റോബർട്ട് മുഗാബെതെക്കനാഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയുടെ പ്രസിഡന്റായിരുന്നു റോബർട്ട് മുഗാബെ (ജീവിതകാലം : 21 ഫെബ്രുവരി 1924 – 6 സെപ്റ്റംബർ 2019).[1] മുഴുവൻ പേര് റോബർട്ട് ഗബ്രിയേൽ മുഗാബെ.(ആംഗലം:Robert Gabriel Mugabe). വെള്ളക്കാരിൽ നിന്നും സിംബാബ്‌വെയെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ സമരത്തിന്റെ നായകനായിരുന്ന മുഗാബെ 1924 ഫെബ്രുവരി 21നാണ് ജനിച്ചത്. 1980ൽ സിംബാബ്‌വെ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടു. വെള്ളക്കാർ നാട്ടുകാരിൽ നിന്നും കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നതിൽ പ്രത്യേകം താല്പര്യം കാണിച്ച ഇദ്ദേഹത്തെ ഒരു ഭീകരനായ ഭരണാധികാരിയായാണ് പടിഞ്ഞാറൻ മാധ്യമങ്ങൾ വിശേഷിപ്പിക്കാറുള്ളത്. സതേൺ റോഡേഷ്യയിലെ കുട്ടാമയിൽ ഒരു നിർദ്ധന ഷോന കുടുംബത്തിലാണ് റോബർട്ട് മുഗാബെ ജനിച്ചത്. കുട്ടാമ കോളേജിലും ഫോർട്ട് ഹെയർ സർവകലാശാലയിലും വിദ്യാഭ്യാസം നടത്തിയ അദ്ദേഹം തെക്കൻ റോഡേഷ്യ, വടക്കൻ റോഡേഷ്യ, ഘാന എന്നിവിടങ്ങളിൽ സ്‌കൂൾ അധ്യാപകനായി ജോലി നോക്കിയിരുന്നു. വെള്ളക്കാരായ ന്യൂനപക്ഷം ഭരിക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിയാണ് തെക്കൻ റോഡെഷ്യയെന്നതിൽ പ്രകോപിതനായ റോബർട്ട് മുഗാബെ മാർക്സിസത്തെ ആശയസംഹിതയായി സ്വീകരിക്കുകയും കറുത്ത ഭൂരിപക്ഷത്തിന്റെ പ്രതിനിധികളുടെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര രാഷ്ട്രം ആവശ്യപ്പെടുന്ന ആഫ്രിക്കൻ ദേശീയവാദ പ്രതിഷേധത്തിൽ പങ്കുചേരുകയുമുണ്ടായി. സർക്കാർ വിരുദ്ധ പരാമർശങ്ങളും ഉപജാപങ്ങളും നടത്തിയതിനു രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 1964 നും 1974 നും ഇടയിൽ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. മോചിതനായപ്പോൾ അദ്ദേഹം മൊസാംബിക്കിലേക്ക് പലായനം ചെയ്യുകയും ZANU വിന്റെ (സംബാബ്വേ ആഫ്രിക്കൻ നാഷണൽ യൂണിയൻ) നേതൃത്വത്തിലെത്തുകയും റോഡേഷ്യൻ ബുഷ് യുദ്ധത്തിൽ ആഫ്രിക്കൻ നാഷണൽ യൂണിയന്റെ പങ്ക് നിരീക്ഷിക്കുകയും ഇയാൻ സ്മിത്തിന്റെ നേതൃത്വത്തിലുള്ള വെളുത്തവർക്കു ഭൂരിപക്ഷമുള്ള സർക്കാരിനെതിരെ സമരം നടത്തുകയും ചെയ്തു. ലങ്കാസ്റ്റർ ഹൌസ് കരാറിന് കാരണമായയും യുണൈറ്റഡ് കിംഗ്ഡം ഇടനിലക്കാരനുമായി നടപ്പിലാക്കിയ സമാധാന ചർച്ചകളിൽ അദ്ദേഹം വൈമനസ്യത്തോടെ പങ്കെടുത്തിരുന്നു. ഈ കരാർ പ്രകാരം യുദ്ധം അവസാനിപ്പിക്കുകയും 1980 ലെ പൊതുതെരഞ്ഞെടുപ്പിൽ മുഗാബെ ZANU-PF നെ വിജയത്തിലേക്ക് നയിക്കുകയു ചെയ്തു. പുതുതായി പുനർനാമകരണം ചെയ്യപ്പെട്ട സിംബാബ്‌വെ എന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ മുഗാബെയുടെ ഭരണം ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസം എന്നീ മേഖലകളിൽ വിപുലമാക്കി. ഒരു സോഷ്യലിസ്റ്റ് സമൂഹമെന്ന മാർക്സിസ്റ്റ് ആശയം ഉണ്ടായിരുന്നിട്ടുകൂടി മുഖ്യധാരാ യാഥാസ്ഥിതിക സാമ്പത്തിക നയങ്ങളാണ് അദ്ദേഹം അവലംബിച്ചത്. വർദ്ധിച്ചുവരുന്ന വെളുത്ത കുടിയേറ്റം തടയുന്നതിനായുള്ള ഒരു വംശീയ അനുരഞ്ജനത്തിനുള്ള മുഗാബെയുടെ ആഹ്വാനം പരാജയപ്പെടുകയും അതേസമയം ജോഷ്വ എൻകോമോയുടെ സിംബാബ്‌വെ ആഫ്രിക്കൻ പീപ്പിൾസ് യൂണിയനുമായുള്ള (ZAPU) ബന്ധം ക്ഷയിക്കുകയും ചെയ്തു. 1982–1985 ലെ ഗുക്കുരാഹുണ്ടിയിലെ അടിച്ചമർത്തലിൽ, മുഗാബെയുടെ അഞ്ചാം ബ്രിഗേഡ് മാറ്റബലെലാൻഡ് മേഖലയിലെ ZAPU- യുമായി ബന്ധപ്പെട്ട എതിർപ്പുകളെ അടിച്ചമർത്തുകയും ഭൂരിഭാഗവും ൻഡെബലെ വിഭാഗത്തിൽപ്പെട്ടെ സാധാരണ പൗരന്മാരിൽ കുറഞ്ഞത് 10,000 പേരെ കൊന്നൊടുക്കുകയുംചെയ്തു. അന്താരാഷ്ട്രതലത്തിൽ അദ്ദേഹം രണ്ടാം കോംഗോ യുദ്ധത്തിലേക്ക് സൈന്യത്തെ അയയ്ക്കുകയും ചേരി ചേരാ പ്രസ്ഥാനം (1986–89), ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി (1997–98), ആഫ്രിക്കൻ യൂണിയൻ (2015–16) എന്നിവയുടെ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. അപകോളനീകരണം പിന്തുടർന്ന് മുഗാബെ വെള്ളക്കാരായ കർഷകർ നിയന്ത്രിക്കുന്ന ഭൂമി ഭൂരഹിതരായ കറുത്തവർഗക്കാർക്ക് പുനർവിതരണം ചെയ്യണമെന്ന് ഊന്നിപ്പറയുകയും തുടക്കത്തിൽ “സന്നദ്ധനായ വിൽപ്പനക്കാരൻ-സന്നദ്ധനായ വാങ്ങുന്നയാൾ” അടിസ്ഥാനത്തിൽ നിശ്ചയിക്കുകയും ചെയ്തു. ഭൂമിയുടെ മന്ദഗതിയിലുള്ള പുനർവിതരണത്തിൽ നിരാശനായ അദ്ദേഹം 2000 മുതൽ കറുത്ത സിംബാബ്‌വെക്കാരെ വെളുത്തവരുടെ ഉടമസ്ഥതയിലുള്ള ഫാമുകൾ അക്രമാസക്തമായി പിടിച്ചെടുക്കാൻ പ്രോത്സാഹിപ്പിച്ചു. ഏകദേശം നാലു പതിറ്റാണ്ടോളം സിംബാബ്‌വെയുടെ രാഷ്ട്രീയത്തിൽ സമ്പൂർണ്ണാധിപത്യം പുലർത്തിയിരുന്ന റോബർട്ട് മുഗാബെ ഒരു വിവാദ വ്യക്തിയായിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസം, സാമ്രാജ്യത്വം, വെളുത്തവരുടെ ന്യൂനപക്ഷ ഭരണം എന്നിവയിൽ നിന്ന് സിംബാബ്‌വെയെ മോചിപ്പിക്കാൻ സഹായിച്ച ആഫ്രിക്കൻ വിമോചന സമരത്തിലെ വിപ്ലവ നായകനായി അദ്ദേഹം വാഴ്ത്തപ്പെട്ടു. പക്ഷേ ഭരണത്തിൽ സാമ്പത്തിക ദുരുപയോഗം, വ്യാപകമായ അഴിമതി, വെള്ളക്കാരോടുള്ള വിരോധം, മനുഷ്യാവകാശ ധ്വംശനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ഉത്തരവാദിയായ ഒരു ഏകാധിപതിയാണെന്ന് അദ്ദേഹം ആരോപിക്കപ്പെട്ടു. ഇത് ഭക്ഷ്യോത്പാദനത്തെ സാരമായി ബാധിച്ചതോടൊപ്പം ക്ഷാമം, കടുത്ത സാമ്പത്തിക തകർച്ച, അന്താരാഷ്ട്ര ഉപരോധം എന്നിവയിലേക്ക് രാജ്യത്തെ നയിച്ചു. മുഗാബെയോടുള്ള എതിർപ്പ് വർദ്ധിച്ചുവന്നുവെങ്കിലും 2002, 2008, 2013 വർഷങ്ങളിൽ അക്രമത്തിന്റെ ആധിക്യമുള്ള പ്രചരങ്ങൾ, തിരഞ്ഞെടുപ്പ് തട്ടിപ്പ്, തനിക്കു സ്വാധീനമുള്ള ഗ്രാമീണ ഷോന വോട്ടർമാരുടെയിടയിൽ നടത്തിയ ദേശീയ അഭ്യർത്ഥനകൾ എന്നിവയിലൂടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017 ൽ സ്വന്തം പാർട്ടിയിലെ അംഗങ്ങൾ അദ്ദേഹത്തെ അട്ടിമറിയിലൂടെ പുറത്താക്കുകയും അദ്ദേഹത്തിന് പകരം മുൻ ഉപരാഷ്ട്രപതി എമ്മേഴ്സൺ മ്നൻഗാഗ്വയെ അവരോധിക്കുകയും ചെയ്തു. നാലു പതിറ്റാണ്ടോളം സിംബാബ്‌വെയുടെ രാഷ്ട്രീയത്തിൽ കിരീടം വയ്ക്കാത്ത രാജാവായി ആധിപത്യം പുലർത്തിയിരുന്ന മുഗാബെ എന്നും ഒരു വിവാദ വ്യക്തിയായിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസം, സാമ്രാജ്യത്വം, വെളുത്ത ന്യൂനപക്ഷ ഭരണം എന്നിവയിൽ നിന്ന് സിംബാബ്‌വെയെ മോചിപ്പിക്കാൻ സഹായിച്ച ആഫ്രിക്കൻ വിമോചന സമരത്തിലെ വിപ്ലവ നായകനായി അദ്ദേഹം പ്രശംസിക്കപ്പെട്ടു. സാമ്പത്തിക ദുരുപയോഗം, വ്യാപകമായ അഴിമതി, വെളുത്തവംശ വിരുദ്ധത, മനുഷ്യാവകാശ ലംഘനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ഉത്തരവാദിയായ ഒരു ഏകാധിപതിയാണ് മുഗാബെയെന്ന് അദ്ദേഹത്തിന്റെ വിമർശകർ ആരോപിച്ചു. പ്രായാധിക്യത്തെത്തുടർന്നുള്ള രോഗങ്ങൾമൂലം 2019 ഏപ്രിൽ മുതൽ സിംഗപ്പൂരിൽ ചികിത്സയിലായിരുന്ന അദ്ദേഹം സെപ്റ്റംബർ 6 ന് അന്തരിച്ചു. ആദ്യകാലജീവിതംറോബർട്ട് ഗബ്രിയേൽ മുഗാബെ 1924 ഫെബ്രുവരി 21 ന് തെക്കന് റോഡേഷ്യയിലെ സ്വിംബ ജില്ലയിലെ കുട്ടാമ മിഷൻ ഗ്രാമത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഗബ്രിയേൽ മാറ്റിബിരി ഒരു മരപ്പണിക്കാരനും മാതാവ് ബോണ ഗ്രാമീണരുടെ കുട്ടികൾക്ക് ക്രിസ്ത്യൻ മതബോധനം പഠിപ്പിക്കുന്ന വ്യക്തിയുമായിരുന്നു.[2] റോമൻ കത്തോലിക്കാ അപ്പോസ്തലിക സംഘമായ ജെസ്യൂട്ടുകളിൽനിന്ന് അവർ തങ്ങളുടെ തൊഴിലുകളിൽ പരിശീലനം നേടിയിരുന്നത്.[3] ബോണയ്ക്കും ഗബ്രിയേലിനും മിറ്റേരി (മൈക്കൽ), റാഫേൽ, റോബർട്ട്, ധോനാന്ദെ (ഡൊണാൾഡ്), സബീന, ബ്രിഡ്‌ജെറ്റ് എന്നിങ്ങനെ ആറ് മക്കളാണുണ്ടായിരുന്നു.[4] ഷോന ഗോത്രത്തിലെ ഏറ്റവും ചെറിയ ശാഖകളിലൊന്നായ സെസുരു ഗോത്രത്തിൽപ്പെട്ടവരായിരുന്നു അവർ.[5] "മാറ്റിബിരി" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മുഗാബെയുടെ പിതാമഹൻ കോൺസ്റ്റന്റൈൻ കരിഗാമോംബെ അതിയാ കായബലമുള്ളയാളും പത്തൊൻപതാം നൂറ്റാണ്ടിൽ ലോബെൻഗുല രാജാവിന്റെ സേവകനുമായിരുന്നു.[6] കർശനമായ അച്ചടക്കമുള്ളവരായിരുന്നു ജെസ്യൂട്ടുകളുടെ സ്വാധീനത്തിൽ മുഗാബെ സ്വയം അച്ചടക്കം[3] വളർത്തിയെടുക്കുകയും ഒരു ഭക്തനായ കത്തോലിക്ക മതവിശ്വാസിയായിത്തീരുകയും ചെയ്തു.[7] സ്കൂളിൽ മികവ്[8] പുലർത്തിയിരുന്ന മുഗാബെ അവിടെ രഹസ്യവും ഏകാന്തതയുമിഷ്പപ്പെടുന്ന[9] കുട്ടിയായിരുന്നു. കായികമത്സരങ്ങളിൽ പങ്കെടുക്കുക, മറ്റ് കുട്ടികളുമായി ഇടപഴകുക എന്നതിലുപരി[10] അദ്ദേഹം വായിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അവനെ ഒരു ഭീരുവായും മുലകുടി മാറാത്ത ആൺകുട്ടിയായും കണക്കാക്കിയ മറ്റു പല കുട്ടികളും അദ്ദേഹത്തെ പരിഹസിച്ചിരുന്നു.[11] ഏകദേശം 1930-ൽ ഗബ്രിയേൽ ജെസ്യൂട്ടുകളിലൊരാളുമായി തർക്കത്തിലേർപ്പെട്ടതിന്റെ ഫലമായി മുഗാബെ കുടുംബത്തെ ഫ്രഞ്ച് നേതാവായ ഫാദർ ജീൻ ബാപ്റ്റിസ്റ്റ് ലൂബിയർ മിഷൻ ഗ്രാമത്തിൽ നിന്ന് പുറത്താക്കി.[12] കുടുംബം ഏഴ് മൈൽ അകലെയുള്ള ഒരു ഗ്രാമത്തിൽ താമസമാക്കി. കുട്ടികളെ കുട്ടാമയിലെ ബന്ധുക്കളോടൊപ്പം താമസിച്ചുകൊണ്ട് മിഷൻ പ്രൈമറി സ്കൂളിൽത്തന്നെ തുടരാൻ അനുവാദിക്കപ്പെടുകയും വാരാന്ത്യങ്ങളിൽ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.