അമിതാഭ് ബച്ചൻ
പ്രശസ്തനായ ഭാരതീയ ചലച്ചിത്ര അഭിനേതാവാണ് അമിതാഭ് ബച്ചൻ. (ഉർദു: امیتابھ بچن ,ഹിന്ദി: अमिताभ बच्चन IPA: [/əmitaːbʱ bətʃːən/]) (ജനനം: ഒക്ടോബർ 11, 1942) ഇൻക്വിലാബ് ശ്രീവാസ്തവ എന്ന പേരിൽ ജനിച്ച അദ്ദേഹം ഒരു ചലച്ചിത്ര നടൻ എന്നതിനൊപ്പം ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ ഹോസ്റ്റ്, പിന്നണി ഗായകൻ, മുൻ രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും പ്രശസ്തനാണ്. 1970 കളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ സഞ്ജീർ, ദിവാർ, ഷോലെ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന് തുടക്കത്തിൽ പ്രശസ്തി നേടിക്കൊടുക്കുകയും ബോളിവുഡ് സ്‌ക്രീനിലെ വേഷങ്ങൾ അദ്ദേഹത്തിന് ഇന്ത്യയുടെ "ക്ഷുഭിതനായ യുവാവ്" എന്ന പേരിൽ അറിയപ്പെടുന്നതിനും ഇടയാക്കി. ബോളിവുഡിലെ ഷഹൻഷാ, സാദി കാ മഹാനായക് ("നൂറ്റാണ്ടിലെ ഏറ്റവും മികച്ച നടൻ" എന്ന് ഹിന്ദി), സ്റ്റാർ ഓഫ് മില്ലേനിയം, അല്ലെങ്കിൽ ബിഗ് ബി,[4][5][6] എന്നിങ്ങനെ പരാമർശിക്കപ്പെടുന്ന അദ്ദേഹം, ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട തന്റെ അഭിനയജീവിതത്തിൽ 190 ലധികം ഇന്ത്യൻ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.[7] ഇന്ത്യൻ സിനിമയുടെയും ലോക സിനിമയുടെയും ചരിത്രത്തിലെ ഏറ്റവും മഹത്തായതും സ്വാധീനമുള്ളതുമായ നടന്മാരിൽ ഒരാളായി ബച്ചൻ പരക്കെ കണക്കാക്കപ്പെടുന്നു.[8][9][10][11][12] 1970 കളിലും 1980 കളിലും ഇന്ത്യൻ ചലച്ചിത്രരംഗം പൂർണ്ണമായും അദ്ദേഹത്തിന്റെ ആധിപത്യത്തിൻ കീഴിലായിരുന്നതിനാൽ ഫ്രഞ്ച് സംവിധായകൻ ഫ്രാങ്കോയിസ് ട്രൂഫൗട്ട് അദ്ദേഹത്തെ "വൺ-മാൻ ഇൻഡസ്ട്രി" എന്ന് വിളിച്ചു.[13] ഇന്ത്യൻ ഉപഭൂഖണ്ഡത്തിനപ്പുറം, ആഫ്രിക്ക (ദക്ഷിണാഫ്രിക്ക പോലുള്ളവ), മദ്ധ്യപൂർവ്വേഷ്യ (പ്രത്യേകിച്ച് ഈജിപ്ത്), യുണൈറ്റഡ് കിംഗ്ഡം, റഷ്യ, അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപണികളിൽ അദ്ദേഹത്തിന് ഏറെ ആരാധകരും സ്വാധീനവുമുണ്ട്.[14][15][16] മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ, ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാൽക്കെ അവാർഡ്, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അവാർഡ് ദാന ചടങ്ങുകളിലും ലഭിച്ചിട്ടുള്ള നിരവധി അവാർഡുകൾ ഉൾപ്പെടെ ബച്ചൻ തന്റെ കരിയറിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പതിനഞ്ച് ഫിലിംഫെയർ അവാർഡുകൾ നേടിയ അദ്ദേഹം ആകെ 41 നാമനിർദ്ദേശങ്ങൾ എന്ന നിലയിൽ ഫിലിംഫെയറിലെ ഏതെങ്കിലും പ്രധാന അഭിനയ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ്. അഭിനയത്തിനു പുറമേ, പിന്നണി ഗായകൻ, ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹു വാണ്ട്സ് ടു ബി എ മില്ല്യണർ? എന്ന ഗെയിം ഷോയുടെ ഇന്ത്യൻ പതിപ്പായ കോൻ ബനേഗ ക്രോർപതിയുടെ നിരവധി സീസണുകളിൽ അദ്ദേഹം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 1980 കളിൽ ഒരു ഹ്രസ്വകാലം അദ്ദേഹം രാഷ്ട്രീയത്തിലും പ്രവേശിച്ചിരുന്നു. കലാ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് 1984 ൽ പദ്മശ്രീ, 2001 ൽ പത്മഭൂഷൺ, 2015 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു. സിനിമാ ലോകത്തും അതിനുമപ്പുറത്തുമുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കരിയറിന്റെപേരിൽ ഫ്രാൻസ് സർക്കാർ 2007 ൽ അദ്ദേഹത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു. ബാസ് ലുഹ്മാന്റെ ദി ഗ്രേറ്റ് ഗാറ്റ്സ്ബി (2013) എന്ന ഹോളിവുഡ് ചിത്രത്തിലും ബച്ചൻ പ്രത്യക്ഷപ്പെടുകയും, അതിൽ മേയർ വുൾഫ്ഷൈം എന്ന ഇന്ത്യൻ ഇതര ജൂത കഥാപാത്രത്തെ അവതരിപ്പിച്ചിക്കുകയും ചെയ്തു. ആദ്യ ജീവിതംപ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്റായ് ബച്ചന്റെ സീമന്ത പുത്രനായി 1942 ഒക്ടോബർ 11-നു ഉത്തർപ്രദേശിലെ അലഹബാദിൽ ജനിച്ചു.[17] ഹിന്ദി ഭാഷ സംസാരിക്കുന്ന കയസ്ത ഹിന്ദു കവിയായിരുന്ന പിതാവ് ഹരിവംശ് റായ് ബച്ചന് അവാധി,[18] ഉറുദു[19] എന്നീ ഹിന്ദുസ്ഥാനി ഭാഷകളിലും അതിയായ പ്രാവീണ്യമുണ്ടായിരുന്നു. പിതാവിന്റെ പക്ഷത്തുള്ള അദ്ദേഹത്തിന്റെ പൂർവ്വികർ ഇന്നത്തെ ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലെ റാണിഗഞ്ച് തഹ്‌സിലിലെ ബാബുപട്ടി എന്ന ഗ്രാമത്തിൽ നിന്നാണ് വന്നത്.[20] അദ്ദേഹത്തിന്റെ മാതാവ് തേജി ബച്ചൻ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലെ ലിയാൽപൂരിൽ നിന്നുള്ള (ഇന്നത്തെ ഫൈസലാബാദ്, പഞ്ചാബ്, പാകിസ്താൻ) ഒരു സാമൂഹിക പ്രവർത്തകയും പഞ്ചാബി സിഖ് വനിതയുമായിരുന്നു.[21] ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന മുദ്രാവാക്യമായ 'ഇൻക്വിലാബ് സിന്ദാബാദ്' (ഇംഗ്ലീഷിലേക്ക് "ലോംഗ് ലൈവ് ദി റെവലൂഷൻ" എന്ന വിവർത്തനം) എന്ന വാക്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബച്ചനെ തുടക്കത്തിൽ ഇൻക്വിലാബ് എന്ന് നാമകരണം ചെയ്തത്. എന്നിരുന്നാലും, ഒരു ടൈംസ് ഓഫ് ഇന്ത്യ ലേഖനത്തിൽ പറയുന്നതനുസരിച്ച്, സഹ കവി സുമിത്രാനന്ദൻ പന്തിന്റെ നിർദ്ദേശപ്രകാരം ഹരിവംശ് റായ് കുട്ടിയുടെ പേര്, "ഒരിക്കലും അണയാത്ത വെളിച്ചം" എന്നർത്ഥം വരുന്ന അമിതാഭ് എന്നാക്കി മാറ്റി.[22][a] അദ്ദേഹത്തിന്റെ വംശനാമം ശ്രീവാസ്തവ എന്നായിരുണെങ്കിലും, അമിതാഭിന്റെ പിതാവ് 'ബച്ചൻ' എന്ന തൂലികാനാമം സ്വീകരിക്കുകയും (ഹിന്ദി ഗ്രാമ്യ ഭാഷയിൽ "കുട്ടിയെപ്പോലെ"), അദ്ദേഹത്തിന്റെ എല്ലാ കൃതികളും ആ നാമത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.[23] പേരിന്റെ ഒടുവിലെ ഈ നാമത്തോടെയാണ് അമിതാഭ് സിനിമകളിലും മറ്റെല്ലാ മേഖലകളിലും അരങ്ങേറ്റം കുറിച്ചത്, ബച്ചൻ എന്നത് അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏറ്റവുമടുത്ത എല്ലാവരുടെയും കുടുംബപ്പേരായി മാറി.[24] ബച്ചന്റെ പിതാവ് 2003 ലും മാതാവ് 2007 ലും മരണമടഞ്ഞു.[25] നൈനിത്താൾ ഷെയർവുഡ് കോളജിലും ഡൽഹി യൂണിവേഴ്സിറ്റിയുടെ കൈറോറിമാൽ കോളജിലുമായി വിദ്യാഭ്യാസം[26] പൂർത്തിയാക്കിയ ബച്ചൻ, പിന്നീട് കൊൽക്കത്തയിലെ കപ്പൽ ശാലയിൽ കുറച്ചുകാലം ജോലി നോക്കി. അജിതാഭ് എന്ന പേരിൽ അദ്ദേഹത്തിന് ഒരു ഇളയ സഹോദരനുണ്ട്. അദ്ദേഹത്തിന്റെ മാതാവിന് നാടകവേദിയിൽ അതീവ താല്പര്യം ഉണ്ടായിരുന്നതിനാൽ ഒരു ഫീച്ചർ ഫിലിം റോൾ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെങ്കിലും അവർ തന്റെ വീട്ടുജോലികളിൽ സന്തോഷം കണ്ടെത്തി. അമിതാഭ് ബച്ചന്റെ കരിയർ തിരഞ്ഞെടുപ്പിൽ തേജിക്കു ചില സ്വാധീനമുണ്ടായിരുന്നു.