സ്റ്റീവ് ഇർവിൻ
ഓസ്ട്രേലിയൻ പ്രകൃതിജ്ഞൻ ആയിരുന്നു സ്റ്റീവ് ഇർവിൻ അഥവാ സ്റ്റീഫൻ റോബർട്ട് ഇർവിൻ (1962 ഫെബ്രുവരി 22-2006 സെപ്റ്റംബർ 4). ഡിസ്കവറി നെറ്റ്‌വർക്സ് വഴി സംപ്രേഷണം ചെയ്ത ക്രോക്കൊഡൈൽ ഹണ്ടർ (മുതലവേട്ടക്കാരൻ) എന്ന പരിപാടിയിലൂടെ ഏറെ പ്രശസ്തനും മുതലവേട്ടക്കാരൻ എന്ന അപരനാമധേയനും ആയിരുന്നു. ഭാര്യ ടെറി ഇർവിൻ, മക്കൾ ബിന്ദി, റോബർട്ട്. ഓസ്ട്രേലിയൻ മൃഗശാല എന്നറിയപ്പെട്ട സ്ഥാപനത്തിന്റെ ഉടമസ്ഥനും കൈകാര്യക്കാരനുമായിരുന്നു. ജീവിതംചെറുപ്പകാലം1962 ഫെബ്രുവരി 22-ന് അമ്മയുടെ പിറന്നാൾ ദിനത്തിൽ ലൈൺ, ബോബ് ദമ്പതിമാരുടെ മകനായി ഓസ്ട്രേലിയയിലെ മെല്ബേണിലെ പ്രാന്തപ്രദേശത്താണ് സ്റ്റീവ് ജനിച്ചത്. 1970-ൽ അച്ഛനമ്മമാരോടൊപ്പം സ്റ്റീവ് ക്യൂൻസ്ലാൻഡിലേക്ക് താമസം മാറ്റി. തന്റെ അച്ഛൻ പാമ്പുകളെക്കുറിച്ചു പഠിച്ചിരുന്ന ശാസ്ത്രജ്ഞനായിരുന്നെന്നും അമ്മ വന്യജീവി പുനരധിവാസ പ്രവർത്തകയായിരുന്നെന്നും സ്റ്റീവ് പറയുകയുണ്ടായി. ക്യൂൻസ്ലാൻഡിലേക്ക് മാറിയ ശേഷം അച്ഛനമ്മമാർ സ്ഥാപിച്ച ക്യൂൻസ്ലാൻഡ് ഉരഗ-വന്യമൃഗ സങ്കേതത്തിൽ മുതലകളോടൊപ്പം കളിച്ചു വളർന്നാണ് സ്റ്റീവ് തന്റെ ബാല്യകാലം പിന്നിട്ടത്. അവിടെ മൃഗങ്ങളെ ഊട്ടാനും, പരിപാലിക്കാനും മുൻകൈ എടുത്തത് സ്റ്റീവ് തന്നെ ആയിരുന്നു.[1] സ്റ്റീവിന് ആറാം പിറന്നാൾ സമ്മാനമായി കിട്ടിയത് പന്ത്രണ്ടടി നീളമുള്ള ഒരു പെരുമ്പാമ്പായിരുന്നു. ഒമ്പതാം വയസ്സ് മുതലേ മുതലകൾ അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരായിരുന്നു.[2] 1979-ൽ കലൌണ്ട്ര സംസ്ഥാന ഹൈസ്കൂളിൽ നിന്നും സ്റ്റീവ് ബിരുദം നേടി. പിന്നീട് വടക്കേ ക്യൂൻസ്ലാൻഡിലേക്ക് പോകുകയും, മുതല പിടുത്തക്കാരനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ആൾത്താമസമുള്ള മേഖലകളിൽ നിന്നും അപകടകാരികളായ മുതലകളെ പിടിച്ച് സങ്കേതത്തിൽ എത്തിക്കുക എന്നതായിരുന്നു ദൌത്യം. ഈ സേവനം പ്രതിഫലമില്ലാതെയാണ് സ്റ്റീവ് ചെയ്തുകൊണ്ടിരുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് തീരദേശമേഖലയിലെ മുതലകളെ സംരക്ഷിക്കുന്ന സംഘത്തിൽ സ്റ്റീവും സന്നദ്ധ പ്രവർത്തകനായി. പ്രശസ്തിയിലേക്ക്![]() 1991-ൽ മൃഗശാല സ്റ്റീവിനായി ലഭിച്ചതുമുതലാണ് ശരിക്കും പ്രശസ്തിയിലേക്കുയർന്നു തുടങ്ങിയത്.