[8] അതേ സമയം, വയറിളക്കം പോലെയുള്ള രോഗം ബാധിച്ച് റോബർട്ടിന്റെ ജ്യേഷ്ഠൻ റാഫേൽ മരിച്ചു.[8] 1934 ന്റെ തുടക്കത്തിൽ റോബർട്ടിന്റെ മറ്റൊരു ജ്യേഷ്ഠൻ മൈക്കിളും വിഷം കലർന്ന ചോളം കഴിച്ച് മരിച്ചു.[13] അതേ വർഷം, ബുലവായോയിൽ ജോലി തേടി ഗബ്രിയേൽ തന്റെ കുടുംബത്തെ വിട്ടുപോയി.[14] തുടർന്ന് അദ്ദേഹം ബോണയെയും അവരുടെ ആറ് മക്കളെയും ഉപേക്ഷിച്ച് മൂന്നു കുട്ടികളുള്ള മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു.[15] താമസിയാതെ ലൂബിയർ മരണമടയുകയും അദ്ദേഹത്തിന് പകരക്കാരനായി ഐറിഷുകാരനായ ഫാദർ ജെറോം ഓ ഹിയ മിഷന്റെ സ്ഥാനമേറ്റെടുക്കുകയും മുഗാബെ കുടുംബം കുട്ടാമയിലേക്ക് മടങ്ങിയെത്തുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.[8] തെക്കൻ റോഡിയൻ സമൂഹത്തിൽ സാന്ദ്രമായിരുന്ന വംശീയതയ്ക്ക് വിപരീതമായി, ഒ'ഹിയയുടെ നേതൃത്വത്തിൽ കുട്ടാമ മിഷൻ വംശീയ സമത്വത്തിലൂന്നിയുള്ള ഒരു ധാർമ്മികത പാത പ്രചരിപ്പിച്ചു.[16] ഒ'ഹിയ യുവ മുഗാബെയ്ക്കു ശിക്ഷണം കൊടുക്കുകയും; 1970-ൽ അദ്ദേഹം മരിക്കുന്നതിന് തൊട്ടുമുമ്പ് "അസാധാരണമായ മനസ്സും അസാധാരണമായ ഹൃദയവും" ഉള്ളയാളായി മുഗാബെയെ വിശേഷിപ്പിക്കുകയും ചെയ്തു. [17]മുഗാബെയ്ക്ക് ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള വിദ്യാഭ്യാസം നൽകാൻ സഹായിക്കുന്നതിനൊപ്പം, ഐറിഷ് സ്വാതന്ത്ര്യസമരത്തെക്കുറിച്ചും അതിൽ ഐറിഷ് വിപ്ലവകാരികൾ ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തെ എങ്ങനെ അട്ടിമറിച്ചുവെന്നും ഓ'ഹിയ അദ്ദേഹത്തെ പഠിപ്പിച്ചു.[18] ആറുവർഷത്തെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1941 ൽ കുട്ടാമ കോളേജിലെ അധ്യാപക പരിശീലന കോഴ്‌സിൽ മുഗാബെക്ക് സ്ഥാനം നൽകപ്പെട്ടു. മുഗാബെയുടെ അമ്മയ്ക്ക് പഠനച്ചെലവുപ താങ്ങാൻ കഴിയാതിരുന്നതിനാൽ അവ ഭാഗികമായി അദ്ദേഹത്തിന്റെ മുത്തച്ഛനും ഭാഗികമായി ഓ' ഹിയയും നൽകി.[19] ഈ വിദ്യാഭ്യാസത്തിന്റെ ഭാഗമായി, മുഗാബെ തന്റെ പഴയ സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങുകയും പ്രതിമാസം 2 ഡോളർ സമ്പാദിച്ച് അത് കുടുംബത്തെ പോറ്റാൻ ഉപയോഗിക്കുയും ചെയ്തു.[20] 1944-ൽ അദ്ദേഹത്തിന്റെ പിതാവ് ഗബ്രിയേൽ തന്റെ മൂന്ന് പുതിയ കുട്ടികളോടൊപ്പം കുട്ടാമയിലേക്ക് മടങ്ങിയെങ്കിലും താമസിയാതെ മരണമടയുകയും തന്റെ മൂന്ന് സഹോദരങ്ങളുടേയും മൂന്ന് അർദ്ധസഹോദരങ്ങളുടേയും സാമ്പത്തിക ഉത്തരവാദിത്തം റോബർട്ടിന്റെ മേൽ വന്നുചേരുകയും ചെയ്തു.[20] അദ്ധ്യാപനത്തിൽ ഡിപ്ലോമ നേടിയ മുഗാബെ 1945 ൽ കുട്ടാമ വിട്ടു.[21] അദ്ധ്യാപന ജീവിതം: 1945-1960തുടർന്നുള്ള വർഷങ്ങളിൽ, സതേൺ റോഡേഷ്യയ്ക്ക് ചുറ്റുമുള്ള വിവിധ സ്കൂളുകളിൽ മുഗാബെ പഠിപ്പിച്ചു.[22] ഷബാനിയിലെ ദാദയ മിഷൻ സ്കൂൾ അവയിലൊന്നായിരുന്നു.[23] റോബർട്ട് മുഗാബെ അക്കാലത്ത് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ല, അതുപോലെതന്നെ 1948 ലെ രാജ്യത്തെ പൊതു പണിമുടക്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.[24] 1949 ൽ ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പിലെ ഫോർട്ട് ഹെയർ സർവകലാശാലയിൽ പഠിക്കാനുള്ള ഒരു സ്കോളർഷിപ്പ് അദ്ദേഹം നേടി.[25] അവിടെവച്ച് അദ്ദേഹം ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ ചേരുകയും[26] ആഫ്രിക്കൻ ദേശീയവാദി യോഗങ്ങളിൽ പങ്കെടുക്കുകയും അവിടെയുള്ള നിരവധി യഹൂദ ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റുകളെ കണ്ടുമുട്ടുകയും അവർ അദ്ദേഹത്തിനു മാർക്സിസ്റ്റ് ആശയങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.[27] മാർക്‌സിസവുമായി ഇത്തരത്തിലുള്ള സമ്പർക്കം ഉണ്ടായിരുന്നിട്ടും, അക്കാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വാധീനം ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തെ മഹാത്മാഗാന്ധിയുടെ നടപടികളാണെന്ന് അദ്ദേഹം പിന്നീട് പ്രസ്താവിച്ചിരുന്നു.[28] 1952 ൽ അദ്ദേഹം സർവ്വകലാശാലയിൽനിന്ന് ചരിത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദം നേടി.[29] പിന്നീടുള്ള വർഷങ്ങളിൽ അദ്ദേഹം ഫോർട്ട് ഹെയറിൽ ചിലവഴിച്ച സമയം തന്റെ ജീവിതത്തിലെ വഴിത്തിരിവായി വിശേഷിപ്പിച്ചു.[30] റോബർട്ട് മുഗാബെ 1952-ൽ[31] സതേൺ റോഡേഷ്യയിലേക്ക് മടങ്ങിയെത്തി അക്കാലത്തെക്കുറിച്ച അദ്ദേഹം പിന്നീട് പ്രസ്താവിച്ചത്, കൊളോണിയലിസ്റ്റ് സമ്പ്രദായത്തോട് അദ്ദേഹം പൂർണമായും വിരോധം പുലർത്തിയിരുന്നുവെന്നാണ്.[32] ഇവിടെയെത്തിയശേഷം അദ്ദേഹം ആദ്യം ചെയ്ത ജോലി ഉംവുമയ്ക്കടുത്തുള്ള ഡ്രീഫോണ്ടൈൻ റോമൻ കാത്തലിക് മിഷൻ സ്കൂളിൽ അദ്ധ്യാപകനായി പ്രവേശിക്കുകയായിരുന്നു.[26] 1953 ൽ അദ്ദേഹം സാലിസ്ബറിയിലെ ഹരാരി ടൌൺഷിപ്പിലെ ഹൈഫീൽഡ് ഗവൺമെന്റ് സ്കൂളിലേക്കു പിന്നീട് 1954 ൽ ഗ്വെലോയിലെ മാമ്പോ ടൌൺഷിപ്പ് ഗവൺമെന്റ് സ്കൂളിലേക്കും ജോലി മാറി.[33] അതേസമയം, ദക്ഷിണാഫ്രിക്കൻ സർവകലാശാലയിൽ[34] നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ അദ്ദേഹം ബിരുദം നേടുകയും കാൾ മാർക്‌സിന്റെ മൂലധനം ഫ്രഡ്രിക്ക് ഏംഗൽസിന്റെ 'ദ കണ്ടീഷൻ ഓഫ് ദ വർക്കിങ്ങ് ക്ലാസ് ഇൻ ഇംഗ്ലണ്ട്' എന്നിവയുൾപ്പെടെ നിരവധി മാർക്‌സിസ്റ്റ് ലഘുലേഖകൾ ഒരു ലണ്ടൻ മെയിൽ ഓർഡർ കമ്പനിയിൽനിന്ന് അയച്ചുവരുത്തുകയും ചെയ്തു.[35] രാഷ്ട്രീയത്തിൽ താൽപര്യം വളർന്നുവങ്കിലും അദ്ദേഹം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും സജീവ അംഗമായിരുന്നില്ല.[32] കാപ്രിക്കോൺ ആഫ്രിക്ക സൊസൈറ്റി പോലുള്ള നിരവധി അന്തർ-വംശീയ ഗ്രൂപ്പുകളിൽ അദ്ദേഹം അംഗമാകുകയും അതിലൂടെ അദ്ദേഹം കറുപ്പും വെളുപ്പും നിറമുള്ള റോഡെഷ്യക്കാരോട് ഇടപഴകുകയും ചെയ്തു.[36] ഈ ഗ്രൂപ്പിലൂടെ റോബർട്ട് മുഗാബെയെ അറിയുന്ന ഗൈ ക്ലട്ടൺ-ബ്രോക്ക് പിന്നീട് പറഞ്ഞത് അദ്ദേഹം ഒരു "അസാധാരണ ചെറുപ്പക്കാരൻ" ആയിരുന്നുവെന്നാണ്. ചില സമയങ്ങളിൽ അദ്ദേഹം സഹാനുഭൂതിയും വികാരവും ഇല്ലാത്ത ഒരു വ്യക്തി ആകാമെന്നും മറ്റുചിലപ്പോൾ എൽവിസ് പ്രെസ്ലിയേക്കുറിച്ചോ ബിംഗ് ക്രോസ്ബിയെക്കുറിച്ചോ രാഷ്ട്രീയം പോലെ എളുപ്പത്തിൽ സംസാരിക്കാൻ കഴിയുന്ന വ്യക്തിയുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.[37] 1955 മുതൽ 1958 വരെയുള്ള കാലത്ത് റോബർട്ട് മുഗാബെ അയൽ രാജ്യമായ നോർത്തേൺ റോഡേഷ്യയിൽ താമസിക്കുകയും അവിടെ ലുസാക്കയിലെ ചാലിംബാന ടീച്ചർ ട്രെയിനിംഗ് കോളേജിൽ ജോലിയെടുക്കുയും ചെയ്തു.[34] വിദൂര വിദ്യാഭ്യാസത്തിലൂടെ ഒരു രണ്ടാം ഡിഗ്രിക്കായി അദ്ദേഹം അവിടെ വിദ്യാഭ്യാസം തുടരുകയും ഇത്തവണ യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ ഇന്റർനാഷണൽ പ്രോഗ്രാംസിൽനിന്ന് വിദൂര പഠനം വഴി ബാച്ചിലർ ഓഫ് അഡ്മിനിസ്ട്രേഷൻ ബിരുദം നേടുകയും ചെയ്തു.[34]
അവലംബം
|
Portal di Ensiklopedia Dunia