ലൈറ്റ് എമിറ്റിങ്ങ് ഡയോഡ് എന്നതിൻറെ ചുരുക്കമാണ് എൽ.ഇ.ഡി (L.E.D).പ്രകാശം പുറപ്പെടുവിക്കുന്ന ഒരുതരം ഡയോഡാണിത്. പി-എൻ സന്ധി ഡയോഡാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഫോർവേഡ് ബയസിലാകുമ്പോൾവൈദ്യുതി പ്രവഹിക്കുകയുംഇലക്ട്രോണുകൾ ഉത്തേജിപ്പിക്കപ്പെടുകയും ഹോളുകളുമായി ചേരുകയും ചെയ്യുന്നു. അപ്പോൾ സ്വതന്ത്രമാകുന്ന ഊർജം പ്രകാശമായി പുറത്തുവരുന്നു. ഈ പ്രതിഭാസത്തെ ഇലക്ട്രോലൂമിനസൻസ് എന്ന് പറയുന്നു. എനർജ്ജി ഗ്യാപ്പനനുസരിച്ച് വിവിധ വർണങ്ങൾ ഉണ്ടാക്കുന്ന എൽ.ഇ.ഡികൾ ഇന്ന് ലഭ്യമാണ്.
എൽ.ഇ.ഡികൾ പൊതുവേ 1 സ്ക്വയർ മി. മി. വലിപ്പമുള്ളതാണ്. അവയെ പലതരത്തലുള്ള പ്രകാശസഹായികൾ ഉപയോഗിച്ച് ആവശ്യങ്ങൾക്കനുസരിച്ച് നിർമ്മിക്കാവുന്നതാണ്. കുറഞ്ഞ ഊർജ്ജോപയോഗം, നീണ്ട ജീവിതകാലം, നിലനിൽക്കാനുള്ള ഉന്നത ശേഷി, വലിപ്പക്കുറവ്, ഓൺ-ഓഫ് ആക്കുന്നതിനുള്ള സമയക്കുറവ് മുതലായവയാണ് ഇൻകാന്റസെന്റ് വിളക്കുകളേക്കാൾ ഇവയെ മികവുറ്റതാക്കുന്നത്. എന്നാൽ ഒരു മുറി മുഴുവൻ പ്രകാശം പകരുന്ന തരത്തിൽ ആവശ്യമെങ്കിൽ നിർമ്മാണച്ചെലവ് കൂടുതലായിരിക്കും എന്നതിന് പുറമേ ഇവക്ക് മികച്ച താപനിയന്ത്രണവും വൈദ്യുതിനിയന്ത്രണവും മറ്റും ആവശ്യമായിവരും. ഇത്തരം അവസരങ്ങളിൽ സി എഫ് എല്ലുകളായിരിക്കും നല്ലത്.
2014 ഒക്ടോബർ 7-ന് ഊർജതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നീല എൽ.ഇ.ഡി ബൾബ് കണ്ടെത്തിയ ഇസാമു അകസാകി, ഹിരോഷി അമാനോ, ഷുജി നകാമുറ എന്നിവർ പങ്കിട്ടു.
വൈമാനിക ആവശ്യങ്ങൾക്കും, വാഹനങ്ങളിലെ പ്രകാശത്തിനും, പരസ്യങ്ങൾ, ട്രാഫിക് സിഗ്നലുകൾ, എന്നിവയിൽ പ്രകാശത്തിനായി എൽ.ഇ.ഡികൾ ഉപയോഗിച്ചുവരുന്നു. വലിപ്പക്കുറവും ഓൺ-ഓഫ് സമയക്കുറവും കണക്കിലെടുത്ത് വീഡിയോ ഡിസ്പ്ലേകളിലും ആധുനികരണത്തിൽ എൽ.ഇ.ഡികൾ ഉപയോഗിക്കുന്നു. കൂടാതെ, മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത ഇൻഫ്രാറെഡ് എൽ.ഇ.ഡികളാണ് റിമോട്ട് കൺട്രോളുകളിൽ ഉപയോഗിക്കുന്നത്.
അനുകൂലം
ക്ഷമത: ഇൻകാൻറസെൻറ് വിളക്കുകളെ അപേക്ഷിച്ച് കൊടുക്കുന്ന വൈദ്യുതിക്ക് കൂടുതൽ പ്രകാശം (ലൂമെൻസ് പെർ വാട്ട്) എൽ.ഇ.ഡികൾക്ക് പുറപ്പെടുവിക്കാൻ സാധിക്കും. മറ്റുവിളക്കുകളിൽ നിന്ന് വ്യത്യസ്തമായി വിളക്കുകളുടെ എണ്ണമോ ആകൃതിയോ എൽ.ഇ.ഡികളുടെ ക്ഷമതയെ ബാധിക്കുന്നില്ല.
നിറം: ഫിൽട്ടറുകളുടെ ഉപയോഗം ഇല്ലാതെതന്നെ നിശ്ചിത നിറത്തിൽ വെളിച്ചം പുറപ്പെടുവിക്കാൻ എൽ.ഇ.ഡികൾക്ക് സാധിക്കും. ഇത് ഘടിപ്പിക്കുന്നതിനുള്ള ചെലവ് ചുരുക്കാൻ സഹായിക്കുന്നു.
വലിപ്പം: 1 സ്ക്വയർ മി.മി യിൽ താഴെ മാത്രം വലിപ്പം വരുന്നതുകൊണ്ട് പ്രിൻറഡ് സർക്യൂട്ട് ബോർഡുകളിൽ എളുപ്പത്തിൽ വിന്യസിക്കാൻ സാധിക്കുന്നു.
ഓൺ-ഓഫ് സമയം: സാധാരണ എൽ.ഇ.ഡികൾ തന്നെ മൈക്രോസെക്കൻറുകൾക്കുള്ളിൽ പൂർണ്ണപ്രകാശത്തിലെത്തുന്നു.
ആവർത്തനം: ആവർത്തിച്ച് പ്രവർത്തിക്കേണ്ട അവസരങ്ങളിൽ, ഇൻകാൻറസെൻറുകളെ അപേക്ഷിച്ച് കേടാകാനുള്ള സാദ്ധ്യത കുറവാണ്.
വെളിച്ചം കുറക്കൽ: വൈദ്യുതിയിൽ മാറ്റം വരുത്തി വെളിച്ചം കുറക്കാൻ എളുപ്പമാണ്.
തണുത്ത പ്രകാശം: മറ്റുവിളക്കുകളെ അപേക്ഷിച്ച് എൽ.ഇ.ഡികൾ വളരെ കുറച്ച് താപം മാത്രമേ പുറപ്പെടുവിക്കുന്നുള്ളു. ഇൻഫ്രാ റെഡ് വികിരണം വളരെ കുറവാണ്.
പതുക്കെയുള്ള കേടാകൽ: എൽ.ഇ.ഡികൾ കാലക്രമത്തിൽ മങ്ങിമങ്ങി വരികയും പതുക്കെ പ്രവർത്തനരഹിതമാകുകയും ചെയ്യുന്നു. പെട്ടെന്ന് അവ പ്രവർത്തനരഹിതമാകുന്നില്ല.
പ്രവർത്തനകാലം: ഒരു ഇൻകാൻറസെൻറ് വിളക്ക് 1000-2000 മണിക്കൂറും, ഫ്ലൂറസെൻറ് ട്യൂബുകൾ 10,000-15,000 മണിക്കൂറും പ്രവർത്തിക്കുമ്പോൾ എൽ.ഇ.ഡികൾ 35,000-50,000 മണിക്കുർ വരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കണക്കുകൾ പ്രകാരം ഈ നീണ്ട പ്രവർത്തനകാലം കൊണ്ട് നന്നാക്കാനുള്ള ചെലവ് വളരെ കുറയുന്നു.[7]
വിറയൽ: എൽ.ഇ.ഡികൾ ഖരപദാർത്ഥനിർമ്മിതമായതുകൊണ്ട് അവ വിറക്കുന്നതുകൊണ്ട് കേടാകുന്നില്ല.
പ്രകാശ കേന്ദ്രീകരണം: മറ്റുവിളക്കുകൾക്ക് പ്രകാശം ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കണമെങ്കിൽ പുറമേ ഒരു റിഫ്ലക്ടർ ഘടിപ്പിക്കണമെന്നിരിക്കെ, എൽ.ഇ.ഡികൾക്ക് അകത്തുതന്നെ വച്ച് നിർമ്മിക്കാവുന്നതാണ്. എന്നിരുന്നാലും ഒന്നിലധികം ലൈറ്റുകൾ ഘടിപ്പിക്കുമ്പോൾ മറ്റുപകരണങ്ങൾ വേണ്ടിവന്നേക്കാം.
പ്രതികൂലം
തുടക്കത്തിലെ ചിലവ്: ഇപ്പോഴുള്ള അവസ്ഥയിൽ ഒരു ലൂമൻ വെളിച്ചത്തിനുള്ള വില നോക്കുമ്പോൾ എൽ.ഇ.ഡി മറ്റു വിളക്കുകളെ പിൻതള്ളിയിരിക്കുന്നു.
താപാശ്രയത്വം: എൽ.ഇ.ഡി വിളക്കുകളുടെ പ്രവർത്തനശേഷി അന്തരീക്ഷോഷ്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന ഉപയോഗത്തിനുള്ള വിളക്കുകളിൽ ശരിയായ താപനിയന്ത്രണം എർപ്പെടുത്തിയിട്ടില്ലെങ്കിൽ പതിയെ കാര്യക്ഷമത കുറയാൻ ഇടയാകുന്നു.
വോൾട്ടതാലോതത്വം: എൽ.ഇ.ഡികൾക്ക് കൃത്യമായ വൈദ്യുതി നൽകണം. വേണ്ടതിലും കൂടുതൽ വോൾട്ടതയും കുറഞ്ഞ ഒഴുക്കുമായിരിക്കണം നൽകേണ്ടത്. അതിനായി റെസിസ്റ്ററുകളുടേയും കപ്പാസിറ്ററുകളുടേയും ഒരു നിര തന്നെ ഉപയോഗിക്കേണ്ടിവരുന്നു.
പ്രകാശം: വെളുത്ത പ്രകാശം പരത്തുന്ന എൽ.ഇ.ഡികൾ മറ്റു സാധാരണ പ്രകാശ സ്രോതസ്സുകളിൽ നിന്ന് വ്യത്യസ്തമായ പ്രകാശം പരത്തുന്നതുകൊണ്ട് അവയുടെ അടിയിൽ കാണുന്ന വസ്തുക്കളുടെ നിറം ശരിയായി മനസ്സിലാക്കാനാകില്ല.
പ്രകാശ സ്രോതസ്സിൻറെ വലിപ്പം: എൽ.ഇ.ഡിയെ ഒറ്റ സ്രോതസ്സായി കണക്കാക്കാനാകില്ല.
വൈദ്യുത ധ്രൂവീകരണം: മറ്റു വിളക്കുകളെ അപേക്ഷിച്ച് എൽ.ഇ.ഡികൾ വൈദ്യുത ധ്രൂവീകൃതമാണ്. അതായത് ഒരു വശത്തേക്ക് വൈദ്യുതി കടത്തിവിട്ടാൽ മാത്രമേ പ്രവർത്തിക്കുകയുള്ളു.
വൈദ്യുതാഘാതം: വൈദ്യുതാഘാതം, തീപിടിക്കൽ, പൊള്ളൽ എന്നിവക്ക് കാരണമായേക്കാവുന്ന വയറിംഗോടുകൂടിയ എൽ.ഇ.ഡികൾ കണ്ടെത്തുകയും പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
നീല അപകടം: നീല അല്ലെങ്കിൽ തൂവെള്ള പ്രകാശം കണ്ണിനും കാഴ്ചക്കും കേടുപാടുകൾ വരുത്തുമെന്ന് പറയപ്പെടുന്നു.[8][9]
നീല മലിനീകരണം: സാധാരണ പ്രകാശത്തിനേക്കാൾ കൂടിയതോതിൽ നീല പ്രകാശം മലിനീകരണമായി കണക്കാക്കാമെന്ന് ഇൻറർനാഷണൽ ബ്ലൂ സ്കൈ അസോസിയേഷൻ പറയുന്നു.[10]