ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന പ്രവിശ്യയാണ് ലിംപോപോ. ലിംപോപോ നദിയിൽ നിന്നുമാണ് പ്രവിശ്യക്ക് ആ പേര് ലഭിച്ചിരിക്കുന്നത്. പൊളോക്വാനെയാണ് ലിംപോപോയുടെ തലസ്ഥാനം. പീറ്റെർസ്ബർഗ് എന്നാണ് ഈ നഗരം മുമ്പ് അറിയപ്പെട്ടിരുന്നത്.
പഴയ ട്രാൻസ്‍വാൾ പ്രവിശ്യയുടെ വടക്കു ഭാഗത്തുള്ള പ്രദേശങ്ങൾ ഭാഗംവെച്ച് 1994ലാണ് ലിംപോപോ പ്രവിശ്യ രൂപീകരിച്ചത്. വടക്കൻ ട്രാൻസ്‍വാൾ എന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. തൊട്ടടുത്തവർഷം വടക്കൻ പ്രവിശ്യ എന്ന് പേര് മാറ്റി. 2003 വരെ ഈ പേരിലാണ് ലിംപോപോ അറിയപ്പെട്ടിരുന്നത്. ദക്ഷിണാഫ്രിക്കൻ പ്രവിശ്യകളിൽ വെച്ച് താരതമ്യേന ഏറ്റവും കൂടുതൽ ദരിദ്രമായ പ്രവിശ്യയാണ് ലിംപോപോ, ജനസംഖ്യയുടെ 78.9% ആളുകളും ദാരിദ്രരേഖയ്ക്ക് താഴെയാണ് എന്നാണ് കണക്ക്.[3] 2011 കണക്കു പ്രകാരം, ലിംപോപോയിലെ 74.4% ആളുകൾ ആദിവാസി മേഖലയിൽ താമസിക്കുന്നവരാണ്, എന്നാൽ ആദിവാസിമേഖലയിൽ താമസിക്കുന്നവരുടെ ദേശീയ ശരാശരി വെറും 27.1% മാത്രമാണ്.[4]വടക്കൻ സോത്തോയാണ് ലിംപോപോയിലെ പ്രധാന ഭാഷ.