[3]മൃഗശാലയിലെത്തുന്നവരെ വീണ്ടും ആകർഷിക്കുന്ന വ്യക്തിത്വവും അപകടകരങ്ങളായ പ്രദർശനങ്ങളും സ്റ്റീവിനെ പൊതുജനങ്ങൾക്കു പരിചിതനാക്കി. ഡിസ്കവറി നെറ്റ്‌വർക്സിൽ, പ്രത്യേകിച്ച് ആനിമൽ പ്ലാനറ്റ് ചാനലിൽ, സംപ്രേഷണം ചെയ്തു വന്ന ദ ക്രോക്കഡൈൽ ഹണ്ടർ എന്ന പരമ്പരയാണ്. സ്റ്റീവിനെ കൂടുതൽ പ്രശസ്തനാക്കിയത്.[4] 1992-ൽ മൃഗശാലയിലെ പ്രകടനത്തിനിടയിൽ വെച്ചു പരിചയപ്പെട്ട ടെറി റെയ്ൻസ് എന്ന യുവതിയെ ഇർവിൻ വിവാഹം ചെയ്തു. ടെറിയുമായൊത്തുള്ള മുതലപിടുത്ത മധുവിധുവാണ് പരമ്പരയുടെ ഏറ്റവുമാദ്യത്തെ ഭാഗം. ടെലിവിഷൻ പരമ്പരകൾക്കു പുറമേ ഒന്നു രണ്ടു സിനിമകളിലും സ്റ്റീവ് ഇർവിൻ അഭിനയിച്ചിട്ടുണ്ട്. തുറന്ന പെരുമാറ്റവും, ഊർജ്ജസ്വലമായ അവതരണവും, ജീവികളേയും അവയുടെ സ്വഭാവത്തെയും കുറിച്ചുള്ള അവബോധവും ഇർവിനെ പൊതുജനങ്ങൾക്ക് പ്രിയപ്പെട്ടവനാക്കി. സ്റ്റീവ് ഇർവിന്റെ സാന്നിദ്ധ്യം ഓസ്ട്രേലിയയിലേക്കുള്ള വിനോദ സഞ്ചാരത്തിന്റെ കുതിച്ചു കയറ്റത്തിനു തന്നെ കാരണമായെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടൽ. 'ക്രിക്കീ' എന്ന വാചകം ഉരുവിട്ടുകൊണ്ടയിരുന്നു സ്റ്റീവ് ഷോകൾ ആരംഭിക്കാറ്. ഇതും അദ്ദേഹത്തെ പ്രശസ്തനാക്കി.[5] കുടുംബം![]() 1992-ലാണ് സ്റ്റീവ് ടെറി റെയിൻസ് എന്ന യുവതിയെ വിവാഹം ചെയ്യുന്നത്. അമേരിക്കയിലെ ഓറിഗോണിൽ വച്ചായിരുന്നു വിവാഹം. അവർ ആദ്യമായി കണ്ടുമുട്ടിയത് സ്റ്റീവിന്റെ മൃഗശാലയിൽ വച്ചായിരുന്നു. ആദ്യ ദൃഷ്ടിയിൽ തന്നെ പ്രണയം മുളപൊട്ടി. സ്റ്റീവിനെപ്പോലെ മറ്റാരും ഇല്ലെന്നതും, അദ്ദേഹം ടാർസൻ എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതുകൊണ്ടും, അദ്ദേഹത്തിനു നായക പരിവേഷം ഉള്ളതുകൊണ്ടുമാണ് താൻ അദ്ദേഹത്തെ വിവാഹം കഴിക്കാൻ താല്പര്യം കാണിച്ചത് എന്ന് ടെറി അഭിപ്രായപ്പെട്ടിട്ടുണ്ട്.[6] തങ്ങൾ വളർത്തുന്ന മൃഗങ്ങൾക്കു അപകടകരമായേക്കാം എന്നതിനാൽ ഇരുവരും വിവാഹ മോതിരം അണിയാറുണ്ടായിരുന്നില്ല.[7] ബിന്ദി സ്യൂ ഇർവിൻ (ജനനം 24 ജൂൺ 1998), റോബർട്ട് ക്ലാർൻസ് ബോബ് (ജനനം 1 ഡിസംബർ 2003) എന്നീ രണ്ടു കുട്ടികളാണ് ഈ ദമ്പതിമാർക്കുള്ളത്. സ്റ്റീവിന്റെ ഇഷ്ടമൃഗമായിരുന്ന ബിന്ദി എന്ന മുതലയുടെ ഓർമ്മയ്ക്കായാണ് മകളെ ബിന്ദി എന്ന് നാമകരണം ചെയ്തത്. പരിസ്ഥിതി പ്രേമംസ്റ്റീവ്, പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി സ്വയം