അലി ശരീഅത്തി
അലി ശരീഅത്തി (പേർഷ്യൻ: علی شريعتی) പ്രസിദ്ധ ഇറാനീ സാമൂഹ്യശാസ്ത്രജ്ഞൻ (നവംബർ 23, 1933 – 1977) . ഇറാൻ ഇസ്ലാമിക വിപ്ലവത്തിന്റെ സൈദ്ധാന്തികാചാര്യൻ എന്നറിയപ്പെടുന്നു. മതത്തിന്റെ സാമുഹ്യശാസ്ത്രത്തെക്കുറിച്ച രചനകളിലൂടെ പ്രസിദ്ധനായി. ആദ്യകാല ജീവിതംഇറാനിലെ ഖുറാസാൻ പ്രവിശ്യയിലെ മാസിനാൻ ഗ്രാമത്തിൽ ഇറാൻ ദേശീയപ്രസ്ഥാനത്തിൻറെ നേതാവും പുരോഗമന ഇസ്ലാമിക ചിന്തകനുമായിരുന്ന മുഹമ്മദ് തഖീ ശരീഅത്തിയുടെ മകനായി 1933 ഡിസംബറിൽ ജനനം. ചെറുപ്പത്തിലേ ദേശീയപ്രസ്ഥാനത്തിന്റെ യുവജനവിഭാഗത്തിൽ ചേർന്ന് പ്രവർത്തനമാരംഭിച്ചു. ഇറാനിലെ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ടിരുന്ന മുസദ്ദിഖ് സർക്കാറിനെ മുഹമ്മദ് രിസാ ഷാ പിരിച്ചു വിട്ടതോടെ മഹ്ദീ ബാരിസ്‌ഖാനും ആയത്തുല്ലാ ത്വലഖാനിയും ആയത്തുല്ലാ സഞ്ചാനിയും രൂപം കൊടുത്ത പ്രതിരോധപ്രസ്ഥാനത്തിൽ ചേർന്നു. ആർട്സ് കോളേജിലെ വിദ്യാർത്ഥിയായിരിക്കേ (1958) ഭരണകൂട വിരുദ്ധസമരങ്ങളിലേർപ്പെട്ടതിന് ആറു മാസം തടവിന് ശിക്ഷിക്കപ്പെട്ടു. സമരപ്രവർത്തനങ്ങൾക്കിടയിലും ഡിസ്റ്റിംഗ്ഷനോടെ യൂനിവേഴ്‌സിറ്റി ബിരുദം നേടിയ ശരീഅത്തി ഉപരിപഠനത്തിനായി ഫ്രാൻസിലേക്കയക്കപ്പെട്ടു. ![]() ഫ്രാൻസിൽശരീഅത്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രശോഭിതമായ കാലഘട്ടമാണ് ഫ്രാൻസിൽ ചെലവഴിച്ച വർഷങ്ങളെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മൂന്നാം ലോക രാജ്യങ്ങളിൽ നിന്നും പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉപരിപഠനത്തിനെത്തുന്ന വിദ്യാർത്ഥി സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി പാശ്ചാത്യൻ സംസ്കൃതിയെ വിമർശനാത്മകമായി അപഗ്രഥിക്കാൻ ശരീഅത്തി ശ്രമിച്ചു. പടിഞ്ഞാറിൻറെ ശക്തിയും ദൗർബല്യവും നേരിട്ടറിഞ്ഞ ശരീഅത്തി കോളനീകരണത്തിൻറെ മനഃശാസ്ത്രത്തേയും പടിഞ്ഞാറൻ ആഢ്യബോധത്തേയും കുറിച്ച് ഗാഢമായി ചിന്തിച്ചിരുന്നു. ഈ ചിന്തയിലൂടെയും അതുൽപാദിപ്പിച്ച രാഷ്ട്രീയപ്രവർത്തനങ്ങളിലൂടെയുമാണ് അദ്ദേഹത്തിൻറെ വിമോചനചിന്തകൾ മൂർത്തരൂപം പ്രാപിക്കുന്നത്. മൂന്നാം ലോകരാജ്യങ്ങൾ തങ്ങളുടെ സാംസ്കാരികസ്വത്വം മുറുകെ പിടിക്കാതെ പടിഞ്ഞാറിന്റെ കോളനീകരണപ്രക്രിയയെ പ്രതിരോധിക്കാനാവില്ലെന്നദ്ദേഹം വാദിച്ചു. സ്വത്വത്തിലേക്ക് തിരിച്ചു പോകുക എന്ന മുദ്രാവാക്യം ഉയർത്തുന്നതിലൂടെ ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് ഈജിപ്തിൽ ജമാലുദ്ധീൻ അഫ്ഗാനിയും മുഹമ്മദ് അബ്ദുവും സിറിയയിൽ അബ്ദുറഹ്‌മാൻ കവാകിബിയും ഉയർത്തിവിട്ട ഇസ്ലാമിക വിമോചനാശയങ്ങൾ ശരീഅത്തിയിലൂടെ ഇറാനിൽ പുനർജ്ജനിക്കുകയായിരുന്നു. ഫ്രാൻസിലെ സോർബോൺ യൂനിവേഴ്സിറ്റിയിൽ നിന്നും മതത്തിൻറെ സാമൂഹ്യശാസ്ത്രത്തിൽ ഡോൿടറേറ്റ് ബിരുദം നേടി. പുറമേ ഇസ്ലാമിക ചരിത്രത്തിലും ഡോൿടറേറ്റ് നേടിയ അദ്ദേഹം ഫ്രാൻസിൽ തൻറെ രാഷ്ട്രീയപ്രവർത്തനം തുടർന്നു. 1961-ൽ ബാരിസ്ഖാനും ത്വലഖാനിയും രൂപവത്കരിച്ച ഇറാൻ വിമോചനപ്രസ്ഥാനത്തിൻറെ യൂറോപ്യൻ ശാഖ ശരീഅത്തി ഫ്രാൻസിൽ സ്ഥാപിച്ചു. ഫ്രാൻസ് ഫാനനേപ്പോലുള്ള മൂന്നാംലോക പോരാളികളുമായി സുദൃഢമായ ബന്ധം വളർത്തിയെടുത്ത അദ്ദേഹം ഫ്രഞ്ച് കോളനിവൽക്കരണത്തിനെതിരായ അൾജീരിയൻ ചെറുത്തുനിൽപ്പിനെ ശക്തമായി പിന്തുണച്ചു. ഫാനൻറെ ഭൂമിയിലെ പതിതർ എന്ന പുസ്തകത്തിൻറെ ഏതാനും ഭാഗങ്ങൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. ലുമുംബാ വധത്തെത്തുടർന്ന് നടന്ന പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുത്ത ശരീഅത്തി ഫ്രാൻസിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. വീണ്ടും ഇറാനിലേക്ക്അറുപതുകളുടെ മധ്യത്തിൽ ഇറാനിലേക്ക് മടങ്ങിയ അദ്ദേഹം ഫ്രാൻസിൽ നിരോധിത രാഷ്ട്രീയ പ്രവർത്തനങ്ങളിലേർപ്പെട്ടു എന്ന കുറ്റത്തിന് അതിർത്തിയിൽ വെച്ച് പിടിക്കപ്പെട്ടു. ജയിലിൽ നിന്നും പുറത്തു വന്ന ശരീഅത്തി മശ്‌ഹദ് യൂനിവേഴ്‌സിറ്റിയിൽ പ്രൊഫസറായി നിയമിക്കപ്പെട്ടു. മാസീന്യൂൻറെ സൽമാനുൽ ഫാരിസി എന്ന ഗ്രന്ഥം തർജ്ജമപ്പെടുത്തിയത് ഇക്കാലയളവിലാണ്. ആയിരം ഇബ്നു സീനമാരേക്കാൾ (മധ്യ കാലഘട്ടത്തിലെ പ്രമുഖനായ ഭിഷഗ്വരനും ശസ്ത്രജ്ഞനും) സമൂഹത്തിനാവശ്യം ഭരണകൂടത്തിൻറെ അടിച്ചമർത്തലിനെതിരെ പൊരുതുന്ന ഒരു അബൂദർ (പ്രവാചകൻ മുഹമ്മദ് നബിയുടെ ശിഷ്യൻ, പിൽക്കാലത്ത് ഭരണകൂടത്തിന്റെ ഉപരിവർഗാനുകൂല നയവ്യതിയാനങ്ങൾക്കെതിരെ സമരരംഗത്തിറങ്ങിയ ഗ്രാമീണൻ) ആണെന്ന് പ്രഖ്യാപിച്ച് അബൂദറിനെക്കുറിച്ച് പുസ്തകമെഴുതി. ഇറാനിൽ ഇസ്ലാമിക നവജാഗരണത്തെ മുന്നോട്ട് നയിക്കുന്നതിൽ അദ്ദേഹത്തിൻറെ പ്രഭാഷണങ്ങളും എഴുത്തുകളും നിർണ്ണായക പങ്കു വഹിച്ചു. ഷാ ഉയർത്തിയ പേർഷ്യൻ വംശ മഹിമാവാദത്തിനെതിരെ ആഞ്ഞടിച്ച ശരീഅത്തിയുടെ പ്രബോധനങ്ങൾ അധികാരസിംഹാസനങ്ങളിൽ മാത്രമല്ല രാജാധിപത്യത്തിൻറെ കുഴലൂത്തുകാരായ പരമ്പരാഗത മതപണ്ഢിതൻമാരിലും അസ്വസ്ഥതയുണ്ടാക്കി. ഭരണകൂടത്തിനെതിരായ പൊതുജനാഭിപ്രായം രൂപവത്കരിക്കുന്നതിൽ ശരീഅത്തിയുടെ പ്രസംഗങ്ങൾക്കും എഴുത്തുകൾക്കും പ്രധാനപങ്കുണ്ടെന്ന് മനസ്സിലാക്കിയ ശാഹ് ഭരണകൂടം അദ്ദേഹത്തെ യൂനിവേഴ്‌സിറ്റിയിൽ നിന്നും പുറത്താക്കുകയും ഒരു പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായി നിയമിക്കുകയും ചെയ്തു. പിന്നീട് തെഹ്‌റാൻ യൂനിവേഴ്സിറ്റിയിലെക്ക് അദ്ദേഹത്തെ മാറ്റി. ഷായുടെ രഹസ്യപ്പോലീസായിരുന്ന സവാക്കിൻറെ ചാരക്കണ്ണുകൾ ശരീഅത്തിയെ സദാ പിന്തുടർന്നിരുന്നു. ഇസ്ലാമിക പ്രചാരണങ്ങൾക്കു വേണ്ടി 1969-ൽ ഹുസൈനിയ്യത്തുൽ ഇർശാദ് സ്ഥാപിക്കപ്പെട്ടതോടെ ശരീഅത്തിയുടെ പ്രധാന പ്രവർത്തന കേന്ദ്രം അവിടെയായി മാറി. ഇസ്ലാമിനെക്കുറിച്ചും ശിയാ ഇസ്ലാമിക ചരിത്രത്തെക്കുറിച്ചും മൂടുറച്ചു പോയ പിന്തിരിപ്പൻ ധാരണകളെ അദ്ദേഹം നിശിതമായി വിചാരണ ചെയ്തു. ശാഹ് ഉയർത്തിക്കൊണ്ടു വന്ന പാശ്ചാത്യവൽക്കരണത്തിൻറെ മുദ്രാവാക്യത്തേയും അധികാരദാസ്യം പിടിപെട്ട പിന്തിരിപ്പൻ മത പണ്ഢിതരേയും ഭരണകൂടാനുകൂലികളായ വലതുപക്ഷ കപടബുദ്ധിജീവികളേയും അദ്ദേഹം ശക്തിയായി വിമർശിച്ചു. ഹുസൈനിയ്യത്തുൽ ഇർശാദിൻറെ പ്രവർത്തനങ്ങൾ അതിരുകടക്കുന്നുവെന്ന് മനസ്സിലാക്കിയ ഭരണകൂടം 1973-ൽ കേന്ദ്രം അടച്ചു പൂട്ടി ശരീഅത്തിയേയും പിതാവിനേയും അറസ്റ്റ് ചെയ്തു. പതിനെട്ട് മാസത്തോളം ജയിലറയിൽ കഠിനമായ പീഡനങ്ങൾ സഹിക്കേണ്ടി വന്ന ശരീഅത്തി അൾജീരിയൻ അധികൃതരുടെ പ്രേരണയാൽ 1975-ൽ വിട്ടയക്കപ്പെട്ടു. ഭരണകൂടത്തിൻറെ കർശനമായ നിരീക്ഷണത്തിനു കീഴെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും വിലക്കപ്പെട്ട അദ്ദേഹത്തിന് 1977 മേയിൽ ഇറാനിൽ നിന്നും നാടു വിട്ട് പോകാനുള്ള അനുമതി ലഭിച്ചു. തുടർന്ന് ലണ്ടനിലെത്തിയെ ശരീഅത്തിയെ ഏതാനും ആഴ്ച്ചകൾക്ക് ശേഷം 1977 ജൂൺ 19ന് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ഭരണകൂടഭാഷ്യമെന്നാലും ഷായുടെ ചാരസംഘടനയായ സവാക്ക് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് വ്യാപകമായി സംശയിക്കപ്പെടുന്നത്. പ്രധാന കൃതികൾ
മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികൾ
അവലംബം
കുറിപ്പുകൾ"എനിക്ക് മതമില്ല, എന്നാലും ഞാനൊരു മതം തെരെഞ്ഞെടുക്കുമായിരുന്നെങ്കിൽ അത് ശരീഅത്തിയുടെ മതമായിരുന്നേനെ" (ജീൻ പോൾ സാർത്ര്) പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia