റലെയ്ഗ് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ വടക്കൻ കരോലിനയുടെ തലസ്ഥാനവും വെയ്ക്ക് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. ഷാർലറ്റിന് ശേഷം വടക്കൻ കരോലിനയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ഇത്, തെക്കുകിഴക്കൻ മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ നഗരവും, യു.എസിലെ ഏറ്റവും ജനസംഖ്യയുള്ള 41-ാമത്തെ നഗരവും, റിസർച്ച് ട്രയാംഗിൾ മെട്രോ മേഖലയിലെ ഏറ്റവും വലിയ നഗരവുമാണ്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തെരുവുകളിൽ നിരനിരയായി കാണപ്പെടുന്ന ഓക്ക് മരങ്ങൾ നഗരത്തിന് "സിറ്റി ഓഫ് ഓക്ക്സ്" എന്ന പേര് ചാർത്തപ്പെടാൻ കാരണമായി. 147.6 ചതുരശ്ര മൈൽ (382 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ളതാണ് നഗരം. യു.എസ്. സെൻസസ് ബ്യൂറോ കണക്കാക്കിയതുപ്രകാരം 2020-ൽ നഗരത്തിലെ ജനസംഖ്യ 474,069 ആയിരുന്നു. രാജ്യത്തെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു പട്ടണമാണിത്. ഇന്നത്തെ ഡെയർ കൗണ്ടിയിൽ അപ്രത്യക്ഷമായ റോണോക്ക് കോളനി സ്ഥാപിച്ച വാൾട്ടർ റാലിയുടെ സ്മരണാർത്ഥമാണ് നഗരത്തിന് റാലി എന്ന പേര് നൽകിയിരിക്കുന്നത്.