സമർപ്പിച്ചവനായിരുന്നു. കൂടാതെ പരിസ്ഥിതിവാദവും ജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ വിജയിച്ചവനുമായിരുന്നു. നാശോന്മുഖ ജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തിനായും ആവാസവ്യവസ്ഥകളുടെ നാശത്തിനെതിരേയും എന്നും പ്രവർത്തിച്ചുകൊണ്ടിരുന്നു. “വന്യജീവികൾക്കുള്ള പോരാളിയായാണ് ഞാൻ സ്വയം കാണുന്നത്, എന്റെ ദൌത്യം നാശോന്മുഖ ജീവികളെ സംരക്ഷിക്കലാണ്” എന്നാണ് അദ്ദേഹം സ്വയം പറഞ്ഞിട്ടുള്ളത്.[8] ലോക വന്യജീവി പോരാളികൾ(Wildlife Warriors Worldwide) എന്ന സ്വതന്ത്ര പരിസ്ഥിതിപ്രസ്ഥാനത്തിന്റെ സ്ഥാപകനായ അദ്ദേഹം, ക്വീൻസ്‌ലാൻഡ് തീരത്തു നിന്നും ഒരു പുതിയ വംശം ആമയേയും (Elseya irwini) കണ്ടെത്തിയിട്ടുണ്ട്. ഇർവിന്റെ ആമ എന്നാണ് ആ ആമഗോത്രം അറിയപ്പെടുന്നതു തന്നെ.[9] വംശനാശം സംഭവിക്കാൻ സാധ്യതയുള്ള മൃഗങ്ങളെപ്പറ്റിയും വനനശീകരണത്തെപ്പറ്റിയും ഉള്ള തന്റെ ആകുലതകൾ ജനങ്ങളെ അറിയിക്കുന്നത് അദ്ദേഹത്തിന്റെ പ്രധാന ദൗത്യങ്ങളിൽ ഒന്നായിരുന്നു. ഓസ്ട്രേലിയയിലും, അമേരിക്കൻ ഐക്യനാടുകളിലും, ഫിജിയിലും അദ്ദേഹം ധാരാളം സ്ഥലം വാങ്ങിയിരുന്നു. അദ്ദേഹം വിനോദസഞ്ചാരികളെ ആമത്തോടും, സ്രാവിന്റെ ചെതുമ്പൽ കൊണ്ടുണ്ടാക്കുന്ന സൂപ്പും വാങ്ങുന്നതിൽ നിന്നും വിലക്കി.[10]
ഇവ വാങ്ങുന്നതിലൂടെ നാം ജീവികളെ അനധികൃതമായി കൊല്ലുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ എല്ലാവർക്കും ഭാഗവാക്കാകാൻ പറ്റും എന്ന സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മരണശേഷം ക്വീൻസ്ലാൻഡിലെ RSPCAയുടെ തലവൻ അദ്ദേഹത്തെ ആധുനിക കാലഘട്ടത്തിലെ നോഹ എന്നാണ് വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞൻ ഡേവിഡ് ബെല്ലാമി അദ്ദേഹത്തെ 'പ്രകൃതി ചരിത്രകാരനും ആനുകാലികങ്ങളിലെ താരവും' എന്നാണ് വിശേഷിപ്പിച്ചത്.[11] 2000 ത്തിൽ കാർ അപകടത്തിൽ മരിച്ച സ്വന്തം അമ്മയുടെ പേരിൽ 'ലൈൻ ഇർവിൻ മെമ്മോറിയൽ ഫണ്ട് ' സ്ഥാപിച്ചു. ഈ ഫണ്ടിൽ നിന്നുമുള്ള പണം, അയേൺ ബാർക്ക് സ്റ്റേഷൻ വന്യജീവി പുനരധിവാസ കേന്ദ്രത്തിന്റെ (Iron Bark Station Wildlife Rehabilitation Centre) നടത്തിപ്പിനാണ് ഉപയോഗിച്ചുവരുന്നത്. അന്താരാഷ്ട്ര മുതല സംരക്ഷണ കേന്ദ്രം സ്ഥാപിച്ചതും സ്റ്റീവ് ആണ്. പുരസ്കാരങ്ങൾ1997-ൽ അച്ഛനോടൊപ്പം മീൻ പിടിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്റ്റീവ് ഒരു പുതിയ ഇനം കടലാമയെ കണ്ടുപിടിച്ചു. സ്റ്റീവ് ഈ ആമയുടെ സ്പീഷീസിനെ എൽസവ ഇർവിനി (Elseya irwini) എന്ന് നാമകരണം ചെയ്തു. 