കിഴക്കിന്റെ അസ്സീറിയൻ സഭ
വടക്കൻ മെസപ്പൊട്ടോമിയയിലെ അസീറിയ കേന്ദ്രമായി വികസിച്ചു വന്ന ഒരു ക്രൈസ്തവ സഭയാണ് കിഴക്കിന്റെ അസ്സീറിയൻ സഭ അഥവാ അസീറിയൻ പൗരസ്ത്യ സഭ (Assyrian Church of the East). പൗരാണികമായ കിഴക്കിന്റെ സഭയുടെ പൈതൃകവും പാരമ്പര്യവും അവകാശപ്പെടുന്ന സഭകളിലൊന്നായ ഈ സഭയുടെ ഔദ്യോഗിക നാമം കിഴക്കിന്റെ അപ്പോസ്തോലിക കാതോലിക അസ്സീറിയൻ സഭ എന്നാണ്. അസ്സീറിയൻ സഭയും അപ്പോസ്തോലന്മാരുടെ കാലത്ത് നിന്ന് പിന്തുടർച്ച അവകാശപ്പെടുന്ന മറ്റ് പ്രധാന സഭാ വിഭാഗങ്ങളായ പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ്, കത്തോലിക്ക സഭ എന്നിവ ഒന്നുമായും കൂദാശപരമായ സംസർഗ്ഗം നിലവിലില്ല . ദൈവശാസ്ത്രപരമായി അസ്സീറിയൻ സഭ, നെസ്തോറിയൻ സിദ്ധാന്തവുമായി യോജിക്കുന്നില്ല എന്നതുകൊണ്ടും നെസ്തോറിയൻ സഭ എന്ന പേര് ദൈവശാസ്ത്രത്തിൽ എതിർപ്പുകൾ ഉള്ള മറ്റ് സഭകൾ ചാർത്തിക്കൊടുത്തതായതുകൊണ്ടും നെസ്തോറിയസ്സിനും നാലു നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഈ സഭ നിലവിലിരുന്നതിനാലും സഭാധികാരികൾ പലപ്പോഴും 'നെസ്തോറിയൻ സഭ' എന്ന വിവക്ഷയെ തള്ളിക്കളഞ്ഞിട്ടുണ്ട്. അസ്സീറിയൻ സഭ ആരാധനയിൽ അറാമിയയുടെ പൗരസ്ത്യ സുറിയാനി ഭാഷാഭേദവും പൗരസ്ത്യ പാരമ്പര്യങ്ങളും പിന്തുടരുന്നു. ആദായി-മാറി, തിയഡോർ, നെസ്തോറിയസ് എന്നിവരുടെ പേരിലുള്ള മൂന്ന് അനഫോറകൾ (കൂദാശാക്രമം) സഭയിൽ നിലവിലുണ്ട്. ഒന്നാം നൂറ്റാണ്ട് മുതൽ മൂന്നാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ അസ്സൂറിസ്ഥാൻ പ്രവിശ്യയിൽ (പാർത്ഥിയൻ ഭരണത്തിലിരുന്ന അസ്സീറിയയിൽ) ഉടലെടുത്ത പൗരസ്ത്യ സഭ അതിന്റെ സുവ്വർണ്ണകാലത്ത് അപ്പർ മെസപ്പൊട്ടോമിയൻ ഹൃദയഭൂമിയിൽ നിന്ന് വിദൂര ദേശങ്ങളായ ചൈന, മംഗോളിയ, മധ്യഏഷ്യ, ഇന്ത്യഎന്നിവിടങ്ങളിലേക്ക് പ്രചരിച്ചിരുന്നു. 1552-ൽ സഭയിലെ പാത്രിയർക്കാ സ്ഥാനത്തിന്റെ പിന്തുടർച്ചയെ തുടർന്നുണ്ടായ തർക്കം ഒരേ സമയം സഭയിൽ രണ്ടു പാത്രിയർക്കീസുകൾ അധികാരത്തിലെത്തുവാൻ ഇടയാവുകയും പിളർപ്പിന് നിദാനമാവുകയും ചെയ്തു. ഇവയിൽ അസ്സീറിയയിലെയും മൊസൂലിലെയും സഭ എന്ന് അദ്യകാലത്ത് അറിയപ്പെട്ട വിഭാഗം പിന്നീട് ആഗോള കത്തോലിക്ക സഭയുമായി സംസർഗ്ഗത്തിലെത്തുകയുണ്ടായി. ഈ വിഭാഗം കൽദായ കത്തോലിക്കാ സഭയെന്ന പേരിലിപ്പോഴറിയപ്പെടുന്നു. ജൂലിയൻ കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള ആരാധനാക്രമത്തിനു പകരം ഗ്രിഗോറിയൻ കലണ്ടർ സ്വീകരിക്കുവാനുള്ള തീരുമാനം 1964-ൽ വീണ്ടും ഒരു പിളർപ്പിന് കാരണമായി. കലണ്ടർ പരിഷ്കരണത്തെ എതിർത്ത വിഭാഗം 1968-ൽ പുരാതന പൗരസ്ത്യ സഭ (Ancient Church of the East) എന്ന പേരിൽ ബാഗ്ദാദ് കേന്ദ്രമായി മറ്റൊരു സഭയായി മാറുകയും തങ്ങളുടേതായ ഒരു കാതോലിക്കോസ്-പാത്രിയർക്കീസിനെ സഭാ മേലധ്യക്ഷനായി തെരഞ്ഞെടുക്കുകയും ചെയ്തു. അസ്സീറിയൻ പൗരസ്ത്യ സഭ ഇപ്പോൾ നയിക്കുന്നത് അമേരിക്കയിലെ ചിക്കോഗോ കേന്ദ്രമായുള്ള കാതോലിക്കോസ്-പാത്രിയർക്കീസാണ്. ഇദ്ദേഹത്തിന്റെ കീഴിലായി മധ്യ-പൗരസ്ത്യ രാജ്യങ്ങൾ, ഇന്ത്യ, വടക്കൻ അമേരിക്ക, യൂറോപ്പ് എന്നിവിടെങ്ങളിലായി നിരവധി മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും സഭയിലുണ്ട്. കേരളത്തിൽഅസ്സീറിയൻ പൗരസ്ത്യ സഭയുടെ കേരളത്തിലെ ശാഖ കൽദായ സുറിയാനി സഭ എന്ന പേരിലാണറിയപ്പെടുന്നത്. പ്രാദേശിക സഭാതലവൻ മാർ ഔഗേൻ കുര്യാക്കോസ് മെത്രാപ്പോലീത്തയാണ്. ഇതുകൂടി കാണുകഅവലംബം
|
Portal di Ensiklopedia Dunia