തി ആദ്യ ആഴ്ച പിന്നിട്ടപ്പോൾ 12.60 കോടി രൂപ നേടിയ ഒപ്പം ഏറ്റവും വേഗം 10 കോടി രൂപ നേടുന്ന മലയാള ചലച്ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കി.[18] 2015-ൽ പ്രദർശനത്തിനെത്തിയ പ്രേമം എന്ന ചലച്ചിത്രത്തിന്റെ റെക്കോഡാണ് ഒപ്പം മറികടന്നത്. 16 ദിവസം കൊണ്ട് 24 കോടി രൂപ നേടിയ ഒപ്പം ജേക്കബിന്റെ സ്വർഗരാജ്യത്തെ മറികടന്ന് 2016-ലെ ഏറ്റവും വലിയ വിജയചിത്രവുമായി.[19] 22 ദിവസം കൊണ്ട് 30 കോടി രൂപ നേടിയ ഒപ്പം ഏറ്റവും വേഗം 30 കോടി രൂപ നേടുന്ന മലയാള ചലച്ചിത്രം എന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തു[20]. എന്നാൽ ഒപ്പത്തിന്റെ ഈ നേട്ടം മോഹൻലാൽ ചിത്രമായ പുലിമുരുകൻ 2016 ഒക്ടോബറിൽ മറികടന്നു. 65 കോടിയോളം രൂപയാണ് ഒപ്പം ബോക്സ് ഓഫീസിൽ നേടിയത്.