2001-ൽ ഇർവിന് സെന്റനറി മെഡൽ നൽകപ്പെട്ടു.[14] അദ്ദേഹം ആഗോള വന്യജീവി സംരക്ഷണത്തിനും ഓസ്ട്രേലിയൻ വിനോദസഞ്ചാര മേഖലയ്ക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്തായിരുന്നു മെഡൽദാനം.2004-ൽ ഓസ്ട്രേലിയൻ ഓഫ് ദ ഇയർ എന്ന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.എന്നാൽ ഈ പുരസ്കാരം ലഭിച്ചത് അന്നത്തെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്ന സ്റ്റീവ് വോയ്ക്കായിരുന്നു.[15] മരണത്തിനു കുറച്ച് മുൻപ് അദ്ദേഹം ക്വീൻസ്ലാൻഡ് സമഗ്ര ജീവശാസ്ത്ര സ്കൂളിലെ അനുബന്ധ പ്രൊഫസർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.2007 നവംബർ 14-ന് ഈ സ്കൂൾ ഉൾപ്പെടുന്ന സർവകലാശാല മരണാനന്തര ബഹുമതിയായി അനുബന്ധ പ്രൊഫസർ സ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു.[16] 2007 മെയ് മാസത്തിൽ റുവാണ്ട സർക്കാർ അടുത്തിടെ ജനിച്ച കുട്ടി ഗൊറില്ലയ്ക്ക് സ്റ്റീവ് എന്നു നാമകരണം ചെയ്ത് അദ്ദേഹത്തിന്റെ പരിസ്ഥിതി പ്രവർത്തനങ്ങളെ ബഹുമാനിച്ചു.[17]കേരളത്തിലെ നെയ്യാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ മുതലവളർത്തൽ കേന്ദ്രം സ്റ്റീവിന്റെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.[18]
വിവാദങ്ങൾ![]() 2004 ജനുവരി 2-നു തന്റെ ഒരു മാസം പ്രായമുള്ള പുത്രനേയും കൊണ്ടുള്ള പ്രകടനമായിരുന്നു സ്റ്റീവിന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ വിവാദം. നാലുമീറ്റർ നീളമുള്ള മുതലയ്ക്കു ഭക്ഷണം കൊടുക്കുവാൻ പുത്രനേയും കൊണ്ട് ഒരുമീറ്റർ അടുത്തു വരെ ചെന്നു എന്നതാണ് സ്റ്റീവിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം.[20] അദ്ദേഹം കുറ്റം നിഷേധിക്കുകയും സംഭവത്തിന്റെ പൂർണ്ണ നിയന്ത്രണം തന്റെ കൈയിലായിരുന്നുവെന്നും, കുട്ടിക്ക് യാതൊരു അപകടവുമില്ലായിരുന്നുവെന്നും അവകാശപ്പെട്ടു. കൊച്ചു കുട്ടിയെ നീന്തൽ പഠിപ്പിക്കുമ്പോഴുള്ള അപകട സാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളു എന്നായിരുന്നു ഭാര്യ ടെറിയുടെ അഭിപ്രായം. പക്ഷെ പല ശിശു ക്ഷേമ സമിതികളും, മൃഗസംരക്ഷണ സംഘടനകളും, ടെലിവിഷൻ ചാനലുകളും സ്റ്റീവ് ഉത്തരവാദരഹിതനാണെന്ന് ആരോപിച്ചുവെങ്കിലും പോലീസ് കേസൊന്നുമുണ്ടായില്ല.[21] US NBC Today ഷോയിൽ സ്റ്റീവ് ക്ഷമപറയുകയുണ്ടായി.[22][23] പല കോണുകളിൽ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങൾ തെളിവാക്കി, സ്റ്റീവ് വീഡിയോയിൽ കാണപ്പെട്ടതിലും വളരെ അകലെയാണെന്ന് ടെറിയും അവകാശപ്പെട്ടു.[24] ഈ സംഭവത്തോടെ ക്വീൻസ്ലാൻഡ് സർക്കാർ മുതലവേട്ട നിയമങ്ങൾ അഴിച്ചുപണിയുകയും, കുട്ടികളെയും, പരിശീലകരല്ലാത്ത മുതിർന്നവരേയും മുതലകളോട് അടുത്തിടപഴകുന്നത് വിലക്കിക്കൊണ്ട് നിയമം ഉണ്ടാക്കുകയും ചെയ്തു. 2004-ൽ തന്നെ ജൂൺ മാസത്തിൽ അന്റാർട്ടിക്കയിലെ വന്യജീവികളോട് (തിമിംഗിലം, നീർനായ, പെൻഗ്വിൻ) സ്റ്റീവ് വല്ലാതെ അടുത്തു ചെല്ലുകയും ശല്യപ്പെടുത്തുകയും ചെയ്തു എന്നവകാശപ്പെട്ടാണ് രണ്ടാമത്തെ വിവാദം ഉണ്ടായത്. ആദ്യത്തെ വിവാദം പോലെ തന്നെ രണ്ടാമത്തെ വിവാദവും പെട്ടെന്നുതന്നെ കെട്ടടങ്ങി.[25] ഇർവിന്റെ മരണശേഷം സീ ഷെപ്പേഡ് എന്ന പരിസ്ഥിതി പ്രവർത്തകരുടെ സംഘത്തിന്റെ മേൽനോട്ടത്തിലുള്ള എം.വി. റോബർട്ട് ഹണ്ടർ എന്ന കപ്പൽ എം.വി. സ്റ്റീവ് ഇർവിൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[26][27][28] സീ ഷെപ്പേഡ് എന്നത് സമുദ്രജീവികളെ സംരക്ഷിക്കുവാൻ നേരിട്ട് പ്രവർത്തിക്കുന്ന വിവാദ സംഘടനയാണ്. മരണത്തിന് കുറച്ച് മാസങ്ങൾ മുൻപ് ജപ്പാനിന്റെ തിമിംഗില വേട്ടയെക്കുറിച്ച് അന്വേഷിക്കാൻ ഈ സംഘത്തോടൊപ്പം അന്റാർട്ടിക്കയിലേക്ക് യാത്ര തിരിക്കാൻ തയ്യാറെടുക്കുകയായിരുന്നു സ്റ്റീവ്. മരണശേഷം, ഈ സംഘടനയുടെ കപ്പലിന് സ്റ്റീവിന്റെ നാമം നൽകാൻ ടെറി സമ്മതിച്ചതോടെ കപ്പൽ പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു.[29] സിനിമ2001-ൽ എഡ്ഡി മുർഫിയുടെ ഡോ.ഡൂലിറ്റിൽ 2 എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു. സ്വന്തം പേരിൽ തന്നെയാണ് അഭിനയിച്ചത്. ഇർവിൻ ഡൂലിറ്റിലിനെ പിടിക്കാൻ വരുന്നുണ്ടെന്ന് താൻ മനസ്സിലാക്കുന്നതായി ഒരു മുതല ഡൂലിറ്റിലിനെ അറിയിക്കുന്നു. എന്നാൽ തക്ക സമയത്ത് ഈ വിവരം ഇർവിൻ അറിയാതെ പോകുന്നു. ഇർവിൻ പ്രധാന കഥാപാത്രമായി അഭിനയിച്ച ഒരേ ഒരു സിനിമ 2002-ൽ പുറത്തിറങ്ങിയ ദ ക്രോക്കൊഡൈൽ ഹണ്ടർ :കൊളീഷൻ കോഴ്സ് ആണ്. ഈ സിനിമയിൽ, സ്റ്റീവ് ഒരു അനധികൃത വേട്ടക്കാരനാണെന്ന് സി.ഐ.എ ഏജന്റുമാർ തെറ്റിദ്ധരിക്കുന്നു. അതേ സമയം ഒരു മുതലയെ പിടികൂടുന്നതിൽ നിന്നും രക്ഷപെടുത്തുകയും ചെയ്യുന്നു.[30] ഈ സിനിമ യങ് ആർട്ടിസ്റ്റ് നൽകിവരുന്ന ഏറ്റവും നല്ല കുടുംബചിത്രത്തിനുള്ള പുരസ്കാരവും ഏറ്റവും നല്ല ഹാസ്യചിത്രത്തിനുള്ള പുരസ്കാരവും നേടി. ആകെ $12 മില്ല്യണിന് നിർമ്മിച്ച ഈ ചിത്രം $33 മില്ല്യൺ സമ്പാദിച്ചു.ഈ സിനിമയ്ക്ക് പ്രചാരം നൽകാൻ അനിമാക്സ് എന്റർടേന്മെന്റ് നിർമ്മിച്ച ഹ്രസ്വചിത്രത്തിലും സ്റ്റീവ് തന്നെയായിരുന്നു നായകൻ.[31]
മെക്സിക്കോവിലെ രക്ഷാപ്രവർത്തനങ്ങൾ2003 നവംബറിൽ ഇർവിൻ മെക്സിക്കോവിലെ ബാജാ കാലിഫോർണിയ പെനിൻസുലയിൽ ഒരു ഡോക്യുമെന്റ്ററി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന വേളയിൽ, രണ്ട് സ്ക്യൂബ ഡൈവർമാർ അപകടത്തിൽ പെട്ടിരിക്കുകയാണെന്ന വാർത്ത ബോട്ട് റേഡിയോ വഴി കേൾക്കുകയുണ്ടായി. ഇർവിനും സംഘവും ഉടനടി ചിത്രീകരണം നിർത്തിവയ്ക്കുകയും, അപകടത്തിൽ പെട്ടവരുടെ രക്ഷാപ്രവർത്തനത്തിന് സഹായിക്കുകയും ചെയ്തു. തന്റെ സംഘാംഗങ്ങൾ തിരച്ചിൽ നടത്തവേ, ഇർവിൻ ഉപഗ്രഹ സംപ്രേഷണത്തിന്റെ സഹായത്തോടെ ജീവൻ രക്ഷാ വിമാനത്തിന്റെ സേവനം ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന്റെ രണ്ടാം ദിവസം മുങ്ങൽ വിദഗ്ദ്ധനായ സ്കോട്ട് ജോൺസിനെ രക്ഷപെടുത്താൻ സാധിച്ചു. ഇർവിൻ ആണ് സ്കോട്ടിനെ ബോട്ടിലേക്ക് എടുത്തു കയറ്റിയത്. ജോൺസ് സ്റ്റീവിനെ തിരിച്ചറിഞ്ഞില്ല. പക്ഷേ ക്യാറ്റി റൂമാൻ എന്ന കാണാതായ രണ്ടാമത്തെ ആളെ രക്ഷിക്കാൻ കഴിഞ്ഞില്ല.[33] രാഷ്ട്രീയംഒരു സർക്കാർ പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതിന് നികുതിദായകരുടെ $175,000 സ്റ്റീവ് പ്രതിഫലം പറ്റി എന്ന ആരോപണത്തോടൊപ്പം, അദ്ദേഹത്തിന് രാഷ്ടീയ സംഘടനകളുമായി ബന്ധമുണ്ട് എന്ന ആരോപണവും ഉന്നയിക്കപ്പെട്ടു. ഈ ആരോപണത്തോട് പ്രതികരിക്കവേ താൻ ഒരു പരിസ്ഥിതി പ്രവർത്തകൻ ആണെന്നും രാഷ്ട്രീയവുമായി ബന്ധമൊന്നുമില്ലെന്നും എ.ബി.സി. ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ലോകത്തിലെ ഏറ്റവും മഹാനായ നേതാവ്" എന്ന് അദ്ദേഹം ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായ ജോൺ ഹോവാർഡിനെ വിശേഷിപ്പിച്ചത് മാധ്യമശ്രദ്ധ പിടിച്ചുപറ്റി.[34] മരണം2006 സെപ്റ്റംബർ 4, ഓസ്റ്റ്രേലിയൻ പ്രാദേശിക സമയം 11:00 മണിക്ക് ഒരു പരമ്പരയുടെ ചിത്രീകരണത്തിനായി ഗ്രേറ്റ് ബാരിയർ റീഫിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ സ്റ്റിങ്‌റേ എന്ന തിരണ്ടി മീനിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവർത്തകനും മാനേജരുമായിരുന്ന ജോൺ സ്റ്റൈന്റണും കുറച്ചു സഹപ്രവർത്തകരും സംഭവസമയം കൂടെയുണ്ടായിരുന്നു. ജോൺ സംഭവത്തെ വിവരിച്ചത് പ്രകാരം, സ്റ്റീവ് ജലത്തിനടിയിൽ നിന്നും സ്റ്റിങ്‌റേയുമായി പൊങ്ങി വരികയും, നെഞ്ചിൽ തറഞ്ഞിരുന്ന തിരണ്ടിയുടെ വാൽ സ്വയം പറിച്ചെടുക്കുകയും തൊട്ടടുത്ത നിമിഷം മരിക്കുകയുമായിരുന്നത്രേ. ഹൃദയത്തിനേറ്റ മുറിവും ആഘാതവുമാണ് മരണകാരണമെന്ന് വെളിപ്പെട്ടിട്ടുണ്ട്. പരമ്പരയുടെ മദ്ധ്യേയുണ്ടായ സംഭവമായതിനാൽ വീഡിയോ ക്യാമറയിൽ മരണം പകർത്തിയിട്ടുണ്ട്.
തിരണ്ടിവിഷവും ഹൃദയത്തിലുണ്ടായ മുറിവുമാണ് സ്റ്റീവിന്റെ മരണകാരണം എന്ന് പറയപ്പെടുന്നു.പ്രധാന രക്തക്കുഴലുകൾ പൊട്ടിയശേഷം ഹൃദയാഘാതം വന്നു മരിച്ചതാകാം എന്ന അഭ്യൂഹവും ഉണ്ട്.[36]ഒരു മാസത്തിനു ശേഷം സമാനമായ തിരണ്ടി ആക്രമണം ഫ്ളോറിഡയിൽ നടക്കുകയും പരിക്കേറ്റ വ്യക്തി രക്ഷപെടുകയും ചെയ്തു.[37] ഇർവിൻ കുത്തേറ്റ ശേഷം മുള്ള് ഹൃദയത്തിൽ നിന്നും വലിച്ചെടുക്കാൻ ശ്രമിച്ചത് അദ്ദേഹത്തിന്റെ മരനത്തിന് ആക്കം കൂട്ടിയിട്ടുണ്ടാകാം എന്ന് വിദഗ്ദ്ധർ അനുമാനിക്കുന്നു. [38] സ്റ്റീവിന്റെ സഹയാത്രികർ അടിയന്തര ശ്രുശ്രൂഷ ലഭ്യമാക്കിയെങ്കിലും, രക്ഷാപ്രവർത്തക ഹെലികോപ്ടറിന്റെ സഹായത്തോടെ തൊട്ടടുത്ത നഗരമായ കെയിനിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷപെടുത്താൻ ആയില്ല. കുറച്ച് സമയത്തിനകം തന്നെ വൈദ്യപ്രവർത്തകർ എത്തിച്ചേരുകയും, സ്റ്റീവ് മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.[39] സ്റ്റീവിനെ പരിചരിച്ച ഡോ. എഡ് ലൗളിൻ പറഞ്ഞത്, "അദ്ദേഹത്തെ(സ്റ്റീവിനെ) കണ്ടയുടനെ തന്നെ മാരകമായ മുറിവാണ് ഉണ്ടായിരിക്കുന്നത് എന്ന് മനസ്സിലായി. മാറിടത്തിന്റെ മുന്നിൽ, ഇടത്തേയറ്റത്താണ് മുറിവ് ഉണ്ടായിരുന്നത്.പൾസ് നഷ്ടപ്പെട്ടിരുന്നു. ഹൃദയമിടിപ്പ് നിലച്ചിരുന്നു". മരണസമയം ഭാര്യ ടെറിയും മക്കളും ടാസ്മാനിയയിലെ സെന്റ്. ക്ളയർ ഉദ്യാനത്തിലായിരുന്നു. ഒരു സ്വകാര്യ വിമാനത്തിൽ ഡാവൻപോർട്ട് മുതൽ സൺഷൈൻ കോസ്റ്റ് വരെ സഞ്ചരിച്ചാണ് അവർ സ്റ്റീവിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്.[40] സി.എൻ.എൻ ചാനലിന്റെ ലാറി കിങിനോട് സ്റ്റീവിന്റെ അടുത്ത സുഹൃത്തായ സ്റ്റെയിട്ടൺ പറഞ്ഞത്, സ്റ്റീവിന്റെ മരണനിമിഷങ്ങളടങ്ങുന്ന ടേപ്പ് നശിപ്പിക്കണം എന്നാണ്.[41]എ.ബി.സി. ചാനലിൽ ബാർബറാ വാൾട്ടറിനു നൽകിയ അഭിമുഖത്തിൽ താൻ സ്റ്റീവിന്റെ അന്ത്യനിമിഷങ്ങൾ കണ്ടിട്ടില്ലെന്നും, കാണാൻ താല്പര്യമില്ലെന്നും, ആ വീഡിയോ പൊതുജനസമക്ഷം കാണിക്കരുതെന്നും ടെറി അഭ്യർത്ഥിച്ചു.[42]2007ജനുവരി 11 ന് ആക്സസ് ഹോളിവുഡിന് അനുവദിച്ച അഭിമുഖത്തിൽ എല്ലാ ടേപ്പുകളും നശിപ്പിക്കപ്പെട്ടതായി അവർ പ്രഖ്യാപിച്ചു.[43]പക്ഷെ, സ്റ്റീവിന്റെ അന്ത്യനിമിഷങ്ങൾ അടങ്ങുന്ന വീഡിയോ യൂ ട്യൂബിൽ ഉണ്ട് എന്ന അഭ്യൂഹങ്ങൾ ഉണ്ടായി. ഗൂഗിൾ ചിത്രങ്ങളുടെ തിരച്ചിലിലും ഇതിന്റെ ചിത്രങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. മരണശേഷംഔദ്യോഗിക ബഹുമതികളോടെ സ്റ്റീവിനെ അടക്കം ചെയ്യണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ജോൺ ഹോവാർഡും, ക്വീൻസ്ലാൻഡ് പ്രവിശ്യയിലെ ഗവർണ്ണറായ പീറ്റർ ബിയാറ്റിയും അഭിപ്രായപ്പെട്ടു. പക്ഷെ, ഇത്തരം ഒരു അന്ത്യോപചാരം സ്റ്റീവ് ആഗ്രഹിക്കുന്നില്ലെന്നും, ഇത് സ്റ്റീവിനോടുള്ള ജനങ്ങളുടെ സഹതാപം നേടാൻ മാത്രമേ സഹായകമാകൂ എന്നും അദ്ദേഹത്തിന്റെ കുടുംബം വാദിച്ചു. ഒരു സാധാരണ മനുഷ്യൻ എന്ന പേരിൽ അറിയപ്പെടാനായിരുന്നു സ്റ്റീവ് ആഗ്രഹിച്ചത് എന്ന് സ്റ്റീവിന്റെ അച്ഛൻ ബോബ് ഇർവിൻ പ്രസ്താവിച്ചു.[46] സ്റ്റീവിന്റെ കുടുംബത്തിന്റെ ആഗ്രഹങ്ങളെ മാനിക്കുന്നു എന്ന് സർക്കാരും പ്രഖ്യാപിച്ചു. സെപ്റ്റംബർ 9 ന് നടന്ന സ്വകാര്യ ചടങ്ങിൽ സ്റ്റീവ് സ്വന്തം മൃഗശാലയിൽ അടക്കം ചെയ്യപ്പെട്ടു.[47] ഓസ്ട്രേലിയൻ മൃഗശാല സന്ദർശിക്കുന്നവർക്ക് സ്റ്റീവിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവേശനമില്ല.[48] സ്റ്റീവിന്റെ ഭാര്യ ടെറി പിന്നീട് ഭർത്താവിന്റെ ഓർമ്മകളുമായി മൃഗശാലയുടെ നിയന്ത്രണം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മകൾ ബിണ്ടി ഇന്ന് ഓസ്ട്രേലിയയിൽ അറിയപ്പെടുന്ന ചലച്ചിത്രനടിയാണ്. അഭിനയിച്ച സിനിമകൾ
അറിയപ്പെടാത്ത വസ്തുതകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia