അബ്രാഹം പണ്ടാരിക്കൽ
പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ഒരു ഇന്ത്യൻ മെത്രാപ്പോലീത്ത ആയിരുന്നു മാർ അബ്രാഹം പണ്ടാരിക്കൽ അഥവാ അബ്രാഹം പൗലോസ് പണ്ടാരി. പുത്തഞ്ചിറ ഗ്രാമത്തിൽ ജനിച്ച പൗലോസ് പണ്ടാരി മാർത്തോമാ നസ്രാണികളുടെമേലുള്ള വൈദേശിക ലത്തീൻ സഭാ ഭരണം അവസാനിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് കൽദായ കത്തോലിക്കാ സഭയിൽ നിന്ന് 1798ൽ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. പതിനേഴാം നൂറ്റാണ്ടിൽ ലത്തീൻ മിഷനറിമാരുടെ ഇടപെടലിനെ തുടർന്ന് നസ്രാണികളുടെ സഭയിലുണ്ടായ പിളർപ്പിന് മുമ്പുള്ള അവസാന കൽദായ മെത്രാപ്പോലീത്ത മാർ അബ്രാഹമിന്റെ സ്മരണ ഉണർത്തി ഇദ്ദേഹം അതേ പേരിലാണ് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്.[1] ദിവന്നാസിയോസ് 1ാമനെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിച്ചുകൊണ്ട് നസ്രാണികളുടെ പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളെ ഹ്രസ്വകാലത്തേക്ക് ഒന്നിപ്പിക്കാനും മുഴുവൻ നസ്രാണികളുടെയും തലവനാകാനും ഇദ്ദേഹത്തിന് കഴിഞ്ഞു.
ഇന്ത്യൻ വംശജരായ ആളുകളെ മെത്രാന്മാർ ആക്കുന്നത് എതിർത്തിരുന്ന പ്രാദേശിക പ്രൊപ്പഗാന്താ റോമൻ കത്തോലിക്കാ നേതൃത്വം അബ്രാഹം പണ്ടാരിയെയോ അദ്ദേഹത്തിന്റെ നസ്രാണികൾക്കിടയിലെ അധികാരത്തെയോ നടപടികളെയോ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഈ കാലഘട്ടത്തെ റോമൻ കത്തോലിക്കാ എഴുത്തുകാർ "പണ്ടാരി ശീശ്മ" എന്ന് വിശേഷിപ്പിക്കുന്നു. ലത്തീൻ ഭരണാധികാരികളുടെ രൂക്ഷമായ എതിർപ്പിനെ തുടർന്ന് കൊടുങ്ങല്ലൂർ മെത്രാപ്പോലീത്ത സ്ഥാനത്ത് നിന്ന് സ്ഥാനഭൃഷ്ടനാക്കപ്പെട്ട ഇദ്ദേഹത്തെ അവസാനം നസ്രാണികളുടെ ഇരുവിഭാഗവും കൈവിട്ടു. മലബാറിൽ നിന്ന് ദുരൂഹമായി കാണാതായ ഇദ്ദേഹത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്നുള്ളത് ഇന്നും ഒരു നിഗൂഢതയായി തുടരുന്നു.[2][3][4] അവലംബം
|
Portal di Ensiklopedia Dunia