[27] അഭിനയജീവിതം![]() ആദ്യകാലം (1969–1972) 1969 ൽ മൃണാൾ സെന്നിന്റെ ഭുവൻ ഷോം എന്ന ദേശീയ അവാർഡ് സിനിമയിലെ ശബ്ദ സാന്നിദ്ധ്യമായി ബച്ചൻ ചലച്ചിത്ര രംഗത്ത് തന്റെ അരങ്ങേറ്റം നടത്തി.[28] 1968-ൽ മുംബൈയിൽ എത്തിയ ബച്ചൻ 1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി[29] എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. ഈ ചിത്രത്തിലെ ഏഴ് നായകന്മാരിൽ ഒരാളായിട്ടാണ് അദ്ദേഹത്തിന്റെ അഭിനയരംഗത്തേയ്ക്കുള്ള തുടക്കം. ഉത്പാൽ ദത്ത്, അൻവർ അലി (ഹാസ്യനടൻ മെഹ്മൂദിന്റെ സഹോദരൻ), മലയാള നടൻ മധു, ജലാൽ ആഘ എന്നിവരാണ് ബച്ചന്റെ ഒപ്പം ഈ ചിത്രത്തിൽ അഭിനയിച്ചത്.[30][31] വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്കാരം ബച്ചനു നേടിക്കൊടുത്തു. പർവാനയിൽ (1971) തന്റെ ആദ്യ വൈരുദ്ധ്യാത്മക വേഷമായ കൊലപാതകിയായി മാറിയ കാമുകന്റെ വേഷം അദ്ദേഹം ചെയ്തു. പർവാനയെ തുടർന്ന് 1971-ൽ സുനിൽദത്ത് സംവിധാനം ചെയ്ത രേഷ്മ ഓർ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചൻ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി. 1971ൽ തന്നെ പുറത്തിറങ്ങിയ, ഹൃഷികേശ് മുഖർജീ സംവിധാനം ചെയ്ത ആനന്ദ് എന്ന ചലച്ചിത്രത്തിലെ ദോഷൈകദൃക്കായ ഡോക്ടറുടെ വേഷം ബച്ചനു ആ വർഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു. ഈ സമയത്ത് തന്റെ ഭാവി വധുവായി മാറിയ ജയ ഭാദുരി അഭിനയിച്ച ഗുഡ്ഡി എന്ന സിനിമയിലും ഒരു അതിഥി വേഷത്തിൽ അഭിനയിച്ചു. ബവാർച്ചി എന്ന ചിത്രത്തിന്റെ ഏതാനും ഭാഗങ്ങളിൽ അദ്ദേഹം ശബ്ദം കടം കൊടുത്തിരുന്നു. 1972 ൽ എസ്. രാമനാഥൻ സംവിധാനം ചെയ്ത ബോംബെ ടു ഗോവ എന്ന റോഡ് ആക്ഷൻ കോമഡിയിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയും ഈ ചിത്രം സാമാന്യവിജയം നേടുകയം ചെയ്തു.[32][33] ആദ്യകാലഘട്ടത്തിൽ ബച്ചന്റെ പല സിനിമകളും മികച്ച പ്രകടനം കാഴ്ചവച്ചില്ല, പക്ഷേ അത് മാറ്റത്തിലേയ്ക്കുള്ള ഒരു തുടക്കമായിരുന്നു.[34] താരപദവിയിലേയ്ക്ക് (1973–1974) തന്റെ മുപ്പതാം വയസ്സിൽ പന്ത്രണ്ട് ഫ്ലോപ്പുകളും രണ്ട് ഹിറ്റുകളും മാത്രമുള്ള ഒരു "പരാജയപ്പെട്ട പുതുമുഖം" ആയിട്ടാണ് ബച്ചൻ രംഗത്തു പിടിച്ചുനിൽക്കാനുള്ള തീവ്രശ്രമം നടത്തുന്നത്. (ബോംബെ ടു ഗോവയിലെ നായകവേഷവും ആനന്ദിലെ സഹ കഥാപാത്രവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ മികച്ച സിനിമകളായി എടുത്തുപറയുവാനുണ്ടായിരുന്നത്). സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന തിരക്കഥാകൃത്ത് ദ്വയം ‘സലിം-ജാവേദ്’ ബച്ചനിലെ അഭിനേതാവിനെ താമസിയാതെ കണ്ടെത്തി.[35] സലിം ഖാൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജീറിലെ (1973) "ക്ഷുഭിത യുവാവിനെ" ആവിഷ്കരിക്കുവാൻ ബച്ചൻ നിയുക്തനായി. സഹ-എഴുത്തുകാരനായി ജാവേദ് അക്തറും[36] ചിത്രത്തിന്റെ സംവിധായകനെന്ന നിലയിൽ പ്രകാശ് മെഹ്‌റയും ഈ തിരക്കഥയെ തകർപ്പൻ സാധ്യതയുള്ള ഒന്നായി കണ്ടു. എന്നിരുന്നാലും, "ക്ഷുഭിതനായ യുവാവ്" എന്ന കഥാപാത്രത്തിനായി ഒരു നടനെ കണ്ടെത്താൻ അവർ പാടുപെടുകയായിരുന്നു; അക്കാലത്ത് സിനിമാ വ്യവസായത്തിൽ പ്രബലമായ "റൊമാന്റിക് ഹീറോ" ഇമേജിന് ഇത് എതിരായതിനാൽ ഈ വേഷം ചെയ്യുന്നതിന് സമീപിച്ച നിരവധി അഭിനേതാക്കൾ നിരസിച്ചു.[37] സലിം-ജാവേദ് താമസിയാതെ ബച്ചനെ കണ്ടെത്തുകയും "മിക്ക നിർമ്മാതാക്കളുടേയും ശ്രദ്ധയിൽപ്പെടാത്ത അദ്ദേഹത്തിന്റെ കഴിവുകൾ കണ്ടുപിടിക്കുകയും ചെയ്തു. മികച്ചതല്ലാത്ത സിനിമകളിലെ ഒരു പ്രതിഭാധനനായ നടനായ അദ്ദേഹം ഒരു അസാധാരണ അഭിനേതാവായിരുന്നു.[38] സലീം ഖാൻ പറയുന്നതനുസരിച്ച്, സഞ്ജീറിലെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായി നടനായിരുന്നു അമിതാഭെന്ന് അവർക്ക് ശക്തമായി തോന്നി.[39] പ്രകാശ് മെഹ്‌റയ്ക്ക് സലിം ഖാൻ ബച്ചനെ പരിചയപ്പെടുത്തുകയും[40] ബച്ചൻ ഈ വേഷം അവതരിപ്പിക്കണമെന്ന് സലിം ജാവേദ് നിർബന്ധിക്കുകയും ചെയ്തു.[41] ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അതിന് മുമ്പുള്ള റൊമാന്റിക് പ്രമേയങ്ങളുള്ള സിനിമകളിൽ നിന്ന് തികച്ചും വിഭിന്നമായിരുന്ന, ഇത് അമിതാഭിനെ ബോളിവുഡ് സിനിമയിലെ "കോപാകുലനായ യുവാവ്" എന്ന ഒരു പുതിയ വ്യക്തിത്വത്തിൽ സ്ഥാപിച്ചു.[42] മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെടുകയും പിന്നീട് ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത് എന്നു വിലയിരുത്തപ്പെടുകയും ചെയ്തു.[43] ഈ ചിത്രം വൻ വിജയവും ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവുമായി മാറുകയും ബച്ചനെ ഒരു താരമാക്കി ഉയർത്തുകയും ചെയ്തു.[44] സലിം-ജാവേദും അമിതാഭ് ബച്ചനും തമ്മിലുള്ള നിരവധി സഹകരണങ്ങളിൽ ആദ്യത്തേതാണ് ഇത്. പ്രധാന വേഷത്തിനായി സലിം-ജാവേദ് അവരുടെ തുടർന്നുള്ള പല തിരക്കഥകളും ബച്ചനെ മനസ്സിൽകണ്ടെഴുതുകയും അവരുടെ പിന്നീടുള്ള ബ്ലോക്ക്ബസ്റ്ററുകളായ ദിവാർ (1975), ഷോലെ (1975) പോലെയുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ അദ്ദേഹത്തെ നിർദ്ദേശിക്കുകയും ചെയ്തു.[45] താനുമായി ദീർഘവും വിജയകരവുമായ ഒരു ബന്ധം സ്ഥാപിച്ചിരുന്ന മൻമോഹൻ ദേശായി എന്ന സംവിധായകനോടൊപ്പം പ്രകാശ് മെഹ്‌റ, യാഷ് ചോപ്ര എന്നിവർക്കുമുന്നിലും സലിം ഖാൻ ബച്ചനെ പരിചയപ്പെടുത്തി.[46] ക്രമേണ, ബച്ചൻ ഹിന്ദി ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച മുൻനിര താരങ്ങളിലൊരാളായി മാറി. സഞ്ജീർ, ദീവാർ, ത്രിശൂൾ, കാലാ പഥർ, ശക്തി തുടങ്ങിയ സിനിമകളിലെ വക്രമായ വ്യവസ്ഥയോട് പോരാടാൻ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്ന നായകനെ ബച്ചൻ അവതരിപ്പിക്കുന്നത് അക്കാലത്തെ ജനങ്ങളിൽ സ്വാധീനമുണ്ടാക്കിയിരുന്നു, പ്രത്യേകിച്ച് ദാരിദ്ര്യം പോലുള്ള സാമൂഹിക അസ്വാസ്ഥ്യങ്ങൾ കാരണം അസംതൃപ്തി അനുഭവിച്ച യുവാക്കൾ, പട്ടിണി, തൊഴിലില്ലായ്മ, അഴിമതി, സാമൂഹിക അസമത്വം, അടിയന്തരാവസ്ഥയുടെ അതിരുകടന്ന ക്രൂരത എന്നിവ അനുഭവിക്കുന്നവർക്കിടയിൽ. 1970 കളിൽ പ്രചാരത്തിലുണ്ടായിരുന്നതും ഒരു മുഴുവൻ തലമുറയുടേയും മോഹഭംഗം, അസ്വസ്ഥത, കലാപബോധം, സ്ഥാപനവിരുദ്ധ സ്വഭാവം എന്നിവയെ ദ്യോതിപ്പിക്കുവാൻ പ്രയോഗിച്ചിരുന്ന ഒരു പത്രപ്രവർത്തനപരമായ അലങ്കാരവാക്യമായ "കോപാകുലനായ ചെറുപ്പക്കാരൻ" എന്ന് അദ്ദേഹത്തെ വിളിക്കാൻ ഇതു കാരണമായി.[47][48][49][50] 1973 ൽ അദ്ദേഹം ജയ ഭാദുരിയെ വിവാഹം കഴിച്ച സമയമായിരുന്നു ഇത്. ഈ സമയത്ത് സഞ്ജീർ, അഭിമാൻ പോലുള്ള പല ചിത്രങ്ങളിലും അവർ ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും വിവാഹത്തിന് ഒരു മാസം കഴിഞ്ഞ് പുറത്തിറങ്ങിയ അവയെല്ലാം ബോക്സോഫീസിൽ വിജയിക്കുകയും ചെയ്തു. ഹൃഷികേശ് മുഖർജി സംവിധാനം ചെയ്ത് ബിരേഷ് ചാറ്റർജി തിരക്കഥയെഴുതിയതും സൗഹൃദം പ്രമേയമാക്കിയതുമായ നമക് ഹറാം എന്ന സാമൂഹ്യ നാടകീയ ചിത്രത്തിൽ വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബച്ചൻ ഒരിക്കൽക്കൂടി രാജേഷ് ഖന്നയോടൊപ്പം അഭിനയിച്ചു. ഇതിലെ സഹനടന്റെ വേഷം അദ്ദേഹത്തെ തന്റെ രണ്ടാമത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരത്തിന് അർഹനാക്കി. 1974 ൽ റൊട്ടി കപ്ഡ ഔർ മകാൻ എന്ന സിനിമയിൽ ഒരു സഹനടനായി അഭിനയിക്കുന്നതിന് മുമ്പ് കുൻവാര ബാപ്പ്, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിൽ ബച്ചൻ നിരവധി അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മനോജ് കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച റൊട്ടി കപ്ഡ ഔർ മകാൻ അടിച്ചമർത്തലിനും സാമ്പത്തികവും വൈകാരികവുമായ ബുദ്ധിമുട്ടുകൾക്കിടയിലും സത്യസന്ധത എന്ന ഗുണത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു പ്രമേയമായിരുന്നു. 1974 ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രംകൂടിയായിരുന്നു ഇത്. തുടർന്ന് മജ്ബൂർ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ഇത് ബോക്സോഫീസിൽ വിജയം നേടുകയും ചെയ്തു.[51] സൂപ്പർതാര പദവിയിലേയ്ക്ക് (1975–1988) 1975 ൽ ചുപ്കെ ചുപ്കെ എന്ന ഹാസ്യാത്മകചിത്രം, ക്രൈം നാടകീയചിത്രം ഫറാർ മുതൽ റൊമാന്റിക് നാടകീയ ചിത്രമായിരുന്ന മിലി വരെ വിവിധതരം ചലച്ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതായി കരുതപ്പെടുന്ന രണ്ട് ചിത്രങ്ങളിൽ ബച്ചൻ അഭിനയിച്ച വർഷം കൂടിയാണിത്. ഇവ രണ്ടും സലിം-ജാവേദ് എഴുതിയതും ബച്ചനെ നായകനാക്കുവാൻ വീണ്ടും ശുപാർശ ചെയ്തുതുമാണ്.[52] ആദ്യത്തേത് യാഷ് ചോപ്ര സംവിധാനം ചെയ്ത ദിവാർ ആയിരുന്നു. ഈ ചിത്രത്തിൽ ശശി കപൂർ, നിരുപ റോയ്, പർവീൺ ബാബി, നീതു സിംഗ് എന്നിവരോടൊപ്പം അഭിനയിക്കുകയും മികച്ച നടനുള്ള മറ്റൊരു ഫിലിംഫെയർ നോമിനേഷൻ നേടുകയും ചെയ്തു. 1975 ൽ ബോക്സോഫീസിൽ വൻ വിജയമായി മാറിയ ഈ ചിത്രം നാലാം സ്ഥാനത്തെത്തി. ബോളിവുഡ് സിനിമകളിൽ അവശ്യം കണ്ടിരിക്കേണ്ട മികച്ച 25 ചിത്രങ്ങളിലൊന്നായി ഇൻഡ്യടൈംസ് മൂവീസ് ദിവാറിനെ വിലയിരുത്തി. മറ്റൊന്ന്, 1975 ഓഗസ്റ്റ് 15 ന് അടിയന്തരാവസ്ഥകാലത്തു പുറത്തിറങ്ങിയ ഷോലെ, അക്കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറുകയും അതിൽ ജയ്ദേവ് എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ബച്ചൻ അവതരിപ്പിക്കുകയും ചെയ്തു. സഞ്‌ജീർ എന്ന ചിത്രത്തിനൊപ്പം ഒരു താരമായി ഉയർന്നുവന്ന് കേവലം രണ്ടുവർഷത്തിനുശേഷം ബച്ചനെ സൂപ്പർതാര പദവിയിലേയ്ക്ക് ഉയർത്തി 1970 കളിലും 1980 കളിലും വ്യവസായമേഖലയിൽ തന്റെ ആധിപത്യം ഉറപ്പിച്ചതിനും ദിവാർ, ഷോലെ എന്നിവയുടെ സംഭാവന വളരെ വലുതായിരുന്നു. 1999 ൽ ബിബിസി ഇന്ത്യ ഷോലെ എന്ന ചിത്രത്തെ "സഹസ്രാബ്ദത്തിന്റെ ചിത്രം ആയി പ്രഖ്യാപിക്കുകയും ദീവാറിനെപ്പോലെ, ബോളിവുഡ് കണ്ടിരിക്കേണ്ട ഏറ്റവും മികച്ച 25 സിനിമകളിലൊന്നായി ഇൻഡിയാ ടൈംസ് മൂവീസും ഇതിനെ ഉദ്ധരിക്കുകയും ചെയ്തു. അതേ വർഷം, അമ്പതാം വാർഷിക ഫിലിംഫെയർ അവാർഡിലെ വിധികർത്താക്കൾ 50 വർഷങ്ങളിലെ മികച്ച ഫിലിംഫെയർ ചിത്രമെന്ന പ്രത്യേക അവാർഡിന് ഈ ചിത്രത്തിനു നൽകി. 1976 ൽ കഭി കഭി എന്ന റൊമാന്റിക് കുടുംബ നാടകീയ ചിത്രത്തിലേയ്ക്ക് യാഷ് ചോപ്ര അദ്ദേഹത്തെ തെരഞ്ഞെടുത്തു. ഒരു യുവ കവിയായ അമിത് മൽഹോത്രയായി ബച്ചൻ ഈ ചിത്രത്തിൽ തകർത്തഭിനയിച്ചു. ഈ ചിത്രത്തലെ പൂജ (രാഖി ഗുൽസാർ) എന്ന സുന്ദരിയായ പെൺകുട്ടിയുമായി അയാൾ അഗാധ പ്രണയത്തിലായി എങ്കിലും അവൾ മറ്റൊരാളെ (ശശി കപൂർ) പരിണയിക്കുന്നു. അദ്ദേഹത്തിന്റെ സഞ്ജീർ, ദീവാർ തുടങ്ങിയ ചിത്രങ്ങളിലെ “കോപാകുലനായ ചെറുപ്പക്കാരൻ” എന്ന ഇമേജിൽനിന്ന് ഏറെ വിരുദ്ധമായ ഈ ചിത്രത്തിലെ വേഷം ബച്ചനെ ഒരു റൊമാന്റിക് നായകനായി അവതരിപ്പിക്കുകയും നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ അനുകൂലമായ പ്രതികരണം ഈ ചിത്രം നേടിയെടുക്കുകയും ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് ബച്ചൻ വീണ്ടും മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അതേ വർഷംതന്നെ അച്ഛനും മകനുമായി അദാലത്ത് എന്ന ഹിറ്റ് ചിത്രത്തിൽ ഇരട്ട വേഷം ചെയ്തു. 1977 ൽ അമർ അക്ബർ ആന്റണിയിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടി. അതിൽ വിനോദ് ഖന്നയ്‌ക്കും റിഷി കപൂറിനുമൊപ്പം മൂന്നാമത്തെ നായകനായി ആന്റണി ഗോൺസാൽവസ് ആയി അഭിനയിച്ചു. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്. പർവാരിഷ്, ഖൂൻ പസീന എന്നിവരാണ് ആ വർഷത്തെ അദ്ദേഹത്തിന്റെ മറ്റ് മികച്ച വിജയങ്ങൾ. കസ്മെ വാഡെ (1978) എന്ന ചിത്രത്തിൽ അമിത്, ശങ്കർ എന്നീ കഥാപാത്രങ്ങളായും ഡോൺ (1978) എന്ന ചിത്രത്തിൽ ഡോൺ എന്ന അധോലോക നേതാവിനേയും അയാളോടു രൂപസാദൃശ്യമുള്ള വിജയ് എന്ന കഥാപാത്രമായും അഭിനയിച്ചുകൊണ്ട് അദ്ദേഹം വീണ്ടും തന്റെ ഇരട്ട വേഷങ്ങളിലുള്ള അഭിനയം പുനരാരംഭിച്ചു. അദ്ദേഹത്തിന്റെ അഭിനയം രണ്ടാമത്തെ ഫിലിംഫെയർ മികച്ച നടനുള്ള അവാർഡ് നേടുന്നതിനു സഹായിച്ചു. യാഷ് ചോപ്രയുടെ ത്രിശൂൽ, പ്രകാശ് മെഹ്‌റയുടെ മുക്കദ്ദർ കാ സിക്കന്ദർ എന്നിവയിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. ഇവ രണ്ടും മികച്ച നടനുള്ള ഫിലിംഫെയർ നോമിനേഷനുകൾ നേടി. മുക്കദർ കാ സിക്കന്ദർ, ത്രിശൂൾ, ഡോൺ, കാസ്മെ വാഡെ, ഗംഗാ കി സൗഗന്ധ്, ബെഷറാം എന്നീ വമ്പൻ വിജയങ്ങൾ നേടിയ 1978 അദ്ദേഹത്തിന്റെ ബോക്സോഫീസിലെ ഏറ്റവും വിജയകരമായ വർഷമായി കണക്കാക്കപ്പെടുന്നു. ആദ്യ മൂന്ന് ചിത്രങ്ങൾ തുടർച്ചയായി ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ, കുറഞ്ഞ ഇടവേളകളിൽ ശ്രദ്ധേയമായി റിലീസ് ചെയ്യപ്പെട്ടത് എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ അപൂർവ നേട്ടങ്ങൾ കൈവരിച്ചു. 