അറേബ്യൻ ഓറിക്സ്
അറേബ്യൻ ഓറിക്സ് അഥവാ വെള്ള ഓറിക്സ് (Oryx leucoryx) ഇടത്തരം വലിപ്പമുള്ള കൃഷ്ണമൃഗത്തിൻറ വംശത്തിലുള്ള ഒരു ജീവി വർഗ്ഗമാണ്. വളരെ നീളമുള്ളതും എഴുന്നു നിൽക്കുന്നതുമായ കൊമ്പുകളും, ജഡ കെട്ടിയ നിബിഢമായ വാലും ഇവയുടെ പ്രത്യേകതകളാണ്.[2] ഓറിക്സ് വംശത്തിലെ വലിപ്പം കുറഞ്ഞ ഇവ അറേബ്യൻ ഉപദ്വീപിലെ മരുഭൂമികളിലും മരങ്ങളില്ലാത്ത വിശാലമായ പുൽമൈതാനങ്ങളിലും കാണപ്പെടുന്നു. 1970 മുതൽ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ നിന്ന് ഈ ജീവികൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കാഴ്ചബംഗ്ലാവുകളിലും സ്വകാര്യ മൃഗസങ്കേതങ്ങളിലും ഇവയിൽ ഏതാനും എണ്ണത്തെ പരിരക്ഷിച്ചു വരുന്നു. 1980 കളിൽ ഇവയെ വംശവർദ്ധനവു നടത്തി വന്യമായ അവസ്ഥയിൽത്തന്നെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. 1986 ൽ അറേബ്യൻ ഓറക്സുകളെ IUCN, വംശനാശത്തിൻറെ വക്കിലുള്ള മൃഗങ്ങളുടെ പട്ടകയിൽ ഉൾപ്പെടുത്തി. 2011 വന്യമായി സാഹചര്യത്തിലുള്ള ആകെ അറേബ്യൻ ഓറിക്സുകളുടെ എണ്ണം 1,000 ആണെന്നു കണ്ടെത്തിയിരുന്നു. അതു കൂടാതെ ലോകത്തൊട്ടാകെയായി ബന്ധനത്തിൽ കഴിയുന്ന മറ്റൊരു 6,000 - 7000 അറേബ്യൻ ഓറിക്സുകളുണ്ടെന്നു കണക്കാക്കിയിട്ടുണ്ട്. ഖത്തറിലെ ദോഹയിൽ 2006 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ "Orry" എന്ന പേരിൽ ഭാഗ്യചിഹ്നമായി തെരഞ്ഞടുക്കപ്പെട്ടത് അറേബ്യൻ ഓറിക്സിൻറെ രൂപമായിരുന്നു.[3] ഖത്തർ എയർലൈൻസിൻറെ വാൽച്ചിറകിനു സമീപമുള്ള മുദ്ര അറേബ്യൻ ഓറിക്സിൻറേതാണ്. യു.എ.ഇ. യുടെ ദേശീയ മൃഗം കൂടിയാണീ മൃഗം.[4] ശാരീരിക പ്രത്യേകതകൾനിവർന്നു നിൽക്കുന്ന ഒരു അറേബ്യൻ ഓറിക്സിന് തോൾഭാഗത്തു നിന്നുള്ള ഉയരം 1 മീറ്ററും (39 ഇഞ്ച്) തൂക്കം ഏകദേശം 70 കി.ഗ്രാം (150 lb) ആണ്. ശരീരം മൂടിയ ചർമ്മത്തിൻ തിളങ്ങുന്ന വെള്ളനിറമാണ്. ശരീരത്തിനടിവശവും കാലുകളും മങ്ങിയ തവിട്ടു നിറമാണ്. തല മുതൽ കഴുത്തു വരെയുള്ള ഭാഗത്തും, നെറ്റിയിലും മൂക്കിലും കണ്ണുകൾക്കു സമീപവുമെല്ലാം കറുത്ത വരകൾ കാണപ്പെടുന്നു. ആൺ വർഗ്ഗത്തിനും പെൺ വർഗ്ഗത്തിനും വളരെ നീളമുള്ളതും വളവില്ലാതെയോ അല്പം വളവോടു കൂടിയോ ഉള്ള വലയങ്ങളുള്ളതുമായ കൊമ്പുകളുണ്ട്. ഈ കൊമ്പുകൾക്ക് 50 മുതൽ 75 സെൻറീ മീറ്റർ (20 മുതൽ 30 ഇഞ്ച് വരെ) നീളമുണ്ടാകും. മരുഭൂമിയിൽ ചൂടുള്ള സമയം അവ വിശ്രമിക്കുകയും മഴയ്ക്കുള്ള സാദ്ധ്യത മനസ്സിലാക്കി മുന്നോട്ടു നീങ്ങുകയും ചെയ്യുന്നു. ഇവ കൂട്ടമായിട്ടാണ് മേയുന്നത്. ഒമാനിലുള്ള ഒരു കൂട്ടം ഓറിക്സുകൾക്ക് ഏകദേശം 3,000 ചതുരശ്ര കിലോമീറ്റർ (1,200 ചതുരശ്ര മൈൽ) പ്രദേശത്തു മേയുവാൻ സാധിക്കുന്നതാണ്. ഒരു കൂട്ടം ഓറിക്സുകളിൽ ആൺവർഗ്ഗങ്ങളും പെൺ വർഗ്ഗങ്ങളും ഇടകലർന്നായിരിക്കും കാണപ്പെടുക. ഒരു കൂട്ടത്തിൽ രണ്ടു മുതൽ 15 വരെ ഓറിക്സുകളെ കാണാം. 100 ഓറിക്സുകൾ വരെയുള്ള കൂട്ടത്തെ കണ്ടിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ഇവ സാധാരണയായി പരസ്പരം ആക്രമിക്കുന്ന സ്വഭാവമുള്ള മൃഗങ്ങളല്ല.[5] മനുഷ്യനെ ഒഴിച്ചു നിർത്തിയാൽ ചെന്നായ്ക്കൾ മാത്രമാണ് മരുഭൂമിയിൽ ഓറിക്സുകളെ ആക്രമിച്ചു കൊല്ലാറുള്ളത്. ബന്ധനത്തിലുള്ളതും വന്യമായ സാഹചര്യങ്ങളിലുള്ളതുമായ ഓറിക്സുകൾ ഏറ്റവും കുറഞ്ഞത് 20 വർഷം വരെയെങ്കിലും ജീവിക്കാറുണ്ട്.[6] തുടർച്ചയായ വരൾച്ച, ഭക്ഷണ ദൗർലഭ്യം, നിർജലീകരണം എന്നിവയയും ഇവയുടെ ജീവിതകാലയളവിനെ സ്വാധീനിക്കുന്നു. അപൂർവ്വമായി ആൺമൃഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടാകാറുണ്ട്. ഇതു ചിലപ്പോൾ ഒരു മൃഗത്തിൻറ മരണത്തിലാണവസാനിക്കുക. സർപ്പ ദംശനം, രോഗങ്ങൾ, വെള്ളപ്പൊക്കത്തിലകപ്പെടുക എന്നതൊക്കെ ഇവയുടെ മരണഹേതുവാകുന്ന കാരണങ്ങളാണ്.[7] പാർപ്പിട മേഖലചരിത്രപരമായി അറേബ്യൻ ഓറിക്സുകൾ പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ മരുഭൂമികളിലുടനീളം കാണപ്പെട്ടിരുന്നു. 1800 കളിൽ സിനായ് മരുഭൂമി, പാലസ്തീൻ, ട്രാൻസ് ജോർദാൻ, ഇറാഖ് പ്രദേശങ്ങളിൽ കൂട്ടങ്ങളായി മേഞ്ഞിരുന്നു. 19, 20 നൂറ്റാണ്ടുകളുടെ ആരംഭത്തിൽ അവയുടെ വ്യാപ്തി സൌദി അറേബ്യൻ പ്രദേശത്തേയ്ക്കായി. സൌദി അറേബ്യയ്ക്കു പുരത്തുള്ള രാജ്യങ്ങളിൽ ഇവ നാമ മാത്രമായി കാണപ്പെടുന്നു. 1930 കളിൽ ഏതാനും ഓറിക്സുകളെ ജോർദാനിൽ കണ്ടെത്തിയിരുന്നു. 1930 കളുടെ മദ്ധ്യത്തിൽ ഓറിക്സുകളുടെ അംഗസംഖ്യ സൌദി അറേബ്യയുടെ വടക്കു പടിഞ്ഞാറുള്ള "നുഫുദ്" മരുഭൂമിയിലും തെക്കുള്ള റബ് അൽ ഖാലിയിലും മാത്രമായി ഒതുങ്ങി.[8] 1930 കളിൽ അറേബ്യൻ രാജകുമാരൻമാരും എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥന്മാരും വാഹനങ്ങളും മെഷീൻ ഗണ്ണുകളുമുപയോഗിച്ച് അറേബ്യൻ ഓറിക്സുകളെ വൻതോതിൽ വേട്ടയാടിയിരുന്നു. അനിയന്ത്രിമായ ഈ വേട്ടകളുടെ ഫലമായി രാജ്യത്തിൻറെ വടക്കൻ ഭാഗങ്ങളിലുള്ള ഓറിക്സുകൾ നാമാവശേഷമായിത്തീർന്നു.[8] 1972 മുതൽ വന്യമായ പരിതഃസ്ഥിതികളിൽ ഇവയെ വിണ്ടും വിന്യസിപ്പിക്കുവാനുള്ള പരിശ്രമങ്ങൾ തുടങ്ങിയിരുന്നു.[9] അറേബ്യൻ ഓറിക്സുകൾ പൊടിക്കല്ലുകളും മണലും നിറഞ്ഞ മരുഭൂ കാലാവസ്ഥ ഇഷ്ടപ്പെടുന്നു. ഈ കാലാവസ്ഥയിൽ ഇവയ്ക്കു വേഗത്തിൽ കുതിച്ചോടി ശത്രുക്കളിൽ നിന്നു രക്ഷ നേടാൻ സാധിക്കുന്നു. സൌദി അറേബ്യയിലെ മണൽക്കാടുകളിലെ ഉറച്ച മണലുള്ള പ്രദേശങ്ങളിലാണ് ഇവയെ പൊതുവായി കാണാറുള്ളത്.[8] സംരക്ഷണംഒമാൻ, സൌദി അറേബ്യ, ഇസ്രായേൽ, യു.എ.ഇ., ജോർദാൻ എന്നീ രാജ്യങ്ങൾ ഇവയുടെ വംശവർദ്ധനവിനായുള്ള വിവിധ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ബഹ്റൈനിലെ ഹവാർ എന്ന ദ്വീപിൽ ഒരു ചെറു കൂട്ടത്തെ അധിവസിപ്പിച്ചിരിക്കുന്നു. വംശവർദ്ധനവിലൂടെ പുനരവതരിപ്പിച്ച അറേബ്യൻ ഓറിക്സുകളുടെ ആകെ എണ്ണം കണക്കാക്കിയിരിക്കുന്നത് 1,000 ആണ്. 2007 ജൂൺ 28 ന്, ഒമാനിലെ "അറേബ്യൻ ഓറിക്സ് സാങ്ച്വരി" യുണെസ്കോ ലോക പൈതൃക ലിസ്റ്റിൽ നിന്നും ഒഴിവാക്കി. ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്നവയിൽ ആദ്യത്തേതായിരുന്നു ഇത്. ഒമാൻ സർക്കാർ ഈ സാങ്ച്വറിയുടെ 90 ശതമാനം ഭാഗങ്ങളും എണ്ണ പര്യവേഷണത്തിനു തുറന്നു കൊടുത്തതിനാലായിരുന്നു ഈ നടപടി. 1996 ൽ 450 എണ്ണമുണ്ടായിരുന്ന അറേബ്യൻ ഓറിക്സുൾ 2007 ആയപ്പോഴേയ്ക്കും വെറും 65 എണ്ണം മാത്രമായി. ഇപ്പോൾ ഏതാനും എണ്ണം മാത്രമാണ് ഈ സാങ്ച്വറിയുടെ പ്രദേശത്തു ബാക്കിയുള്ളത്.[10] ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia