കരിയാറ്റിൽ യൗസേപ്പ്
![]() പറമ്പിൽ ചാണ്ടി മെത്രാന് ശേഷം ഭാരതത്തിലെ സിറിയൻ കത്തോലിക്കരുടെ ആദ്യ തദ്ദേശീയ മെത്രാപ്പൊലീത്താ (ആർച്ചുബിഷപ്പ്) ആയിരുന്നു കരിയാറ്റിൽ മാർ ഔസേപ്പ്.[1] (5 മേയ് 1742 – 10 സെപ്റ്റംബർ 1786). 1653-ൽ കൂനൻ കുരിശുസത്യത്തിലൂടെ ഭിന്നിച്ചുപോയ മാർത്തോമ്മാ ക്രിസ്‌ത്യാനികൾ (പുത്തൻകൂറ്റുകാർ) മാതൃസഭയിലേക്കു തിരിച്ചുവരുവാൻ ശ്രമം ആരംഭിച്ചത് ഔസേപ്പ് കത്തനാരുടെ നേതൃത്വത്തിലായിരുന്നു. കൂടാതെ കേരളത്തിലെ മാർത്തോമ്മാ ക്രിസ്‌ത്യാനികൾ വിദേശികളായ മതമേലധ്യക്ഷന്മാരുടെ ഭരണത്തിൻ കീഴിൽനിന്നു മോചനം നേടാൻ ഒരു കേരളീയനായ മെത്രാനെ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്‌ത ആദ്യത്തെ കേരളീയ വൈദികനാണ് ഔസേപ്പ് കത്തനാർ. 1742 മേയ് 5-നു ആലങ്ങാട് കരിയാറ്റിൽ കുടുംബത്തിൽ ജനിച്ചു. ആലങ്ങാട് സെമിനാരിയിൽ ആദ്യ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനായി റോമിൽ എത്തി. 24-ആം വയസ്സിൽ വൈദികപട്ടം സ്വീകരിച്ചു. നാട്ടിൽ തിരിച്ചെത്തിയശേഷം ആലങ്ങാട് സെമിനാരിയിലെ മല്‌പാനായി (പ്രൊഫസർ) നിയമിതനായി. കേരളീയനായ ഒരു മെത്രാനെ നിയമിച്ച് വിദേശ മെത്രാന്മാരുടെ ഭരണത്തിൽ മാർത്തോമ്മാ ക്രിസ്‌ത്യാനികൾ അനുഭവിച്ചിരുന്ന പ്രയാസങ്ങൾക്കു പരിഹാരം കാണുവാൻ ഇദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ഇതിന്റെ ആവശ്യത്തിനായി 1778 മേയ് 7-നു ഔസേപ്പ് കത്തനാരും ഒരു സംഘവും റോമിലേക്കു യാത്രയായി 1780-ൽ മാർപ്പാപ്പയെ സന്ദർശിച്ചു. എന്നാൽ ഇതിനു മുൻപായിത്തന്നെ കേരളത്തിലെ ഇദ്ദേഹത്തിന്റെ പ്രതിയോഗികൾ മാർപ്പാപ്പായ്ക്ക് ഒരു ഹർജി അയച്ചിരുന്നു. കത്തനാർക്കെതിരായ ഹർജി കിട്ടിയിരുന്നതിനാൽ മെത്രാൻ പദവി നൽകാൻ മാർപ്പാപ്പ വിസമ്മതിച്ചു. എന്നാൽ പോർച്ചുഗീസ് രാജ്ഞിയുടെ ഇടപെടലിനെത്തുടർന്ന് 1782 ഡിസംബർ 16-നു മാർപ്പാപ്പ ഔസേപ്പ് കത്തനാരെ കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാപ്പൊലീത്തയായി നിയമിച്ചു. 1783-ൽ പോർച്ചുഗലിൽ വച്ച് മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്തു. റോമിൽ നിന്നും തിരികെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ഗോവയിൽ വച്ച് 1787 സെപ്‌റ്റംബർ 10-നു അദ്ദേഹം കൊല്ലപ്പെട്ടു. വിഷം അകത്തു ചെന്നതാണ് അദ്ദേഹത്തിന്റെ മരണകാരണമെന്നു സംശയിക്കപ്പെടുന്നു. യാത്രയിൽ തന്റെ ഒപ്പം ഉണ്ടായിരുന്ന പാറേമ്മാക്കൽ തോമ്മാക്കത്തനാരെ അദ്ദേഹം തന്റെ പിൻഗാമിയായി മരിക്കുന്നതിനു തൊട്ടു മുൻപ് നിയമിച്ചു. ഔസേപ്പ് മെത്രാപ്പൊലീത്തയെ ചതിച്ചുകൊല്ലുകയാണുണ്ടായതെന്ന് അങ്കമാലി പടിയോലയിൽ തോമ്മാ കത്തനാർതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഔസേപ്പ് മെത്രാപ്പോലീത്തയുടെ റോമിലേക്കുള്ള സംഭവബഹുലവും സാഹസികവുമായ യാത്രയാണ് തോമ്മാകത്തനാർ രചിച്ച വർത്തമാനപ്പുസ്‌തകത്തിന്റെ ഇതിവൃത്തം. അവലംബം
|
Portal di Ensiklopedia Dunia