1979 ൽ ബച്ചൻ സുഹാഗ് എന്ന ചിത്രത്തിൽ അഭിനയിക്കുകയും അത് ആ വർഷം ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി മാറുകയും ചെയ്തു. അതേ വർഷം തന്നെ മിസ്റ്റർ നട്‌വർലാൽ, കാലാ പഥർ, ദി ഗ്രേറ്റ് ഗാംബ്ലർ, മൻസിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരൂപക പ്രശംസയും മികച്ച വാണിജ്യ വിജയവും അദ്ദേഹം നേടി. നടി രേഖയ്‌ക്കൊപ്പം അദ്ദേഹം അഭിനയിച്ച മിസ്റ്റർ നട്‌വർലാൽ എന്ന ചിത്രത്തിൽ ആദ്യമായി ഒരു ഗാനം ആലപിക്കാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയവും ആലാപനവും മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനും മികച്ച പുരുഷ പിന്നണി ഗായകനുള്ള ഫിലിംഫെയർ അവാർഡിനും ബച്ചൻ നാമനിർദ്ദേശം ചെയ്യുന്നതിനിടയാക്കി. കലാ പഥറിലെ അഭിനയത്തിനു മികച്ച നടനുള്ള നോമിനേഷനും ലഭിച്ചതോടൊപ്പം 1980 ൽ രാജ് ഖോസ്ല സംവിധാനം ചെയ്ത ദോസ്താന എന്ന ചിത്രത്തിന് വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെട്ടു. അതിൽ ശത്രുഘൻ സിൻഹ, സീനത്ത് അമൻ എന്നിവരൊടൊപ്പമാണ് അഭിനയിച്ചത്. 1980 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ദസ്താന മാറി. 1981 ൽ യാഷ് ചോപ്രയുടെ മെലോഡ്രാമ ചിത്രമായ സിൽസിലയിൽ ഭാവി വധു ജയഭാദുരിക്കും രേഖയ്ക്കും ഒപ്പം അഭിനയിച്ചു. അഭിനയിച്ചു. ഷാൻ (1980), റാം ബൽറാം (1980), നസീബ് (1981), ലാവാറിസ് (1981), കാലിയ (1981), യാരാന (1981), ബർസാത് കി ഏക് രാത്ത് (1981), ദിലീപ് കുമാറിനൊപ്പം ശക്തി (1982) എന്നിവ ഈ കാലഘട്ടത്തിലെ വാണിജ്യവിജയം നേടിയ മറ്റു ചിത്രങ്ങളിൽ ഉൾപ്പെടുന്നു. 1982 ൽ സാത്തെ പെ സാത്തെ എന്ന സംഗീത ചിത്രത്തിലും ആക്ഷൻ നാടകീയ ചിത്രമായ ദേശ് പ്രേമിയിലും ഇരട്ട വേഷങ്ങൾ ചെയ്തു. ബോക്സ് ഓഫീസിൽ വിജയിച്ച ആക്ഷൻ കോമഡി ചിത്രം നമക് ഹലാൽ, ആക്ഷൻ നാടകീയ ചിത്രം ഖുദ്-ദാർ, നിരൂപക പ്രശംസ നേടിയ ബെമിസൽ എന്നിവയേപ്പോലെ ഇവയും മികച്ച വിജയങ്ങൾ നേടി. 1983 ൽ മഹാൻ എന്ന ചിത്രത്തിൽ മൂന്നു വേഷങ്ങൾ ചെയ്തുവെങ്കിലും അത് അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളെപ്പോലെ മികച്ച വിജയമായില്ല. ആ വർഷം പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങളിൽ നാസ്തിക്, ആന്ധാ കാനൂൺ (അതിൽ അദ്ദേഹത്തിന് അതിഥി വേഷം ഉണ്ടായിരുന്നു) ഹിറ്റുകളും പുക്കാർ ഒരു ശരാശരി വിജയവുമായിരുന്നു. 1984 മുതൽ 1987 വരെയുള്ള ചെറിയ കാലഘട്ടത്തിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച കാലത്ത് മർദ്ദ് (1985), ആഖ്രി രാസ്ത ( 1986) എന്നിവ പുറത്തിറങ്ങുകയും, അവ മികച്ച വിജയമായിത്തീരുകയും ചെയ്തു. കൂലി ചിത്രീകരണത്തിനിടയിലെ പരിക്ക് (1982–1983) 1982 ജൂലൈ 26 ന് ബാംഗ്ലൂരിലെ യൂണിവേഴ്സിറ്റി കാമ്പസിൽ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, സഹ നടൻ പുനീത് ഇസ്സാറുമൊത്തുള്ള ഒരു പോരാട്ട രംഗത്തിന്റെ ചിത്രീകരണത്തിനിടെ ബച്ചന് ആന്തരാവയവത്തിൽ മാരകമായി പരിക്കേറ്റു. ബച്ചൻ ഈ സിനിമയിൽ സ്വയം സ്റ്റണ്ടുകൾ അവതരിപ്പിക്കുകയായിരുന്നു, ഒരു രംഗത്തിൽ അദ്ദേഹത്തിന് ഒരു മേശപ്പുറത്തും പിന്നീട് നിലത്തു വീഴേണ്ടതായിരുന്നു. എന്നിരുന്നാലും, അയാൾ മേശക്കരികിലേക്ക് ചാടുമ്പോൾ, മേശയുടെ മൂല അദ്ദേഹത്തിന്റെ അടിവയറ്റിൽ തട്ടി, ഒരു സ്പ്ലെനിക് വിള്ളലിന് കാരണമാകുകയും, അദ്ദേഹത്തിന് ഗണ്യമായ തോതിൽ രക്തം നഷ്ടപ്പെടുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്ന ഈ പരിക്കിനേത്തുടർന്ന് അദ്ദേഹം മരണത്തോടു മല്ലടിച്ച് മാസങ്ങളോളം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞു. പൊതുജനങ്ങളുടെ പ്രതികരണങ്ങളിൽ ക്ഷേത്രങ്ങളിലെ പ്രാർത്ഥനകളും അദ്ദേഹത്തെ രക്ഷിക്കാനായി ബലിയർപ്പിക്കാനുള്ള നിരവധി സന്നദ്ധതകളും ഉൾപ്പെടുന്നു. പിന്നീട്, അദ്ദേഹം സുഖം പ്രാപിക്കുന്നവേളയിൽ ആശുപത്രിക്ക് പുറത്ത് ആരാധകരുടെ നീണ്ട നിരകൾ കാണപ്പെട്ടിരുന്നു. എന്നിരുന്നാലും, വളരെക്കാലത്തെ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ച അദ്ദേഹത്തെവച്ച് ആ വർഷം അവസാനം സിനിമാ ചിത്രീകരണം പുനരാരംഭിച്ചു. ഈ ചിത്രം 1983 ൽ പുറത്തിറങ്ങുകയും ബച്ചന്റെ അപകടത്തെക്കുറിച്ച് വലിയ പ്രചാരം ലഭിച്ചതിനാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയവും ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവുമായി മാറുകയും ചെയ്തു. സംവിധായകൻ മൻമോഹൻ ദേശായി, ബച്ചന്റെ അപകടത്തെത്തുടർന്ന് കൂലിയുടെ അവസാനത്തിൽ ചില മാറ്റങ്ങൾ വരുത്തി. ബച്ചന്റെ കഥാപാത്രം ആദ്യം കൊല്ലപ്പെടാൻ ഉദ്ദേശിച്ചുള്ളതായിരുന്നു, പക്ഷേ തിരക്കഥ മാറ്റിയതിനുശേഷം ഈ കഥാപാത്രം അവസാനംവരെ ജീവിക്കുന്ന വിധത്തിലായി. യഥാർത്ഥ ജീവിതത്തിൽ മരണത്തെ പ്രതിരോധിച്ച മനുഷ്യനെ സ്‌ക്രീനിൽ കൊല്ലുന്നത് ഉചിതമല്ലായിരുന്നുവെന്ന് ദേശായി പിന്നീട് പറഞ്ഞു. കൂടാതെ, പുറത്തിറങ്ങിയ സിനിമയിൽ പോരാട്ട രംഗത്തിന്റെ ഫൂട്ടേജ് നിർണായക നിമിഷത്തിൽ നിശ്ചലമാക്കുകയും കൂടാതെ നടന്റെ പരുക്കിന്റെ ഭാഗം തൽക്ഷണമായി കാണിച്ചുകൊണ്ട് സ്ക്രീനു താഴെ അടിക്കുറിപ്പ് ദൃശ്യമാക്കുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന് മയസ്തീനിയ ഗ്രാവിസ് എന്ന രോഗം കണ്ടെത്തി. അസുഖം അദ്ദേഹത്തെ മാനസികമായും ശാരീരികമായും ദുർബലനാക്കുകയും സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലെത്തിക്കുകയും ചെയ്തു. ഈ സമയത്ത് അദ്ദേഹം അശുഭാപ്തിവിശ്വാസിയായിത്തീരുകയും, ഒരു പുതിയ ചിത്രം എങ്ങനെ പ്രേക്ഷകരാൽ സ്വീകരിക്കപ്പെടുമെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ഓരോ റിലീസിന് മുമ്പും "യെ ഫിലിം ടു ഫ്ലോപ്പ് ഹോഗി!" ("ഈ സിനിമ പരാജയപ്പെടും") എന്നു പറയുകയും ചെയ്തിരുന്നു. കരിയർ തകർച്ചയും വിരമിക്കലും 1984 മുതൽ 1987 വരെയുള്ള കാലഘട്ടത്തിലെ മൂന്നുവർഷക്കാലത്തെ രാഷ്ട്രീയ പ്രവേശനത്തിനുശേഷം, 1988 ൽ ബച്ചൻ സിനിമകളിലേക്ക് മടങ്ങിയെത്തുകയും, ഷഹെൻഷ എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിൽ അഭിനയിക്കുകയും ഇത് ബോക്സ് ഓഫീസ് വിജയമായിത്തീരുകയും ചെയ്തു. അദ്ദേഹത്തിന്റെ തിരിച്ചുവരവു ചിത്രമായ ഷഹെൻഷായുടെ വിജയത്തിനുശേഷം പുറത്തിറങ്ങിയ ജാദൂഗർ, തൂഫാൻ, മേം ആസാദ് ഹൂം (1989 ൽ പുറത്തിറങ്ങിയവ) തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ അമ്പേ പരാജയപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ താരശക്തി ക്ഷയിച്ചു തുടങ്ങി. ഈ കാലഘട്ടത്തിലെ വിജയ ചിത്രങ്ങളിൽ ക്രൈം നാടകീയ ചിത്രമായ ആജ് കാ അർജുൻ (1990), ആക്ഷൻ ക്രൈം നാടകീയ ചിത്രം ഹം (1991) എന്നിവയിലൂടെ തന്റെ മൂന്നാമത്തെ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടുകയും ഈ ചിത്രങ്ങളുടെ വിജയം പ്രവണതകളെ മറികടക്കുമെന്ന് തോന്നിയെങ്കിലും ഇത് ഹ്രസ്വകാലത്തേയ്ക്കായി തുടരുകയും അദ്ദേഹത്തിന്റെ ബോക്സ് ഓഫീസ് പരാജയങ്ങളുടെ പരമ്പര തുടരുകയും ചെയ്തു. ഹിറ്റുകളുടെ അഭാവം ഉണ്ടായിരുന്നിട്ടും, ഈ കാലഘട്ടത്തിലാണ് 1990 ലെ വീര ചിത്രമായ അഗ്നിപഥിൽ ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാർഡ് ലഭിച്ചത്. അധോലോകത്ത് അകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെയാണ് ബച്ചൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇതിലെ അഭിനയത്തിന് ബച്ചൻ മികച്ച നടനുള്ള തന്റെ ആദ്യ ദേശീയ ചലച്ചിത്ര അവാർഡ് നേടി. . ഈ വർഷങ്ങളിൽ അദ്ദേഹം ഇടക്കിടെ മാത്രമാണ് സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. 1992 ൽ നിരൂപക പ്രശംസ നേടിയ ഖുദാ ഗവാ എന്ന ഇതിഹാസ ചിത്രം പുരത്തിറങ്ങിയതിനുശേഷം ബച്ചൻ സിനിമാരംഗത്തുനിന്ന് അഞ്ച് വർഷത്തേക്ക് അർദ്ധ വിരമിക്കൽ നടത്തി. ബോക്സോഫീസ് പരാജയമായ ഇൻസാനിയത്ത് (1994) വൈകി റിലീസ് ചെയ്തതൊഴിച്ചാൽ അടുത്ത അഞ്ചുവർഷക്കാലം ബച്ചൻ പുതിയ റിലീസുകളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. നിർമ്മാണക്കമ്പനിയും തിരിച്ചുവരവും (1996–1999) 1996 ൽ അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് (എബിസിഎൽ) എന്ന കമ്പനി സ്ഥാപിച്ചുകൊണ്ട് ബച്ചൻ തന്റെ താൽക്കാലിക വിരമിക്കൽ കാലയളവിൽ ഒരു നിർമ്മാതാവായി മാറി. ഇന്ത്യയിലെ വിനോദ വ്യവസായത്തിന്റെ മുഴുവൻ ക്രോസ് സെക്ഷനും ഉൾക്കൊള്ളുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും തങ്ങളിലൂടെ അവതരിപ്പിക്കുക എന്നതായിരുന്നു എബിസിഎല്ലിന്റെ തന്ത്രം. മുഖ്യധാരാ വാണിജ്യ ചലച്ചിത്ര നിർമ്മാണം വിതരണം, ഓഡിയോ കാസറ്റുകൾ, വീഡിയോ ഡിസ്കുകൾ, ടെലിവിഷൻ സോഫ്റ്റ്വെയറിന്റെ നിർമ്മാണവും അവയുടെ വിപണനവും, സെലിബ്രിറ്റി, ഇവന്റ് മാനേജുമെന്റ് എന്നിവയായിരുന്നു എബിസിഎല്ലിന്റെ മുഖ്യമായ പ്രവർത്തനങ്ങൾ. 1996 ൽ കമ്പനി ആരംഭിച്ചയുടനെ, ആദ്യമായി നിർമ്മിച്ച ചിത്രം തെരേ മേരെ സപ്നെ ആയിരുന്നു. ഒരു സാമാന്യ വിജയമായിരുന്ന ഈ ചിത്രത്തിലൂടെ അർഷാദ് വാർസി, തെന്നിന്ത്യൻ ചലച്ചിത്ര താരം സിമ്രാൻ തുടങ്ങിയ അഭിനേതാക്കളുടെ ബോളിവുഡ് അഭിനയജീവിതം ആരംഭിച്ചു. 1997 ൽ എ ബി സി എൽ നിർമ്മിച്ച മൃത്യുദാദ എന്ന ചിത്രത്തിലൂടെ ബച്ചൻ അഭിനയരംഗത്തേക്ക് തിരിച്ചുവരാനുള്ള ശ്രമം ശ്രമിച്ചു. ആക്ഷൻ ഹീറോ എന്ന നിലയിലുള്ള ബച്ചന്റെ മുൻ വിജയങ്ങളെ ആവർത്തിക്കാൻ മൃത്യുദാത എന്ന ചിത്രത്തിലൂടെ ശ്രമിച്ചുവെങ്കിലും സാമ്പത്തികമായും നിരൂപണപരമായും ഈ ചിത്രം പരാജയപ്പെട്ടു. 1996 ൽ ബാംഗ്ലൂരിൽ സംഘടിപ്പിക്കപ്പെട്ട മിസ്സ് വേൾഡ് സൗന്ദര്യമത്സരത്തിന്റെ പ്രധാന സ്പോൺസറായിരുന്നു എബിസിഎൽ എങ്കിലും ദശലക്ഷങ്ങൾ നഷ്ടപ്പെടാനായിരുന്നു അവരുടെ വിധി. സംഭവത്തിനുശേഷം എബിസിഎല്ലിനെയും അവരുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളെയും ചുറ്റിപ്പറ്റിയുള്ള വീഴ്ചകളും അതിന്റെ ഫലമായുണ്ടായ നിയമപോരാട്ടങ്ങളും, ഒപ്പം എബിസിഎല്ലിന്റെ മിക്ക ഉന്നതതല മാനേജർമാർക്കും അമിത വേതനം നൽകിയതായി റിപ്പോർട്ടുചെയ്യപ്പെട്ടുതും ഒടുവിൽ 1997 ൽ കമ്പനിയെ സാമ്പത്തികവും പ്രവർത്തനപരവുമായ തകർച്ചയിലേക്കും നയിച്ചു. ഇതിനെ ഭരണപരമായി പരാജയപ്പെട്ട ഒരു കമ്പനിയായി ഇന്ത്യൻ ഇൻഡസ്ട്രീസ് ബോർഡ് പിന്നീട് പ്രഖ്യാപിച്ചു. കാനറ ബാങ്കിന്റെ വായ്പ വീണ്ടെടുക്കൽ കേസുകൾ തീർപ്പാക്കുന്നത് വരെ ബോംബെ ഹൈക്കോടതി 1999 ഏപ്രിലിൽ ബച്ചനെ തന്റെ ബോംബെയിലെ ബംഗ്ലാവായി 'പ്രതീക്ഷ'യും മറ്റു രണ്ട് ഫ്ലാറ്റുകളും വിൽക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. തന്റെ കമ്പനിക്ക് ധനസമാഹരണത്തിനായി ബംഗ്ലാവ് പണയംവച്ചതായി ബച്ചൻ വാദിച്ചിരുന്നു. തന്റെ അഭിനയജീവിതം പുനരുജ്ജീവിപ്പിക്കാൻ ബച്ചൻ വീണ്ടും ശ്രമിക്കുകയും ഒടുവിൽ ബഡെ മിയാൻ ചോട്ടെ മിയാൻ (1998), മേജർ സാബ് (1998) എന്നീ ചിത്രങ്ങൾ മികച്ച വാണിജ്യവിജയം നേടുകയും സൂര്യവംശം (1999) എന്ന ചിത്രത്തിന് നല്ല അവലോകനങ്ങൾ ലഭിക്കുകയും ചെയ്തുവെങ്കിലും ലാൽ ബാദ്ഷാ (1999), ഹിന്ദുസ്ഥാൻ കി കസം (1999) എന്നിവം ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു. മുഖ്യധാരയിലേയ്ക്കുള്ള മടക്കം (2000 - ഇതുവരെ) 2000 ൽ ആദിത്യ ചോപ്ര സംവിധാനം നിർവ്വഹിച്ച യാഷ് ചോപ്രയുടെ ബോക്സ് ഓഫീസ് ഹിറ്റായ മൊഹബ്ബത്തേൻ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ പ്രത്യക്ഷപ്പെട്ടു. ഷാരൂഖ് ഖാന്റെ കഥാപാത്രത്തിന് എതിരാളിയായ പ്രായമുള്ള കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു. അദ്ദേഹത്തിന്റെ അഭിനയം മികച്ച സഹനടനുള്ള മൂന്നാമത്തെ ഫിലിംഫെയർ അവാർഡിന് അദ്ദേഹത്തെ അർഹനാക്കി. ഏക് രിഷ്താ: ദി ബോണ്ട് ഓഫ് ലവ് (2001), കഭി ഖുഷി കഭി ഗം (2001), ബാഗ്ബാൻ (2003) എന്നിവയിൽ ബച്ചൻ കുടുംബ കാരണവരായി ബച്ചൻ പ്രത്യക്ഷപ്പെട്ടു. ഒരു നടനെന്ന നിലയിൽ ആക്സ് (2001), ആംഖേൻ (2002), കാന്തേ (2002), ഖാഖി (2004), ദേവ് (2004) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി. ആക്സിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് നേടിയിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് (2005) ആയിരുന്നു ബച്ചനെ അദ്ദേഹത്തിന്റെ തിരിച്ചുവരിവിൽ ഏറെ സഹായിച്ച ഒരു പദ്ധതി. ബധിരയും അന്ധയുമായ ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന വൃദ്ധനായ അധ്യാപകനായി ബച്ചൻ ഈ ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയത്തെ നിരൂപകരും പ്രേക്ഷകരും ഏകകണ്ഠമായി വാഴ്ത്തുകയും മികച്ച നടനുള്ള രണ്ടാമത്തെ ദേശീയ ചലച്ചിത്ര അവാർഡും ഒപ്പം മികച്ച നടനുള്ള തന്റെ നാലാമത്തെ ഫിലിം ഫെയർ പുരസ്കാരം, രണ്ടാമത്തെ ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് എന്നിവയും അദ്ദേഹത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചു. ഈ പുനരുജ്ജീവനത്തെ മുതലെടുത്ത അമിതാഭ് വിവിധ ടെലിവിഷൻ, ബിൽബോർഡ് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് വിവിധതരം ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുവാൻ തുടങ്ങി. 2005 ലും 2006 ലും മകൻ അഭിഷേക് ബച്ചനോടൊപ്പം ബണ്ടി ഔർ ബബ്ലി (2005), സർക്കാർ (2005), കഭി അൽവിദ നാ കെഹ്ന (2006) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അവയെല്ലാംതന്നെ ബോക്സോഫീസിൽ തകർപ്പൻ വിജയങ്ങളായിരുന്നു. 2006 ലും 2007 ന്റെ തുടക്കത്തിലും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ബാബൂൾ (2006), ഏകലവ്യ, നിഷബ്ദ് (2007) എന്നിവ ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും അവയിലെ ഓരോന്നിലേയും പ്രകടനങ്ങൾ നിരൂപക പ്രശംസ നേടിയിരുന്നു. 2007 മെയ് മാസത്തിൽ അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങൾ: റൊമാന്റിക് കോമഡിയായ ചീനി കം, ഷൂട്ട്ഔട്ട് അറ്റ് ലോഖന്ദ്‍വാല എന്ന മൾട്ടി-സ്റ്റാർ ആക്ഷൻ നാടകീയ ചിത്രം എന്നിവ പുറത്തിറങ്ങി. ഷൂട്ട്ഔട്ട് അറ്റ് ലോഖന്ദ്‍വാല ബോക്‌സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഇന്ത്യയിൽ ചിത്രം ഹിറ്റായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തപ്പോൾ ചീനി കം മന്ദഗതിയിലുള്ള തുടക്കത്തിന് ശേഷം മികച്ച വിജയമായിത്തീർന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റായിരുന്ന ഷോലെയുടെ (1975) റീമേക്ക്, അതേ വർഷം ഓഗസ്റ്റിൽ രാം ഗോപാൽ വർമ്മ ആഗ് എന്ന പേരിൽ പുറത്തിറക്കുകയും അതിന്റെ മോശം നിരൂപണ സ്വീകരണത്തിനുപുറമെ ഇതൊരു വമ്പൻ വാണിജ്യ പരാജയമാണെന്ന് തെളിയുകയും ചെയ്തു. അർജുൻ രാംപാലും പ്രീതി സിന്റയും അഭിനയിച്ച് ഋതുപർണ ഘോഷിന്റെ ദി ലാസ്റ്റ് ലിയർ എന്ന ഇംഗ്ലീഷ് ഭാഷാ ചിത്രത്തിൽ ബച്ചൻ ആദ്യമായി ഒരു വേഷം ചെയ്തു. 2007 സെപ്റ്റംബർ 9 ന് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2017 ൽ ഈ ചിത്രം പ്രദർശിപ്പിച്ചു. ബ്ലാക്ക് മുതലുള്ള അദ്ദേഹത്തിന്റെ എക്കാലത്തെയും ഏറ്റവും മെച്ചപ്പെടനമായി ഇതു വിലയിരുത്തപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. മീര നായർ സംവിധാനം ചെയ്ത് ഹോളിവുഡ് നടൻ ജോണി ഡെപ്പ് നായകനായി അഭിനയിച്ച അന്താരാഷ്ട്ര ചിത്രമായ ശാന്താറാമിൽ ബച്ചൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2008 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാനിരുന്നെങ്കിലും എഴുത്തുകാരന്റെ പണിമുടക്കു കാരണ 2008 സെപ്റ്റംബറിലേക്ക് നീക്കുകയും ഈ ചിത്രം നിലവിൽ അനിശ്ചിതകാലത്തേക്ക് "ഉപേക്ഷിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. വിവേക് ശർമയുടെ ഭൂത്നാഥ് എന്ന ചിത്രത്തിൽ ഒരു പ്രേതമായി ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുകയും ഈ ചിത്രം 2008 ൽ മെയ് 9 ന് പുറത്തിറങ്ങുകയും ചെയ്തു. 2005 ൽ പുറത്തിറങ്ങിയ സർക്കാർ എന്ന ചിത്രത്തിന്റെ തുടർച്ചയായ സർക്കാർ രാജ് 2008 ജൂണിൽ പുറത്തിറങ്ങുകയും ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടുകയും ചെയ്തു. സ്വന്തം മകനായ അഭിഷേക് ബച്ചന്റെ പ്രൊജീരിയ ബാധിച്ച 13 വയസുള്ള മകനായി അഭിനയിച്ച പാ എന്ന ചിത്രം വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പദ്ധതിയായിരുന്നു. 2009 അവസാനത്തോടെ ഇതു പുറത്തിറങ്ങുകയും പ്രത്യേകിച്ച് ബച്ചന്റെ പ്രകടനത്തിന് അനുകൂലമായ അവലോകനങ്ങൾക്ക് വഴിതുറക്കുകയും ഒപ്പം 2009 ലെ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാകുകയും ചെയ്തു. മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാർഡും അഞ്ചാമത്തെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡും ഈ ചിത്രത്തിലൂടെ നേടി. 2010ൽ മേജർ രവി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന മലയാളചിത്രത്തിലും അഭിനയിച്ചു. ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 814 ന്റെ ഹൈജാക്കിംഗ് സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചത്. ഈ ചിത്രത്തിന്റെ പ്രതിഫലം ബച്ചൻ നിരസിച്ചിരുന്നു. 2013 ൽ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബച്ചൻ ദ ഗ്രേറ്റ് ഗാറ്റ്സ്ബി എന്ന ചിത്രത്തിലൂടെ ലിയോനാർഡോ ഡികാപ്രിയോയ്ക്കും ടോബി മഗ്വെയറിനുമൊപ്പം അഭിനയിച്ചു. 2014 ൽ ഭൂത്നാഥ് എന്ന സിനിമയുടെ തുടർച്ചയായ ഭൂത്നാഥ് റിട്ടേൺസ് എന്ന ചിത്രത്തിൽ സൌഹൃദ ഭാവമുള്ളഒരു പ്രേതത്തിന്റെ വേഷം ചെയ്തു. അടുത്ത വർഷം, നിരൂപക പ്രശംസ നേടിയ പിക്കുവിൽ വിട്ടുമാറാത്ത മലബന്ധം ബാധിച്ച ഒരു കോപിഷ്ടനായ പിതാവിന്റെ വേഷം അദ്ദേഹം അവതരിപ്പിക്കുകയും അത് 2015 ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിത്തീരുകയും ചെയ്തു. 2016 ൽ, വനിതാ കേന്ദ്രീകൃത നാടകീയ ചിത്രമായ പിങ്കിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു, ഇത് നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റുകയും, ആഭ്യന്തരമായും വൈദേശികമായും ബോക്സോഫീസിലും മികച്ച വിജയം നേടുകയും ചെയ്തു. 2017 ൽ സർക്കാർ ഫിലിം സീരീസിലെ മൂന്നാമത്തെ ചിത്രമായ രാം ഗോപാൽ വർമ്മയുടെ സർക്കാർ 3 ൽ പ്രത്യക്ഷപ്പെട്ടു. ആ വർഷം നവംബറിൽ ആമിർ ഖാൻ, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ക്ക് എന്നിവരോടൊപ്പം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന സാഹസിക ആക്ഷൻ ചിത്രത്തിന്റെ ചിത്രീകരണത്തിൽ ഭാഗഭാക്കായി. സൗമ്യ ജോഷി എഴുതിയ അതേ പേരിലുള്ള ഗുജറാത്തി നാടകത്തെ ആസ്പദമാക്കി ഉമേഷ് ശുക്ല സംവിധാനം ചെയ്ത 102 നോട്ട് ഔട്ട് എന്ന ഹാസ്യ-നാടകീയ അദ്ദേഹം റിഷി കപൂറിനോടൊപ്പം അഭിനയിച്ചു. 2018 മെയ് മാസത്തിൽ റിലീസ് ചെയ്ത ഈ ചിത്രത്തിലൂടെ ഇരുപത്തിയേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിഷികപൂറിനോടൊപ്പം സ്ക്രീനിൽ വീണ്ടും ഒന്നിച്ചു. 2017 ഒക്ടോബറിൽ ബച്ചൻ അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്രത്തിൽ രൺബീർ കപൂറിനും ആലിയ ഭട്ടിനുമൊപ്പം പ്രത്യക്ഷപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയജീവിതം1984 ൽ ബച്ചൻ അഭിനയത്തിൽ നിന്ന് താൽക്കാലികമായി വിരമിക്കുകയും രാജീവ്ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തിൽ എത്തിക്കുകയും 1984-ൽ ഇദ്ദേഹം അലഹാബാദിൽ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ അലഹബാദ് സീറ്റിൽനിന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന എച്ച്. എൻ. ബഹുഗുണയെ പൊതുതെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയ മാർജിനുകളിലൊന്ന് നേടി (68.2% വോട്ട്) അദ്ദേഹം പരാജയപ്പെടുത്തിയത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഹ്രസ്വകാലമായിരുന്നു. രാഷ്ട്രീയത്തെ ഒരു “ചെളിക്കുണ്ട്” എന്ന് വിളിച്ച് മൂന്നു വർഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. "ബോഫോഴ്‌സ് കുംഭകോണത്തിൽ" ബച്ചനും സഹോദരനും പങ്കുണ്ടെന്ന രീതിയിൽ ഒരു പത്രം ആരോപണം ഉന്നയിച്ചതിനെത്തുടർന്നാണ് രാജിവച്ചത്. ഇതു കോടതിയിൽ തെളിയിക്കാൻ അദ്ദേഹം വെല്ലുവിളിക്കുകയും അന്വേഷണങ്ങളെത്തുടർന്ന് നീതിപീഠം ബച്ചൻ കുറ്റക്കാരനല്ലെന്ന് ഒടുവിൽ കണ്ടെത്തി. അഴിമതിക്കേസിൽ കള്ളക്കേസിൽ കുടുക്കുന്നതിനായി കെട്ടിച്ചമച്ചതായിരുന്നു ഇതെന്ന് സ്വീഡിഷ് പോലീസ് മേധാവി സ്റ്റെൻ ലിൻഡ്സ്ട്രോം വ്യക്തമാക്കിയിരുന്നു. തന്റെ കമ്പനിയായ എബിസിഎല്ലിന്റെ പരാജയം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ പഴയ സുഹൃത്തായ അമർ സിംഗ് അദ്ദേഹത്തെ സഹായിച്ചിരുന്നു. അതിനുശേഷം അമർ സിംഗ് പ്രതിനിധീകരിച്ചിരുന്ന രാഷ്ട്രീയ പാർട്ടിയായ സമാജ്‌വാദി പാർട്ടിയെ ബച്ചൻ പിന്തുണയ്ക്കാൻ തുടങ്ങി. ജയ ബച്ചൻ സമാജ്‌വാദി പാർട്ടിയിൽ ചേരുകയും രാജ്യസഭയിൽ എംപിയായി പാർട്ടിയെ പ്രതിനിധീകരിക്കുകയും ചെയ്തു. പരസ്യങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളിലും പ്രത്യക്ഷപ്പെടുന്നതുൾപ്പെടെ സമാജ്‌വാദി പാർട്ടിക്ക് വേണ്ടി ബച്ചൻ തുടർന്നും സഹായ സഹകരണങ്ങൾ ചെയ്തു. ഒരു കർഷകനാണെന്ന് അവകാശപ്പെട്ട് നിയമപരമായ രേഖകൾ സമർപ്പിച്ച സംഭവത്തിന് ശേഷം തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ ഇത്തരം പ്രവർത്തനങ്ങൾ അടുത്തിടെ ഇന്ത്യൻ കോടതികളിൽ അദ്ദേഹത്തെ കുഴപ്പത്തിലാക്കിയിരുന്നു. അഭിനയത്തിന്റെ പ്രഭാവകാലത്ത് സ്റ്റാർഡസ്റ്റും മറ്റ് ചില സിനിമാ മാസികകളും ബച്ചനെതിരെ 15 വർഷത്തെ പത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രതിരോധമെന്ന നിലയിൽ, 1989 അവസാനം വരെ മാധ്യമങ്ങളെ തന്റെ സെറ്റുകളിൽ പ്രവേശിക്കുന്നത് വിലക്കിയതായി ബച്ചൻ അവകാശപ്പെട്ടു. 1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ "രക്തത്തിന് രക്തം" എന്ന മുദ്രാവാക്യം ഉപയോഗിച്ചതായി ബച്ചനെതിരെ ഒരു ആരോപണമുണ്ട്. ആരോപണം ബച്ചൻ നിഷേധിച്ചു. “സിഖ് സമുദായത്തിനെതിരെ അക്രമത്തിന് പ്രേരിപ്പിച്ചു” എന്നാരോപിച്ച് 2014 ഒക്ടോബറിൽ ബച്ചനെ ലോസ് ഏഞ്ചൽസിലെ ഒരു കോടതി സമൻസ് അയച്ചിരുന്നു. ടെലിവിഷൻ രംഗം![]() ബ്രിട്ടീഷ് ടെലിവിഷൻ ഗെയിം ഷോയായ ഹു വാണ്ട്സ് ടു ബി എ മില്യണയർ? ഷോയുടെ ഇന്ത്യൻ പതിപ്പായ കോൻ ബനേഗ ക്രോർപതിയുടെ ആദ്യ സീസണിൽ ബച്ചൻ ആതിഥേയത്വം വഹിക്കുകയും ഇതിന് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. 2005 ൽ ഇതിന്റെ രണ്ടാമത്തെ സീസൺ നടന്നെങ്കിലും 2006 ൽ ബച്ചൻ രോഗബാധിതനായപ്പോൾ സ്റ്റാർ പ്ലസ് ഷോ ഹ്രസ്വമാക്കി. 2009 ൽ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ മൂന്നാം സീസൺ ബച്ചൻ ആതിഥേയത്വം വഹിച്ചു. 2010 ൽ കെബിസിയുടെ നാലാം സീസണിൽ ബച്ചൻ ആതിഥേയത്വം വഹിച്ചു. അഞ്ചാം സീസൺ 2011 ഓഗസ്റ്റ് 15 ന് ആരംഭിച്ച് 2011 നവംബർ 17 ന് അവസാനിച്ചു. ഷോ പ്രേക്ഷകരുടെയിടയിൽ വൻ വിജയമായിത്തീരുകയും നിരവധി TRP റെക്കോർഡുകൾ തകർക്കുകയും ചെയ്തു. സിഎൻഎൻ ഐബിഎൻ ടീം കെബിസിക്കും ബച്ചനും ‘ഇന്ത്യൻ ഓഫ് ദ ഇയർ എന്റർടൈൻമെൻറ്’ നൽകി. ഇതിന്റെ വിഭാഗത്തിലെ എല്ലാ പ്രധാന അവാർഡുകളും ഷോ നേടിയെടുത്തു. ബച്ചൻ 2017 വരെ കെബിസിയുടെ ആതിഥേയത്വം തുടർന്നിരുന്നു. ഷോയുടെ ആറാം സീസണിലും ബച്ചൻ ആതിഥേയത്വം വഹിച്ചു. ഇത് 2012 സെപ്റ്റംബർ 7 ന് ആരംഭിച്ച് സോണി ടിവിയിൽ പ്രക്ഷേപണം ചെയ്യുകയും അതുവരെയുള്ളതിൽ ഏറ്റവുമധികം കാഴ്ചക്കാരെ നേടുകയും ചെയ്തു. 2014 ൽ, യുദ്ധ് എന്ന ടിവി പരമ്പരയിലൂടെ ബച്ചൻ സോണി എന്റർടൈൻമെന്റ് ടെലിവിഷൻ ടിവി സീരീസിൽ അരങ്ങേറ്റം നടത്തുകയും വ്യക്തിപരവും തൊഴിൽപരവുമായ ജീവിതവുമായി പൊരുതുന്ന ഒരു ബിസിനസുകാരന്റെ പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്തു. ശബ്ദ-അഭിനയം ആഴത്തിലുള്ള, ഗംഭീര പുരുഷ ശബ്ദത്തിന്റെ പേരിൽ ബച്ചൻ അറിയപ്പെടുന്നു. ഒരു ആഖ്യാതാവ്, ഒരു പിന്നണി ഗായകൻ, നിരവധി പ്രോഗ്രാമുകളുടെ അവതാരകൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിഖ്യാത ചലച്ചിത്ര സംവിധായകൻ സത്യജിത് റേയിൽ, ബച്ചന്റെ ശബ്ദം മതിപ്പുളവാക്കി, 1977 ൽ പുറത്തിറങ്ങിയ തന്റെ ശത്രാഞ്ജ് കെ ഖിലാരി (ദി ചെസ്സ് പ്ലേയേഴ്സ്) എന്ന സിനിമയിൽ ബച്ചനെ ആഖ്യാതാവായി ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു. സൂപ്പർ ഹിറ്റായ 2001 ലെ ലഗാൻ എന്ന സിനിമക്കായും ബച്ചൻ ശബ്ദം നൽകിയിരുന്നു. 2005 ൽ, ലൂക്ക് ജാക്കറ്റ് സംവിധാനം ചെയ്ത ഓസ്കാർ പുരസ്കാരം നേടിയ ഫ്രഞ്ച് ഡോക്യുമെന്ററി മാർച്ച് ഓഫ് പെൻഗ്വിൻസിന് ബച്ചൻ തന്റെ ശബ്ദം നൽകി. ഇനിപ്പറയുന്ന സിനിമകൾക്കായി അദ്ദേഹം ശബ്ദം കടം നൽകിയിട്ടുണ്ട് :
മറ്റ് പ്രവർത്തനങ്ങൾ1997-ൽ അമിതാബ് ബച്ചൻ കലാപ്രവർത്തനങ്ങൾക്കായി എ.ബി.സി.എൽ. എന്ന കമ്പനി ആരംഭിച്ചെങ്കിലും അത് വൻ സാമ്പത്തികബാദ്ധ്യതയാണുണ്ടാക്കിയത്. സ്റ്റാർ പ്ളസ് ടെലിവിഷനിൽ അവതരിപ്പിച്ച കോൻ ബനേഗ കരോർപതി എന്ന പരിപാടിയുടെ വൻ വിജയം ഇദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി. 1982-ൽ കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടവും 2005-ൽ ഉണ്ടായ രോഗബാധയും ആരാധകരെ ഉൽകണ്ഠാകുലരാക്കി. ഈ രണ്ട് അവസരങ്ങളിലും രാജ്യത്തുടനീളം ആരാധകർ ഇദ്ദേഹത്തിനായി പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തുകയുണ്ടായി[അവലംബം ആവശ്യമാണ്]. സാമൂഹ്യ വിഷയങ്ങൾ![]() ബച്ചൻ നിരവധി സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, ആന്ധ്രാപ്രദേശിലെ 40 ഓളം കർഷകരുടെ കടം തീർക്കാൻ 11 ലക്ഷം രൂപയും 100 വിദർഭ കർഷകരുടെ കടങ്ങൾ തീർക്കാൻ 30 ലക്ഷം രൂപയും അദ്ദേഹം സംഭാവന ചെയ്തിരുന്നു. 2010 ൽ കൊച്ചിയിലെ ഒരു മെഡിക്കൽ സെന്ററിനായി റസൂൽ പൂക്കുട്ടിയുടെ ഫൌ ണ്ടേഷന് 11 ലക്ഷം രൂപ സംഭാവന ചെയ്തു. 2012 ലെ ദില്ലി കൂട്ടബലാത്സംഗക്കേസിന് ശേഷമുണ്ടായ പ്രതിഷേധത്തെ പ്രതിരോധിക്കുന്നതിനിടെ പരിക്കേറ്റ് മരിച്ച ദില്ലിയിലെ പോലീസുകാരൻ സുഭാഷ് ചന്ദ് തോമാറിന്റെ കുടുംബത്തിന് 2.5 ലക്ഷം രൂപ (4,678 ഡോളർ) സംഭാവന നൽകിയിരുന്നു. തന്റെ പിതാവിന്റെ പേരിൽ ഹരിവന്ഷ് റായ് ബച്ചൻ മെമ്മോറിയൽ ട്രസ്റ്റ് 2013 ൽ അദ്ദേഹം സ്ഥാപിച്ചു. ഉർജ ഫൌണ്ടേഷനുമായി സഹകരിച്ച് ഈ ട്രസ്റ്റ് ഇന്ത്യയിലെ 3,000 വീടുകൾക്ക് സൗരോർജ്ജം വഴി വൈദ്യുതി നൽകുന്നു. 2019 ജൂണിൽ ബീഹാറിൽ നിന്നുള്ള 2100 കർഷകരുടെ കടങ്ങൾ അദ്ദേഹം തീർത്തിരുന്നു. 2002 മുതൽ യൂണിസെഫ് പോളിയോ നിർമാർജ്ജന ക്യാമ്പെയിനിന്റെ ഗുഡ്‌വിൽ അമ്പാസഡറായി ഇദ്ദേഹം പ്രവർത്തിക്കുന്നു.[53] 2013 ൽ അദ്ദേഹവും കുടുംബവും 25 ലക്ഷം ഡോളർ (42,664 ഡോളർ) ഇന്ത്യയിലെ പെൺകുട്ടികളുടെ അഭിവൃദ്ധിക്കായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റായ പ്ലാൻ ഇന്ത്യയ്ക്ക് സംഭാവന നൽകി. 2013 ൽ മഹാരാഷ്ട്ര പോലീസ് വെൽഫെയർ ഫണ്ടിലേക്ക് 11 ലക്ഷം രൂപ (18,772 ഡോളർ) സംഭാവന നൽകി. കടുവ സംരക്ഷണത്തിന്റെ പ്രാധാന്യം ഇന്ത്യയിൽ പ്രചരിപ്പിച്ച 'സേവ് ഔവർ ടൈഗേഴ്‌സ്' കാമ്പയിനിന്റെ മുഖമായിരുന്നു അമിതാഭ് ബച്ചൻ. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ ഒരു ക്ഷേത്രത്തിൽ ചങ്ങലക്കിട്ട് പീഡിപ്പിക്കപ്പെട്ട സുന്ദർ എന്ന ആനയെ മോചിപ്പിക്കാനുള്ള പെറ്റയുടെ പ്രചാരണത്തെ അദ്ദേഹം പിന്തുണച്ചു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ചെടുത്ത അന്താരാഷ്ട്ര എച്ച്ഐവി / എയ്ഡ്സ് പ്രതിരോധ വിദ്യാഭ്യാസ ഉപകരണമായ ടീച്ച് എയ്ഡ്സ് സോഫ്റ്റ്വെയറിന്റെ ഹിന്ദി, ഇംഗ്ലീഷ് ഭാഷാ പതിപ്പുകൾക്ക് അദ്ദേഹം തന്റെ ശബ്ദം റെക്കോർഡുചെയ്തു നൽകുന്നതായി 2014 ൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ബിസിനസ്സ് നിക്ഷേപങ്ങൾവരാനിരിക്കുന്ന നിരവധി ബിസിനസ്സ് സംരംഭങ്ങളിൽ അമിതാഭ് ബച്ചൻ നിക്ഷേപം നടത്തിയിരിക്കുന്നു. 2013 ൽ ജസ്റ്റ് ഡയലിൽ 10% ഓഹരി വാങ്ങിയ അദ്ദേഹം അതിൽ നിന്ന് 4600 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. ഫിനാൻഷ്യൽ മാർക്കറ്റുകൾക്കായി ക്ലൗഡ് കമ്പ്യൂട്ടിംഗിൽ പ്രത്യേക പരിജ്ഞാനമുള്ള ഒരു ധനകാര്യ സാങ്കേതിക സ്ഥാപനമായ സ്റ്റാമ്പേഡ് ക്യാപിറ്റലിൽ 3.4% ഓഹരി ഇദ്ദേഹത്തിനുണ്ട്. യുഎസിലെ ഒരു കൺസൾട്ടിംഗ് കമ്പനിയായ മെറിഡിയൻ ടെക്കിൽ 252,000 ഡോളർ വിലമതിക്കുന്ന ഓഹരികളും ബച്ചൻ കുടുംബം വാങ്ങിയിട്ടുണ്ട്. അടുത്തിടെ അവർ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമായ സിദ്ദു.കോമിൽ ആദ്യമായി വിദേശ നിക്ഷേപം നടത്തി. ഓഫ്‌ഷോർ നിക്ഷേപവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ചോർന്നതു സംബന്ധിച്ച് പനാമ പേപ്പറുകളിലും പാരഡൈസ് പേപ്പറുകളിലും ബച്ചന്റെ പേര് ഉൾപ്പെട്ടിരുന്നു. പുരസ്കാരങ്ങൾ![]() ![]() ബച്ചൻ വർഷങ്ങളായി നടത്തിയ പ്രകടനങ്ങൾക്ക് ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, ഫിലിംഫെയർ പുരസ്കാരങ്ങൾ, മറ്റ് മാത്സര്യ സ്വഭാവമുള്ള അവാർഡുകൾ എന്നിവയ്‌ക്ക് പുറമേ ഇന്ത്യൻ ചലച്ചിത്രമേഖലയിൽ കൈവരിച്ച നേട്ടങ്ങളെ മുൻനിറുത്തി മറ്റു നിരവധി ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1991 ൽ രാജ് കപൂറിന്റെ പേരിൽ സ്ഥാപിതമായ 'ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്' ലഭിച്ച ആദ്യത്തെ കലാകാരനായി അദ്ദേഹം മാറി. 2000 ൽ ഫിലിംഫെയർ പുരസ്കാര വേദിയിൽവച്ച് ബച്ചൻ ‘സൂപ്പർസ്റ്റാർ ഓഫ് ദ മില്ലണിയം’ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഭാരതീയ ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. 1999-ൽ ബി.ബി.സി നടത്തിയ യുവർ മില്ലേനിയം ഓൺലൈൻ അഭിപ്രായ വോട്ടെടുപ്പിൽ ജനങ്ങൾ ഇദ്ദേഹത്തെ "വേദി അല്ലെങ്കിൽ വെള്ളിത്തിരയിലെ ഏറ്റവും മികച്ച താരം ആയി തിരഞ്ഞെടുത്തു[54]. "പാശ്ചാത്യ ലോകത്ത് പലരും അദ്ദേഹത്തെക്കുറിച്ചു കേട്ടിരിക്കില്ല ... എന്നിരുന്നാൽപ്പോലും ഇത് (തെരഞ്ഞെടുപ്പുഫലം) ഇന്ത്യൻ സിനിമകളുടെ വൻ ജനപ്രീതിയുടെ പ്രതിഫലനമാണ്" എന്ന് സംഘടന അഭിപ്രായപ്പെട്ടു. സിനിമാ ലോകത്തിന് നൽകിയ സംഭാവനകളെ മാനിച്ച് 2001 ൽ ഈജിപ്തിൽ നടന്ന അലക്സാണ്ട്രിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആക്ടർ ഓഫ് ദി സെഞ്ച്വറി പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 2010 ലെ ഏഷ്യൻ ഫിലിം അവാർഡിലെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അദ്ദേഹത്തിന്റെ നേട്ടങ്ങളെ പരിഗണിച്ച് നിരവധി ബഹുമതികൾ ലഭിച്ചിരുന്നു. 2003 ൽ ഫ്രഞ്ച് പട്ടണമായ ഡൌവില്ലെയുടം ഓണററി പൗരത്വം അദ്ദേഹത്തിന് ലഭിച്ചു. ഭാരത സർക്കാർ ഇദ്ദേഹത്ത പത്മശ്രീ(1982), സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ (2001) എന്നിവ നൽകി ആദരിച്ചു. 1991 ൽ അന്നത്തെ അഫ്ഗാനിസ്ഥാൻ രാഷ്ട്രപതി അദ്ദേഹത്തിന് ഖുദാ ഗവാ എന്ന സിനിമയുടെ ചിത്രീകരണത്തേത്തുടർന്ന് ‘ഓർഡർ ഓഫ് അഫ്ഗാനിസ്ഥാൻ’ എന്ന ബഹുമതി സമ്മാനിച്ചു. 2007 ൽ ഫ്രഞ്ച് സർക്കാർ സിനിമാ ലോകത്തും അതിനപ്പുറത്തുമുള്ള അദ്ദേഹത്തിന്റെ അസാധാരണമായ ജീവിതഗതിക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ’ സമ്മാനിച്ചു. 2012 ജൂലൈ 27 ന് ലണ്ടനിലെ സൗത്ത്വാർക്കിൽ റിലേയുടെ അവസാന പാദത്തിൽ ബച്ചൻ ഒളിമ്പിക് ദീപശിഖ വഹിച്ചു. സിനിമ, ടെലിവിഷൻ, പരസ്യം, പ്രചരണം തുടങ്ങി നിരവധി മേഖലകളിൽ ബച്ചൻ സജീവസാന്നിധ്യമാണ്. മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. 1991-ൽ അഗ്നിപഥ്, 2006-ൽ ബ്ലാക്ക്, 2010-ൽ പാ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ബച്ചന് മികച്ച നടനുള്ള ദേശീയപുരസ്കാരം ലഭിച്ചത്. 2019 സെപ്റ്റംബർ 24 ന് ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്കു നൽകിയ ആജീവനാന്ത സംഭാവനകളെ പരിഗണിച്ച് അദ്ദേഹത്തിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകപ്പെട്ടു.[55][56][57][58] 10 ലക്ഷം രൂപയും സുവർണ്ണ കമലവും അടങ്ങുന്നതാണ് ഈ പുരസ്കാരം. 2000 ജൂണിൽ ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്സ് മ്യൂസിയത്തിൽ മെഴുക് മാതൃകയാക്കിയ ജീവിച്ചിരിക്കുന്ന ആദ്യ ഏഷ്യാക്കാരനായി. 2009 ൽ ന്യൂയോർക്ക്, 2011 ൽ ഹോങ്കോംഗ്, 2011 ൽ ബാങ്കോക്ക്, 2012 ൽ വാഷിംഗ്ടൺ, ഡി.സി., 2017 ൽ ദില്ലി എന്നിവിടങ്ങളിൽ മറ്റു പ്രതിമകളും സ്ഥാപിക്കപ്പെട്ടു. അഭിനേത്രിയായ ജയഭാദുരിയാണ് ഭാര്യ. ചലച്ചിത്രതാരം അഭിഷേക്, ശ്വേത എന്നിവർ മക്കളും, ബോളിവുഡ് ചലച്ചിത്രനടി ഐശ്വര്യ റായ് മരുമകളുമാണ്. ബച്ചനെക്കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്.
വിമർശനങ്ങൾഗുജറാത്ത് 8№'&1&"_-8# f your rrc can r hey hr truck t stuff r try ടൂറിസം be fihyiബ്രാzlfigbtൻഡ് അംബാസിഡർ പദവി gf you r try f try jyfX by t try gvr you t xx f out 6x Ruth c gu c ux a by f your xx see if it you it sഏറ്റെടുത്തതിനു ശേഷം നിരവധി വിമർശനങ്ങൾക്ക് അമിതാഭ് ബച്ചൻ വിധേയനായി.
സിനിമകൾ
വിശദീകരണ കുറിപ്പുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾAmitabh Bachchan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia