രാധ (ജനനം : 1965 ജൂൺ 3)[1][2]തമിഴ്, തെലുങ്കു ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു പരിചിതയായ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. ഏതാനും മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. 1981 മുതൽ 1991 വരെയുള്ള കാലത്ത് തെന്നിന്ത്യൻ നായികമാരിൽ പ്രധാനിയായിരുന്നു അവർ. സഹോദരി അംബികയും ഒരു നടിയായിരുന്നു. തങ്ങളുടെ കരിയറിൻറെ ഉച്ചസ്ഥായിയിൽ പല ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും അവർ ഒന്നിച്ച് അഭിനയിച്ചിരുന്നു.
1991 സെപ്റ്റംബർ 10 ന് അവർ രാജശേഖര നായർ എന്ന വ്യക്തിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് കാർത്തിക നായർ, തുളസി നായർ എന്നി രണ്ട് പെൺമക്കളും വിഘ്‌നേഷ് നായർ എന്ന പേരിൽ ഒരു പുത്രനുമുണ്ട്. രാധയുടെ രണ്ട് പെൺമക്കളും അഭിനേതാക്കളായി അവരുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. കഴിഞ്ഞ 25 വർഷങ്ങളായി, കേരളത്തിലെ കോവളത്തുംമുംബൈയിലുമായി റെസ്റ്റോറന്റുകളുടെ ഒരു ശൃംഖല നടത്തുന്ന ഈ കുടുംബത്തിന് മികച്ച തീരദേശ ബീച്ച് റിസോർട്ട് അവാർഡ് ലഭിച്ചിരുന്നു. രാധയുടെ സഹോദരി അംബികയും ഒരു പ്രശസ്ത നടിയാണ്. രാധയുടെ മൂത്ത പുത്രി കാർത്തിക നായർ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ചപ്പോൾ മറ്റൊരു പുത്രിയായ തുളസി നായർമണിരത്നം ചിത്രമായ കടൽ (2012) എന്ന ചിത്രത്തിലൂടെയാണ് നടിയായി അരങ്ങേറ്റം കുറിച്ചത്.
സംവിധായകൻ ഭാരതിരാജയുടെ അലൈഗൾ ഒയ്വതില്ലൈ എന്ന ചിത്രത്തിൽ നവാഗതനായ കാർത്തിക്കിനൊപ്പം നായികയായി 1981 ൽ തന്റെ അഭിനയ ജീവിതം ആരംഭിച്ചു. കളക്ഷൻ റിക്കാർഡുകൾ ഭേദിച്ച് ഹിറ്റായ ഈ സിനിമ ഒരു കൾട്ട് ക്ലാസിക്കായി കണക്കാക്കപ്പെടുന്നു. കാർത്തിക്കുമായി അവർ പങ്കിട്ട ഓൺ-സ്ക്രീൻ രസതന്ത്രം വളരെ വിജയകരമായതോടെ പാക്കാതു വീട്ടു റോജ, വാലിബമേ വാ വാ, ഇളഞ്ചൊടികൾ തുടങ്ങി നിരവധി സിനിമകളിൽ അഭിനിയ്ക്കുന്നതിനു കാരണമായി. അതേ വർഷം തന്നെ കമൽ ഹാസനോടൊപ്പം ടിക് ടിക് ടിക് എന്ന സിനിമയിൽ രാധ ഒരു ചെറിയ വേഷം ചെയ്തു. ടിക് ടിക് ടിക് എന്ന സിനിമ അവളുടെ കരിയറിൽ ഒരു പ്രധാന പങ്ക് വഹിച്ചു. പിന്നീട് കമൽ ഹാസനോടൊപ്പം ഒരു കൈദിയിൻ ഡയറി, തൂങ്കാതെ തമ്പി തൂങ്കാതെ, കാതൽ പരിശ്, ജപ്പാനിൽ കല്യാണരാമൻ എന്നീ സിനിമകളിൽ അഭിനയിച്ചു.
എങ്കയോ കെട്ട കുറൽ, കാതൽ പരിശ്, അണ്ണ നഗർ മുതൽ തെരു, ഇദയ കോവിൽ, വെള്ളൈ റോജ തുടങ്ങിയ ചിത്രങ്ങളിൽ അവരുടെ സഹോദരി അംബികയുമായി ഒരുമിച്ച് വേഷമിട്ടു. കാതൽ പരിശിൽ അഭിനയിക്കുന്ന കാലത്ത് സഹോദരിമാർ രണ്ടുപേരു അവരുടെ പ്രശസ്തിയുടെ അത്യുന്നതിയിലയാരുന്നതോടൊപ്പം അതിൽ അവർ വളരെ മാദകഭാവമുള്ളതും, വളരെ ആകർഷകത്വമുള്ളതുമായി വനിതകളുടെ വേഷങ്ങൾ കൈകാര്യം ചെയ്തു. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം അംബികയും രാധയും തങ്ങളുടെ കരിയർ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയും തമിഴ് സിനിമകളിൽ തെരഞ്ഞെടുത്ത വേഷങ്ങൾ മാത്രം ചെയ്യുന്നതിനു തീരുമാനിക്കുകയും മികച്ച അഭിനേതാക്കൾക്കും സംവിധായകർക്കും ഒപ്പം മാത്രം അഭിനയിക്കുകയും ചെയ്തു. തമിഴ് ചലച്ചിത്രമേഖലയിലെ ആദ്യ വർഷങ്ങൾക്ക് ശേഷം രണ്ട് സഹോദരിമാരെയും ഒരേ സിനിമയിൽ കാണുന്നത് വളരെ അപൂർവമായിരുന്നു.
തെലുങ്ക് സിനിമ
തന്റെ ആദ്യത്തെ തെലുങ്ക് ചിത്രമായ മിസ്റ്റർ വിജയ് കുമാറിൽ ശോഭൻ ബാബുവിനൊപ്പം രാധ അഭിനയിച്ചു. യമുദികി മൊഗുഡു, റൌഡി, റാമുഡു ഭീമുഡു, അഗ്നി പർവതം എന്നിവയാണ് തെലുങ്കിലെ അവരുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. ചിരഞ്ജീവിയോടൊപ്പം ഏകദേശം 16 ചിത്രങ്ങളിലും ബാലകൃഷ്ണയോടൊപ്പം 6 ചിത്രങ്ങളിലും അഭിനയിച്ചതുകൂടാതെ എൻടിആർ, എഎൻആർ, കൃഷ്ണ, ശോഭൻ ബാബു തുടങ്ങി നിരവധി പ്രധാന നായകന്മാർക്കൊപ്പം അഭിനയിച്ചിരുന്നു. കെ. രാഘവേന്ദ്ര റാവു, എ. കോദണ്ഡരാമ റെഡ്ഡി എന്നിവരാണ് അവർക്ക് ഗ്ലാമർ വേഷങ്ങൾ സമ്മാനിച്ചത്.
കന്നഡ സിനിമ
രാധ ആകെ 4 കന്നഡ ചിത്രങ്ങളിലാണ് അഭിനയിച്ചത്. മാംഗ് ഭരോ സജന എന്ന ഹിന്ദി സിനിമയുടെ റിമേക്കായ സൌഭാഗ്യ ലക്ഷ്മി എന്ന ചിത്രത്തിൽ മുതിർന്ന താരങ്ങളായ വിഷ്ണുവർദ്ധൻ, ലക്ഷ്മി എന്നിവരോടൊപ്പം അഭിനയിച്ചു. ഇതിന്റെ തെലുങ്ക് പതിപ്പിലും അവർ വേഷമിട്ടു. രവിചന്ദ്രനൊപ്പവും അവർ സിനിമ ചെയ്തിട്ടുണ്ട്. സഹതാരങ്ങളായ ശരത് ബാബു, രമേശ് ഭട്ട്, മുഖമന്ത്രി ചന്ദ്രു, സുധീർ എന്നിവരോടൊപ്പം 1991 ൽ രണചന്ദി എന്ന സിനിമയിൽ വേഷമിട്ടു. ചിത്രത്തിൽ ശരത് ബാബു അവരുടെ ഭർത്താവായും മുഖ്യമന്ത്രി ചന്ദ്രു ചിത്രത്തിലെ വില്ലനായും അഭിനയിച്ചു. ഈ ചിത്രത്തിൽ അവർക്ക് നിരവധി പോരാട്ട രംഗങ്ങൾ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. കന്നഡയിൽ ഈ ചിത്രം ഇത് വലിയ ഓളമുണ്ടാക്കുകയും കന്നഡ സിനിമാപ്രേമികൾ ചിത്രത്തെ ഇന്നും ഓർക്കുകയും ചെയ്യുന്നു.
മലയാള സിനിമ
സ്വദേശം കേരളമാണെങ്കിലും തമിഴിലും മലയാളത്തിലും തുല്യമായ വിജയം നേടിയ അംബികയിൽ നിന്ന് വ്യത്യസ്തമായി രാധയ്ക്ക് മലയാളത്തിൽ വിജയിക്കാനായില്ല. ആറ് മലയാള ചിത്രങ്ങളിൽ മാത്രമാണ് രാധ അഭിനയിച്ചത്. കെ. ജി. ജോർജ്ജിന്റെ സംസ്ഥാന അവാർഡ് നേടിയ ഇരകൾ (1986) എന്ന ചിത്രത്തിലേതാണ് അവരുടെ ഏറ്റവും ശ്രദ്ധേയമായ വേഷം. ഈ ചിത്രത്തിലെ നിർമ്മല എന്ന കഥാപാത്രം അവരുടെ അഭിനയജീവിതത്തലെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. സത്യൻ അന്തിക്കാടിന്റെരേവതിക്കൊരു പാവക്കുട്ടി (1986) എന്ന ചിത്രത്തിൽ ഭരത് ഗോപി, മോഹൻലാൽ, മേനക എന്നിവരടങ്ങിയ താരനിരയോടൊപ്പം അഭിനയിച്ചു. 1987 ൽ അയിത്തം എന്ന ചിത്രം നിർമ്മിക്കുകയും അതിൽ സഹോദരി അംബിക, സുകുമാരൻ, മോഹൻലാൽ എന്നിവർക്കൊപ്പം പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുകയും ചെയ്തു. മറ്റൊരു ഹിറ്റ് സിനിമയായ ഇന്നത്തെ പ്രോഗ്രാം (1991) ആണ് അവർ അവസാനമായി അഭിനയിച്ച മലയാള സിനിമ.